കഠിനാധ്വാനത്തിൻ്റെ വിജയത്തിളക്കം ശ്രീ. റോയി കുര്യൻ

കഠിനാധ്വാനത്തിൻ്റെ വിജയത്തിളക്കം ശ്രീ. റോയി കുര്യൻ

1965 – ൽ എറണാകുളം ജില്ലയിലെ കോതമംഗലത്ത് മാലിപ്പാറ എന്ന പ്രദേശത്തെ ഒരു കർഷകകുടുംബത്തിൽ ശ്രീ. കുര്യാക്കോസിൻ്റെയും ഏലിയാമ്മയുടെയും മകനായി ജനനം. അവിടെ നിന്നും ഇടുക്കിയിൽ ബിസ്സിനസ്സ് തുടങ്ങി നിശ്ചയദാർഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വിജയത്തിൻ്റെ വെന്നിക്കൊടി പാറിച്ച മനുഷ്യസ്നേഹിയായ ശ്രീ. റോയി കുര്യനുമായുള്ള അഭിമുഖം

Roy Kurian

 

1.കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകളും വിദ്യാഭ്യാസകാലഘട്ടവും

 

              ഞാൻ ഒരു ഗ്രാമപ്രദേശത്താണ് ജനിച്ചത്. കോതമംഗലത്ത് മാലിപ്പാറ എന്ന പ്രദേശമാണ് എൻ്റെ ജന്മസ്ഥലം. ഇപ്പോഴും ഞാൻ മാലിപ്പാറയെ സ്നേഹിക്കുന്നു. വളരെ നിഷ്കളങ്കരായവരാണ് ഗ്രാമപ്രദേശത്ത് ജീവിക്കുന്നവർ. ഒരാളുടെ ദുഃഖത്തിൽ മറ്റുള്ളവർ പങ്കുചേരുകയും പരസ്പര സഹായവും ഐക്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ്, കൂടാതെ മഹാനഗരങ്ങളിൽ കണ്ടുവരുന്ന കാപട്യം ഗ്രാമപ്രദേശത്തില്ല. കൃഷിയായിരുന്നു അന്ന് അവിടത്തെ പ്രധാന ജീവനോപാധി. മുഴുവൻ സമയവും കൃഷിയിൽ ശ്രദ്ധാകേന്ദ്രീകരിച്ചിരുന്നതിനാൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമൊന്നും അന്നുണ്ടായിരുന്നില്ല. എൻ്റെ മാതാപിതാക്കൾ കൂടുതൽ വിദ്യാസമ്പന്നരല്ലാത്തതിനാൽ വിദ്യാഭ്യാസത്തിൻ്റെ മഹത്വം അന്ന് അവർക്ക് അറിയില്ലായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ സമയത്തിൻ്റെ മുക്കാൽപങ്കും ഉപയോഗിക്കുന്നത് വിദ്യാഭ്യാസത്തിന് വേണ്ടിയാണ്. അന്ന് അങ്ങനെയായിരുന്നില്ല, ദൈനംദിനകാര്യങ്ങൾക്കും കൃഷികാര്യങ്ങൾക്കുമായിരുന്നു പ്രാധാന്യം. ഞാൻ ഏഴാം ക്ലാസ്സുവരെ ഫാത്തിമ മാതാ യൂ പി സ്കൂളിലാണ് പഠിച്ചത്. സെയിൻ്റ് സ്റ്റീഫൻ ബോയ്‌സ് സ്കൂളിലും പഠിച്ചു. 1970 ൽ ആണ് എന്നെ ഒന്നാം ക്ലാസിൽ ചേർക്കുന്നത്. ഞാൻ പഠനത്തിൽ വളരെ മോശമായിരുന്നു. പഠനത്തെക്കാളേറെ താല്പര്യം പരിചയിച്ചു വളർന്ന കൃഷിയിലായിരുന്നു. എസ് എസ് എൽ സി മൂന്നാമത്തെ തവണയാണ് ഞാൻ പാസാകുന്നത്. കണക്കിന് നല്ല മാർക്കുണ്ടായിരുന്നു. 

 

 1. കൃഷിയിൽ നിന്നും ബിസ്സിനസ്സിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?

