കാരുണ്യത്തിൻ്റെ സ്നേഹസ്പർശം – ഫാദർ ജോയ് കൂത്തൂർ

കാരുണ്യത്തിൻ്റെ സ്നേഹസ്പർശം – ഫാദർ ജോയ് കൂത്തൂർ

‘നിൻ്റെ മഹത്വം നീ എന്താണ് എന്നുള്ളതിലല്ല മറ്റുള്ളവർക്ക് നീ എന്ത് നല്കുന്നു എന്നതിലാണ്’ ഈ വചനം അന്വർത്ഥമാക്കുന്നതരത്തിൽ വേദനിക്കുന്ന മരണാസന്നരായ രോഗികൾക്ക് കാരുണ്യത്തിൻ്റെ, സ്നേഹത്തിൻ്റെ, സന്തോഷത്തിൻ്റെ, സാന്ത്വനത്തിൻ്റെ സ്നേഹസ്പർശം നല്കുന്ന ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിൻ്റെ  കോ – ഫൗണ്ടറും CEO യുമായ ഫാദർ  ജോയ് കൂത്തൂരുമായി യൂണിക് ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം

Fr Joy Koothur

 

 

  1. ശാന്തിഭവൻ്റെ പിറവി എങ്ങനെയായിരുന്നു?

രണ്ടായിരത്തിപതിനാലിൽ തൃശ്ശൂർ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിലെ പല്ലിശ്ശേരി ദേശത്തെ കുടുംബങ്ങളിൽ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നതിന് മാത്രമായാണ് ചെറിയ രീതിയിൽ പാലിയേറ്റീവ് സേവനങ്ങള ആരംഭിച്ചത്. ഇന്നിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സേവനതലങ്ങളൊന്നും തന്നെ അന്ന് ഇതാരംഭിക്കുമ്പോൾ ചിന്തിച്ചിരുന്നില്ല. ഞങ്ങളുടെ സേവനസംഘത്തിൽ വൈദീകർ, സമർപ്പിതർ, നാനാജാതിമതസ്ഥരായ സന്നദ്ധപ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ എന്നിങ്ങനെ പാലിയേറ്റ് ട്രെയിനിങ് നേടിയ പ്രവർത്തകരാണുള്ളത്. പ്രവർത്തനസജ്ജരായ ഒരു ടീമായിട്ടാണ് ഞങ്ങൾ വീടുകളിൽ പോയിരുന്നത്. കിടപ്പുരോഗികൾക്കുള്ള സേവനം ഞങ്ങളാദ്യം പകൽ സമയങ്ങളിൽ മാത്രമാണ് നല്കിക്കൊണ്ടിരുന്നത്. ഒൻപതുമണി മുതൽ നാലുമണിവരെയാണ് ഞങ്ങളുടെ സേവനം ലഭ്യമായിരുന്നത്. പിന്നെപ്പിന്നെ വൈകുന്നേരങ്ങളിലും രാത്രിസമയത്തും ഞങ്ങളെ വിളിക്കാൻ തുടങ്ങി. കാരണം കിടപ്പ് രോഗികൾക്കുണ്ടാകുന്ന വിഷമങ്ങൾ പിറ്റേദിവസത്തേക്ക് മാറ്റിവയ്ക്കാവുന്നതല്ലല്ലോ. അങ്ങനെ ഞങ്ങളുടെ ടീം രാത്രിയിലും പകലും വീടുകളിൽപോയി രോഗികൾക്ക് പാലിയേറ്റ് സേവനം ചെയ്തുതുടങ്ങി. ഇതിനിടയിൽ ഞങ്ങൾക്ക് മനസിലായ ഒരുവിഷയം എന്തെന്നാൽ, ചില വീടുകളിൽ രോഗികൾക്കുള്ള പരിചരണം നല്കുമ്പോൾ ഡോക്ടർ രോഗിയുടെ ബന്ധുക്കളോട് പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നു. ഈ രോഗിക്ക് ഇവിടെ വച്ച് കൊടുക്കാൻ കഴിയുന്നതിലും കൂടുതൽ പരിചരണം ആവശ്യമാണെന്നും അതിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലത് എന്നുള്ളതും. ഇതുകേൾക്കുമ്പോൾ ചിലവീട്ടികാർ  നെറ്റി ചുളിക്കുന്നതും കണ്ടിട്ടുണ്ട്. അതിനുകാരണം മരണാസന്നവസ്ഥയിൽ കിടക്കുന്ന രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴുള്ള റിസ്ക് ചിന്തിക്കുമ്പോഴുള്ള

