ആയുർവേദാചാര്യ കുലപതി, പദ്‌മശ്രീ ഡോക്ടർ പി കെ വാര്യർ

ആയുർവേദാചാര്യ കുലപതി,  പദ്‌മശ്രീ ഡോക്ടർ പി കെ വാര്യർ

ആയൂർവേദത്തിൻ്റെ യശസ്സിനെ ലോകജനതയ്ക്ക് പരിചയപ്പെടുത്തിയ മനുഷ്യസ്നേഹിയായ ആയൂർവേദ ഭിഷഗ്വരൻ. തൊണ്ണൂറ്റി ഒൻപത് വയസ്സിൻ്റെ നിറവിൽ നിൽക്കുമ്പോഴും കർമ്മനിരതമായ കർമ്മയോഗി, കേവല ലാഭേച്ചക്കപ്പുറം ആയുർവേദത്തെ ജനകീയമാക്കിയ മനുഷ്യസ്നേഹി. രാജ്യം പത്മഭൂഷൺ, പത്മശ്രീഎന്നിവ നൽകി ആദരിച്ച ആചാര്യകുലപതി. പഞ്ചഭൂതനിർമ്മിതമായ ശരീരത്തിൻ്റെ രോഗാവസ്ഥയെ പഞ്ചകർമ്മ ചികിത്സയാൽ ചികിസിച്ചു ഭേദമാക്കുന്ന പദ്‌മശ്രീ ഡോക്ടർ പി കെ വാര്യറുമായി യൂണിക്‌ ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം..

Padmashri P. K. Warrier Unique Times

 

1.കൊറോണ വൈറസ് ലോകത്തെയാകമാനം ഭീതിയിലും ദുരിതത്തിലുമാഴ്ത്തുമ്പോൾ ഇവയിൽ നിന്നും രക്ഷനേടാൻ ആയുർവേദത്തിൽ അവലംബിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയാണ് ?

രോഗങ്ങളുടെ കാര്യത്തിൽ ഒരു വലിയശതമാനവും സ്വയം വരുത്തിവയ്ക്കുന്ന വിനകളാണെന്നുള്ളത് ശ്രദ്ധിച്ചാൽ നമുക്ക് മനസിലാകും. അനാരോഗ്യമുണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ആയുർവേദം കർശ്ശനമായി നിർദ്ദേശ്ശിക്കുന്നു. പ്രകൃതിയെയും കാലത്തെയും നന്നായി പഠിച്ച് അതിനനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താനാണ് ആയുർവേദത്തിൻ്റെ ഉപദേശം. ഒരു രാഷ്‌ട്രത്തിൻ്റെ ആരോഗ്യനിലവാരം ഉയർത്തുവാൻ ഓരോ വ്യക്തിയും സമൂഹവും ഭരത്ബാധികാരികളും ചേർന്നുള്ള കൂട്ടായ്മ ആവശ്യമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആയുർവേദം പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗാണുക്കൾ മൂലമുണ്ടാകുന്ന വ്യാധികളെ നിയന്ത്രിക്കുന്നതിനും ശമിപ്പിക്കുന്നതിനുമുള്ള പ്രതിരോധമാർഗ്ഗങ്ങളും ചികിത്സാ രീതികളും ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നുമാത്രമല്ല ജനങ്ങൾ അത് അനുവർത്തിച്ചുപോരുന്നുമുണ്ടായിരുന്നു. രോഗപ്രതിരോധത്തിന് വാക്സിനുകളും മരുന്നുകളും ലഭ്യമല്ലാതിരുന്ന ഒരു കാലത്താണ് ഇവ പ്രചാരത്തിലുണ്ടായിരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിൽ പ്രധാനമായും പ്രതിപാദിക്കുന്നത് വ്യക്തിശുചിത്വവും ജീവിതശുചിത്വവുമാണ്. ഇത് ദേശം, കാലം, പിൻതുടരുന്ന ജീവിതരീതി എന്നിവയനുസരിച്ച് രൂപപ്പെടുത്തേണ്ടവയാകുന്നു. ഉദാഹരണത്തിന് മുംബൈയിലെ ധാരാവിയിൽ അവലംബിക്കുന്ന മാർഗ്ഗങ്ങൾ കേരളത്തിൽ ആവശ്യമാകില്ല. ഇതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഇറ്റലിയിലെയോ ജർമ്മനിയിലെയോ ആവശ്യകത. ഈ വ്യത്യസ്തതകൾക്കിടയിലും അടിസ്ഥാനപ്രമാണമായി നിലനിൽക്കുന്നത് വ്യക്തിയുടേയും സമൂഹത്തിൻ്റെയും ശുചിത്വം തന്നെയാണ്.