 

1974 കാലഘട്ടത്തിൽ എൻ്റെ ചാച്ചന് തടിക്കച്ചവടമായിരുന്നു. അദ്ദേഹത്തിന് അന്ന് ലോറി മേടിച്ചു. എൻ്റെ പിതാവ് നിഷ്കളങ്കനായിരുന്നതിനാൽ ആ ബിസിനസ്സിൽ നഷ്ടം വരികയും കുറച്ച് സ്ഥലം വിറ്റിട്ട് കടം തീർക്കുകയുമായിരുന്നു. ശരിക്കും പറഞ്ഞാൽ ബ്ലേഡ് പലിശക്കാർ ആണ് ആ തകർച്ചയ്ക്ക് കാരണം. അവർ ചൂഷണം ചെയ്യുകയായിരുന്നു. അപ്പോൾ എനിക്ക് പട്ടാളത്തിൽ സെലക്ഷൻ കിട്ടി. മുഖാമുഖത്തിൽ ചെറിയ ഒരു വിഷയത്തിൽ അവസാനനിമിഷം അത് നഷ്ടപ്പെടുകയായിരുന്നു. അന്ന് ആ ഇൻ്റർവ്യൂവിൽ വിജയിക്കാത്തതിൽ വിഷമം ഉണ്ടായെങ്കിലും ഇന്ന് എനിക്ക് സങ്കടമില്ല. ദൈവത്തിൻ്റെ കൃപയാൽ നല്ല രീതിയിൽ ജീവിക്കാനാകുന്നു. ചാച്ചന് വീഴ്ചവന്നിടത്തുനിന്ന് നേട്ടങ്ങൾ ഉണ്ടാക്കണം എന്ന വാശിയാണ് എന്നെ ബിസ്സിനസ്സ് ചെയ്യാൻ പ്രേരിപ്പിച്ചത്.   

Roy Kurian Unique Times

 

 1. താങ്കൾ ബിസിനസ്സിൽ എത്തപ്പെട്ടില്ലായിരുന്നെങ്കിൽ എന്തായിത്തീരുമായിരുന്നു ?

 

എനിക്ക് ചെറുപ്പത്തിലെയുള്ള ആഗ്രഹം ഒരു പോലീസ് ഓഫീസർ ആകണമെന്നതായിരുന്നു. പോലീസ് ഉദ്യോഗത്തിന് വലിയ ബഹുമാനം ലഭിച്ചിരുന്നു. അതാണ് എനിക്ക് ആ ജോലിയോട് താല്പര്യമുണ്ടായിരുന്നത്. വിദ്യാഭ്യാസയോഗ്യതയനുസരിച്ച് ഒരു സബ് ഇൻസ്‌പെക്ടർ ആകണമെന്നതായിരുന്നു. എൻ്റെ ഭാര്യ BEd ആണ്.

 

 1. ബിസിനസ്സിലേക്ക് കടന്നുവന്നപ്പോൾ പ്രത്യേകിച്ച് ഇടുക്കിപോലുള്ള പ്രദേശത്ത്, നേരിടേണ്ടിവന്ന പ്രതിസന്ധികളും വെല്ലുവിളികളും എന്തൊക്കെയായിരുന്നു? ബിസിനസ്സിലേക്കുള്ള വളർച്ചയും വിശദമാക്കാമോ?

 

34 വർഷമായി ഞാൻ ഇവിടെ ബിസിനസ്സ് ചെയ്യുന്നു. ഞാൻ എറണാകുളം ജില്ലക്കാരനാണ്. ഇടുക്കി ജില്ലയിലെ മാങ്കുളം ഉൾപ്പെടെ പല പ്രദേശങ്ങളിലും സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ അവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകളും കഷ്ടപ്പാടുകളും മനസിലാക്കാൻ കഴിഞ്ഞു. ചില പ്രദേശങ്ങളിൽ ഇപ്പോഴും വളരെ ദാരിദ്ര്യാവസ്ഥയിൽ ജീവിയ്‌ക്കുന്നവരുണ്ട്. എൻ്റെ ഉയർച്ചയുടെ കാരണം ദൈവാനുഗ്രഹമാണ്. ഒരിക്കലും ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. അപ്പച്ചൻ്റെ സ്നേഹവും കരുതലും എനിക്ക് വളരെയധികം തുണയേകിയിട്ടുണ്ട്. ഞങ്ങൾ വലിയ ദൈവവിശ്വാസികളാണ്. ഭാര്യക്കും രാവിലെയും വൈകിട്ടും പ്രാർഥന നിർബന്ധമാണ്.

