കോവിഡിന് ശേഷമുള്ള ഇന്ത്യ: വെല്ലുവിളികളും മുന്‍ഗണനകളും : സാം പിട്രോഡ

കോവിഡിന് ശേഷമുള്ള ഇന്ത്യ: വെല്ലുവിളികളും മുന്‍ഗണനകളും : സാം പിട്രോഡ
Sam Pitroda Unique Times
(രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെവലപ്മെൻറ്സ് സ്റ്റഡീസിൻ്റെ വെബിനാറിൽ സാം പിട്രോഡ ചെയ്ത പ്രഭാഷണത്തെ അധികരിച്ച് മൻസൂർ പള്ളൂർ തയ്യാറാക്കിയത് )
ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നമ്മളെല്ലാവരും ഡിജിറ്റൽ ടെക്നോളജി ഉപയോഗിക്കാൻ തുടങ്ങിയെന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ് .
കേരളത്തിൽ നിന്നും രാഹുൽ ഗാന്ധിയെ കാണാനായി മാത്രം പലരും ഡൽഹിയിൽ വരുമ്പോൾ ഞാൻ അദ്ദേഹത്തോട് തന്നെ പറയാറുണ്ടായിരുന്നു വെറും പത്തോ പതിനഞ്ചോ മിനിറ്റ് സംസാരിക്കാൻ മാത്രം എല്ലാവരും ഒരു ദിവസം മുഴുവൻ യാത്ര ചെയ്യണ്ട സാഹചര്യം ഒഴിവാക്കികൂടെ ? കേവലം ഒരു വീഡിയോ കോൾ മാത്രം മതിയല്ലോ ?
എല്ലാവരെയും ഉൾപ്പെടുത്തികൊണ്ട് ഒരു വീഡിയോ കോൺഫറൻസ് അപ്രാപ്ര്യമായി തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ  കൊറോണാകാലം വേണ്ടി വന്നു ഇങ്ങനെയൊന്നു നമ്മൾക്കിടയിൽ പ്രവർത്തിയിൽ കൊണ്ടുവരാൻ.
ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ച് ഓർക്കാതെ വയ്യ. അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞിട്ട് മുപ്പത് കൊല്ലങ്ങൾ  കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിൻ്റെകൂടെ പത്തുകൊല്ലത്തോളം ഈ മേഖലകളിൽ ഒരുമിച്ച്  പ്രവർത്തിക്കാൻ ലഭിച്ച അവസരം ഒരു വലിയ ഭാഗ്യവും അഭിമാനവുമായി ഞാൻ കരുതുന്നു. രാജീവ്  ഗാന്ധിക്ക് ഡിജിറ്റൽ മേഖലയോട് ഉണ്ടായിരുന്ന രാഷ്ട്രീയ ഇച്ഛാശക്തി ഐ.ടി, ടെലികോം ടെക്നോളജി മിഷനുകളിലേക്ക് സന്നിവേശിപ്പിക്കാൻ എനിക്ക് അവസരം  ലഭിച്ചു. ഭാരതത്തിൻ്റെ ആ കാലഘട്ടം എന്ന്  പറയുന്നത് വിത്ത് പാകലിൻ്റെ സമയം ആയിരുന്നു. ആ കാലത്താണ് നവഭാരത്തിൻ്റെ വിത്തുകൾ പാകി, മാറ്റത്തിനു തുടക്കമിട്ടത്. സ്വകാര്യവത്കരണത്തിൻ്റെയും, ഉദാരവത്കരണത്തിൻ്റെയും ഫലം നമ്മളിന്ന് അനുഭവിക്കുന്നത് അന്ന് പാകിയ പല വിത്തുകൾ വലിയ മരങ്ങളായി തീർന്നതിൽ നിന്നുമാണ്. എല്ലാ കൊല്ലവും ഇങ്ങനെയോരോ വിത്തുകൾ പാകാൻ നമ്മൾക്ക് സാധിച്ചു. ആദ്യമത് ഇന്ദിര ഗാന്ധി വഴി ആയിരുന്നു. പിന്നീട് രാജീവ് ഗാന്ധി വഴിയും. ഇന്ന് പലരും മറന്നിട്ടുണ്ടാകും. ഇന്ത്യയിൽ നിന്നും പോളിയോ സമ്പൂർണമായി നിർമാർജ്ജനം ചെയ്യാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ  ഭരണ സമയത്തായിരുന്നു.