പ്രയാസങ്ങൾ ഓർത്തിട്ടാണ്. എന്നാൽ അത്തരം രോഗികൾക്ക് വീട്ടിൽ കിടത്തികൊടുക്കാവുന്ന പരിചരണത്തിനപ്പുറം ആശുപത്രികളിൽ നിന്നുള്ള പരിചരണം കിട്ടിയാൽ നല്ലതെന്ന് ചിന്തിച്ചുപോകും. ഞങ്ങൾ പറഞ്ഞത് കേട്ടിട്ട് രോഗികളെ ആശുപത്രികളിലെത്തിക്കുമ്പോൾ അവിടെനിന്നും ഇനി കൂടുതൽ ഒന്നും രോഗിക്ക് കൊടുക്കാൻ കഴിയില്ല വീട്ടിലേക്ക് തിരികെ കൊണ്ട്പോകാൻ പറയുന്നതും ഞങ്ങൾ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഒരു കിടപ്പുരോഗിക്ക് വീട്ടിൽ കിടക്കാനും ആശുപതികൾക്ക് അവരെ സ്വീകരിക്കാൻ കഴിയാത്തതുമായ അവസ്ഥയിലെത്തിക്കഴിയുമ്പോൾ ആ വ്യക്തി ജീവനും മരണത്തിനുമിടയിൽകിടന്ന് വിഷമിക്കുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. അതിൻ്റെ അടിസ്ഥാനത്തിൽ ദീർഘകാല പരിചരണം ആവശ്യമായിവരുന്ന, അടിയന്തിര ആശുപത്രിപരിചരണം ആവശ്യമായ ഒരു കിടപ്പുരോഗിയെ പരിചരിക്കുന്നതിന് വേണ്ടി ഇരുപത്തിനാലുമണിക്കൂറും സ്വീകരിക്കുന്ന ഒരു ആശുപത്രി സംവിധാനം സമൂഹത്തിന് അത്യന്താപേക്ഷിതമെന്ന ചിന്ത ഞങ്ങളിൽ ഉടലെടുത്തു. ഞങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നാണ് ഈ ആശയം രൂപംകൊണ്ടത്. അങ്ങനെയാണ് പല്ലിശ്ശേരിയിലെ അഞ്ചരയേക്കർ സ്ഥലമെടുക്കുകയും അവിടെ ശാന്തിഭവൻ എന്ന പാലിയേറ്റീവ് കെയർ ആശുപത്രി നിർമ്മിക്കാനും കാരണമായത്. ഇതാണ് ശാന്തിഭവൻ്റെ തുടക്കം.

Shanthi Bhavan
Shanthi Bhavan

 

  1. മറ്റുള്ള സ്ഥാപനങ്ങളിൽ നിന്ന് ശാന്തിഭവനെ വ്യത്യസ്തമാക്കുന്ന പ്രവർത്തന രീതികൾ എന്തൊക്കെയാണ് ?

