മികവിന്റെ മിന്നലാട്ടവുമായി ലാപ്രോസ്‌കോപ്പിക്ക് സര്‍ജറിയിലെ അതികായന്‍: ഡോ. പത്മകുമാര്‍

മികവിന്റെ മിന്നലാട്ടവുമായി ലാപ്രോസ്‌കോപ്പിക്ക് സര്‍ജറിയിലെ അതികായന്‍: ഡോ. പത്മകുമാര്‍

താക്കോല്‍ദ്വാര ശസ്ത്രക്രിയ വിദഗ്ധന്‍ എന്നതിനപ്പുറം, ആതുരസേവനത്തില്‍
വേദനകളില്ലാത്ത ശസ്ത്രക്രിയ അനുഭവം രോഗികള്‍ക്കു പകര്‍ന്നു നല്‍കുന്ന
ലോകത്തിലെ അപൂർവ്വം ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. പത്മകുമാര്‍. സ്വജീവിതം
ആതുരസേവനത്തിനായി മാറ്റിവച്ച ഇദ്ദേഹം ഇന്നു മലയാളികള്‍ക്ക് മാത്രമല്ല,
ലോകത്തിനു മുഴുവന്‍ സ്വന്തം. ഡോ. പത്മകുമാര്‍ ലാപ്രോസ്‌കോപ്പിയുടെ നൂതന
സംവിധാനങ്ങള്‍ പഠിക്കുന്നതിനോടൊപ്പംതന്നെ മറ്റുള്ളവരെ പഠിപ്പിക്കുകയും
ചെയ്യുന്നു, ഒപ്പം രോഗികളുടെ കണ്ണീരിന് കനിവായി മാറുന്നു.

Dr. R. Padmakumar Unique Times

 

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പാസ്സായതിന് ശേഷം
ആരോഗ്യരംഗത്തെ ഒരു വിപ്ലവകരമായ മാറ്റത്തിനൊപ്പം സഞ്ചരിക്കുവാനും
അതിനു നേതൃത്വം നല്‍കുവാനുമായിരുന്നു ഡോ. പത്മകുമാറിന്റെ നിയോഗം. 23
വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള സര്‍ജന്‍ എന്ന നിലയില്‍, അദ്ദേഹം
കൈകോര്‍ത്തത് വേദന നിറഞ്ഞ ശസ്ത്രക്രിയകളില്‍ നിന്നും
രോഗികള്‍ക്കാശ്വാസമാകുന്ന ഒരു ഇജാലത്തിനൊപ്പമാണ്. താക്കോല്‍ദ്വാര
ശസ്ത്രക്രിയ മനുഷ്യ ശരീരത്തിലെ ഏതു സങ്കീര്‍ണ്ണമായ അവസ്ഥയിലും പകരം
വയ്ക്കാവുന്ന ഒന്നായി വികസിപ്പിച്ചെടുത്തുവെന്നതും, കൂടുതല്‍ പേര്‍ക്ക്
പ്രയോജനം കിട്ടത്തക്ക വിധത്തില്‍ അതു മറ്റുള്ളവരെ പഠിപ്പിച്ച് വിപ്ലവകരമായ
മാറ്റം ആരോഗ്യരംഗത്തു കൊണ്ടുവന്നു എന്നതും എടുത്തു പറയേണ്ട ഒരു
വിഷയമാണ്.