കൊറോണ കഴിഞ്ഞു വരുന്ന ഘട്ടത്തെ ഭാരതം എങ്ങനെ നേരിടുമെന്ന് ചിന്തിക്കേണ്ട സമയമാണിപ്പോൾ. അങ്ങനെ നോക്കിയാൽ ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ  തന്നെയും ഒരു മാറ്റത്തിന് തയ്യാറെടുക്കേണ്ടതുണ്ട് . കൊറോണ കാലം പ്രകൃതിയിൽ നിന്നുള്ള ഒരു മുന്നറിയിപ്പാണ്. നമ്മൾ മനുഷ്യർക്ക് വഴി തെറ്റിയിരിക്കുന്നു. തെറ്റുകൾ തിരുത്താനുള്ള സമയം കൂടിയാണിത്. ഇന്ത്യയിൽ നിരവധി കേസുകൾ ഓരോ ദിവസവും കൂടുന്നതായി കാണുന്നു. ഇതിനു കാരണം നമ്മൾ വേണ്ടത്ര ഫലപ്രദമായി ആസൂത്രണം ചെയ്യാത്തത് കൊണ്ടാണ്. കാര്യക്ഷമമായി ഡാറ്റ ശേഖരിക്കാൻ പറ്റാത്തതാണ് മറ്റൊരു കാരണം. നല്ല ടെസ്റ്റിങ് നടത്താനുള്ള  സംവിധാനങ്ങളോ, കാര്യപ്രാപ്തിയോ ഇല്ല. പക്ഷെ നമ്മൾ വാർത്തയിലൂടെയും മറ്റും കേൾക്കുന്നത് യഥാർത്ഥ വസ്തുതയിൽ നിന്നും തീർത്തും വിഭിന്നമായ കാര്യങ്ങളുമാണ്. അതുപിന്നെ എല്ലാ കാര്യത്തിലും ഇപ്പോൾ അങ്ങനെ തന്നെയാണല്ലോ. നിർഭാഗ്യവശാൽ കൊറോണ കേസുകളുടെ എണ്ണം വരും മാസങ്ങൾകൊണ്ട്  ഒരു വിസ്‌ഫോടനത്തിലേക്ക് പോകുമെന്നാണ് തോന്നുന്നത്. നമ്മൾ വളരെയധികം ജാഗരൂകരായി ഇരിക്കണം. ഏതു പ്രതികൂല സാഹചര്യവും നേരിടാൻ നമ്മൾ ഒരുങ്ങിയിരിക്കണം. നമ്മൾക്ക് നല്ലതു മാത്രം സംഭവിക്കാനായി പ്രത്യാശിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം. ഈ ഒരു സാഹചര്യത്തെ നമ്മൾക്ക് മികച്ച രീതിയിൽ നേരിടാൻ സാധിക്കുന്നത് ഒരുപാട് ആരോഗ്യ പ്രവർത്തകരുടെയും, ഡോക്ടർമാരുടെയും സേവനംകൊണ്ട് കൂടിയാണ്. അവരോട് രാജ്യം പ്രത്യേകം കടപ്പെട്ടിരിക്കുന്നു.
Sam Pitroda Unique Times
ഇപ്പോൾ എൻ്റെ മനസ്സിനെ അലട്ടുന്ന മറ്റൊരു വിഷയം സ്വന്തം നാടുകളിൽ, തങ്ങളുടെ ഭവനങ്ങളിലേക്ക് പോകുന്ന നമ്മുടെ അതിഥി തൊഴിലാളികുടെ ചിത്രങ്ങളാണ്. ആയിരക്കണക്കിന് ആളുകൾ അതും ഈ വേനൽക്കാലത്ത്  അവരുടെ കുടുംബവും കുട്ടികളുമായി സ്വന്തം നാടുകളിലേക്ക് ഭാണ്ഡക്കെട്ടുകളും കയ്യിലേറി കാൽനടയായി പോകുന്ന കാഴ്ച ഹൃദയ ഭേദകമാണ്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ സാമ്പത്തിക സ്ഥിതിയിൽ പരിതാപകരമായ അവസ്ഥയിലുള്ള ഈ ജനങ്ങളോട് നമ്മൾ കാണിച്ചതോർത്ത്  വളരെയധികം ലജ്ജ തോന്നുന്നു. ഈ മനുഷ്യരാണ് വീടുകളും, റോഡുകളും, സ്ഥാപനങ്ങളും മറ്റു മെച്ചപ്പെട്ട സൗകര്യങ്ങളും പണിതുയർത്തിയത്. അവർക്കാണ് വേദനാജനകമായ ഈ അവസ്ഥ വന്നിരിക്കുന്നത്. ഇത് എല്ലാ ഇന്ത്യക്കാർക്കുമേലേറ്റ തീരാകളങ്കമാണ്, നാണക്കേടാണിത്. ഇന്ത്യയുടെ ഭാവി എന്ന് പറയുന്നത് അവരുടെ കരങ്ങളിലാണ്.
 നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം കൂടിയാണിതെന്ന് മനസിലാക്കാൻ ഈ കൊറോണ കാലം കാരണമായി എന്നും പറയാം. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഇത്തരം ആളുകളിലേക്ക് നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കോടിക്കണക്കിനു ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് ഒരുപാടു താഴെയാണ്. ലോകത്തിൻ്റെ പുനർ-നിർമിതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് ഞാനിപ്പോൾ. കുറച്ചേറെ വർഷങ്ങളായി ഇങ്ങനയൊരു പുസ്തകത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് മാസകാലമായുള്ള ലോക്ക്ഡൗൺ ആണ് ഈ രചനയുടെ പൂർത്തീകരണത്തിലേക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ പതിനൊന്ന് ആഴ്ചകളായി ഞാൻ വീടിനു പുറത്തിറങ്ങിയിട്ടില്ല. എനിക്ക് എഴുപത്തെട്ടു വയസ്സായി. ഇവിടെ അമേരിക്കയിൽ എൻ്റെ കുടുംബത്തിൽ പലരും ഡോക്ടർമാരാണ്. അവരുടെയെല്ലാം താകീതുകൾ കാരണം ഞാൻ പുറത്തിറങ്ങാറേ ഉണ്ടായിരുന്നില്ല. അവശ്യസാധനങ്ങൾ എല്ലാം പടിവാതിൽക്കൽ തന്നെ ലഭിക്കുന്നുണ്ട്. ഞാനും ഭാര്യയും വളരെയധികം ശ്രദ്ധിച്ചാണ് കഴിഞ്ഞു കൂടുന്നത്. പക്ഷെ ഈ ലോക്ക്ഡൗൺ കാലം എനിക്ക് ഒരുപാട് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിഞ്ഞു. ഇപ്പോൾ നിങ്ങളോട് സംവദിക്കുന്നതുപോലും അതിൻ്റെയെല്ലാം ഭാഗമായിട്ട് തന്നെയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ലോകം അവസാനമായി രൂപകല്പന ചെയ്യപ്പെട്ടത്. അതിനു മുൻപന്തിയിൽ നിന്ന് നേതൃത്വം നൽ‌കിയതാവട്ടെ അമേരിക്കയും. ലോക ജനാധിപത്യം, മനുഷ്യാവകാശം, മുതലാളിത്തം, ഉപഭോഗം, സൈനിക ശക്തി ഇവയെല്ലാമാണ് അമേരിക്ക ലോക രൂപകല്പനയിൽ പ്രാധാന്യം കൊടുത്ത വിഷയങ്ങൾ. ഇപ്പോൾ ലോകം പുനഃക്രമീകരിക്കാനുള്ള   സമയമായിരിക്കുകയാണ് . അതിനു നേതൃത്വം കൊടുക്കാൻ ഇന്ത്യക്കും കേരളത്തിനും സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലോകത്തിന് മുമ്പിൽ മുന്നോട്ട് വെക്കാനുള്ള ആശയങ്ങൾ ഒരു പരീക്ഷണശാലയിൽ എന്നപോലെ കേരളത്തിൽ പ്രാവർത്തികമാക്കി നോക്കാവുന്നതാണ്.