കിടപ്പുരോഗികൾക്ക് മാത്രമായി ആശുപത്രിയെന്ന ആശയം തന്നെ അനന്യമാണ്. രാജ്യത്ത് തന്നെ ആദ്യത്തെ പാലിയേറ്റീവ് ഹോസ്പിറ്റലാണ് ശാന്തിഭവൻ. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ നോ – ബിൽ ഹോസ്പിറ്റലാണ്. സൗജന്യമായി സേവനങ്ങൾ നല്കുകയെന്നതാണ് പ്രവർത്തന ശൈലി. സേവനങ്ങൾക്ക് യാതൊരു വിധത്തിലുള്ള പ്രതിഫലവും ഈടാക്കുന്നില്ല. ജാതി – മത – വർഗ്ഗ – വർണ്ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ ശാന്തിഭവൻ കഴിയുന്നുണ്ട്. പാലിയേറ്റീവ് കെയർ സേവന മേഖലയിൽ ഈ കൂട്ടായ്മക്ക് തുടക്കം കുറിക്കാനും ശക്തിപ്പെടുത്താനും ശാന്തിഭവൻ്റെ സേവന പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി നടത്തുന്ന പ്രസ്ഥാനമാണിത്. ആശുപത്രിയുടെ നടത്തിപ്പിനായുള്ള കമ്മിറ്റിയിൽ എല്ലാ വിഭാഗക്കാരുമുണ്ട്. സൗജന്യ സേവന പ്രവർത്തനങ്ങൾ തടസ്സങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകാൻ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ശാന്തിഭവൻ ഏറ്റെടുത്തിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും മാസം തോറും ഒരു നിശ്ചിത സംഖ്യ ശാന്തിഭവൻ നല്കുന്നതുകൊണ്ടാണ് ചിലവുകൾ നടത്തിക്കൊണ്ടുപോകുന്നത്. സേവനങ്ങൾ  ചെയ്യുന്നതിലെ സത്യസന്ധതയാണ് വലിയൊരു വിഭാഗം ജനങ്ങളെ ഈ

പ്രസ്ഥാനവുമായി അടുപ്പിച്ചു നിർത്തുന്നത്. ശാന്തിഭവൻ ആരംഭിച്ചിരിക്കുന്ന എല്ലാ സേവന മേഖലയും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഇറങ്ങിത്തിരിക്കുന്നതല്ല. ആശുപത്രിയിലെത്തുന്നതും ഹോം കെയർ നല്കുന്ന വീടുകളിൽ കഴിയുന്നവരുമായ കിടപ്പുരോഗികളുടെ ആവശ്യങ്ങൾ, പ്രായമേറിയവർ  സഹായത്തിനായി ആശുപത്രിയിലെത്തി നല്കുന്ന ആവശ്യങ്ങള് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഓരോ പദ്ധതിയും ശാന്തിഭവൻ രൂപം നല്കുന്നത്. ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന് തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി 15 പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാലിയേറ്റീവ് കെയറിനു പുറമേ സൗജന്യമായി ഡോക്ടര്മാരെ കാണുന്നതിനുള്ള സൗകര്യം, സൗജന്യ ഫിസിയോതെറാപ്പി സേവനങ്ങൾ, കമ്പനി വിലയ്ക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന ഫാർമസി, നോൺ പ്രോഫിറ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ലാബ് എന്നീ സേവനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. ഈ ലാബിൽ ഷുഗർ ടെസ്റ്റിന് 4 രൂപയും ടോട്ടൽ കൊളസ്ട്രോളൾ ടെസ്റ്റിന് 20 രൂപയുമാണ് നിരക്ക്.

മാസംതോറും മരുന്നുകൾ കഴിക്കേണ്ടി വരുന്ന മാരകരോഗം ബാധിച്ചവർ, വൃക്ക രോഗികൾ തുടങ്ങിയവർക്ക് കമ്പനി വിലയ്ക്ക് മരുന്നുകൾ വീട്ടിലെത്തിച്ച് നല്കുന്ന സേവനപ്രവർത്തനങ്ങൾകൂടി പ്രാദേശിക കേന്ദ്രങ്ങൾ ചെയ്യുന്നുണ്ട്. മരുന്നുകൾക്കായി വലിയതുക ചിലവാക്കുന്നവർക്ക് ലാഭമെടുക്കാതെ മരുന്നുകൾ എത്തിച്ചു നല്കുന്ന ഈ പദ്ധതി ഏറെ ആശ്വാസം പകരുന്നതാണ്.

 

  1. 2020 വർഷത്തിൽ ശാന്തിഭവൻ്റെ ലക്ഷ്യങ്ങളെന്തൊക്കെയാണ്.