Roy Kurian

 

 1. വിവാദങ്ങളുടെ പരമ്പരതന്നെ താങ്കളെ തേടിയെത്താറുണ്ടല്ലോ, അതേക്കുറിച്ച്?

  

ഞാൻ അറിയാത്ത പല വിഷയങ്ങളിലും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. ആലഞ്ചേരി പിതാവിന് പതിനേഴേക്കർ സ്ഥലം ഞാൻ വെറും മൂന്ന് കോടി നാൽപ്പത് ലക്ഷം രൂപയ്ക്കാണ് കൊടുത്തത്. അത് മറിച്ച് വിറ്റ് കോടാനുകോടികൾ നേടിയതിന് ശേഷം എൻ്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ എറണാകുളത്തുള്ള വസ്തുവുമായി അറ്റാച്ച് ചെയ്ത് ഫ്രീസ് ചെയ്തിട്ടിരിക്കുകയാണ്. ആലഞ്ചേരി പിതാവിന് ഇതറിയാവുന്നതല്ല. സത്യസന്ധമായി ആത്മീയകാര്യങ്ങൾ ചെയ്യുന്നവർക്ക് ബിസിനസ്സ് അറിയില്ല. മറ്റുള്ളവരെ വിശ്വസിച്ച്  കളിപ്പീര് സംഭവിക്കുന്നതാണ്. അദ്ദേഹം നിഷ്കളങ്കനാണ്. എൻ്റെ കാണപ്പെട്ട ദൈവമാണ് ആലഞ്ചേരി പിതാവ്. അതുപോലെ തന്നെ എൻ്റെ റിസോർട്ടിൽ ബെല്ലി ഡാൻസ് നടത്തിയതിൽ ഉണ്ടായ കോലാഹലങ്ങൾ. വിദേശങ്ങളിൽ ടൂറിസം വികസനത്തിൻ്റെ ഭാഗമാണിതൊക്കെ. ഗൾഫ് രാജ്യങ്ങളിലും തായ്‌ലൻഡ്, ഫിലിപ്പിൻസ്, ഫ്രാൻസ് പോലുള്ള വിദേശങ്ങളിലും ഇവ പ്രചാരത്തിലുണ്ട്. ഇവിടെയാണെങ്കിലാണ് ഇതൊക്കെ വിവാദങ്ങളാകുന്നത്. സെക്സ് ടൂറിസത്തിന് വളരെ പ്രസിദ്ധമാണല്ലോ തായ്‌ലൻഡ്, അതിന് നികുതിയേർപ്പെടുത്തിയിരിക്കുന്ന ഏക രാജ്യവും തായ്‌ലാൻഡാണ്. നമ്മുടെ നാട്ടിൽ യാതൊരുവിധ സപ്പോർട്ടും സർക്കാർ ഭാഗത്തുനിന്നും കിട്ടില്ല. കൂടാതെ സമരങ്ങൾ, പ്രാദേശിക രാഷ്ട്രീയക്കാർ, പ്രാദേശിക ഗുണ്ടകൾ തുടങ്ങി എല്ലാ ഭാഗത്തുനിന്നും ഉപദ്രവങ്ങളുമുണ്ടാകും. റോഡ് ഷോയും അത്തരത്തിൽ വിവാദമായതാണ്.

 

 1. മാധ്യമങ്ങളെക്കുറിച്ച് എന്താണഭിപ്രായം ?

 

ഒരാളെ വളർത്തുന്നതിനും തളർത്തുന്നതിനും മാധ്യമങ്ങൾക്ക് സാധിക്കും. ഇന്ന് അത്രയേറെ മാധ്യമങ്ങൾ ജനകീയമാണ്. ഈ ലോകത്ത് ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് ചാനലുകളെയാണ്. അതുകൊണ്ടാണ് ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. ഒന്നിനുവേണ്ടിയും പക്ഷം പിടിക്കാത്ത സത്യസന്ധമായ പ്രവർത്തനമാണ് ചാനൽപ്രവർത്തനംകൊണ്ട് ലക്ഷ്യമാക്കുന്നത്.

Roy Kurian Unique Times

 

7 . സാമൂഹിക സേവനം ചെയ്യുന്നുണ്ടല്ലോ? വിശദമാക്കാമോ?