ന്യൂഡല്‍ഹി എഐഎംഎസ്, ചെന്നൈ അപ്പോളോ, മുംബൈ ടാറ്റാ മെമ്മോറിയല്‍
എന്നിവിടങ്ങളിലെ ഉപരിപഠനങ്ങളും, കഠിനപ്രയത്‌നവും, കൃത്യതയും, സ്വയം
പഠിക്കുവാനുള്ള താത്പര്യവുമാണ് കീഹോള്‍ സര്‍ജറിയിലെ ലോകത്തിലെ എണ്ണം
പറഞ്ഞ വിദരിൽ ഒരാളായി അദ്ദേഹത്തെ മാറ്റുന്നത്. കേരളത്തില്‍ മാത്രമല്ല
ജിസിസി രാജ്യങ്ങളിലെ രോഗികള്‍ക്കും അദ്ദേഹം ആശ്വാസത്തണലായി. ലോകത്തെ
അഞ്ചാമത്തേയും കേരളത്തിലേയും ഗള്‍ഫ് നാടുകളിലും ആദ്യത്തെയും നോണ്‍ ഒബേസ്
വിഭാഗത്തില്‍പ്പെട്ട ഡയബെറ്റിസ് മാറ്റല്‍ ശസ്ത്രക്രിയ നടത്തിയത് അദ്ദേഹമാണ്.
എന്‍ഡോസ്‌കോപിക്ക് തൈറോഡക്ടമി ചെയ്യുന്ന ലോകത്തിലെ അപൂർവ്വം
ഡോക്ടര്‍മാരില്‍ ഒരാള്‍, രണ്ടു ഗ്രാം ഹീമോഗ്ലോബിൻ മാത്രമുള്ള ആൾക്ക്
വിജയകരമായി കുടല്‍ സര്‍ജറി നടത്തിയ ലോകത്തെ ആദ്യത്തെ സര്‍ജന്‍, ഇലിയല്‍
ഹൈബ്രിഡ് ടെക്നോളജിയുടെ ഉപജ്ഞാതാവ് തുടങ്ങിയ വിശേഷണങ്ങളും ഡോ.
പത്മകുമാറിനു സ്വന്തം. 2012-ല്‍ ഏറ്റവും മികച്ച നൂറു ഇന്ത്യക്കാരെ ഗള്‍ഫ്
രാജ്യങ്ങളില്‍ തിരഞ്ഞെടുത്തപ്പോള്‍ ഇരുപത്തിയെട്ടാം സ്ഥാനത്ത് ഡോക്ടര്‍
നിലകൊണ്ടുവന്നതും നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ഗ്ലോബല്‍
അച്ചീവ്മെന്റ് അവാര്‍ഡ് 2014, വോയിസ് ഓഫ് ഗള്‍ഫ് റിട്ടേണ്‍സ് എക്സലന്‍സ്
അവാര്‍ഡ് 2017, ഐക്കണ്‍ ഓഫ് ലാപ്രോസ്‌കോപ്പി 2018 അങ്ങനെ ഡോ.
പത്മകുമാറിന് മികവിന്റെ കിരീടത്തില്‍ പൊന്‍ തൂവലുകള്‍ ഒട്ടനവധിയുണ്ട്. കൂടാതെ
2016 ല്‍ ഇന്ത്യന്‍ ഹെര്‍ണിയ സൊസൈറ്റി നാഷണല്‍ പ്രസിഡന്റായിരുന്നു. നിലവില്‍
അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ചെയര്‍മാനാണ്.

Dr. R. Padmakumar

താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിലെ
അനുഭവങ്ങളെപ്പറ്റിയും ലാളിത്യത്തിന്റെയും സേവനത്തിന്റെയും
അപ്പോസ്തോലനായ ഡോ. പത്മകുമാറിന്റെ വാക്കുകളിലൂടെ…
എന്‍ഡോസ്‌കോപ്പിക് സര്‍ജറിയുടെ പ്രാധാന്യം
എന്‍ഡോസ്‌കോപ്പിക് നെക്ക്സര്‍ജറി എന്നത് ലോകത്തിലെ തന്നെ അപൂർവ്വമായ
ശസ്ത്രക്രിയകളിലൊന്നാണ്. കൂടുതലും തൈറോയിഡ് കേസുകളിലാണ് ഇതു ചെയ്യാറ്.
എന്നാല്‍, പാരാ തൈറോയിഡ്, തൈറോ ഗ്ലോസല്‍ സിസ്റ്റ് സര്‍ജറി, ലിംഫ്നോഡ്
ഓപ്പറേഷന്‍ എന്നിവയൊക്കെ ഈ സര്‍ജറി ചെയ്യാനാവും. പ്രത്യേകമായി
പറഞ്ഞാല്‍ ബ്രാന്‍ങ്കിയല്‍ സിസ്റ്റ് കണ്ടീഷനുള്ള ഒരു ഒമാനി കുട്ടിക്ക്
താക്കോല്‍ദ്വാരശസ്ത്രക്രിയ ചെയ്തു. സാധാരണ തീരെ ചെറിയ കുട്ടികള്‍ക്ക്
ഇങ്ങനെയൊരു സര്‍ജറി ചെയ്യാറില്ല. മൂന്ന് വയസുള്ള കുട്ടിക്കാണ് ആ സര്‍ജറി
ചെയ്തത്. തൈറോയിഡ് സര്‍ജറികളില്‍ പൊതുവെ രോഗികള്‍ വിമുഖരാകുന്നതു
കഴുത്തിലെ നീണ്ട മുറിവു ഭയന്നാണ്. എന്നാല്‍ ഇന്നു കഴുത്തില്‍ ഒരു
മുറിപ്പാടുമില്ലാതെ കീ ഹോള്‍ സര്‍ജറിയുടെ സാധ്യതകള്‍ ഉപയോഗിച്ചു രോഗം
ഭേദമാക്കാനാവും. എന്‍ഡോസ്‌കോപ്പിക് നെക് സര്‍ജറിയെക്കുറിച്ചു ഇന്റര്‍നാഷണല്‍
ജേര്‍ണലില്‍ പ്രസിദ്ധീകരണം വരികയും ചെയ്തു. തദ്ദേശിയര്‍ക്ക് ഇത്തരം
ശസ്ത്രക്രിയകള്‍ചെയ്യുവാന്‍ ദുബായ് ഗവണ്‍മെന്റ് അവരുടെ ആശുപത്രിയിലേക്ക്
പ്രത്യേകമായി ക്ഷണിച്ചു. ഇത്തരം ലാപ്രോസകോപിക് സര്‍ജറിയുടെ ഏറ്റവും
വലിയ പ്രാധാന്യം നീളമുള്ള മുറിവുകള്‍ ഉണ്ടാകുന്നില്ല എന്നതും രോഗിക്ക് വളരെ
വേഗം ആശുപത്രിവാസം അവസാനിപ്പിച്ചു സാധാരണ ജീവിതചര്യയിലേക്ക്
മടങ്ങാമെന്നതുമാണ്. ക്യാന്‍സര്‍ ചികിത്സയിലും ഈ സര്‍ജറിക്ക് വലിയ
പ്രാധാന്യമുണ്ട്.