കേരളത്തിലെ 14 ജില്ലകളിലും കന്യാകുമാരി ജില്ലയിലും ഓരോ പാലിയേറ്റീവ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുകയെന്നതാണ് ശാന്തിഭവൻ്റെ ലക്ഷ്യം. ഇതിൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഈ വർഷ തന്നെ പാലിയേറ്റീവ് ഹോസ്പിറ്റൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം ജില്ലകൾതോറും സാന്ത്വന പരിചരണം നല്കുന്ന 50 പ്രാദേശിക കേന്ദ്രങ്ങൾ വീതം ആരംഭിക്കുകയെന്നതും ശാന്തിഭവൻ്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. നിലവിൽ തൃശൂർ ജില്ലയിൽ 13 ഉം എറണാകുളം തിരുവനന്തപുരം ജില്ലകളിൽ ഒന്നു വീതവും പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തൃശൂർ ജില്ലയിൽ സെൻ്ററുകളുടെ എണ്ണം അമ്പതിലെത്തിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നുവരികയാണ്. തൃശൂർ ജില്ലയിലെ കൊമ്പൊടിഞ്ഞാമാക്കൽ, പറവട്ടാനി എന്നീ പ്രാദേശിക കേങ്ങളിൽ ഫുള്ളി ഓട്ടോമേറ്റഡ് ഹൈടെക് ലാബ് പ്രവർത്തിക്കുന്നുണ്ട്. മറ്റു സെൻ്ററുകളിൽ സാംപിൾ കളക്ഷൻ എടുത്ത് ലാബ് സർവ്വിസ് നല്കുന്നുണ്ട്. രണ്ട് പ്രാദേശിക കേങ്ങളിൽകൂടി ലാബ് സ്ഥാപിക്കാനും തന്മൂലം കൂടുതൽപ്പേരിലേക്ക് നോക്കാനാണ് പ്രോഫിറ്റ് ലാബ് സേവനമെത്തിക്കാനും ലക്ഷ്യമിടുന്നു. പരിശോധനകളുടെ ഉയർന്നനിരക്കാണ് സാധാരണക്കാരെയും പാവപ്പെട്ടവരെയും ലാബുകളിൽ നിന്നും അകറ്റിനിർത്തുന്നത്. വൃക്ക രോഗങ്ങളും ക്യാൻസർപ്പോലുള്ള മാരകരോഗങ്ങളും തുടക്കത്തിലേ കണ്ടെത്തി ചികില്സിക്കുകയാണെങ്കിൽ സൗഖ്യം പ്രാപിക്കാൻ താരതമ്യേന എളുപ്പമാണ്. ലാബ് പരിശോധന വ്യാപകമാകുന്നതിനോടൊപ്പം തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച ഏർലി ഡിറ്റക്ഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് പരമാവധി ജനങ്ങൾക്ക് ലാബ് പരിശോധനയ്ക്ക് സൗകര്യമൊരുക്കാനും ശാന്തിഭവന് ലക്ഷ്യമിടുന്നു.

Fr Joy Koothur Uniquetimes

 

4 . ബൈ ദ പീപ്പിൾ ഫോർ ദ പീപ്പിൾ എന്ന വാക്യം ശാന്തിഭവനെ എത്രത്തോളം വിജയപഥത്തിൽ എത്തിക്കാന് കഴിഞ്ഞുവെന്നാണ് കരുതുന്നത്?

ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിനെ വിജയത്തിലെത്തിക്കുന്നു എന്നതിലുമപ്പുറം ശാന്തിഭവൻ്റെ അടിസ്ഥാനം തന്നെ ഈ ആപ്ത വാക്യത്തിലും അതിൻ്റെ പ്രവർത്തനത്തിലുമാണ്. യാതൊരു സേവനങ്ങൾക്കും ശാന്തിഭവൻ പ്രതിഫലം വാങ്ങുന്നില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ടുതന്നെ മാസം തോറും ശാന്തിഭവൻ ഏറ്റെടുക്കുന്ന സാമ്പത്തിക ബാദ്ധ്യത ഏറെ വലുതുമാണ്. സുമനസ്സുകളായ ഏറെപേര് ചേർന്നാണ് ഈ ബാദ്ധ്യത ഏറ്റെടുക്കുന്നത്. ഫെല്ലോഷിപ്പ് അംഗങ്ങൾ എന്നു വിളിക്കുന്ന ഇവർ മാസംതോറും നിശ്ചിത തുക നല്കിയാണ് ഈ സേവന പ്രവർത്തനത്തെ താങ്ങിനിർത്തുന്നത്. സാധാരണക്കാർ, ബിസിനസുകാർ, സർക്കാർ – സ്വകാര്യ മേഖലയിലെ ജോലിക്കാർ തുടങ്ങി വലിയ വിഭാഗം ജനങ്ങളുടെ സാമ്പത്തിക പിന്തുണ തന്നെയാണ് ആശുപത്രിയുടെ നെടുംതൂണായി പ്രവർത്തിക്കുന്നത്. കൂടാതെ ശാന്തിഭവൻ്റെ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുമുണ്ട്. ഇതിലൂടെ സേവനങ്ങൾ  വ്യാപിപ്പിക്കാനും കൂടുതൽ പിന്തുണ ലഭിക്കാനും ഇടയാക്കുകയും ചെയ്യുന്നു

