ഗോത്രഭൂമിയിലെ കാവലാൾ

ഗോത്രഭൂമിയിലെ കാവലാൾ

ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഒരു ഒറ്റമുറിയിൽ 1997-ൽ HRDS
ഇന്ത്യ പിറവിയെടുത്ത് പ്രവർത്തനം ആരംഭിക്കുമ്പോൾ ഈ സംഘടന
ഭാവിയിൽ സാമൂഹികരംഗത്ത് വൻചലനങ്ങൾ ഉണ്ടാക്കുന്ന ഒരു ചാലക
ശക്തിയാകുമെന്നും, ഭൂഖണ്ഡങ്ങളുടെ അതിരുകൾ വിട്ട് അന്തർദേശീയമായ
പ്രവർത്തനങ്ങളിലൂടെ രാജ്യാന്തര ശ്രദ്ധ നേടുമെന്നും ആരും
കരുതിയിരുന്നില്ല. HRDS ഇന്ത്യയുടെ വളർച്ച ഒരിക്കലും
സുഗമമായിരുന്നില്ലെന്ന് HRDSൻ്റെ സ്ഥാപകനും സെക്രട്ടറിയും ആയ
ശ്രീ.അജികൃഷ്ണൻ ഓർക്കുന്നു. "ബാലാരിഷ്ഠതകളുടെ ആദ്യകാലങ്ങളിൽ
കൂടെനിന്നവർ പലരും പിന്മാറി സംഘടന മുന്നോട്ട് പോകുമോയെന്ന്
തന്നെ സംശയം തോന്നിയ നാളുകൾ. പക്ഷെ ചിലരെങ്കിലും
സഹായഹസ്തവുമായെത്തി." ഈ വാക്കുകൾ, പ്രതിസന്ധികൾ
മറികടക്കുവാൻ അസാമാന്യമായ ഒരു ആർജ്ജവമുണ്ട് അദ്ദേഹത്തിനെന്ന്
തെളിവാകുന്നു . ഈ കഴിവുതന്നെയാണ് പിന്നീടുള്ള HRDS ൻ്റെ
വളർച്ചയ്ക്ക് കാരണവും.

ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടയിൽ നടത്തിയ
പ്രവർത്തനങ്ങളിലൂടെയാണ് HRDSൻ്റെ ഇടപെടലുകൾ ശ്രദ്ധിക്കപ്പെടുന്നത്.
സ്ഥാപക സെക്രട്ടറി ശ്രീ. അജികൃഷ്ണനും, മുൻ കേന്ദ്രമന്ത്രിയും സിവിൽ
സർവീസ് ഉദ്യോഗസ്ഥനുമായിരുന്ന HRDSൻ്റെ പ്രസിഡൻറ് Dr. S
.കൃഷ്ണകുമാറും ചേർന്ന് രൂപം നൽകിയ പദ്ധതികൾ HRDSനെ
ശ്രദ്ധേയമാക്കി. HRDS വിഭാവനം ചെയ്ത് നടപ്പാക്കിയ ആദിവാസി
ഗോത്രഭവന പദ്ധതിയാണ് "സത്ഗ്രഹ". ഇതനുസരിച്ച് ആദിവാസി
ഭൂമികളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി 375 ചതുരശ്രയടി
വിസ്തീർണവും പ്രകൃതിക്കിണങ്ങുന്നതുമായ വീടുകൾ
ആദിവാസികൾക്കായി നിർമ്മിച്ചു നൽകുന്നു. പദ്ധതിയുടെ മുഴുവൻ
ചെലവുകളും HRDS തന്നെ വഹിക്കും. വയനാട്ടിൽ തുടക്കമിട്ട പദ്ധതി
പിന്നീട് അട്ടപ്പാടിയിലും തുടർന്ന് ആസാം, മണിപ്പൂർ, ഛത്തിസ്ഗ്ഢ്,
മേഘാലയ, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും
പുരോഗമിക്കുന്നു. പത്ത് ലക്ഷം വീടുകളാണ് ഈ പദ്ധതിയുടെ
പ്രവർത്തനലക്ഷ്യം.

HRDSൻ്റെ "കർഷക" എന്ന പദ്ധതിയിലൂടെ തരിശായികിടക്കുന്ന
ആദിവാസി ഗോത്രഭൂമികളിൽ ഔഷധകൃഷി നടത്തുന്നതിനായാണ്
ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുഴുവൻ ചിലവുകളും വഹിക്കുന്ന HRDS
ഉൽപ്പന്നങ്ങളുടെ വിപണനത്തിനുവേണ്ടി ഇന്ത്യയിലെ പ്രമുഖ ആയുർവേദ

ഔഷധനിർമ്മാണകമ്പനികളുമായി കരാറിലെത്തിയിട്ടുണ്ട്. ഈ
പ്രവർത്തനങ്ങളിലൂടെ മെച്ചപ്പെട്ട ഒരു വരുമാനം ആദിവാസി
ഗോത്രവിഭാഗങ്ങൾക്കുണ്ടാകുകയും അതിലൂടെ അവരുടെ ജീവിത
നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നു.