മിനിമല്‍ ഇൻ േവസിവ് സര്‍ജറി എന്ന കീഹോള്‍ സര്‍ജറിക്ക് വളരെയധികം സമര്‍പ്പണം
ആവശ്യമാണ്. ഇതിനായി കഠിനാധ്വാനം തന്നെ വേണം. കുറച്ചു മാത്രം മുറിവുകള്‍
ഉണ്ടാക്കി ചെയ്യുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയാണിത്. ശ്വാസകോശത്തിലെ
പഴുപ്പ്, ശ്വാസകോശത്തില്‍ ദ്വാരം വീണു ഗ്യാസ് കെട്ടുന്ന രോഗം തുടങ്ങിയ
സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലും ട്യൂമറുണ്ടാകുമ്പോഴുമൊക്കെ നെഞ്ച്
തുറന്നുള്ള ശസ്ത്രക്രിയയാണു മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതെങ്കില്‍ ഇന്നു
കീഹോള്‍ രീതി വഴി ഒരു സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള മുറിവുകളിലൂടെ
ശസ്ത്രക്രിയ ചെയ്തു രോഗം ഭേദമാക്കാമെന്നുള്ളതാണ്. അതുകൊണ്ട്
രോഗിക്കുണ്ടാവുന്ന നേട്ടം മാസങ്ങളോ ആഴ്ചകളോ നീളുന്ന വേദന നിറഞ്ഞ വിശ്രമ
കാലം ആവശ്യമില്ല എന്നുള്ളതാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആശുപത്രി
വിടാനും സാധാരണ ജീവിതത്തിലേക്ക് വേഗത്തില്‍ മടങ്ങി വരാനും സാധിക്കുന്നു.
എന്നാല്‍, സാധാരണ കഴുത്തിലെ സര്‍ജറി ചെയ്യുന്നവര്‍ നെഞ്ചിലേയോ
വയറിലേയോ ശസ്ത്രക്രിയ ചെയ്യാറില്ല. എന്നാല്‍ കീഹോള്‍ സ്പെഷ്യലിസ്റ്റായ
ഒരു സര്‍ജന് കഴുത്തിലെയും, ചെസ്റ്റിലെയും, വയറിലെയും കീഹോള്‍ സര്‍ജറി
ചെയ്യാനാകും എന്നുള്ളതും വളരെ അപൂർവ്വമായ ഒരു കാര്യമാണ്. അതുപോലെ
വണ്ണം കുറയ്ക്കുവാനുള്ള ബേരിയാട്രിക് സര്‍ജറി ചെയ്യുന്നുണ്ട്. ബൈപാസ്
സര്‍ജറിയിലൂടെ അധികരിച്ച വണ്ണവും കുറയ്ക്കുവാനാകും. ഇന്‍ട്രാ ഗ്യാസ്ട്രിക്
ബലൂണ്‍ ട്രീറ്റ്മെന്റ് ചെയ്താല്‍ സ്ത്രീകളിലും, കുട്ടികളിലുമുള്ള അമിതവണ്ണംകുറയ്ക്കുവാനാകും. ഇതിലൂടെ 6 മുതല്‍ എട്ടു മാസം കൊണ്ടു 10 മുതല്‍ 15 കിലോ
വണ്ണം അനായാസമായി കുറച്ചെടുക്കാം. അമിതവണ്ണം കൊണ്ടു ഗര്‍ഭം ധരിക്കുവാന്‍
ബുദ്ധിമുട്ടുള്ള സ്ത്രീകളിലും ഇന്‍ട്രാ ഗ്യാസ്ട്രിക് ബലൂണ്‍ ട്രീറ്റ്മെന്റ് വളരെ നല്ല
ഫലം ചെയ്യും.

