കലാസ്നേഹിയായ ഭിഷഗ്വരന്‍ ഡോ. മഹേഷ്.ജി.തമ്പി – സീനിയര്‍ കണ്‍സള്‍ട്ടൻ്റ് ഫിസിഷ്യന്‍ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ , എറണാകുളം

കലാസ്നേഹിയായ ഭിഷഗ്വരന്‍ ഡോ. മഹേഷ്.ജി.തമ്പി – സീനിയര്‍ കണ്‍സള്‍ട്ടൻ്റ് ഫിസിഷ്യന്‍ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ , എറണാകുളം

 

കലാകുടുംബത്തില്‍ ജനനം. കലാകാരന്‍ അതിലുപരി പ്രശസ്തനായ അച്ഛൻ്റെ മകന്‍, എറണാകുളം നഗരത്തിലെ തിരക്കുള്ള ഫിസിഷ്യന്മാരിലൊരാള്‍, ആതുരശുശ്രുഷാ രംഗത്ത് ഇരുപത് വര്‍ഷത്തെ പാരമ്പര്യം, യാത്രകളോട് പ്രണയം, വിശേഷണങ്ങള്‍ ഏറെയാണ് ഈ വ്യക്തിത്വത്തിന്. എറണാകുളം സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടൻ്റ് ഫിസിഷ്യന്‍ ഡോ. മഹേഷ്. ജി. തമ്പിയുമായി ഷീജ നായര്‍ നടത്തിയ അഭിമുഖം.

 

ലോകജനതയുടെ ജീവിതചര്യകള്‍ മാറ്റിമറിച്ച കൊറോണ വൈറസ് പടര്‍ത്തുന്ന കോവിഡ് 19 എന്ന രോഗത്തെയും അതിൻ്റെ പരിണിതഫലങ്ങളെക്കുറിച്ചും വിശദമാക്കാമോ?

കൊറോണ വൈറസും അത് പടര്‍ത്തുന്ന കോവിഡ്19 രോഗവും ഇതിനോടകം തന്നെ നമ്മളില്‍ വലിയ ഭീതിപടര്‍ത്തിയിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ നിന്നും ഉത്ഭവിച്ച് ദേശദേശാന്തരങ്ങള്‍ കടന്ന് ഭാരതത്തിലും നമ്മുടെ കൊച്ചുകേരളത്തിലും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഈ രോഗം ഇത്രത്തോളം അപകടകാരിയാകുന്നതിന് കാരണം ഇതിൻ്റെ പകര്‍ച്ച തന്നെയാണ്. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് അതിവേഗം വ്യാപിക്കുന്നു കോവിഡ് 19. കൂടാതെ രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ അനവധിപേരില്‍ രോഗബാധ ഉണ്ടാകുന്നുണ്ട്. ഈ രണ്ട് കാരണങ്ങളാലാണ് കോവിഡ് ഭീതി വിതയ്ക്കുന്നതും അപകടകാരിയുമായ പകര്‍ച്ചവ്യാധിയായി മാറുന്നതും. ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷത്തില്‍പ്പോലും കേരളത്തില്‍ ഈ രോഗം സമൂഹവ്യാപനത്തിൻ്റെ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും ഇതിൻ്റെ ചലനങ്ങള്‍ കണ്ടുതുടങ്ങിക്കഴിഞ്ഞു. മരണനിരക്ക് കേരളത്തില്‍ കുറവാണെങ്കിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. മാത്രമല്ല രോഗമുക്തിയായവരുടെ നിരക്ക് ആശാവഹമാണ്. എങ്കിലും ഏറെ നിരാശപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ ഈ രോഗത്തിന് പര്യാപ്തമായ ചികിത്സാമാര്‍ഗ്ഗങ്ങളോ പ്രതിരോധവാക്‌സിനോ ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല എന്നതാണ്. നമുക്കവലംഭിക്കാനാകുന്ന ഏക മാര്‍ഗ്ഗം ആരോഗ്യപ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കുന്ന പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും അവ പാലിക്കുകയും ചെയ്യുകയെന്നതാണ്. മതിയായ സാമൂഹിക അകലം പാലിക്കുക (ആറ് അടിയെങ്കിലും വേണം), നിര്‍ബദ്ധമായും മാസ്‌ക് ധരിക്കുക. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ് രോഗം പകരാനുള്ള സാധ്യതയുള്ളത് എന്നത് മനസിലാക്കുക. മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയുമാണ് കൊറോണ വൈറസ് പകരുന്നത്. സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ പലരും മാസ്‌ക് താഴ്ത്തിവയ്ക്കുന്നത് കാണാറുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ഇപ്പോഴും ജനങ്ങള്‍ക്കിടയിലുള്ള അവബോധം കുറവാണ് എന്നാണ് മനസിലാക്കുന്നത്. ഡോക്ടറോട് സംസാരിക്കുമ്പോള്‍പോലും പലരും മാസ്‌ക് താഴ്ത്തിവയ്ക്കാറുണ്ട്. അത് തെറ്റായ രീതിയാണ്. കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. കുട്ടികളെയും പ്രായമായവരെയും വീടുകളില്‍ നിന്നും പുറത്തുപോകാന്‍ അനുവദിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പാലിക്കുക. എല്ലാവര്‍ക്കും അറിയുന്നതാണെങ്കിലും മുന്നോട്ടുള്ള രോഗവ്യാപനം തടയുവാന്‍ വേണ്ടി ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്.

