മണപ്പുറം ഫിനാന്‍സിന് 405 കോടി രൂപയുടെ അറ്റാദായം

മണപ്പുറം ഫിനാന്‍സിന് 405 കോടി രൂപയുടെ അറ്റാദായം

 

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 405.44 കോടി രൂപയുടെ അറ്റാദായം നേടി. ഒന്നാം പാദത്തിലെ 367.97 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തിലെ ലാഭം 10.2 ശതമാനം വര്‍ധിച്ചു. ഉപസ്ഥാപനങ്ങളെ മാറ്റി നിര്‍ത്തിയുള്ള കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 336.17 കോടിയുമായുള്ള താരതമ്യത്തില്‍ 20.6 ശതമാനം വര്‍ധിച്ച് 405.56 കോടി രൂപയിലെത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് 9.9 ശതമാനം വര്‍ധന.

കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 16.6 ശതമാനം വര്‍ധിച്ച് 1,565.58 കോടി രൂപയായി. മുന്‍ വര്‍ഷം 1,343.03 കോടി രൂപയായിരുന്നു. കമ്പനിയുടെ സംയോജിത ആസ്തി മുന്‍ വര്‍ഷത്തെ 22,676.93 കോടിയില്‍ നിന്ന് 18.6 ശതമാനം വര്‍ധിച്ച് ഇത്തവണ 26,902.73 കോടി രൂപയിലെത്തി.

തൃശൂരിലെ വലപ്പാട് ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഫലം പരിഗണിക്കുകയും, രണ്ടു രൂപ മുഖവിലയുള്ള ഓഹരിക്ക് 0.60 രൂപ ഇടക്കാല ലാഭവിഹിതം നൽകുന്നതിനു അംഗീകാരം നൽകുകയും ചെയ്തു.

‘ഗ്രാമീണ മേഖലകളിലെ തിരിച്ചുവരവിന്റെ പിന്‍ബലത്തില്‍ രാജ്യത്തുടനീളം സാമ്പത്തിക ക്രയവിക്രയങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരുമ്പോള്‍ സ്വര്‍ണ വായ്പാ രംഗത്ത് ഡിമാന്‍ഡും കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടേയും മികവുറ്റ ഓണ്‍ലൈന്‍ സ്വര്‍ണ വായ്പാ പ്ലാറ്റ്‌ഫോമിന്റേയും സഹായത്തോടെ ഞങ്ങള്‍ക്ക് സ്വര്‍ണ വായ്പാ വളര്‍ച്ച കരുത്തോടെ നിലനിര്‍ത്താന്‍ കഴിഞ്ഞു,’ രണ്ടാം പാദ സാമ്പത്തിക ഫലങ്ങളെ കുറിച്ച് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസില്‍ 30.1 ശതമാനം കുതിച്ചുയര്‍ന്ന് 19,736.02 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 15,168.34 കോടി ആയിരുന്നു. 2020 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 25.6 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.

മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 4,971.03 കോടി രൂപയുടെ ആസ്തി നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4,724.25 കോടി രൂപയില്‍ നിന്ന് 5.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1,036 ശാഖകളും 23.04 ലക്ഷം ഉപഭോക്താക്കളുമുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ് ഇന്ന് ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ- മൈക്രോഫിനാന്‍സ് സ്ഥാപനമാണ്.

കമ്പനിയുടെ ഭവന വായ്പാ സ്ഥാപനമായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി 620.62 കോടി രൂപയും,(കഴിഞ്ഞ വർഷമിത് 567.93കോടി ) വാഹന വായ്പാ വിഭാഗത്തിന്റെ ആസ്തി 1,062.28 കോടി രൂപയുമാണ് (കഴിഞ്ഞ വർഷമിത് 1317.76കോടി )ഗ്രൂപ്പിന്റെ സംയോജിത ആസ്തിയില്‍ സ്വര്‍ണവായ്പാ ഇതര സ്ഥാപനങ്ങളുടെ പങ്ക് 26.6 ശതമാനമാണ്.

ഉപസ്ഥാപനങ്ങളെ മാറ്റി നിർത്തിയുള്ള കമ്പനിയുടെ കടമെടുക്കൽ ചെലവ് 26 ബേസിസ് പോയിന്റുകള്‍ കുറഞ്ഞു 9.13 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തി 1.11 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനവുമാണ്. കമ്പനിയുടെ സംയോജിത മൂല്യം 6,450.83 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 76.24 രൂപയും മൂലധന പര്യാപ്തതാ അനുപാതം 24.8 ശതമാനവുമാണ്. എല്ലാ ഉപസ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം 24,735 കോടി രൂപയാണ്. ഇന്ത്യയിൽ ഉടനീളം സാന്നിധ്യമുള്ള മണപ്പുറം ഗ്രൂപ്പിന് 50.02 ലക്ഷം ഉപഭോക്താക്കളാണുള്ളത്.

 

 

 

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.