Sam Pitroda
പക്ഷെ നമ്മുടെ മുന്നിലുള്ള ചോദ്യം, എന്തായിരിക്കണം ആ ആശയങ്ങൾ എന്നതാണ്. പഴയ പോലെ ആവാതിരിക്കുക എന്നതാണ്  മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതെന്തെന്നാൽ ഒരു പുതിയ മാതൃക സൃഷ്ടിക്കുക എന്നതാണ്. സമത്വത്തിലൂന്നിയ, എല്ലാ രീതിയിലും പര്യപ്തവുമായ ഒരു പുതിയ മാതൃകയായിരിക്കണം. എന്തായാലും ലോകം ഇനി ഒരിക്കലും പഴയപോലെ ആയിരിക്കില്ല. ആഗോളീകരണം ഒരു പരിധിവരെ നിരാശാജനകമായിരുന്നു. അതിൻ്റെ അർത്ഥം അതില്ലാതാക്കണമെന്നല്ല, വിതരണ സമ്പ്രദായം ആഗോളവത്കരിക്കപ്പെടണം. പക്ഷെ അതെങ്ങനെ പ്രാവർത്തികമാക്കാം?
നമുക്ക് അറിയാമല്ലോ എല്ലാ ഉല്പാദനവും നടക്കുന്നത് ചൈനയിലാണ്. ഞാൻ ഉദ്ദേശിക്കുന്നത് ഒരു ചൈനീസ് മാതൃക പിന്തുടരുക എന്നതോ, അല്ലെങ്കിൽ ചൈനയുടെ മൊത്തം ഉൽപ്പാദനം ഇന്ത്യയിലേക്ക് പറിച്ചു നടുക എന്നതോ അല്ല. പകരം ഒരു പുത്തൻ ഇന്ത്യൻ മാതൃക സൃഷ്ടിക്കുക എന്നതാണ്. അവിടെയാണ് ഗാന്ധിജിയുടെ  പ്രസക്തി. അദ്ദേഹത്തിന് ഇന്ത്യയുടെ വികസനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ആ ആശയങ്ങളിലേക്ക് ഒരു പുനർചിന്തനം നടത്തേണ്ട സമയമാണിത്. ഇന്ത്യയിലെ ഓരോ ജില്ലയിലും ചുരുങ്ങിയത് രണ്ടു ലക്ഷം ആളുകളെങ്കിലും ഉണ്ടായിരിക്കും. ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഒരു ഭരണ സംവിധാനം കൊണ്ടുവരേണ്ടിയിരിക്കുന്നു. നമ്മൾക്ക് വേണ്ടത് ജില്ല കേന്ദ്രീകരിച്ചുള്ള വികസനമല്ല, ഭരണ സംവിധാനമാണ്. ഓരോ ജില്ലയ്‌ക്കും അവരുടേതായ ആശുപത്രി, യൂണിവേഴ്സിറ്റി, ജലവിതരണ സംവിധാനം, ഇതിനെല്ലാം പുറമെ  ജില്ലകൾക്ക് കേന്ദ്ര, സംസ്ഥാന അധികാരങ്ങളെ മറികടന്ന് കൊണ്ടുള്ള
ഒരധികാര സംവിധാനം കൂടി കൊടുക്കണം. ഇതായിരുന്നു രാജീവ് ഗാന്ധി വിഭാവനം ചെയ്‌ത ആശയം. നമ്മൾ പഞ്ചായത്ത് രാജിനെക്കുറിച്ച് സംസാരിക്കാറുണ്ട്. പഞ്ചായത്ത് രാജിനെ ശക്തിപ്പെടുത്താൻ കൂടിയുള്ള സമയമാണിത്. അതിന്  മുന്നിൽ നിന്ന് നയിക്കാൻ കേരളത്തിന് തീർച്ചയായും സാധിക്കും. ഇതിന് ഏറ്റവും വലിയ ഉദാഹരണം കേരളം ചെയ്തിട്ടുള്ള പൂർവകാല പ്രവർത്തനങ്ങളും മാതൃകകളും തന്നെയാണ്. അടുത്തത്  പരിഗണന വികസന കാര്യങ്ങളെക്കുറിച്ചാണ്. താഴെക്കിടയിൽ നിന്നും മുകളിലേക്കുള്ള വികസനമാണ് നമ്മൾക്ക് വേണ്ടത്. ഇപ്പോഴത്തെപോലെ നേർവിപരീതമായ വികസനമല്ല വേണ്ടത്. വലിയ നിർമാണശാലകൾ, വലിയ പദ്ധതികൾ, വലിയ നിക്ഷേപങ്ങൾ, വലിയ കമ്പനികൾ. ഇതിൻ്റെയെല്ലാം  ഗുണഭോക്താക്കൾ ഏറെയും  മുകൾ തട്ടിലുള്ളവർ തന്നെയാണെന്ന  കാര്യം തർക്കമില്ലാത്ത വസ്തുതയുമാണ്. മേൽത്തട്ടിൽനിന്നും കീഴ്‌പോട്ടുള്ള വികസനത്തിൽ ധനികർ കൂടുതൽ ധനികരാവുക എന്നതല്ലാതെ മറ്റൊന്നും തന്നെ സംഭവിക്കുന്നില്ല. ആഗോളീകരണത്തിൻ്റെ പ്രശ്നവും ഇത് തന്നെയാണ്. താഴേക്കിടയിലേക്ക് ഒന്നും തന്നെ എത്തുന്നില്ല എന്ന അവസ്ഥയാണ്. നമ്മൾ കുറെയേറെ കോടീശ്വരന്മാരെയുണ്ടാക്കി പക്ഷെ ദരിദ്രർ എല്ലാം അവിടെ തന്നെ ഉണ്ട്.