 

പ്രതിരോധവാക്സിനുകളോ ചികിത്സാമാര്‍ഗ്ഗങ്ങളോ കണ്ടുപിടിക്കാത്ത ഈ സാഹചര്യത്തില്‍ കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് സാധ്യമാകുന്ന പ്രതിവിധി. ഇതിനായി പൊതുജനങ്ങള്‍ പാലിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് ?

തീര്‍ച്ചയായും. ഇപ്പോഴെത്തെ സാഹചര്യത്തില്‍ ഈ രോഗത്തോടൊപ്പം സഞ്ചരിക്കുക എന്നതല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല. പ്രതിരോധവാക്സിനുകളോ ചികിത്സാമാര്‍ഗ്ഗങ്ങളോ കണ്ടുപിടിക്കാത്ത കാലത്തോളം രോഗത്തോട് പൊരുത്തപ്പെട്ട് ജീവിക്കുക എന്നതാണ് കരണീയം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ രീതികള്‍ പാലിച്ചേ മതിയാകൂ. ആരോഗ്യമുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍പാലിച്ച് നിത്യവൃത്തികളില്‍ മുഴുകാന്‍ തടസമുണ്ടാകില്ല. ഏറേനാള്‍ വീട്ടിലടച്ചിരിക്കുക പ്രായോഗികമല്ല. നമ്മുടെ ജീവിതച്ചിലവുകള്‍ നേരിടണമെങ്കില്‍ ജോലിക്ക് പോയേ മതിയാകുള്ളൂ. പുറത്ത്പോകുന്നവര്‍ രോഗവാഹകരാകാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുകവഴി സമൂഹത്തിനും വീട്ടുകാര്‍ക്കും മാതൃകയാകാം.

 

പൊതുജനാരോഗ്യവും ജീവിതശൈലിയും എന്ന വിഷയത്തില്‍ മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ഈ മഹാമാരി നമ്മളെ കുറച്ചുകാര്യങ്ങള്‍ പഠിപ്പിച്ചു എന്നതാണ് വാസ്തവം. ജീവിതത്തില്‍ ശുചിത്വവും അച്ചടക്കവും പാലിക്കുക എന്നതാണ് മുഖ്യമായും. ഭക്ഷണക്രമങ്ങള്‍ ക്രമീകരിക്കുക, ശുദ്ധമായ ഭക്ഷണം കഴിക്കുക. പച്ചക്കറികള്‍ വീട്ടില്‍ കൃഷിചെയ്യുക. ലോക്ക്ഡൗണ്‍ കാലത്ത് ഭൂരിഭാഗംപേരും പച്ചക്കറിക്കൃഷിയിലേക്ക് തിരിഞ്ഞു എന്നുള്ളത് പ്രത്യാശനല്കുന്നതാണ്. ഗ്രോബാഗ് കൃഷി, വീടിൻ്റെ ടെറസ്സുകളില്‍ ചെയ്യുന്ന പച്ചക്കറികൃഷി എന്നിവ ഉദാഹരണങ്ങളാണ്. വിഷരഹിതമായ പച്ചക്കറികള്‍ ഇതിലൂടെ നമുക്ക് ലഭിക്കും. സന്തുലിതപോഷകാഹാരങ്ങള്‍ ശീലമാക്കുക. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലും പാലുല്‍പ്പന്നങ്ങളും, മുട്ടയുടെ വെള്ള, മല്‍സ്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ജങ്ക് ഫുഡ്‌സ് (ബര്‍ഗ്ഗെര്‍, നൂഡില്‍സ്, സാൻഡ്‌വിച്, പിസ, ഐസ്‌ക്രീം, പലതരം കോളകള്‍, സോഡാ മുതലായവ) പൂര്‍ണ്ണമായും ഒഴിവാക്കുക. വീട്ടില്‍ പാകംചെയ്ത ഭക്ഷണങ്ങള്‍ മാത്രം ശീലമാക്കുക. ദൈനംദിന വ്യായാമം നിര്‍ബന്ധശീലമാക്കുക. വീട്ടിലിരിക്കുന്ന പ്രായമായവരോടും കുട്ടികളോടും സൗഹൃദപരമായ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാനും പാട്ടുകള്‍ കേള്‍ക്കുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനും സമയംകണ്ടെത്താന്‍ ശ്രമിക്കുക. ഒരുപക്ഷെ കുറെയേറെക്കാലം നാം കോവിഡ് 19 എന്ന രോഗത്തോടൊപ്പം സഞ്ചരിക്കേണ്ടതായി വന്നേക്കാം.

