സഹജീവി സ്‌നേഹത്തിൻ്റെ നന്മമരം

സഹജീവി സ്‌നേഹത്തിൻ്റെ നന്മമരം

ഒരു സാധാരണകുടുംബത്തില്‍ ജനിച്ച് സ്വപ്രയത്നത്താലും കഠിനാധ്വാനത്താലും ജീവിതവിജയം കരസ്ഥമാക്കാന്‍ പൊരുത്തിക്കൊണ്ടിരിക്കുമ്പോഴും താനുള്‍പ്പെടുന്ന മനുഷ്യസമൂഹത്തില്‍ തന്നാലാകുന്ന സഹായം ചെയ്യാന്‍ നിസ്വാര്‍ത്ഥനായ ഈ മനുഷ്യന്‍ മടിക്കാറില്ല. കാരുണ്യസ്പര്‍ശത്തിൻ്റെ നേര്‍ക്കാഴ്ചയായ ശ്രീ. അജിത് രവിയുടെ വാക്കുകളിലൂടെ.

നിരവധിപേര്‍ വിവിധതരം ചലഞ്ചുകളുമായി സമൂഹമുഖ്യധാരയില്‍ വരുമ്പോള്‍ താങ്കള്‍ വേറിട്ടൊരു ചലഞ്ചുമായി നിരവധി ജീവനുകള്‍ക്കു തണലായി. വിശദീകരിക്കാമോ?

ഒരു വലിയ ബിസിനസ്സ് പാരമ്പര്യമുള്ള കുടുംബത്തിലല്ല ഞാന്‍ ജനിച്ചത് കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ജോലി നോക്കുന്നു. 100 ലൈഫ് ചലഞ്ച് ചെയ്യുന്നതിന് മുന്‍പുതന്നെ ഞാന്‍ ഒത്തിരി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുമായിരുന്നു. ജനസേവപോലുള്ള സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. നിര്‍ധനരായ കുട്ടികള്‍ക്ക് ഹൃദയ വൃക്ക സംബന്ധരോഗങ്ങള്‍ക്ക് ശസ്ത്രക്രിയയ്ക്കും ധനനസഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലായിടത്തും ഉള്ളതുപോലെ അര്‍ഹതപെട്ടവരുടെ കൈകളില്‍ സഹായം എത്തില്ല എന്ന് മനസിലായപ്പോഴാണ് സ്വന്തമായി ഈ പദ്ധതി തുടങ്ങിയത്. ഞാന്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നുണ്ട്. എൻ്റെ ശമ്പളത്തിന് തുല്യമായ തുകയാണ് ഞാന്‍ ഓരോ ശസ്ത്രക്രിയയ്ക്കും നല്‍കുന്നത്. നമ്മളോരോരുത്തരും അവനവൻ്റെ വരുമാനത്തിൻ്റെ ഒരു ഭാഗം വേദനയനുഭവിക്കുന്ന സഹജീവികള്‍ക്കായി മാറ്റിവയ്ക്കണം എന്നാണ് എൻ്റെ അഭിപ്രായം. അതുകൊണ്ട് സമൂഹത്തിലെ ദാരിദ്ര്യം, ദുരിതം ഒന്നും ഇല്ലാതാക്കാന്‍ പറ്റില്ല. എങ്കിലും ഒരു പരിധിവരെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാകും. സഹായം ചെയ്യാനുള്ള സന്മനസ്സും നന്മയും ഉണ്ടാകണമെന്ന് മാത്രം. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു കിട്ടുന്ന ശമ്പളം മറ്റുള്ളവര്‍ക്ക് ആശ്വാസമാകുമ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തിയുണ്ടല്ലോ അതാണ് എറ്റവും വലിയ സമ്പാദ്യം. നമ്മുടെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി നാം ചിലവഴിക്കുന്ന കാശിൻ്റെ ഒരു ഭാഗം ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായകമായാല്‍ അതൊരു വലിയ കാര്യമാണ്. ഇതുകൊണ്ട് ഞാന്‍ പ്രശസ്തിയൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷെ ജനങ്ങള്‍ക്ക് എൻ്റെ പ്രവര്‍ത്തികള്‍ ഒരു പ്രചോദനമാകണം എന്ന ആഗ്രഹം ഉണ്ട്.

100 ലൈഫ് ചലഞ്ച് എന്നതിൻ്റെ മോട്ടിവേഷന്‍ എന്താണ്?