ഇനി മൂന്നാമത്തെ കാര്യം സാങ്കേതിക വിദ്യയാണ്. നമ്മൾ സാങ്കേതിക വിദ്യയെ കാര്യക്ഷമായി ഉപയോഗിക്കുന്നില്ല എന്നുതന്നെ പറയാം. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ നമ്മൾ കുറെ കൂടി കാര്യപ്രാപ്തി കൈവരിക്കേണ്ടതുണ്ട്. നാലാമത്തെ കാര്യം ‘ലോക്കലൈസേഷൻ’ അഥവാ പ്രാദേശിക വത്കരണമാണ്. പ്രാദേശികമായ കഴിവുകളുടെ ഡി.എൻ.എ കോഡ് കണ്ടെത്തി അതിലൂന്നിയ ഒരു മോഡൽ തയ്യാറാക്കേണ്ടിയിരിക്കുന്നു . കേരളത്തിൽ ഉണ്ടാകുന്ന ഫലങ്ങൾ മറ്റെവിടെയും ഉണ്ടാകില്ല. കേരളത്തിലെ ഫലങ്ങൾ വർഷങ്ങളുടെ ജൈവിക പരിണാമം വഴി ഉരുത്തിരിഞ്ഞു വന്ന ഒരു പ്രത്യേക ജീൻ പൂളിൽ നിന്നുള്ളതാണ്. ആ പ്രത്യേകതയാണ് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള വളവും മറ്റും അമിതമായി ഉപയോഗിച്ച് കേരളം നഷ്ടപെടുത്തികൊണ്ടിരിക്കുന്നത്. അക്കാര്യത്തിലും ഒരു പുനർചിന്തനം അത്യന്താപേക്ഷികമാണ്. ചെടികളുടെ, ആയുർവേദ മരുന്നുകളുടെ, സുഗന്ധ വ്യഞ്ജനങ്ങളുടെ ജീൻ പൂളുകളെ നമ്മൾ സംരക്ഷിച്ചു നിർത്തണം. കേരളത്തിൽ ഉണ്ടാവുന്ന ഒന്ന് കേരളത്തിൽ മാത്രമേ ഉണ്ടാവു, ഗുജറാത്തിൽ ഉണ്ടാവുന്നത് അവിടെ മാത്രവും. അവിടെയാണ് പ്രാദേശികവത്കരണത്തിൻ്റെ പ്രസക്തി.