Dr. R. Padmakumar Unique Times

പ്രമേഹം മാറ്റാം, ശസ്ത്രക്രിയയിലൂടെ..
ലാപ്രോസ്‌കോപ്പിക്ക് സര്‍ജറിയിലൂടെ പ്രമേഹത്തെ മാറ്റിയെടുക്കാം എന്നത്
വലിയൊരു കാര്യമാണ്. ജനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് വലിയ ഗ്രാഹ്യമില്ലെന്നത്
വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കുള്ള ഈ ശസ്ത്രക്രിയ
ഏറെ ഫലവത്താണ്. ഹൈബ്രിഡ് ഇലിയല്‍ ഇന്റര്‍ പൊസിഷന്‍ എന്നാണ് ഇതിനെ
പറയുന്നത്. സര്‍ജിക്കല്‍ ഇന്നൊവേഷന്‍ എന്ന നിലയില്‍ ഇത് ഇന്റര്‍നാഷണല്‍
ജേര്‍ണലില്‍ വന്നിട്ടുണ്ട്. ലോകത്തിലെ പല ഭാഗത്തുള്ള സര്‍ജന്‍മാരും ഇതിന്റെ
വീഡിയോ കണ്ട് പഠിച്ചു അവരുടെ രോഗികള്‍ക്കു നല്ല ചികിത്സയും നല്‍കുന്നുണ്ട്.

കാനഡയില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന ആദ്യ ഐഎഫ്എസ്ഒ കോണ്‍ഫറന്‍സില്‍
ഞാന്‍ ക്ഷണിതാവായി. സാധാരണ ഗതിയില്‍ ഏഴു മണിക്കൂര്‍ വേണ്ടി വരുന്ന പ്രൊ
സീജറുകള്‍ 3 മണിക്കൂര്‍ കൊണ്ടു വളരെ ചിലവു കുറച്ചു ചെയ്യാമെന്ന് കണ്ടപ്പോള്‍
ഹൈബ്രിഡ് ഇലിയല്‍ ഇന്റര്‍ പൊസിഷന് റോബോട്ടിക്ക് സര്‍ജറിയേക്കാള്‍ വലിയ
അംഗീകാരം ലഭിച്ചു. ഡയബറ്റിക് സര്‍ജറി ടൈപ്പ് 2 ഉള്ളവരില്‍ സര്‍ജറി ചെയ്താല്‍
തൊട്ടടുത്ത ദിവസം തന്നെ പ്രമേഹത്തില്‍ നിന്നും മുക്തരാകാം. നീണ്ട കാലം
ട്രീറ്റ്മെമെന്റില്‍ തുടരുന്ന പ്രമേഹരോഗികളില്‍ പൊണ്ണത്തടി
കൊണ്ടുണ്ടായതാണെങ്കില്‍ ആമാശയത്തിന്റെ ചെറു ഭാഗം മുറിച്ചുമാറ്റി ചെറുകുടല്‍
പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്ത് ഇന്‍സുലിന്‍ ഉല്‍പ്പാദനം പുനരുജ്ജീവിപ്പിക്കാം.
എന്നാല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം പൂര്‍ണ്ണമായും നിലച്ച ടൈപ്പ് ഒന്നില്‍ ഇത്തരം
സര്‍ജറി നടത്തുക സാധ്യമല്ല.