ഞാന്‍ ഒരു സാധാരണക്കാരനാണ്. I S R (വ്യക്തിഗത സാമൂഹിക പ്രതിബദ്ധത) എല്ലാവര്‍ക്കുമുണ്ടാകണം. അതായത് രാജ്യത്തെ എല്ലാ പൗരനും ഉള്ളവന്‍ ഇല്ലാത്തവര്‍ക്ക് ഷെയര്‍ ചെയ്യുന്നു എന്ന ഒരു സാഹചര്യം ഉണ്ടാകണം. അതിന് ഞാന്‍ ഒരു മാതൃകയാകണം എന്നതാണ്. എനിക്ക് ഹൗസിങ് ലോണ്‍ ഉള്‍പ്പെടെ എണ്‍പത്തിയേഴ് ലക്ഷത്തോളം കടബാധ്യതകളുണ്ട്. എന്നിട്ടും എൻ്റെ അധ്വാനത്തിൻ്റെ കുറച്ച് സമയം അതായത് എട്ട് മണിക്കൂര്‍ ഞാന്‍ സമൂഹത്തിന് സംഭാവന ചെയ്യുന്നു. എനിക്ക് ഇതിന് സാധിക്കുമെങ്കില്‍ സമ്പന്നര്‍ക്ക് അവരുടെ ഒരു ദിവസത്തെ വരുമാനം സമൂഹത്തിന് വേണ്ടി ചിലവഴിക്കുകയാണെങ്കില്‍ ഒരു പരിധിവരെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. പദ്മശ്രീ യൂസഫലി സാറിനെപ്പോലുള്ളവര്‍ ആകെ വരുമാനത്തിൻ്റെ ഒന്നോ രണ്ടോ ശതമാനം എന്നതിലുപരി ഒരു മാസത്തില്‍ ഒരു ദിവസത്തിലെ എട്ട് മണിക്കൂര്‍ വീതം 100 മാസങ്ങള്‍ എന്നരീതിയില്‍ ഉപയോഗിച്ചാല്‍ ആ തുക തന്നെ ഭീമമായ സംഖ്യയുണ്ടാകും. ഇവരെയൊക്കെ ഞാന്‍ വെല്ലുവിളിക്കുന്നു. ഒരാള്‍ ഈ ചലഞ്ച് ഏറ്റെടുത്താല്‍ എൻ്റെ പദ്ധതിയും വിജയം കാണുകതന്നെ ചെയ്യും. അത് നിര്‍ധനരായ നിരവധി ജീവനുകള്‍ക്ക് തുണയാകും എന്നുള്ളത് വലിയ കാര്യം തന്നെയാണ്.

ഇന്ന് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ‘ടൈം ഈസ് മണി ‘ എന്ന വാക്യം കൊണ്ട് എന്താണ് താങ്കള്‍ അര്‍ഥമാക്കുന്നത്?

സമയം അമൂല്യമാണ്. ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത ഒന്നാണ് സമയം. ഓരോ മിനിറ്റും പിന്നിടുമ്പോള്‍ ഒരിക്കലും നികത്താനാകാത്ത നഷ്ടം തന്നെയാണത്. സെക്കന്‍ഡ് സൂചി തിരിയുന്നതിനനുസരിച്ച് നമ്മുടെ ആയുസ്സും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ നാളെ നടപ്പിലാക്കാം എന്ന് ചിന്തിച്ചാല്‍ നമുക്കാര്‍ക്കെങ്കിലും ഉറപ്പുണ്ടോ നാളെ നമ്മള്‍ ജീവിച്ചിരിക്കുമെന്ന് ? സമയമാണ് ലോകത്തില്‍വച്ചേറ്റവും വിലപ്പെട്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഒരു വാച്ച് കമ്പനിയുടെ ഷെയര്‍ഹോള്‍ഡര്‍ ആണ്. സാധാരണ എല്ലാപേരും സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നോട്ട് ബുക്ക്, കുട, പെന്‍സില്‍ ഇവ കൊടുക്കാറുണ്ട്. 1000 സ്‌കൂള്‍ കുട്ടികള്‍ക്ക് 1500 രൂപയ്ക്കുമേല്‍ വിലയുള്ള വാച്ചുകള്‍ കൊടുത്തുകൊണ്ട് സമയത്തിൻ്റെ പ്രാധാന്യം അവരെ മനസിലാക്കിക്കാന്‍ വേണ്ടി ‘ടൈം ഈസ് മണി’ എന്ന കോണ്‍സെപ്റ്റ് പ്രാവര്‍ത്തികമാക്കി. പ്രതീക്ഷിക്കാത്ത സമയത്ത് വിലപിടിപ്പുള്ള സമ്മാനം കിട്ടിയാല്‍ ഒരാളും അത് മറക്കില്ല . അതോടൊപ്പം ഒരു നല്ല സന്ദേശം അവരുടെ മനസ്സിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അതും നന്മ തന്നെയാണ്. വാച്ച് എന്ന് പറയുന്നത് ഒരു ലക്ഷ്വറി ഗിഫ്റ്റാണ് എന്റെ ചെറുപ്പത്തില്‍ ഞാന്‍ ആറാംതരത്തില്‍ പഠിക്കുമ്പോഴാണ് എൻ്റെ വലിയച്ഛന്‍ എനിക്കൊരു വാച്ച് സമ്മാനിക്കുന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ആദ്യത്തെ ലക്ഷ്വറി ഗിഫ്റ്റ്. അത് കിട്ടിയപ്പോള്‍ ഉള്ള സന്തോഷം ഇപ്പോഴും എൻ്റെ മനസ്സില്‍ തിളങ്ങി നില്‍പ്പുണ്ട്.