 

 

5 .ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് പാലിയേറ്റീവ് കെയർ നല്കുന്നതിനൊപ്പം തൃശൂർ ജില്ലയിലെ 13 പ്രാദേശിക കേന്ദ്രങ്ങളിലൂടെയും എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ഓരോ പ്രാദേശിക കേന്ദ്രങ്ങൾ വഴിയും പാലിയേറ്റീവ് ഹോംകെയർ ലഭ്യമാക്കുന്നുണ്ട്.

മെഡിക്കൽ വെൻ്റിലേറ്റരർ, ഐ സി യു, സെൻട്രലൈസ്ഡ് ഓക്സിജൻ സിസ്റ്റം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് മരുന്നും ഭക്ഷണവും സൗജന്യമാണ്. കൂടാതെ രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണം സൗജന്യമാണ്. ഫിസിയോതെറാപ്പി സേവനങ്ങൾ, അള്ട്രാസൗണ്ട് സ്കാനിംഗ്, ഡയാലിസിസ്, ലിവർ സിറോസിസ് രോഗികൾക്ക് ഫ്ലൂയിഡ് ടാപ്പിംഗ് തുടങ്ങിയവയെല്ലാം ശാന്തിഭവൻ്റെ സൗജന്യ സേവനങ്ങളാണ്. പാവപ്പെട്ട കിടപ്പുരോഗികൾക്ക് ആംബുലൻസ് സേവനം, പാവപ്പെട്ടവർക്ക് മൊബൈൽ ഫ്രീസർ എന്നിവയും സൗജന്യമായാണ് നല്കുന്നത്. ശാന്തിഭവൻ്റെ പ്രാദേശിക കേന്ദ്രങ്ങളിൽ നോൺ പ്രോഫിറ്റ് ഫാർമസിയും നോൺ പ്രോഫിറ്റ് ലാബും പ്രവർത്തിക്കുന്നുണ്ട്. പാലിയേറ്റീവ് കെയർ കൂടാതെ ഫിസിയോതെറാപ്പി, ഡോക്ടർ ഒപി തുടങ്ങിയവയും സൗജന്യ സേവനങ്ങളാണ്.

 

  1. ദേവദേയം എൽഡർ വില്ലേജിനെ കുറിച്ച് വിശദമാക്കാമോ?

ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയിൽ അഡ്മിറ്റായതിനുശേഷം പരിചരണം ലഭിക്കുകയും ആരോഗ്യനിലയിൽ നല്ല മാറ്റമുണ്ടായി തിരിച്ചു പോകുന്നവരുണ്ട്. പലപ്പോഴും ഇവർ വീടുകളിലേക്ക് മടങ്ങാൻ താല്പര്യം കാണിക്കാറില്ല. കാരണം വീട്ടിലെത്തിയാൽ പലപ്പോഴും ഇവർ മിക്കസമയങ്ങളിലും തനിച്ചാകേണ്ടി വരും. അങ്ങനെ മനസ്സില്ലാമനസ്സോടെ പോകേണ്ടി വന്നവരാണ് ഞങ്ങളോട് ഇത്തരം ആശയം പങ്കുവെച്ചത്. സ്ഥിരമായി താമസിക്കാൻ സംവിധാനം ഒരുക്കിത്തരാമോയെന്ന്. ഇതേ ആവശ്യവുമായി മറ്റു പലരും

എത്തിയപ്പോഴാണ് ദേവദേയം എൽഡർ വില്ലേജ് എന്ന ആശയത്തിലേക്ക് ഞങ്ങളെ നയിച്ചത്.