കുടലിറക്കമെന്ന ഹെര്‍ണിയ സര്‍ജറി സാധാരണ വലിയ മുറിവ് വേണ്ട
സാഹചര്യത്തില്‍ ഒരു ചെറു ട്യൂബ് മാത്രം കടത്താന്‍ പാകത്തിലുള്ള താക്കോല്‍ദ്വാര
ശസ്ത്രക്രിയയിലൂടെ ഫലപ്രദമായ മുന്നേറ്റം ഈ രംഗത്ത് സാധ്യമാക്കി. സര്‍ജറി
ചെയ്യുമ്പോള്‍ രോഗം തിരികെ വരാതെയിരിക്കാന്‍ ഒരു കട്ടിയുള്ള ലെയര്‍
മാറ്റണമെന്നു കണ്ടെത്തി. പികെ ബാന്‍ഡ് എന്ന ഈ കണ്ടുപിടുത്തം ഇന്‍ഡ്യന്‍
ജേര്‍ണല്‍ ഓഫ് സര്‍ജറി, ഇന്നവേറ്റീവ് ടെക്നിക്ക് വിഭാഗത്തില്‍
പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കുടലുമായി ഒട്ടിപ്പിടിച്ച യൂട്രസ്, ഓവറി, അതിലെ
സിസ്റ്റുകള്‍ തുടങ്ങിയ അവസ്ഥകളിലും ഗൈനക് ക്യാൻസറിലും കീ ഹോള്‍ ചെയ്യാം.
ചെറിയ മുറിവായതിനാല്‍ തന്നെ മുറിവുണങ്ങേണ്ട കാലഘട്ടത്തിലെ വേദന
ഒഴിവാക്കാം. ഒപ്പം, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍ചികിത്സക്ക്
താമസമുണ്ടാവുകയുമില്ല. പെൽവിക് സര്‍ജറിയും കീഹോള്‍ വഴി സാധ്യമാണ്.

ലാപ്രോസ്‌കോപ്പിക്ക് സര്‍ജറിയിലേക്കുള്ള വരവ്
ലാപ്രോസ്‌ക്കോപ്പി ഇന്ത്യയില്‍ വരുന്നത് ഞാന്‍ ഡല്‍ഹിയില്‍ പിജിക്ക് പഠിക്കാന്‍
പോകുന്ന സമയത്ത് ആണ്. കീ ഹോള്‍ ടെക്നോളജി വികസിത രാഷ്ട്രങ്ങളില്‍
പ്രയോഗത്തില്‍ വന്ന് മൂന്ന് വര്‍ഷമായിട്ടുണ്ടായിരുന്നു അപ്പോള്‍. അന്ന് ഇതിന്റെ
മെഷീനുകള്‍ ഇന്ത്യയിലുമെത്തിയിരുന്നു. ഒരേ ആശുപത്രിയില്‍ ഒരു ഓപ്പറേഷന്‍
തീയറ്ററില്‍ നെടുനീളന്‍ മുറിവുണ്ടാക്കിയുള്ള ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ മറുഭാഗത്തു ചെറു മുറിവുകളിലൂടെ രോഗത്തിനു പരിഹാരമുണ്ടാകുന്നത് നേരിട്ടു
കണ്ട് മനസിലാക്കാനായി. അങ്ങനെയാണ് ലാപ്രോസ്‌കോപ്പിക്ക് സര്‍ജറിയോട്
താല്‍പ്പര്യം കൂടുന്നത്. ഇതാണ് ലാപ്രോസ്‌കോപ്പിക്ക് സര്‍ജറിയിലേക്ക് തിരിയാന്‍
കാരണം. പിന്നെ അതേക്കുറിച്ചു കൂടുതല്‍ പഠിച്ചു. സര്‍ജറി ചെയ്യുക
എന്നതിലുപരി മറ്റുള്ളവരെ പഠിപ്പിച്ച് ടീം ഡെവലപ്പ് ചെയ്തതിനാല്‍ ഈ
രംഗത്തു കടന്നു വരുന്നവര്‍ക്ക് വേണ്ട ഗൈഡന്‍സ് നല്‍കാനുമാകുന്നു.