 

കോവിഡ് 19 ബാധിച്ച് സുഖംപ്രാപിച്ച വ്യക്തിക്ക് വീണ്ടും രോഗബാധയുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടോ?

ഇപ്പോള്‍ കണ്ടുവരുന്ന കൊറോണ വൈറസ് പുതിയതാണ്. ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരുന്നതേയുള്ളു. രോഗവിമുക്തര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ല. ചിലപ്പോള്‍ ഉണ്ടായേക്കാം ഉണ്ടാകാതിരിക്കാം. ഈയവസരത്തില്‍ കഴിയുന്നതും ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുകയും ടെലിമെഡിസിന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതുമാണ് അഭികാമ്യം.

 

താങ്കളുടെ ഹോബികള്‍ എന്തൊക്കെയാണ് ?

സാഹിത്യത്തില്‍ താല്പര്യമാണ്. കുട്ടിക്കാലത്ത് കഥകളും കവിതകളും എഴുതിയിരുന്നു. എം ബി ബി എസ് പഠനകാലത്ത് ‘സാലഭഞ്ജിക’ എന്ന പേരില്‍ ഒരു കൈയ്യെഴുത്തുമാസിക തയ്യാറാക്കിയിരുന്നു. അതിൻ്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു. കൊറോണക്കാലത്ത് ടിക് ടോക്ക്പോലുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു. പാട്ടുകേള്‍ക്കുക, സിനിമ കാണുക ഇവയൊക്കെ വിനോദങ്ങളാണ്. ധാരാളം സിനിമകള്‍ കാണും. ധാരാളം യാത്രകള്‍ ചെയ്യാറുണ്ട്. ഇന്ത്യയിലെ വിവിധ സഥലങ്ങളും വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഗ്രാമങ്ങളും മദ്ധ്യപ്രദേശിലെ ഖജുരാവോയുമൊക്കെ എനിക്ക് വളരെയധികം ഇഷ്ടമുള്ളയിടങ്ങളാണ്. ഹങ്കറി, ബുഡാഫസ്റ്റ്, സംഗീതാഗീതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന മൊസാര്‍ട്ടിൻ്റെ സ്ഥലമായ സാല്‍സ്ബര്‍ഗ്ഗ്, ഓസ്ട്രിയ, ദുബായ്, മാല്‍ഡീവ്സ് എന്നിവയാണ് സന്ദര്‍ശിച്ചവയില്‍ പ്രിയമേറിയ രാജ്യങ്ങള്‍. 2020 ഏപ്രിലില്‍ പ്രിയ സുഹൃത്ത് ഫ്രാന്‍സിസിനെ കാണുവാന്‍ കാനഡയിലേക്ക് ഒരു യാത്ര നിശ്ചയിച്ചിരുന്നതാണ്. കോവിഡ് കാരണം അത് മുടങ്ങി.

 

കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസകാലഘട്ടത്തെക്കുറിച്ചും വിശദമാക്കാമോ?