"ഗിരാമയ" എന്ന പദ്ധതികൊണ്ടുദ്ധേശിക്കുന്നത് പരിപാലനവും,
ഉൽപ്പന്നങ്ങളുടെ വിപണനവും ആണ്. മൃഗപരിപാലന രംഗത്തെ പുത്തൻ
പ്രവണതകൾ കർഷകരിലേക്ക് എത്തിക്കുക, ബോധവൽക്കരണ ക്ലാസുകൾ
സംഘടിപ്പിക്കുക, തൊഴിലുറപ്പും മികച്ച വരുമാനവും ഉറപ്പാക്കുക
എന്നിവയെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

HRDS ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതികളിൽ ലോകശ്രദ്ധനേടിയ
പദ്ധതികളിലൊന്നായിരുന്നു "ജ്വാലാമുഖി" കേരളത്തിലും
തമിഴ്നാട്ടിലുമായി നടപ്പാക്കിയ പദ്ധതി, സ്ത്രീശാക്തീകരണത്തിലൂടെ
തൊഴിലവസരങ്ങളും വരുമാനവും ലക്ഷ്യമിടുന്നു. 3500 സ്വയം
സഹായസംഘങ്ങൾ രൂപീകരിച്ചുകൊണ്ട് തുടക്കം കുറിച്ച ഈ
പദ്ധതിയുടെ വളർച്ച ഈ രംഗത്തുള്ള മറ്റുള്ളവർക്കും മാർഗ്ഗദർശിയായി.
പ്രമുഖ സാമ്പത്തിക വിദഗ്ധനും നോബൽ സമ്മാന ജേതാവുമായ
ഡോക്ടർ മുഹമ്മദ് യൂനിസിൻ്റെ പേരിലുള്ള സംഘടനയാണ് ഈ
പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയത്.

വിദ്യാഭ്യാസ രംഗത്ത് HRDS നടത്തുന്ന ബൃഹത്ത് പദ്ധതിയാണ് "ഏകാഗ്ര "
ആദിവാസി ഗോത്രവിഭാഗ മേഖലയിൽ മാത്രമല്ല പൊതുസമൂഹത്തിൽ
നിന്നുതന്നെയും ഓരോ വിദ്യാർത്ഥിയുടെയും കായികപരവും,
വിദ്യാഭ്യാസപരവും കലാപരവുമായ സാധ്യതകൾ കണ്ടെത്തി അവരെ
മികച്ച പ്രൊഫഷണലുകളാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം
വെയ്ക്കുന്നത്. വരുമാനം കുറഞ്ഞ വീടുകളിൽ നിന്നും വരുന്ന
വിദ്യാർത്ഥികളുടെ സകല ചെലവുകളും HRDS വഹിക്കുന്നു.

മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടുപോയവരെയും ജീവിതത്തിൻ്റെ 
വിവിധ മേഖലകളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെയും
പീഡനങ്ങൾക്കിരയാക്കപ്പെട്ടവരേയും കണ്ടെത്തി അവരെ
കൗൺസിലിങ്ങിലൂടെയും, ബോധവൽക്കരണത്തിലൂടെയും മോട്ടിവേഷൻ
ക്ലാസ്സുകളിലൂടെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക്
കൊണ്ടുവരുകയെന്ന ആശയമാണ് "പരസ്പരം" എന്ന പദ്ധതിയിലൂടെ
HRDS നടപ്പാക്കുന്നത്.

ദീർഘവീക്ഷണത്തോടുക്കൂടി നടപ്പാക്കുന്ന HRDSൻ്റെ എല്ലാ പദ്ധതികൾക്കും,
അതാതുരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഉപദേശനിർദ്ദേശങ്ങളും
പിന്തുണയുമുണ്ട്. "കർഷക"പോലുള്ള പദ്ധതികളിൽ ഡോക്ടർ എം. എസ്
സ്വാമിനാഥനും, ഇന്ത്യയിലെ നാച്ചുറൽ ഫാമിങ്ങിൻ്റെറെ ആചാര്യനായ
സുഭാഷ് പാലേക്കർ തുടങ്ങിയവരുടെയും ശക്തമായ പിന്തുണയുണ്ട്.

വ്യക്തമായ പ്ലാനിങ്ങും പദ്ധതികൾ നടപ്പിലാക്കുന്നതിലെ കൃത്യതയും
HRDS പദ്ധതികളുടെ മുഖമുദ്രയാണ്. HRDSൻ്റെ വിജയകഥകളുടെ "ക്രെഡിറ്റ്
" എല്ലാം ശ്രീ.അജികൃഷ്ണൻ നൽകുന്നത് തൻ്റെ ടീമിനാണ്.
അജികൃഷ്ണൻ്റെ സംഘടനാ വൈഭവവും അദ്ദേഹത്തിൻ്റെ ടീമിൻ്റെ
കാര്യക്ഷമതയും ആത്മാർത്ഥതയും ആണ് HRDSനെ മുൻനിരയിലെത്തിച്ചത്.