 

2. “ആയൂർവേദം” എന്ന അർഥവത്തായ വാക്കിനെ വായനക്കാർക്കായി വിശദീകരിക്കാമോ ?

ആയുസിനെക്കുറിച്ചുള്ള അറിവാകുന്നു ആയുർവേദം. ആയുസ്സ് എന്നാൽ ജീവിതം തന്നെ. ജീവിതത്തെ അതിൻ്റെ പൂർണ്ണ സൗന്ദര്യത്തോടെയും സങ്കീർണ്ണതകളോടെയും ആയുർവേദം നോക്കിക്കാണുന്നു. വൈദ്യവൽക്കരണംകൊണ്ട് ജീവിതത്തെ ദുഃസ്സഹമാക്കരുതെന്ന ഒരു സന്ദേശം കൂടി ആയുർവേദം നൽകുന്നുണ്ട്. ആയുർവേദത്തിൻ്റെ ഉൽപ്പത്തിയും വികാസവും പരിണാമവും ജനന-മരണങ്ങൾക്കിടയിലുള്ള ജീവിതപ്രവാഹത്തിൻ്റെ ഓരോ ബിന്ദുവിലും കേന്ദ്രീകൃത്യമാണ്.

ആരോഗ്യത്തെ സംരക്ഷിക്കുക, പരിപോഷിപ്പിക്കുക, രോഗങ്ങളുടെ ആക്രമണം തടയുക, പ്രതിരോധപരാജയത്തിൽ രോഗബാധിതരായവരെ ചികിത്സിക്കുക, രോഗമുക്തി നേടിയവരെ പുനഃരധിവസിപ്പിക്കുക എന്നിവയാണ് ആയുർവേദത്തിൻ്റെ ലക്ഷ്യങ്ങൾ. ആയുർവേദമനുസരിച്ച് രോഗങ്ങൾക്കിടയിലുള്ള ഇടവേളയല്ല ആരോഗ്യം, രോഗം മാറിനിൽക്കുന്ന താൽക്കാലിക അവസ്ഥയും ആരോഗ്യം അല്ല. മറിച്ച് എല്ലാ ജീവിത സൗഭാഗ്യങ്ങളും അനുഭവിക്കുവാൻ ഒരു വ്യക്തിയെ ഊർജ്ജ സമ്പന്നനായി നിലനിർത്തുകയെന്നതാണ് ആയൂർവേദം വിഭാവനം ചെയ്യുന്നത്. ഇത് ഒരു സമഗ്രവീക്ഷണമാകുന്നു. ഇത്തരത്തിൽ ആരോഗ്യം വളർത്തിയെടുക്കുവാൻ ഓരോ വ്യക്തിയും സ്വയം പരിശ്രമിച്ചേ തീരൂ. ഇതിനായി ചില നിബന്ധനകൾ സ്വീകരിക്കേണ്ടതുണ്ട്. ചില ശാസനകൾ അനുസരിക്കേണ്ടതും ചില ശീലങ്ങൾ പിന്തുടരേണ്ടതുമുണ്ട്. ഇതിനെക്കുറിച്ചെല്ലാം ആയുർവേദം വിശദമായി പ്രതിപാദിക്കുന്നു. ആയുർവേദത്തിൻ്റെ ഈ സിദ്ധാന്തങ്ങൾക്കും സമീപനങ്ങൾക്കും ഇപ്പോൾ ആഗോളതലത്തിൽ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് കാരണം ഒരാളുടെ ജീവിതത്തിൻ്റെ ഉടമസ്ഥൻ അയാൾ തന്നെയാണെന്നുള്ള തിരിച്ചറിവാണ്.