ലോകമാകമാനം ദുരിതത്തിലിരിക്കുന്ന ഈ കോവിഡ് കാലഘട്ടത്തില്‍ രോഗവ്യാപനം തടയാന്‍ തങ്ങളുടെ ഭാഗത്തുനിന്നും ചില സഹായങ്ങള്‍ ഉണ്ടായല്ലോ. അതൊന്ന് വിശദമാക്കാമോ?

തീര്‍ച്ചയായും , ഇതുവരെ ആരോഗ്യപ്രവര്‍ത്തനത്തിനായി മൂന്ന് കോവിഡ് വിസ്‌കുകളാണ് നല്‍കിയിട്ടുള്ളത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യത്തെ കോവിഡ് വിസ്‌ക് നല്‍കിയത്. രണ്ടാമത്തേത് ഫോര്‍ട്ടുകൊച്ചി താലൂക്ക് ഹെഡ്ക്വട്ടേഴ്‌സ് ആശുപത്രിയിലും മൂന്നാമത്തേത് അങ്കമാലി താലൂക്കാശുപത്രിയിലും നല്‍കി. കൂടാതെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 1500 ഫേസ് മാസ്‌കുകള്‍ നല്‍കി.


ഈ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ മുന്‍ ഐ എ എസ് ഉദ്യോ ഗസ്ഥന്‍ ശ്രീ.വി.ജെ.കുര്യനില്‍ നിന്നും താങ്കള്‍ മാനസീകമായി പീഢിപ്പിക്കപ്പെടുന്നുവെന്നും എന്‍ട്രി പാസ് തരംതാഴ്ത്തുന്ന രീതിയിലുള്ള ശിക്ഷണനടപടികള്‍ക്ക് താങ്കള്‍ വിധേയനായതായിയെന്നുമൊരു വാര്‍ത്ത വൈറലായിട്ടുണ്ടല്ലോ? സ്വജനപക്ഷപാതവും വ്യക്തിതാല്പര്യവുമാണ് ഇതിനുപിന്നില്‍ എന്ന് ഞാന്‍ പറയുകയാണെങ്കില്‍ താങ്കളുടെ പ്രതികരണമെന്തായിരിക്കും?

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് എൻ്റെ ഫസ്റ്റ് ഹോമാണ്. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണയിലിരിക്കുന്ന വിഷയമാണ്. അതുകൊണ്ട് പ്രതികരിക്കുന്നില്ല. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. നാം ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് ദൈവം നമുക്ക് നല്ല പ്രതിഫലം നല്‍കും. ദൈവത്തിൻ്റെ കോടതിയില്‍ എല്ലാവരും സമന്മാരാണ്.

താങ്കളുടെ കുടുംബത്തെക്കുറിച്ച്

എൻ്റെ ചേച്ചിയുടെ കുട്ടികള്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്ക് മൂന്ന് മക്കളാണ്. ആകാശ് അജിത്, അനുപമ അനില്‍, പ്രബോധ് അനില്‍, അച്ഛന്‍ പി.സി.രവി, അമ്മ സുധ, ഭാര്യ ജെബിത അജിത്. ഇതാണ് എൻ്റെ സന്തുഷ്ട കുടുംബം. 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.