മാനുഷിക പിഴവ് മൂലമുണ്ടായ മഹാദുരന്തമായിരുന്നു കേരളത്തെ
അപ്പാടെ വിഴുങ്ങിയ മഹാപ്രളയം, അതിജീവനത്തിനായുള്ള
കേരളത്തിൻ്റെ ശ്രമങ്ങളിൽ HRDS നൽകിയ പിന്തുണയും ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും HRDSൻ്റെ വാളണ്ടിയർമാർ
ശേഖരിച്ച മരുന്നും മറ്റ് അവശ്യവസ്തുക്കളും ദുരന്ത ബാധിത
പ്രദേശങ്ങളിൽ എത്തിക്കാനും അർഹരായവർക്ക് വിതരണം ചെയ്യാനും
സ്വീകരിച്ച വൈവിധ്യവും ലോകശ്രദ്ധ പിടിച്ചുപറ്റി.

ആദിവാസി ജീവിതത്തെക്കുറിച്ച് പറയുമ്പോൾ അതിൻ്റെതായ
സാംസ്കാരിക വശത്തേക്ക് ശ്രീ. അജികൃഷ്ണൻ വിരൽ ചൂണ്ടുന്നു. ചില
സത്യങ്ങൾ അംഗീകരിക്കപ്പെടാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു.
നമ്മുടെ പ്രകൃതിയെ നൂറ്റാണ്ടുകളായി സംരക്ഷിച്ച് പോന്നിരുന്നത്
ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടയിൽ രൂപാന്തരപ്പെട്ട ചില ആഴമേറിയ
കാഴ്ച്ചപ്പാടുകളായിരുന്നെന്ന് അദ്ദേഹം പറയുന്നു. പ്രകൃതിയെ
നോവിക്കാതെ ജീവിക്കാൻ പഠിച്ച അവരെ നാം പ്രകൃതി ആരാധകരെന്ന്
മുദ്രകുത്തി. അമിതലാഭത്തിനുവേണ്ടി നാം സ്വീകരിച്ച പ്രകൃതി
ചൂഷണത്തിലധിഷ്ഠിതമായ പദ്ധതികൾ വമ്പിച്ച പരിസ്ഥിതി
പ്രശനങ്ങൾക്കിടയാക്കി. അത് മറികടക്കാൻ നമ്മളുണ്ടാക്കിയ നിയമങ്ങൾ
ആദിവാസി ഗോത്രവിഭാഗങ്ങളുടെ ജീവിതവ്യവസ്ഥകളെ തകിടം മറിച്ചു.
അവർ തൊഴിലും, വീടും ഇല്ലാത്തവരായി ചരിത്രത്തിൽ നിന്നുപോലും
നാമവരെ മാറ്റി നിർത്തി. ഈ തിരിച്ചറിവാണ് പൊതു സമൂഹത്തിൻ്റെ
മുന്നിൽ HRDS വെക്കുന്നത്. ഗോത്രവിഭാഗങ്ങൾക്ക് അവരുടെ പഴയ
ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമല്ല. സമൂഹത്തിൻ്റെ
മുഖ്യധാരയിലേക്ക് അവർ കടന്ന് വന്നേപറ്റൂ. അതിനുള്ള ശ്രമങ്ങളാണ്
HRDS നടത്തുന്നത്.

HRDSൻ്റെ സുഗമമായ നടത്തിപ്പിന് വിഘാതമാവുന്ന "ചുവപ്പ്നാട" എന്ന
സമ്പ്രദായത്തെ അദ്ദേഹം വിമർശിക്കുന്നു. ഉദ്യോഗസ്ഥ ദുഷ്പ്രദുത്വം എല്ലാ
അർത്ഥത്തിലും സമൂഹത്തിനെ ഗ്രസിച്ചു നിൽക്കുന്നതായി അദ്ദേഹം
ചൂണ്ടിക്കാണിക്കുന്നു.

HRDS ഇന്ന് രാജ്യത്തിൻ്റെ പരിധികൾവിട്ട് അതിൻ്റെ പ്രവർത്തന മേഖല
മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ആഫ്രിക്കയിലെ "ഘാന"
കേന്ദ്രീകരിച്ച് നടത്തുന്ന HRDSൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം
നൽകുന്നത് ഘാന സ്വദേശി അഡ്വ: റിച്ചാഡ്ബൂബാങ് ആണ്.

ഇടുക്കിയിലെ ഒറ്റ മുറിയിൽ നിന്നും തുടക്കമിട്ട് HRDSനെ ലോകമറിയുന്ന
ഒരു പ്രസ്ഥാനമാക്കി മാറ്റിയിട്ടും അജികൃഷ്ണൻ സംതൃപ്തനല്ല.
അദ്ദേഹത്തിൻ്റെ മനസ്സ് പുതിയ പദ്ധതികളുടെ പിറകെയാണ്.
അദ്ദേഹത്തി ൻ്റെ വിശ്വാസം മുഴുവൻ പുതിയ തലമുറയിലാണ്. പുതിയ
തലമുറയിൽ അദ്ദേഹം പ്രതീക്ഷ അർപ്പിക്കുകയും അവരിലൂടെ തൻ്റെ
സ്വപ്നപദ്ധതികൾ നടപ്പാക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു

Google+ Linkedin