വത്തിക്കാൻ സിറ്റിയിലേയും റോമിലേയും കാഴ്ചകൾ

വത്തിക്കാൻ  സിറ്റിയിലേയും റോമിലേയും കാഴ്ചകൾ

യൂറോപ്പ് യാത്രയിലെ അവസാനദിനങ്ങളിലാണ് വത്തിക്കാൻ സിറ്റിയും റോമാനഗരവും കാണുവാനായത്. ഏഴു കുന്നുകൾ  കൂടി ചേർന്നതാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമാനഗരം . ഇതിന് 1285 കിമീ വിസ്തീർണ്ണമുണ്ട്. ബി.സി.750 ലാണ്  റോമിന്റെ ചരിത്രം തുടങ്ങുന്നതായി രേഖപ്പെടുത്തി കണ്ടത്. ചരിത്രപാശ്ചാത്തലത്തിന് പിന്നിൽ റോമുലസ് ആന്റ് റെമിസ് എന്നീ ഇരട്ടസഹോദരന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

തലമുറകളായി പിന്തുടരുന്ന കെട്ടുകഥയിൽ നിന്ന് ഇവർ ആവിനാസ് എന്ന രാജകുമാരിയുടെ മക്കൾ  ആയിരുന്നെന്നും, കുഞ്ഞുങ്ങളെ ആരെങ്കിലും വധിച്ചാലോയെന്ന് ഭയന്ന്, അവരെ തൊട്ടിയിലാക്കി നദിയിലേക്ക് ഒഴുക്കി. നദി കവിഞ്ഞൊഴുകിയപ്പോൾ  തൊട്ടി താഴോട്ടൊഴുകി ടൈബർ നദീതീരത്തെത്തി. ചെന്നായ്ക്കൾ  ഇവരെ കണ്ടെത്തി വളർത്തി. വനത്തിലെത്തിയ ആട്ടിടയന്മാർ കുട്ടികളെ ചെന്നായ്ക്കളിൽ നിന്ന് രക്ഷിച്ചു. അവർ കുട്ടികളെ പരിപാലിച്ച് വളർത്തി വലുതാക്കി. ഇവർ  വലുതായപ്പോൾ   ഈ കുന്നുകൾ  കണ്ടെത്തുകയും അവരിൽ റോമുലസ് രെമീസിനെ വധിക്കുകയും റോം കീഴടക്കിയശേഷം ഈ സ്ഥലത്തിന് റോം എന്ന് നാമകരണം ചെയ്യുകയും  ചെയ്തു.

റോമുലസ് കുറെ വർഷങ്ങൾ റോം ഭരിച്ചു അത് പോലെ അദ്ദേഹത്തിന്റെ കാലശേഷം പിന്തുടർച്ചയായി ഏഴു പേർ ഭരിച്ചു. ഏഴാമത് ഭരിച്ച. രാജാവ് ലൂസിയസ് റ്റർക്വിനസിന്റെ ദുർഭരണത്തോടെ അദ്ദേഹത്തെ സ്ഥാനഭൃഷ്ടനാക്കുകയും സെനറ്റ് കൂടി അധികാരികളെ തെരെഞ്ഞെടുക്കുന്ന ജനായത്തഭരണ വ്യവസ്ഥമതിയെന്ന് ജനങ്ങൾ  തീരുമാനിക്കുകയും ചെയ്തു. യൂറോപ്പിലൂടെ നടന്ന് മനോഹരമായ സ്ഥലങ്ങൾ  കുറെ സന്ദർശിച്ച ശേഷം ഇറ്റലിയിലേക്ക് കടന്നപ്പോൾ  റോഡുകൾക്കൊന്നും വൃത്തിയില്ല. അന്തരീക്ഷം മുഴുവൻ  പൊടിപടലങ്ങൾ  കൊണ്ട് മൂടിയിരിക്കുന്നു, കൂടാതെ ആരും  ശരിയായ രീതിയിൽ  ട്രാഫിക്ക് നിയമങ്ങൾ  പാലിക്കുന്നില്ല. കൃത്യമായ സൂചനാബോർഡുകളോ റോഡ് മാർക്കുകളോ  ഇല്ല. വീടുകൾ  ചായങ്ങൾ  പൂശി മനോഹരമാക്കിയിട്ടില്ല. കാറുകൾ  പൊടിപിടിച്ചും വൃത്തിഹീനവുമായി  കണ്ടു. ഇന്ത്യയിലെ പോലെ റോഡുകൾ  മോശമാണെന്നും ഗതാഗതനിയമങ്ങളും ആരും പാലിക്കില്ലെന്നും ഗൈഡ് പറഞ്ഞപ്പോൾ നേരിയ വിഷമം തോന്നിയെങ്കിലും അവർ പറയുന്നത് സത്യമാണല്ലോ എന്നോർത്ത്  സമാധാനിച്ചു .