ഒരു ഉദാഹരണം പറയാം, ഇവിടെ ചിക്കാഗോയിൽ ഞാൻ കഴിക്കുന്ന തക്കാളി എൻ്റെ തീൻ മേശയിലേക്ക് എത്തുന്നതിനു മുൻപ് പതിനാലായിരം കിലോമീറ്റർ ആണ് സഞ്ചരിക്കുന്നത്. അത് ആഗോളീകരണം  കാരണമാണ്. അത്തരം ആഗോളവത്കരണത്തോടാണ് എനിക്ക് വിയോജിപ്പുള്ളത്. എന്താണ് അതിൻ്റെ ആവശ്യം? ആ തക്കാളി എന്തുക്കൊണ്ട് പ്രാദേശികം ആയികൂടാ? ഒരു മൈക്രോ ചിപ്പ് ആണെങ്കിൽ അത് മൈലുകൾ താണ്ടി നമ്മളിലേക്ക് എത്തുന്നത് മനസ്സിലാക്കാം. പ്രാദേശികവത്കരണം, ആഗോളവത്കരണം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ നമ്മൾ എത്രത്തോളും വലിയ സങ്കീർണ്ണതയിൽ  കുടുങ്ങിയിരിക്കുകയാണെന്ന് നാം തിരിച്ചറിയണം
വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾക്കു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഓരോ ജില്ലയും ഈ കാര്യങ്ങളിലെല്ലാം സ്വാതന്ത്രമായിരിക്കണം. മുകൾ തട്ടിൽനിന്നും താഴെക്കുള്ള വികസന മാതൃകയ്ക്ക് ഊന്നൽ നൽകുന്നതിന് പകരം നേരെ വിപരീതമായി  കാര്യങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. തുറമുഖ വികസനമാവട്ടെ, കാർഷിക വികസനമാവട്ടെ, വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളാവട്ടെ ഈ രീതിയിലുള്ള അധികാര ക്രമത്തിലൂന്നിയ പദ്ധതികളുടെ നടപ്പിലാക്കൽ ആഗോളതലത്തിൽ തന്നെ വലിയ വെല്ലുവിളിയാണ്  സൃഷ്ടിക്കുന്നത്. അവിടെയാണ് രാജീവ് ഗാന്ധിയുടെ വീക്ഷണം പ്രസക്തമാവുന്നത്. ഏറ്റവും മികച്ച ആളുകളെ കണ്ടെത്തി പദ്ധതികളിലേക്ക് അവരെ ഉൾപ്പെടുത്തി അത് നടപ്പിലാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നമ്മൾ കൊണ്ടുവരണം. കഴിഞ്ഞ എത്രയോ വർഷങ്ങളായി ആരോഗ്യ രംഗത്ത് കേരളം തന്നെയാണ് ഒന്നാമത്. മറ്റു പല സംസ്ഥാനങ്ങൾക്കും സാധിക്കാത്ത നേട്ടം കേരളത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചു ചേർന്ന് പ്രവർത്തിക്കുന്ന, വിദ്യാഭ്യാസത്തിൽ മുന്നിട്ടു നിൽക്കുന്ന, സമർപ്പണ ബോധമുള്ള അധ്വാനിക്കുന്ന ഒരു ജനതയെന്ന നിലയിൽ കേരളത്തിന് ഒരുപാടു കാര്യങ്ങളിൽ ഇന്ത്യയ്ക് കഴിയും. അതുകൊണ്ട് തന്നെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെൻ്റൽ സ്റ്റഡീസ് പോലുള്ള സ്ഥാപനങ്ങൾ ഒരു പുതിയ മാതൃക രൂപകൽപന ചെയ്യുന്നത് പോലുള്ള വെല്ലുവിളികൾ ഏറ്റെടുക്കണം . തീർച്ചയായും എന്റെ ആശയങ്ങളെ പങ്കുവെക്കുന്നതിനും, നിങ്ങളുടെ കൂടെ ഈ ശ്രമത്തിൻ്റെ ഭാഗമാവാനും ഞാൻ ആഗ്രഹിക്കുന്നു.
Sam Pitroda Unique Times