 

1991 മുതൽ കോതമംഗലം ചെറിയപള്ളിയിൽ സ്ഥിരം പ്രാർത്ഥനയ്ക്കായി പോയിരുന്നു. വരുമാനത്തിൻ്റെ ഒരോഹരി കാണിക്കയായി സമർപ്പിക്കുമായിരുന്നു. പള്ളിയിലെ വരുമാനം ദുർവിനിയോഗിക്കപ്പെടുന്നതായി മനസിലായപ്പോൾ ആ തുക ഞാൻ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. എൻ്റെ ജീവിതത്തിൽ ലഭിക്കുന്ന നേട്ടങ്ങളുടെ പത്ത് ശതമാനം ഞാൻ ചാരിറ്റിക്കായി ഉപയോഗിക്കും. എല്ലാവരും കഷ്ടപ്പെടുന്നത് ഒരു നേരത്തെ അന്നത്തിന് വേണ്ടിയാണ്. ജീവൻ പണയം വച്ച്  കടലിൽ പണിയെടുക്കുന്നതൊക്കെ കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാന്മാരാണെന്ന് ചിന്തിച്ചുപോകും. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ എന്നെ വേദനിപ്പിക്കാറുണ്ട്. അഞ്ച് ആബുലൻസുകളും അത് രാപകൽ ഓടിക്കുവാൻ പത്ത് ഡ്രൈവർമാരെയും നിയോഗിച്ചിട്ടുണ്ട്. തണ്ണിത്തോട് സിറ്റിയിൽ പുതുതായി പണികഴിപ്പിക്കുന്ന ബസ്‌സ്‌റ്റേഷനുവേണ്ടിയും അഞ്ച് ആബുലൻസുകൾ വാങ്ങി നല്കാൻ തീരുമാനിച്ചിട്ടുണ്ട്. 120 ദിവസംകൊണ്ട് ഒരു വീട് നിർമ്മിച്ച് സകലവിധ സൗകര്യങ്ങളോടെ കൊടുക്കാനുള്ള പദ്ധതിയിൽ വീടിൻ്റെ തറക്കല്ലിടൽ കഴിഞ്ഞു.

 

 1. പെട്ടന്ന് നേട്ടങ്ങൾ കൊയ്യണമെന്ന ചിന്താഗതിയുള്ള, പുതിയതായി ബിസിനസ്സ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് 34 വർഷത്തെ പരിചയസമ്പത്തുവച്ച് എന്ത് ഉപദേശമാണ് നൽകാനുള്ളത്?

 

 പെട്ടന്ന് നേട്ടങ്ങൾ കൊയ്യണമെന്ന ചിന്താഗതിയുമായി ബിസിനസ്സ് രംഗത്തേക്ക് ആരും കടന്ന് വരരുതെന്നാണ് പറയാനുള്ളത് അടിത്തറയില്ലാതെ ഈ മേഖലയിൽ പിടിച്ചുനിൽക്കാനാകില്ല. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. വിദേശരാജ്യത്തിലെ ബിസിനസ്സ് രീതികളുമായി താരതമ്യം ചെയ്താൽ ഇന്ത്യയിലെയും കേരളത്തിലെയും രീതികൾ വ്യത്യസ്തമാണ്. അനുഭവിച്ചറിയുന്ന വിദ്യാഭ്യാസമാണ് ബിസിനസിന് വേണ്ടതെന്നാണ് എൻ്റെ അഭിപ്രായം .

Roy Kurian Unique Times

 

 1. ബിസിനസ്സിനെ വിജയത്തിലെത്തിക്കാൻ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നാണ് താങ്കളുടെ അഭിപ്രായം?

 

ടെലിവിഷൻ ജനകീയ മാധ്യമമാണ്. രാത്രി 8 മുതൽ 9 വരെ പ്രൈംടൈം ചർച്ചകൾ ആവശ്യമില്ലാത്ത രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനേക്കാൾ ജനങ്ങൾക്ക് ഉപകാരപ്രദമായ വിഷയങ്ങൾ അതാത് മേഖലകളിലെ വിദഗ്ദ്ധരുമായി ചർച്ചയ്ക്ക് വിധേയമാക്കണം.

 

 1. വിജയത്തിന് പിന്നിൽ ആരൊക്കെയാണ് സപ്പോർട്ടായി നിന്നിട്ടുള്ളത്?