എന്താണ് ദേവദേയം

വാർദ്ധക്യത്തിൻ്റെ ഉത്കണ്ഠകളോ ജീവിതത്തിൻ്റെ ആകുലതകളോ ഇല്ലാതെ നല്ല കുടുംബാന്തരീക്ഷത്തിൽ സ്വന്തം വീടുപോലെതന്നെ കഴിയാവുന്ന പാർപ്പിട സമുച്ചയമാണ് ദേവദേയം എൽഡർ വില്ലേജ്. മുതിർന്നവർക്കും രോഗികൾക്കും പ്രായമേറിയവർക്കുമൊക്കെ ദേവദേയത്തിൽ ജീവിതകാലം മുഴുവൻ താമസിക്കാനായി അപ്പാർട്ടുമെന്റുകളോ റൂമുകളോ സ്വന്തമായോ വാടകയ്‌ക്കോ എടുക്കാനാവും.

 

ശാന്തിഭവണൻ പാലിയേറ്റീവ് ഹോസ്പിറ്റലിൻ്റെ കോമ്പൗണ്ടിൽ തന്നെ നിർമ്മിക്കുന്ന പ്രത്യേക പാർപ്പിട സമുച്ചയമാണിത്. കിടപ്പുരോഗികളുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് അതിനുവേണ്ട ബെഡ്, ടോയ്‌ലറ്റ് തുടങ്ങിയവയൊക്കെ ഓരോ അപ്പാർട്ടുമെൻ്റിലും സജ്ജീകരിക്കുന്നുണ്ട്. കൂടാതെ എല്ലാ അപ്പാർട്ടുമെൻ്റിലേക്കും റൂമുകളിലേക്കും സെന്ട്രലൈസ്ഡ് ഓക്സിജൻ സംവിധാനത്തിലൂടെ ഓക്സിജനും എത്തിക്കുന്നുണ്ട്.

ദേവദേയത്തിൽ എങ്ങനെ അപ്പാർട്ടുമെൻ്റ്  സ്വന്തമാക്കാം?

485 സ്ക്വയർ ഫീറ്റ് വരുന്ന അപ്പാർട്ട്മെൻ്റിന് നല്കേണ്ട അഡ്വാൻസ് തുക 25 ലക്ഷം രൂപയാണ്. പത്തുലക്ഷം രൂപ നല്കി ഒരു അപ്പാർട്ടുമെൻ്റ്  ബുക്ക് ചെയ്യാം. ബാക്കി തുക 5 ലക്ഷം വീതം 3 തവണകളായി അടച്ചാൽ മതിയാകും. ബുക്ക് ചെയ്തതിനു ശേഷം 18 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി അപ്പാർട്ടുമെൻ്റ്   കൈമാറും. നിർമ്മാണം പൂർത്തിയായ അപ്പാർട്ടുമെൻ്റുകൾ അടിയന്തരമായി ആവശ്യമുള്ളവർക്ക് അഡ്വാൻസ് തുകയായ 25 ലക്ഷം രൂപ റൊക്കമായി നല്കി സ്വന്തമാക്കാവുന്നതാണ്. ബുക്ക് ചെയ്യുന്നയാളുടെയും ജീവിത പങ്കാളിയുടെയും കാലശേഷം അഡ്വാൻസ് തുക നോമിനിക്ക് ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കില്ലെന്ന നിർബന്ധമുള്ളതിനാലാണ് അഡ്വാൻസ് തുക പൂർണ്ണമായും തിരിച്ചു നല്കുന്നത്. മുതിർന്നവർക്കും കിടപ്പുരോഗികൾക്കും അവർ ആവശ്യപ്പെടുന്ന സൗകര്യം മാതൃകാപരമായി ഒരുക്കിക്കൊടുക്കുകയെന്നതാണ് ശാന്തിഭവൻ്റെ ലക്ഷ്യം.

 

ദേവദേയം പാർപ്പിട സമുച്ചയത്തിലെ സൗകര്യങ്ങൾ

സൗജന്യ സാന്ത്വന പരിചരണം, സൗജന്യ എമർജൻസി കെയർ, 24 മണിക്കൂറും വൈദ്യസഹായം, മേൽത്തരം ഭക്ഷണത്തിനായി റസ്റ്ററൻ്റ് , ടേക്ക് എവേ, റൂം സർവ്വീസ്, ഫിസിയോതെറാപ്പി സേവനങ്ങൾ , ആരോഗ്യ പരിപാലനത്തിനും വ്യായാമം

ചെയ്യുന്നതിനുള്ള പൊതുവായ സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ദേവദേയം എല്ഡർ വില്ലേജ് ഉറപ്പു തരുന്നു.