ആലപ്പുഴയിലാണ് ജനനം. അച്ഛന്‍ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ പി. ജി. തമ്പി (പി. ഗോപാലകൃഷ്ണന്‍ തമ്പി) അദ്ദേഹം കേരള സ്റ്റേറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്നു. അമ്മ സുമിത്ര തമ്പി വീട്ടമ്മയായിരുന്നു. രണ്ട് പേരും പരേതരാണ്. ഞങ്ങള്‍ മൂന്ന് ആണ്‍മക്കളാണ്. ചേട്ടന്‍ ഹരികൃഷ്ണന്‍ തമ്പി എഴുത്തുകാരനും കവിയുമാണ്. രണ്ടാമത്തെ ചേട്ടന്‍ പ്രിയദര്‍ശന്‍ തമ്പി അഭിഭാഷകനാണ്. ഭാര്യ സിത്താര ധനനലക്ഷ്മി ബാങ്കില്‍ ഓഫീസര്‍ രണ്ട് ആണ്‍ മക്കള്‍, ദേവനാരായണന്‍ തമ്പി പത്തില്‍ പഠിക്കുന്നു, ദേവനന്ദന്‍ തമ്പി മൂന്നില്‍ പഠിക്കുന്നു. രണ്ടുപേരും എളമക്കര ഭവന്‍സിലെ വിദ്യാര്‍ഥികളാണ്. എൻ്റെ വിദ്യാഭ്യാസം ആലപ്പുഴ എസ് ഡി വി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലും അതിന് ശേഷം എസ് ഡി കോളേജിലുമായിരുന്നു. ബി എല്‍ ഡി ഇ കര്‍ണാടകയില്‍ എം ബി ബി എസ് പഠനം, അംബേദ്കര്‍ മെഡിക്കല്‍ കോളേജ് ബാംഗ്ലൂരില്‍ മെഡിസിനില്‍ എം ഡി ബിരുദം നേടി. സമ്പന്നമായൊരു കുട്ടിക്കാലമായിരുന്നു എൻ്റേത്. ഒരു കലാകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. സ്‌കൂളിലും എനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. കഥകള്‍ പറയാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വീട്ടിലെ ഇളയകുട്ടിയായതിനാല്‍ അമ്മയുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. 2003 അമ്മയുടെ മരണം. എൻ്റെ ജീവിതത്തിലെ ഏറ്റവും വിഷമംപിടിച്ച കാലഘട്ടം എൻ്റെ അമ്മയുടെ മരണശേഷമുള്ള കാലഘട്ടമായിരുന്നു.

 

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന താങ്കള്‍ വൈദ്യസേവന രംഗത്തേയ്ക്ക് എത്തപ്പെട്ടത് എങ്ങനെയാണ് ?