 

എൻ്റെ മാതാപിതാക്കൾ, എൻ്റെ ഭാര്യ, എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് എൻ്റെ ഭാര്യ. എല്ലാ കാര്യങ്ങളും ഞങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാറുണ്ട്. അന്തിമതീരുമാനം കുടുംബത്തിലുള്ള എല്ലാവരുടെയും അഭിപ്രായത്തിനനുസരിച്ചായിരിക്കും. എല്ലാ ഇടപാടുകളും കുടുംബം അറിഞ്ഞേ നടത്താറുള്ളു. ഇപ്പോഴത്തെ സാഹചര്യം വച്ച് നോക്കുകയാണെങ്കിൽ ലോകത്തിൻ്റെ പോക്ക് പ്രവചിക്കാൻ കഴിയില്ല. ലാഭമായാലും നഷ്ടമായാലും എല്ലാം ഞങ്ങൾ ഒരുമിച്ചുനിന്ന് നേരിടും. അഡ്വക്കേറ്റ്. എസ്.ശ്രീകുമാർ സാറാണ് എൻ്റെ കുടുംബം കഴിഞ്ഞാൽ എനിക്ക് ഏറ്റവും സപ്പോർട്ട് തന്നിട്ടുള്ളത്. അദ്ദേഹത്തിന് ഒരു മകനോടുള്ള സ്നേഹമാണ് എന്നോട്. എന്താവശ്യത്തിനും എനിക്ക് അദ്ദേഹത്തെ സമീപിക്കാം.

 

 1. അനവധിപേർക്ക് താങ്കൾ തൊഴിൽ നല്കിയിട്ടുണ്ടല്ലോ? ഈ ലോക്ഡൗൺ കാലത്ത് അവരെ എങ്ങനെയാണ് നിലനിർത്തിയത്?

 

എല്ലാ കുടുംബങ്ങൾക്കും ബുദ്ധിമുട്ടുകളുണ്ടാകാത്ത തരത്തിൽ എത്തിച്ചുകൊടുത്തിട്ടുണ്ട്. അതവരോട് ചോദിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ആറു മാസത്തിനുള്ളിൽ എല്ലാവരെയും വിളിച്ചുകൂട്ടി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരങ്ങൾ ആകുന്ന വിധത്തിൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളാണ് ഞങ്ങളുടെ സ്വത്ത്. അവരുടെ ആത്മാർഥതയിലാണ് നമ്മുടെ വിജയം. നേട്ടങ്ങളിൽ സന്തോഷിക്കുകയോ നഷ്ടങ്ങളിൽ വിഷമിക്കുകയോ ചെയ്യാറില്ല. ഇവ രണ്ടും തരുന്നത് ദൈവമാണ്. എല്ലാം ദൈവഹിതത്തിന് അനുസരിച്ചു നടക്കട്ടെ.

Roy Kurian

 

 

 

 1. കുടുംബം

 

പിതാവ്  കുര്യാക്കോസ് മാതാവ് ഏലിയാമ്മ. ഞങ്ങൾ നാല് മക്കളാണ് ഞാനും എനിക്ക് താഴെ മൂന്ന് പെൺകുട്ടികളും. അതുകൊണ്ട്തന്നെ എന്നെ വളരെയധികം സ്നേഹിച്ചും ലാളിച്ചുമാണ് വളർത്തിയത്. ഭാര്യ, രണ്ട് മക്കൾ അരുൺ, കിരൺ. അരുൺ യൂ എസ്സിൽ M S പാസ്സായി അബിറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. കിരൺ പഠിക്കുന്നു. വീടിനോട് ചേർന്ന് അഞ്ച് ഏക്കർ കൃഷിയിടമുണ്ടായിരുന്നു ഞങ്ങൾക്ക്. അപ്പച്ചൻ കൃഷിയിടത്തിൽ പണിയെടുക്കുമ്പോൾ ഞാനും സഹായിച്ചിരുന്നു. അങ്ങനെയാണ് എനിക്ക് കൃഷിയോട് താല്പര്യമുണ്ടായത്. ഒരു പക്കാ കർഷകകുടുംബമായിരുന്നു ഞങ്ങളുടേത്.

 

 1. ഹോബികൾ ?

 

യാത്രകൾ എനിക്കിഷ്ടമാണ്. കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുക എന്നതാണ് എൻ്റെ ഇഷ്ടപ്പെട്ട ഹോബി. മനസ്സിൽ യുവത്വം സൂക്ഷിക്കുക എന്നതാണ് എൻ്റെ എനർജി. ഞാൻ മദ്യപിക്കാറുണ്ട്. എന്നാൽ ഒരിക്കലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാറില്ല.

Roy Kurian Unique Times Roy Kurian

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.