കീഹോള്‍ സര്‍ജറിയുടെ പ്രധാന ഗുണം
പണ്ട് ഇരുപതു സെ.മീ നീളത്തില്‍ മസില്‍ മുറിച്ചു ചെയ്യേണ്ട പിത്തസഞ്ചിയിലും
മറ്റും നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് ഇപ്പോള്‍ പൊക്കിളിനടുത്ത് ഒരു സെന്റീമീറ്റര്‍
മുറിവുണ്ടാക്കിയാല്‍ മതി. ഒരു ഉദാഹരണം പറയാം, പണ്ട് എനിക്ക് അപ്പെന്‍ഡിക്സ്
സര്‍ജറി കഴിഞ്ഞ് 1 മാസം റെസ്റ്റ് വേണ്ടി വന്നു. അതിന് ശേഷമാണെനിക്ക് ജോലിക്ക്
പോകുവാനായത്. എന്നാല്‍ 45 വയസുള്ളപ്പോള്‍ ഹെര്‍ണിയ സര്‍ജറിക്ക്
വിധേയനാകേണ്ടിവന്നപ്പോള്‍ പിറ്റേന്നു തന്നെ ജോലി ചെയ്തു തുടങ്ങാനായി.
അതാണ് താക്കോൽദ്വാര ശസ്ത്രക്രിയയുടെ മുന്നേറ്റത്തിന്റെ ഫലം. അതായത്
മുന്‍കാലങ്ങളെയപേക്ഷിച്ചു ആശുപത്രിവാസം പത്തിലൊന്നായി
കുറഞ്ഞിരിക്കുന്നു. രോഗിക്ക് പുറമേ നിന്ന് രക്തം ആവശ്യമായി വരുന്നില്ല.
ചെറിയ രക്തക്കുഴല്‍ വരെ വ്യക്തമായി കാണാം. അതിനാല്‍ അനാവശ്യമായി രക്തം
നഷ്ടപ്പെടില്ല. വിശ്രമം ആവശ്യമില്ലാത്ത അവസ്ഥ സംജാതമായി. ഒരു നെടുങ്കന്‍
സര്‍ജറി കഴിഞ്ഞു മാസങ്ങളോളം അനങ്ങാതെ കിടക്കേണ്ടി വരുന്ന വേദനയേറിയ
വിശ്രമ കാലമില്ലാതായി.

കീഹോള്‍ സര്‍ജറി: കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നു
ഇപ്പോള്‍ രാജ്യത്തെമ്പാടും ധാരാളം സര്‍ജറി അസോസിയേഷന്‍ ഉണ്ട്. അവയിലെ
ഡോക്ടര്‍മാര്‍ക്ക് കോണ്‍ഫറന്‍സുകള്‍ നടത്തി ലൈവ് സര്‍ജറി കാണിച്ച് കൊടുത്ത് ഈ
ഫീല്‍ഡില്‍ താത്പര്യമുള്ളവരെ പഠിപ്പിക്കുന്നു. ഒരാഴ്ച കൊണ്ട് ഇന്നവര്‍ക്കു
പുതിയ രീതികള്‍ പഠിക്കുവാനാകുന്നുണ്ട്. ഇതേക്കുറിച്ചു പഠിപ്പിക്കുന്നവരുടെ
അറിവും വളരെയധികം വര്‍ദ്ധിച്ചു. ഞാന്‍ സ്വയം പഠനം നടത്തി ഇംപ്രൂവ് ചെയ്തു
വന്നതാണ്. പണ്ട് ഒരു വര്‍ഷം കൊണ്ടു നേടിയ അറിവുകളാണ് ഇന്നു ദിവസങ്ങള്‍
കൊണ്ട് വളരെയെളുപ്പം പഠിച്ചെടുക്കുവാനാകുന്നത്. പുതിയ രീതിയില്‍ സര്‍ജറി
ചെയ്യുവാന്‍ സമയക്കുറവുമതിയെന്നു കാണുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും
താത്പര്യമുണ്ടാകുന്നു.