Padmashri P. K. Warrier

3. എന്താണ് പഞ്ചകർമ്മ ചികിത്സ?
ആയൂർവേദത്തിലെ ശുദ്ധിചികിത്സയുടെ സാങ്കേതിക നാമമാണ് പഞ്ചകർമ്മചികിത്സ. വിവിധ കാരണത്താൽ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ സുരക്ഷിതമായി നിർമ്മാർജനം ചെയ്യുവാൻ ശുചിതമായി രൂപപ്പെടുന്നൊരു പദ്ധതിയാണിത്. പഞ്ചകർമ്മങ്ങൾ എന്നത് പേര് സൂചിപ്പിക്കുന്നതുപോലെ അഞ്ച് ക്രിയാക്രമങ്ങളാണ്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണവ. വമനം എന്നാൽ ഛർദ്ദിപ്പിക്കലും വിരേചനമെന്നാൽ വയറിളക്കലുമാണ്. വസ്തി എന്നതുകൊണ്ട് ഉദ്ദേശ്ശിക്കുന്നത് മെഡിക്കേറ്റഡ് എനിമയാണ്. നസ്യം എന്നാൽ മൂക്കിലൂടെ മരുന്ന് ശരീരത്തിൽ പ്രവേശിപ്പിക്കുന്ന രീതിയാണ്. രക്തമോക്ഷം എന്നാൽ ബ്ലഡ് ലൈറ്റിങ്. പഞ്ചകർമ്മ ചികിത്സയ്ക്ക് മുൻപ് ശരീരത്തെ സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി ചെയ്യുന്ന പ്രധാനപ്പെട്ട കർമ്മങ്ങളാണ് സ്നേഹനവും സ്വേദനവും. എന്ന് ലളിതമായി പറയാം. ഏറെ സങ്കീർണ്ണങ്ങളായ ക്രമങ്ങളാണ് പഞ്ചകർമ്മങ്ങൾ. പഠിപ്പും പരിചയവുമുള്ള ഭിഷഗ്വരന്മാരുടെ മേൽനോട്ടത്തിൽ ആശുപതികളിൽ വച്ചു മാത്രമേ ഇവ ചെയ്യാവൂ. മറിച്ചായാൽ ജീവാപായം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം ചികിത്സകൾ ചെയ്യുന്നതിന് മുൻപ് ആധുനിക രീതിയിലുള്ള ലബോറട്ടറി പരിശോധനകൾ, എക്സ് – റേ, സ്കാൻ എന്നിവയും ആവശ്യമായി വന്നേക്കാം.

4. “ശൈലീരോഗങ്ങളും ദിനചര്യകളും” ജീവിതശൈലീ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ആചരിക്കേണ്ട ചര്യകൾ വിശദമാക്കാമോ?
ആരോഗ്യത്തിൻ്റെ മാതൃകകൾ പഠിക്കേണ്ടത് പ്രകൃതിയിൽ നിന്നാണ് പൊരുതാനും പൊരുത്തപ്പെടാനുമുള്ള ബലവും ഊർജ്ജവും സംഭരിക്കാനുള്ള മാർഗ്ഗങ്ങളും ആയുർവേദം അനുശാസിക്കുന്നു. മേൽ സൂചിപ്പിച്ചതുപോലെ പ്രകൃതി പഠനമാണ് ഈ ജ്ഞാനശേഖരത്തിൻ്റെ ഉറവിടം. ആഹാരം, വിഹാരം, വ്യായാമം എന്നിവ ചിട്ടപ്പെടുത്തിയും മനസ്സിൻ്റെ സംതുലിതാവസ്ഥ നിലനിർത്തിയും മുന്നോട്ട് പോയാൽ ജീവിതം സുരക്ഷിതമായിരിക്കുകയും രോഗപ്രതിരോധത്തിനായി യഥാകാലവും യഥാസമയവും ഒരാൾ അനുഷ്ഠിക്കേണ്ട ചിട്ടകൾ ആയുർവേദം അക്കമിട്ട് നിരത്തിയിട്ടുണ്ട്. “നീ നീയാകണമെങ്കിൽ നീ നിന്നെ അറിയണം” എന്ന് പറഞ്ഞതുപോലെ അറിവ് നേടുകയും അത് പ്രയോഗവൽക്കരിക്കുകയും ചെയ്യുകയാണ് വേണ്ടത്. ബുദ്ധിമാന് പ്രപഞ്ചം ഗുരുവാകുന്നു.

Padmashri P. K. Warrier Unique Times

5. കർക്കടക ചികിത്സ, കർക്കിടക കഞ്ഞി ഇവയ്‌ക്കൊക്കെ വലിയ രീതിയിൽ പ്രചാരമേറുന്ന ഈ കാലയളവിൽ ഇവയുടെ ഗുണഫലങ്ങളും അനുവർത്തിക്കേണ്ട രീതികളും എന്തൊക്കെയാണ് ?

കർക്കിടക ചികിത്സയുടെ ഊന്നൽ ശുദ്ധിയിലാണ്. ശുദ്ധിയെന്ന പദത്തിന് വിശാലമായ അർത്ഥമാണ് ഇവിടെയുള്ളത്. ശരീരത്തിൻ്റെ, ഇന്ദ്രീയങ്ങളുടെ, ബുദ്ധിയുടെ, ചിന്തയുടെ, കർമ്മത്തിൻ്റെ, വാക്കിൻ്റെ ശുദ്ധിയാണിത്. പഞ്ചകർമ്മ ചികിത്സയിലൂടെ ശരീരത്തെ ശുദ്ധിയാക്കാം. ഭൂമിയും ജലവും വായുവും ആകാശവും ജനപഥങ്ങളും മനുഷ്യമനസും മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് ശുദ്ധി എന്ന ഉദാത്തമായ സങ്കല്പം മനുഷ്യന് ഏറെ പ്രിയങ്കരമായിത്തീരുന്നത്. നിർവിഷീകരണം ആയുർവേദത്തിൻ്റെ അടയാളവാക്യമാണ് .