 

വത്തിക്കാനിലൂടെ കടന്ന് പോയപ്പോൾ  വലിയൊരു സിംഹത്തിന്റെ പ്രതിമ കണ്ടു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ    ഗൈഡ് പറഞ്ഞത്   തെറ്റ് ചെയ്തവരോട് സിംഹത്തിന്റെ വായിൽ കൈവെയ്ക്കുവാൻ  നിർദ്ദേശിക്കും, തെറ്റ് ചെയ്തവരുടെ കൈ നഷ്ടപ്പെടും. രാജാവ് നടപ്പാക്കുന്ന ശിക്ഷയാണെങ്കിലും സിംഹമാണ് അതിന് പിന്നിലെന്നാണ് പ്രചരിപ്പിച്ചിരുന്നത്.

റോമൻ  ചക്രവർത്തിമാർ മുഴുവൻ  ഇവിടെ താമസിച്ചാണ് ഒട്ടുമിക്ക യൂറോപ്യൻ  രാജ്യങ്ങളും ഭരിച്ചിരുന്നത്. കൊളേസിയം, പാന്തിയോൺ , ട്രവി ഫൗണ്ടൻ  എന്നിവ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രങ്ങളാണ്.. ഇവിടെ ഏതാണ്ട് 51 ഹെരിറ്റേജ് സെന്ററുകൾ  യുണസ്കോ  പ്രഖ്യാപിച്ചിട്ടുണ്ട്. പുരാതനവും എന്നാൽ മികച്ചതുമായ ജലസംഭരണപദ്ധതി ഈജിപ്തിലാണ് എന്നിരുന്നാലും , ഇറ്റലിയിൽ അതിന്റെ നവീകരിച്ച പദ്ധതികളാണിപ്പോഴുള്ളത് അത് കൊണ്ട് ജനങ്ങളുടെ ആരോഗ്യം മികച്ചതാണെന്ന് പറയപ്പെടുന്നു. മാധ്യമങ്ങൾ  വളരെ സജീവമാണ് ജനങ്ങളുടെ ആവശ്യങ്ങൾ  കണ്ടറിഞ്ഞ ഭരണസംവിധാനത്തിനാണ് അവിടെ പ്രാധാന്യം ലഭിക്കുന്നത്. റോഡുകളുടെ നിർമ്മാണം, നല്ല ഡ്രെയിനേജ് സിസ്റ്റം, സാങ്കേതികവിദ്യയിലെ മികവ് എന്നിവ ശ്രദ്ധേയമാണ്. പഴയകാലത്തെ റോഡുകൾ  പോലും പ്രയോജനപ്പെടുത്തുന്നുണ്ട്.

ചരിത്ര പ്രാധാന്യമുള്ള ഈ സിറ്റിയെ ഹെരിറ്റേജ് സെന്റർ എന്നും മ്യൂസിയമെന്നും പറയാറുണ്ട്. എന്തെന്നാൽ കുറെയധികം പുരാതനവും ചരിത്രപ്രാധാന്യവുമുള്ള കെട്ടിടങ്ങൾ  സംരക്ഷിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളെ ക്കുറിച്ച് ചുരുങ്ങിയ വിവരണം വായനക്കാരുമായി പങ്ക് വെക്കാം.