കലപാരമ്പര്യമുള്ള കുടുംബത്തില്‍ത്തന്നെയാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ മാന്ത്രിക നോവലുകള്‍ എഴുതിയിരുന്നു. മനോരമയിലും മനോരാജ്യത്തിലുമൊക്കെ സാലഭഞ്ജിക, സര്‍പ്പസത്രം എന്നീ മാന്ത്രികനോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ്റെ ചേട്ടന്‍ പി വി തമ്പി പ്രശസ്ത എഴുത്തുകാരനാണ്. ശ്രീകൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവല്‍ അദ്ദേഹത്തിൻ്റേതാണ്. അനിയന്‍ ശ്രീകുമാരന്‍ തമ്പി കവിയും ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമാണ്. എൻ്റെ അമ്മയുടെ ആഗ്രഹപ്രകാരമാണ് ഞാന്‍ ആതുരസേവനരംഗത്തേക്ക് എത്തിയത്. അമ്മ ഒരു ഹൃദ്രോഗിയായിരുന്നു. ജീവിതകാലം മുഴുവനും വിവിധ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു. അതുകൊണ്ട്തന്നെ ഞാന്‍ ഡോക്ടര്‍ ആകണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. ഞാന്‍ ഒരു ഡോക്ടര്‍ ആയത് കാണാനുള്ള ഭാഗ്യം അമ്മയ്ക്കുണ്ടായി. അമ്മയുടെ ആഗ്രഹം പൂര്‍ത്തിയാക്കിയതില്‍ എനിക്ക് സന്തോഷം ഉണ്ട്. എം ബി ബി എസ് പൂര്‍ത്തിയാക്കിയതിന്ശേഷം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗത്തിലും സൈക്കാട്രിവിഭാഗത്തിലും സേവനമനുഷ്ഠിച്ചു. അതേസമയം ആലപ്പുഴയിലെ മങ്കൊമ്പ് എന്ന സ്ഥലത്തു ഒരു ചെറിയ ഡിസ്‌പെന്‍സറി നടത്തിയിരുന്നു. മെഡിസിനില്‍ എം ഡി ബിരുദം നേടി തിരികെ നാട്ടില്‍ എത്തിയശേഷമാണ് എൻ്റെ കരിയറില്‍ അപ്രതീക്ഷിത മാറ്റം സംഭവിക്കുന്നത്. എൻ്റെ അച്ഛന് മറൈന്‍ ഡ്രൈവില്‍ നടക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു. അവിടെവച്ച് അന്ന് എറണാകുളത്തെ ഏറ്റവും പ്രശസ്തനായ ഫിസിഷ്യനായ ഡോ. ടി.എല്‍.പി.പ്രഭുവിനെ പരിചയപ്പെടുകയും അദ്ദേഹത്തിൻ്റെ നിര്‍ദ്ദേശ്ശപ്രകാരമാണ് ഞാന്‍ സുധീന്ദ്ര ഹോസ്പിറ്റലില്‍ അദ്ദേഹത്തിൻ്റെ ജൂനിയര്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എനിക്ക് ഇരിക്കാന്‍ ഒരു മുറിപോലും ലഭ്യമല്ലായിരുന്നു. രണ്ടുമൂന്ന് വര്‍ഷക്കാലം ശരിക്കും ബുദ്ധിമുട്ടി. അതിന് ശേഷമാണ് എന്നെത്തേടി രോഗികള്‍ എത്തിത്തുടങ്ങിയതും അതെ ആശുപത്രിയില്‍ ഏറ്റവുമധികം രോഗികള്‍ സന്ദര്‍ശിക്കുന്ന ഡോക്ടറായി മാറിയതും.

 

ജീവിതത്തില്‍ മറക്കാതെ മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

തീര്‍ച്ചയായും. കുട്ടിക്കാലത്ത് ആലപ്പുഴയില്‍ നിന്നും അച്ഛനോടൊപ്പം എറണാകുളത്തേക്കുള്ള യാത്രയില്‍ കാറിൻ്റെ പിന്‍സീറ്റില്‍ ഇരുന്ന് രണ്ട് പാലങ്ങള്‍ക്കപ്പുറത്ത് ദൂരെ കാണുന്ന കപ്പലിനെ വിസ്മയത്തോടെ നോക്കിയിരുന്ന ആ യാത്ര മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളില്‍ ഒന്നാണ്. എന്നില്‍ യാത്രയോടുള്ള ഇഷ്ടം ഉണ്ടാക്കിയതും ആ യാത്രകളായിരുന്നു. മറ്റൊന്ന് അമ്മയുടെ ഗ്രാമമായ മുതുകുളത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. നിറയെ മരങ്ങളും കുളങ്ങളും ചെടികളും നിറഞ്ഞ പ്രകൃതിമനോഹാരിത നിറഞ്ഞ നാട്. അവധിക്കാലത്ത് അമ്മയുടെ തറവാട്ടിലേക്കുള്ള യാത്രകളും അനുഭവങ്ങളും മറക്കാനാവാത്ത ഓര്‍മ്മകളാണ്.

ഭാവി പരിപാടികള്‍ എന്തൊക്കെയാണ് ?

ജീവിതത്തില്‍ നാളെയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താത്ത ഒരാളാണ് ഞാന്‍. എൻ്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം സ്വാഭാവികമായി എന്നില്‍ വന്നുചേര്‍ന്നതാണ്. യാത്രകള്‍പോലും നേരത്തെ പ്ലാന്‍ ചെയ്യാതെയാണ് പോകുന്നത്. പ്രത്യേകിച്ച് ഈ കൊറോണാ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നാളെയെ പ്രവചിക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും എൻ്റെ അമ്മയുടെ പേരില്‍ നിര്‍ധനരായ സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്നരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. പിന്നെ എൻ്റെ പ്രാക്ടീസ് കുറേകൂടി വിപുലീകരിക്കണമെന്ന ആഗ്രഹമുണ്ട്. ഇതൊക്കെ ആഗ്രഹങ്ങളാണ്. നടപ്പിലാകുമോ എന്നത് വിധിക്ക് വിടുന്നു.

 

 

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.