കർക്കടക ചികിത്സയെ സുഖചികിത്സയായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നതായി കാണാറുണ്ട്. യഥാർഥത്തിൽ ഇത് സുഖചികിത്സയല്ല. മറിച്ച് അസുഖചികിത്സതന്നെയാണ് കർക്കിടക ചികിത്സ. ഇക്കാലത്ത് ആഹാരത്തെ തന്നെ ഔഷധമാക്കി മാറ്റുന്ന ഒരു രീതിയുണ്ട്. ഇതിൻ്റെ ഭാഗമായി മരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന ഔഷധക്കഞ്ഞി, മുക്കുടി മുതലായവ ശീലിപ്പിക്കുന്നു. ഇതിനുപുറമെ ച്യവനപ്രാശം മുതലായ മരുന്നുകളും അവസ്ഥാനുസാരേണ ഡോക്ടർമാർ നിർദ്ദേശ്ശിക്കാറുണ്ട്.

6. തിരക്കേറിയ ജീവിതം നയിക്കുന്ന ഈ കാലഘട്ടത്തിൽ ആയുർവേദം എത്രത്തോളം പ്രയോജനപ്രദമാക്കാം?
ഇക്കാലത്ത് ഫാസ്റ്റ് ലൈഫ് എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാൽ ഫാസ്റ്റ് ഡെത്ത് ആരും ഇഷ്ടപ്പെടുന്നില്ല. ആയുർവേദം ജീവിതത്താളം നിലനിർത്തുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇതിൽ മന്ദഗമനങ്ങളും ദ്രുതഗമനങ്ങളും ഉണ്ടാകും. ഇവയൊന്നും ജീവസത്തയെ ബാധിക്കാതെ നിലനിർത്താനുള്ള ഉപദേശങ്ങളാണ് ആയുർവേദം നൽകുന്നത്. ഇവ കാലദേശങ്ങൾക്ക് അതീതമാണ്.

Padmashri P. K. Warrier Unique Times

7. കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ..
118 വർഷത്തെ സേവനപാരമ്പര്യമുള്ള ഒരു വൈദ്യസ്ഥാപനമാണ് കോട്ടയ്ക്കൽ ആര്യ വൈദ്യശാല. കാലാനുസൃതമായി ആയുർവേദത്തെ നവീകരിച്ച് നിലനിർത്തുകയും ആയൂർവേദത്തിൻ്റെ ഗുണഫലങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയുമാണ് ആര്യ വൈദ്യശാലയുടെ ലക്ഷ്യങ്ങൾ. ഇതിന് ഉതകുന്ന എല്ലാ പ്രവർത്തികളും ആര്യ വൈദ്യശാല ചെയ്തുപോരുന്നുണ്ട്. മരുന്ന് ഉൽപ്പാദനം, വിതരണം, ചികിത്സ, ഗവേഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിലും കലാസാംസ്കാരികരംഗത്തും ആര്യവൈദ്യശാലയുടെ സാന്നിദ്ധ്യമുണ്ട്.

8. ആയുർവേദം എന്ന ലേബലിൽ വർണ്ണപ്പൊലിമയുള്ള പരസ്യങ്ങളുമായി ഒട്ടനവധി ഉൽപ്പന്നങ്ങൾ വിപണിയിലിറങ്ങുകയും ജനങ്ങൾ വഞ്ചിതരാകുകയും ചെയ്യുന്നുണ്ട്. അങ്ങയുടെ അഭിപ്രായത്തിൽ ഈ പ്രവണതയ്‌ക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുവാനാകുക?

പരസ്യങ്ങളുടെ പിന്നാലെ പോകാതിരിക്കുക. അഥവാ പരസ്യങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന സംഗതികളുടെ നിജാവസ്ഥ കണ്ടുപിടിക്കാൻ മനസ്സിനെ ജാഗരൂഗരാക്കുക. ഇതല്ലാതെ വേറൊരു പ്രവർത്തിയും ഈ അവസ്ഥയ്ക്ക് ഫലപ്രദമാകില്ല.

Padmashri P. K. Warrier

 

 

Padmashri P. K. Warrier

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.