കൊളേസിയം എ.ഡി 72-80 കാലഘട്ടത്തിൽ നിർമ്മിച്ചതാണ്, ഇവിടെയാണ് ഗ്ലാഡിമർ ഫൈറ്റ് നടത്തിയിരുന്നത്. പോതുജനങ്ങൾക്ക്  കൂടി ആസ്വദിക്കാവുന്ന വിധത്തിലാണ് അത് നിർമ്മിച്ചിരിക്കുന്നത്.ഒരേ സമയം 80,000 പേർക്ക് അതിനകത്ത് ഇരുന്ന് കാഴ്ചകൾ  ആസ്വദിക്കാം. മദ്ധ്യകാലഘട്ടത്തിൽ അത് താമസത്തിനും ക്വാർട്ടേഴ്സ് ആയും കോട്ടയായും ഉപയോഗിച്ചിരുന്നു.  കുറെ ഭാഗങ്ങൾ  ഭൂമികുലുക്കത്താലും, കെട്ടിടത്തിന്റെ കല്ലുകളും മറ്റും മോഷ്ടാക്കൾ  അപഹരിച്ചതിനാലും കുറെ ഭാഗങ്ങൾ  തകർന്ന് പോയെങ്കിലും സന്ദർശകർ ധാരാളം എത്തുന്ന ചരിത്രസ്മാരകം എന്ന രീതിയിൽ വേൾഡ് ഹെരിറ്റേജ് സെന്റെറിൽ ഇടം നേടിയിട്ടുണ്ട്. അതിന്റെ ഓവൽ ആകൃതിയാണ് കൂടുതൽ ശ്രദ്ധേയമാക്കുന്നത്. പാന്തിയോൺ എന്ന വലിയ ഉയരത്തിലുള്ള ഡോം പുറമേ നിന്ന് കാണുവാനിടയായി അത് എന്നാണ് നിർമ്മിച്ചതെന്ന് ആർക്കും അറിയില്ല.  പള്ളിയായിട്ടാണ് ഉപയോഗിക്കുന്നതെന്നും അതിനകത്ത് പ്രവേശിക്കുന്നത് മുകളിലെ സെന്ററിലുടെയാണെന്നും ഗൈഡ് പറഞ്ഞു. അതിനകത്ത് രണ്ട് ഇറ്റാലിയൻ  രാജാക്കന്മാരായ  വിറ്റോറിയ ഇമാനുവൽ രണ്ടാമന്റെയും, യുബർട്ടോ ഒന്നാമന്റെയും, ക്വീൻ  മാർഗറിത്തയുടെയും ശവകുടീരങ്ങളുണ്ട്. അടുത്തത് പിസാ ഡി. സ്പാഗ്ന സ്പാനിഷ് സ്റ്റെയേഴ്സ്, അതിന് 135 പടികൾ  ഉണ്ട്.  ബാരോക്ക് ശില്പചാതുരിലിയിലാണ് ഇതിൻറെ നിർമ്മാണം.  മുന്പ് നിലനിന്നിരുന്ന ബാനിനി കുടുംബക്കാരുടെ ശില്പചാതുരിയാണിത്. മനോഹരമായ ഓരോ പടവുകളും പൂന്തോട്ടവുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.  ശേഷം  ലോകപ്രശസ്തമായ ഫൗണ്ടൻ  ട്രവി കാണുവാൻ പോയി . ഇത് 1732 ൽ  വിദഗ്ദ ആർക്കിടെക്റ്റ് നിക്കോളോ സാൻവി നിർമ്മിച്ചതാണ്. ഈ ഫൗണ്ടനടുത്ത് നിന്ന് വലത്ത് ഭാഗത്തേ കൈ കൊണ്ട് ഇടത്തെ തോളിൽ പിടിച്ചിട്ട് നാണയതുട്ട് ഫൗണ്ടനകത്തേക്ക് എറിഞ്ഞാൽ ഭാഗ്യം സിദ്ധി്ക്കുമെന്നാണ് വിശ്വാസം. ഇവിടെ ഏതാണ്ട് മൂവ്വായിരത്തോളം സന്ദർശകർ ദിവസവും കോയിൻ  ഇടാറുണ്ടെന്ന് പറയുന്നു. ക്രൈസ്തവരുടെ  പള്ളികളിൽ ഏറ്റവും വിശേഷപ്പെട്ട 1506 ൽ നിർമ്മിച്ച  സെന്റ് പീറ്റേഴ്സ് ബസിലിക്കയാണ് അടുത്ത ലക്‌ഷ്യം. വിശേഷപ്പെട്ട ഈ പള്ളിയിൽ റോമിലെ ആദ്യബിഷപ്പായ സെന്റ് പീറ്ററിന്റെ ശവകുടീരമുണ്ട്. ഇന്നിത് തീർത്ഥാടനകേന്ദ്രമായി കരുതുന്നു. പള്ളികളിൽ പ്രവേശിക്കുമ്പോൾ   തോൾ ഭാഗങ്ങളും മുട്ടുകാലും മറഞ്ഞിരിക്കുന്നത് വരെ വസ്ത്രം കൊണ്ട് മറച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. അടുത്തത് എട്ടാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട റോമൻ  ഫോറമാണ്. ഇന്നത് പുരാതനഭരണചരിത്രസ്മാരകമായി നിലകൊള്ളുന്നു. ദൈനദിനകാര്യങ്ങളിലെ ഭരണപരമായ കാര്യങ്ങൾ  നിർവ്വഹിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങൾ  ചർച്ചചെയ്യുന്നതിനും  സമ്മേളിച്ചിരുന്നത് ഇവിടെയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ സമ്മേളനകേന്ദ്രമായി കരുതപ്പെടുന്നു. ആൾറ്റരെ ഡെല്ലാ പാട്രിയേ അല്ലെങ്കിൽ വിറ്റോറിയാനോ എന്ന കെട്ടിടം റോമിലെ പുരാതനകെട്ടിടങ്ങളിൽ പുതിയതാണ് എന്നുപറയാം. എന്തെന്നാൽ, 1888 ലാണിത് നിർമ്മിച്ചത്. ഇറ്റലിയിലെ വിവിധഭാഗങ്ങൾ  സംയോജിപ്പിച്ച് ഒറ്റ രാജ്യമാക്കുവാൻ  ശ്രമിച്ച രാജാവെന്ന നിലയിൽ വിക്ടർ ഇമാനുവലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സ്മരണാർത്ഥം നിർമ്മിച്ചതാണിത്. 1929 ലാണ് വത്തിക്കാൻ  സിറ്റിയെ സ്വാതന്ത്രരാജ്യമായി കണക്കാക്കി തുടങ്ങിയതും ഔദ്യോഗികമായി അംഗികരിക്കപ്പെട്ടതും. ലോകത്തിലെ ഏറ്റവും ചെറിയ ഈ രാജ്യത്തിന് 44 ഹെക്ടർ വിസ്തീർണ്ണമാണ് ഇവിടെ ആയിരത്തോളം  ജനങ്ങൾ  വസിക്കുന്നു.വത്തിക്കാൻ  സിറ്റിയുടെ തലവനായ പോപ്പാണ് ഇവിടെ രാജ്യഭരണം നടത്തുന്നത്.ക്രിസ്തുമതമാണ് റോമിന്റെ ഔദ്യോഗിക മതം . ലോകത്താകമാനമുള്ള കാത്തലിക്ക് പള്ളികളുടെ ഭരണാധികാരിയാണ് ഇദ്ദേഹമെങ്കിലും മറ്റു വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളും വത്തിക്കാനിൽ തീർത്ഥാടകരായി എത്താറുണ്ട്. വത്തിക്കാൻ  സിറ്റിയിൽ ആശുപത്രി സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അവിടെ ജനിച്ച കുട്ടികൾ കുറവാണെന്ന് പറയുന്നു. അവിടെ വിവാഹിതരാവുന്നതും കുട്ടികളുണ്ടാവുന്നതും മതനിഷിദ്ധമായിരുന്നു പോലും.