ഞാനിപ്പോൾ എഴുതികൊണ്ടിരിക്കുന്ന പുസ്തകം. ലോകം മുഴുവനുമുള്ള ജനങ്ങളെയാണ് മുന്നിൽ കാണുന്നത്.   ഐ.എം.എഫിനെ കുറിച്ചും, വിദേശ നിക്ഷേപങ്ങളെ കുറിച്ചും, ജി.ഡി.പിയെ കുറിച്ചും, ലോക വ്യാപാര സംഘടനയെ കുറിച്ചുമൊക്കെയാണ് നമ്മളിപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് എഴുപത്തിയഞ്ച് വർഷം മുൻപ് രൂപകൽപന ചെയ്‌ത ഒരു മാതൃകയാണ്. ഇന്നത്തെ ഈ പുതിയ ലോകത്തു ഇങ്ങനെയൊരു മോഡൽ പ്രാവർത്തികമാകുമെന്ന് തോന്നുന്നില്ല. ചരിത്രത്തിൽ ഇന്ന് വരെ സംഭവിക്കാത്തവിധം മനുഷ്യർ തമ്മിലൊരു അദൃശ്യകണ്ണിയാണ് സാങ്കേതിക വിദ്യയിലൂടെ രൂപം കൊണ്ടിരിക്കുന്നത്. ഇതിനെയെങ്ങനെ  വിദ്യാഭ്യാസ പുരോഗതിക്കായി ഉപയോഗിക്കാം എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. ഇനി ക്ലാസ് റൂമുകൾ എന്ന ആശയത്തെക്കുറിച്ച് സംസാരിക്കാൻ ആരെയും അനുവദിച്ചുകൂടാ. കാരണം അവരിപ്പോഴും ആ പഴഞ്ചൻ മാതൃക പിന്തുടരാനും, അതിനെ സംരക്ഷിക്കാനും ആഗ്രഹിക്കുന്നവരാണ്. എൻ്റെ ഒൻപതു വയസ്സുള്ള പേരക്കുട്ടി സാൻഫ്രാൻസിക്കോയിലുള്ള അവളുടെ സ്കൂളിൽ വെബ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങി കഴിഞ്ഞു. ആദ്യത്തെ രണ്ടാഴ്ച അവൾക്ക് ചെറിയ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പോഴവൾ അതിനോട് ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. എനിക്ക് തോന്നുന്നത് ലോകത്ത് ഇനി എല്ലാ കാര്യങ്ങളിലും മാറ്റം സംഭവിക്കാൻ പോകുന്നുവെന്നാണ്. സത്യത്തിൽ ഞാൻ ഈ മാറ്റങ്ങളെ ഏറെ സ്നേഹിക്കുന്നുണ്ട്. എല്ലാ ദിവസവും ജോലിക്ക് പോയി വരികയെന്ന ശീലം ചിലപ്പോഴെങ്കിലും നമ്മളെ ഏറെ ക്ഷീണിതർ ആക്കാറുണ്ട്. മാറ്റം നമ്മളിൽ നിന്നുതന്നെയാണ് ഉണ്ടാവേണ്ടത്. ലോകത്ത് ഒരാൾക്ക് അറിവിന് വേണ്ടുന്ന എല്ലാവിധ കാര്യങ്ങളും ഇൻ്റർനെറ്റിൽ ലഭ്യമാണ്. അറിവ് നേടാനുള്ള ജിജ്ഞാസ മാത്രം ഒരാൾക്കുണ്ടായാൽ മതി. ലോകം മുഴുവൻ ഒരു വിരൽത്തുമ്പിലേക്ക്, ഒരു മൗസ് ക്ലിക്കിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഈ കൊറോണക്കാലവും നമ്മളോട് അത് തന്നെയാണ് പറയുന്നത്. എല്ലാം മാറാൻ പോവുകയാണ്. ഒരാൾ രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നത് എന്തു മാത്രം അധ്വാനമുള്ള ഒരു പ്രക്രിയയാണ്. ഷർട്ട് ഇടുക, ടൈ ധരിക്കുക, സോക്സ്‌ ഇടുക, ഷൂ ഇടുക, കാർ ഓടിക്കുക, കാർ പാർക്ക് ചെയ്യുക. എത്ര മാത്രം ഊർജമാണ്‌ നഷ്ടമാകുന്നത്, കൂടാതെ സമയ നഷ്ടവും. വീട്ടിൽ ഇരുന്നും പല ജോലികളും ചെയ്യാനാകുമെന്ന് ഈ കൊറോണക്കാലം നമ്മളെ പഠിപ്പിച്ചു. മാറ്റം ഉണ്ടാവണം, മാറ്റം ഉള്ളിൽ നിന്ന് തന്നെ വരണം. തീർച്ചയായും ഇന്റർനെറ്റ് തന്നെ അത്തരമൊരു മാറ്റത്തിനു കാരണഹേതുവായി തീരും. കൊറോണയും നമ്മളോട് പറയുന്നത് മറ്റൊന്നല്ല . നല്ലതിലേക്കുള്ള ഒരു മാറ്റത്തിന് തയ്യാറെടുക്കുക. ഈ പ്രതിസന്ധികൾ ഒരു മാറ്റത്തിലേക്കുള്ള തുടക്കമാവട്ടെ  ആത്യന്തികമായി രണ്ടു കാര്യങ്ങൾക്കു മാത്രമേ പ്രസക്തിയുള്ളൂ ഈ ഭൂമിയും അതിലെ മനുഷ്യരും. അത് സംരക്ഷിക്കേണ്ടത്  നമ്മുടെയെല്ലാം കടമയാണ്. അത് നമ്മൾ ചെയ്യുന്നുണ്ടോ എന്ന് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
Sam Pitroda
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.