Dr. R. Padmakumar Unique Times

പല ഘട്ടങ്ങളിലൂടെയും രീതികളിലൂടെയുമാണ് സര്‍ജിക്കല്‍ പ്രൊസീജറുകള്‍
പഠിപ്പിക്കുന്നത്. വിസിറ്റിങ്ങ് പ്രൊഫസറായിരിക്കുന്ന മാംഗ്ലൂരിലെ യെനപോയ
മെഡിക്കല്‍ കോളേജിലുള്ള അനിമല്‍ ലാബിലെ വലിയ പന്നികളില്‍ ആണ് ആദ്യം
സര്‍ജറി പഠിപ്പിക്കുക. അതിനു ശേഷം മനുഷ്യരില്‍ ചെയ്യുന്നത് കാണിച്ചു
കൊടുക്കും. ധാരാളം കേസുകള്‍ തുടര്‍ച്ചയായി കണ്ടു മനസിലാക്കി പഠിച്ച ശേഷം
മെഷീനില്‍ ചെയ്യാന്‍ അവസരം നല്‍കും. കൂടാതെ എല്ലാ വര്‍ഷവും ഇന്റര്‍നാഷണല്‍
കോണ്‍ഫറന്‍സ് നടത്തി വരുന്നു.
ഇതിനായി എറണാകുളത്ത് സ്ഥാപിച്ചിരിക്കുന്ന വെർവെണ്ടെയ്ന്‍
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യവും പ്രവര്‍ത്തനവും ട്രെയിനിങ്ങും
കോണ്‍ഫറന്‍സുകളുമാണ്. അതു വഴി പഠിതാക്കള്‍ക്ക് അത്രയും പ്രയോജനം ലഭിക്കുന്നു. കൂടാതെ നൂതന മേഖലകളെക്കുറിച്ച് രോഗികള്‍ക്കും അറിവു വേണം.
എന്നാലേ ഇത്തരം ലാപ്രോസ്‌കോപ്പിക്ക് സര്‍ജറിക്ക് അവര്‍
താല്‍പ്പര്യപ്പെടുകയുള്ളു. താക്കോല്‍ദ്വാര ശസ്ത്രക്രിയയെക്കുറിച്ച്
രോഗികള്‍ക്ക് അവബോധം നല്‍കാനും അവരെ പരിശോധിക്കാനുമായി കീഹോള്‍
ക്ലിനിക് എന്ന ഒരു ഔട്ട് പേഷ്യന്റ് വിഭാഗവുമുണ്ട്. സര്‍ജറി ആവശ്യമുള്ളവര്‍ക്കു
വി.പി.എസ്. ലേക്ക്ഷോര്‍ ആശുപത്രിയില്‍ വച്ചു സര്‍ജറി ചെയ്യാം.

സാധാരണക്കാര്‍ക്കു സംശയം തോന്നുന്ന ഒരു കാര്യമാണു കീഹോള്‍ സര്‍ജറിയും
ലാപ്രോസ്‌കോപ്പിയും രണ്ടാണോ എന്നത്. ലാപ്രോ എന്നാല്‍ വയര്‍ എന്നും സ്‌കോപ്
എന്നാല്‍ കാണുക എന്നുമാണര്‍ത്ഥം. അതായത് വയറില്‍ ചെയ്യുമ്പോള്‍
ലാപ്രോസ്‌ക്കോപ്പി. ചെസ്റ്റില്‍ ചെയ്യുമ്പോള്‍ തൊറാക്കോസ്‌കോപ്പി,
ജോയിന്റില്‍ ചെയ്യുമ്പോള്‍ ആര്‍ത്രോ സ്‌ക്കോപ്പി, കഴുത്തില്‍ ചെയ്യുമ്പോള്‍
എന്‍ഡോ സ്‌കോപിക് നെക്ക് സര്‍ജറി.
ക്യാന്‍സര്‍ പ്രതിരോധിക്കുവാന്‍ കീഹോള്‍ സര്‍ജറി!
കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പൊണ്ണത്തടിയുള്ളവരില്‍ കീഹോൾ വഴി
മൊത്തത്തിലുള്ള കൊഴുപ്പു കുറയ്ക്കുന്നത് കൊണ്ട് ക്യാന്‍സര്‍ പ്രതിരോധവും
സ്വാഭാവികമായി സംഭവിക്കുന്നു. പ്രഷറും കൊളസ്ട്രോളും കണ്‍ട്രോ ളിലാവുന്നതും
വയറിലെ കൊഴുപ്പു കുറയുന്നതും രോഗികള്‍ക്ക് പ്രയോജനം നല്‍കുന്നു. കുടല്‍
പുറത്തേക്ക് വയ്ക്കാതെ ക്യാന്‍സര്‍ സര്‍ജറി നടത്തുന്നതിന് കീഹോള്‍ മാര്‍ഗ്ഗം
നല്ലതാണ്.