വത്തിക്കാൻ  മ്യൂസിയത്തിലേക്കായി 70000 ത്തോളം കലാസൃഷ്ടികൾ  സൂക്ഷിച്ച് വെച്ചിട്ടുണ്ടെങ്കിലും അവയിൽ 20000ത്തോളം ശില്പങ്ങൾ  മാത്രമേ സന്ദർശകർക്ക് ആസ്വദിക്കുന്നതിനായി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളൂ. അത്  കണ്ട് നടന്നിട്ട്  ഞങ്ങൾ  ക്ഷീണിച്ചെന്ന് പറയുന്നതാവും ശരി. അത്രത്തോളം ചിത്രങ്ങളും ശില്പങ്ങളും അവിടെ ആസ്വദിക്കാനുണ്ട്. അവിടത്തെ  ഭക്ഷണത്തിന്റെ രുചിയും നാമറിഞ്ഞിരിക്കേണ്ടതാണ്.. പാസ്ത അവരുടെ സ്പെഷ്യൽ വിഭവമാണ്. ഇത്രയും കാഴ്ചകൾ  വിശദമായി കാണുവാൻ  ചുരുങ്ങിയത് പത്ത് ദിവസമെങ്കിലും എടുക്കും. അത് 3 ദിവസമായും 1 ദിവസം കൊണ്ടും വേണമെങ്കിൽ ചുറ്റിക്കറങ്ങി കാണുകയും ചെയ്യാം.തായ്‌വാൻ  പോലെ ഇതൊരു സെയിഫ് സിറ്റിയെന്ന് പറയാൻ പറ്റില്ലെന്നാണ് അറിഞ്ഞത്.ബാഗ് തട്ടിയെടുക്കലും പിക്ക് പോക്കറ്റിംങ്ങും സാധാരണമാണ്.ഇതൊരു മുൻകരുതലിന്  വേണ്ടി ഓർമ്മപ്പെടുത്തലെന്ന് മാത്രം.

പി. കെ. ജയകുമാരി

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.