അതുപോലെ സ്ത്രീകളിലെ പോളിസിസ്റ്റിക്ക് ഓവറി സിന്‍ഡ്രം അഥവാ
അണ്ഡാശയത്തില്‍ മുഴകള്‍ ഉള്ള അവസ്ഥയില്‍ ഗര്‍ഭധാരണം വലിയ പ്രശ്നമാണ്.
ഇവരില്‍ വണ്ണം കുറഞ്ഞാല്‍ തന്നെ സ്വഭാവികമായി ഗര്‍ഭം ധരിക്കുവാനുള്ള സാധ്യത
വര്‍ദ്ധിക്കുന്നുണ്ട്. കൂര്‍ക്കംവലി പലപ്പോഴും തമാശയായി കാണാറുണ്ടെങ്കിലും
ഇതൊരു രോഗാവസ്ഥയായ സ്ലീപ്പ്അപ്നിയ ഉള്ള ആളുകളില്‍ കീഹോള്‍ സര്‍ജറി വഴി
വേഗം തന്നെ രോഗം മാറുന്നതായി കാണാം.
ചില അനുഭവങ്ങള്‍
യഹോവ സാക്ഷി വിശ്വാസത്തില്‍പ്പെട്ടവര്‍ പുറമേ നിന്നു രക്തം സ്വീകരിക്കില്ല.
ഒരിക്കല്‍ അത്തരത്തില്‍ ഒരു രോഗി കുടലില്‍ രക്തസ്രാവം വന്ന് രണ്ടു ഗ്രാം
ഹിമോഗ്ലോബിന്‍ നിലയുമായെത്തി. പക്ഷേ ജീവനേക്കാള്‍ വിശ്വാസം
രക്ഷിക്കണമെന്ന നിലപാടിലായിരുന്നു രോഗി. മരിച്ചു പോകും എന്ന
അവസ്ഥയില്‍ ആധുനിക ചികിത്സാ ചരിത്രത്തിലാദ്യമായി 2 ഗ്രാം
ഹീമോഗ്ലോബിനില്‍, ഒരു യൂണിറ്റു രക്തം പോലും കൊടുക്കാതെ കുടല്‍ പുറത്തേയ്ക്ക്
വയ്ക്കാതെ സര്‍ജറി നടത്തേണ്ടതായി വന്നു. നാലാഴ്ച ഓക്സിജന്‍ കൊടുക്കുകയും
ഹിമോഗ്ലോബിന്‍ കൂടുവാനുള്ള ഇന്‍ജക്ഷനും നല്‍കി. അയാള്‍ അസുഖം ഭേദമായി
ആശുപത്രി വിട്ടു. 'സക്സസ് ഫുള്‍ ബൗവ്വല്‍ സര്‍ജറി വിത്ത് 2 ഗ്രാം ഹീമോഗ്ലോബിന്‍'
എന്ന പേരില്‍ അതു ഗ്ലോബല്‍ ജേര്‍ണലുകളില്‍ വന്നു. രോഗിയുടെ അസുഖം
മാറുകയാണു പ്രധാനം. പേരുദോഷം പേടിച്ചു മടിച്ചു നില്‍ക്കുന്നതില്‍
അര്‍ത്ഥമില്ല. ഈ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ രോഗി മരിക്കും അതിനാല്‍
രോഗിയുടെ ജീവന് വേണ്ടി റിസ്‌ക് എടുക്കാന്‍ തയ്യാറായി..അതുപോലെ മറ്റെല്ലാ പ്രമുഖ ആശുപത്രികളും ഉപേക്ഷിച്ച ഒരു ക്യാന്‍സര്‍
പേഷ്യന്റിനു നടത്തിയ ശസ്ത്രക്രിയയും എടുത്തു പറയേണ്ട ഒന്നാണ്. വേദന
കൊണ്ടു പുളയുകയായിരുന്നു ആ സ്ത്രീ. അവരുടെ വയറില്‍ വന്ന വലിയ ട്യൂമര്‍
അടുത്തുള്ള അവയവങ്ങളില്‍ ആകെ പടര്‍ന്നിരുന്നു. അതൊരു പൂര്‍ണ്ണ ഗര്‍ഭിണിയുടെ
വയറുപോലെ വലുതായിരുന്നു. വയറിന്റെ ഭിത്തിയിലും ക്യാന്‍സര്‍ പടര്‍ന്നിരുന്നു.
ശസ്ത്രക്രിയയിലൂടെ ട്യൂമറിനെ ഇരുപതിലൊന്നായി കുറച്ചു. ഇതു
പോലെയൊന്നായിരുന്നു, അതിഥി തൊഴിലാളികളാല്‍ നെഞ്ചില്‍ കുത്തേറ്റ സ്ത്രീയെ
വെന്റിലേറ്റററില്‍ പ്രവേശിപ്പിച്ചതിനു ശേഷം നടത്തിയ അടിയന്തിര ചെസ്റ്റ്
സര്‍ജറി. ഇതിലൂടെ അവരുടെ ജീവനും രക്ഷിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

Dr. R. Padmakumar

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.