ഓരോ അപ്പാർട്ടുമെൻ്റിലും ആധുനിക സജ്ജീകരണങ്ങളോടെ അടുക്കളയും ലിവിംഗ് റൂമിലും ബെഡ് റൂമിലും ഫർണീച്ചുകളും ഒരുക്കുന്നുണ്ട്. ഡോക്ടർ ഉൾപ്പെടെയുളള മെഡിക്കൽ സംഘത്തിൻ്റെ സേവനവും പ്രത്യേക ഫിസിയോതെറാപ്പി മുറിയും ലഭ്യമാണ്. വ്യായാമത്തിനും വിശ്രമിക്കാനുമുള്ള പൊതുയിടങ്ങൾക്കു പുറമേ പൊതുവായ ടിവി മുറി, വായനാ മുറി എന്നിവ ഉണ്ടായിരിക്കും. ആംബുലൻസ് സേവനവും ഫ്ലാറ്റിലേക്കുവരുന്നതിനും മറ്റിടങ്ങളിലേക്ക് പോകുന്നതിനുമുള്ള വാഹന സൗകര്യവും ലഭിക്കും. കമ്പനി വിലയ്ക്ക് മരുന്നുകൾ ലഭിക്കുന്ന ഫാർമസി, ഏറ്റവും കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ കഴിയുന്ന നോണ് പ്രോഫിറ്റ് ഫുള്ളി ഓട്ടോമേറ്റഡ് ലാബ്, സ്കാനിംഗ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കൂടാതെ ഇൻ്റർനെറ്റ്, വീഡിയോ കോളിംഗ്, ഐ എസ് ഡി കോളിംഗ് തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്.

 

ദേവദേയത്തിൽ ലിവ് വെൽ റൂമുകൾ – സ്വന്തമായും വാടകയ്ക്കും

ദേവദേയത്തിലെ ലിവ് വെൽ റൂമുകൾ മുതിർന്നവർക്ക് സ്വന്തമായും വാടകയ്ക്കും ലഭ്യമാണ്. ജീവിത പങ്കാളികളായ രണ്ടുപേർക്ക് ജീവിതകാലം മുഴുവന് താമസിക്കാനുള്ള സൗകര്യങ്ങളാണ് ലിവ് വെല് മുറികളില് ഒരുക്കുന്നത്. അറ്റാച്ച്ഡ് സൗകര്യമുള്ള മുറിയിൽ രണ്ടുപേർക്ക് താമസിക്കാനാവും. 12 ലക്ഷം രൂപയാണ് ജീവിതകാലം മുഴുവൻ ഈ മുറി ലഭിക്കാനായി അഡ്വാൻസ് തുകയായി നൽകേണ്ടത്.

വാടകയ്ക്ക് ദേവദേയത്തിലെ ലിവ് വെൽ മുറികൾ  വേണമെന്നുള്ളവർക്ക് പതിനാറായിരം രൂപയാണ് ഒരു മാസത്തെ വാടകയായി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ അഡ്വാൻസായി മൂന്നു മാസത്തെ വാടകയായ 48,000 രൂപ കെട്ടിവെയ്ക്കുകയും വേണം. കൂട്ടിരിപ്പുകാരെ ആവശ്യമുള്ളവർക്ക് ശാന്തിഭവനുമായി സഹകരിക്കുന്ന ടച്ചിംഗ് ഹാന്റ്സ് – എന്ന സാമൂഹ്യ സന്നദ്ധ സേവന ഗ്രൂപ്പിൻ്റെ സഹായം തേടാം. കൂട്ടിരിപ്പുകാരെ നിയോഗിക്കാനായി ഒരു മാസത്തേക്ക് പതിനയ്യായിരം രൂപയാണ് ടച്ചിംഗ് ഹാന്റ്സിന് നല്കേണ്ടി വരിക

 

 

 

  1. ചാരിറ്റിയുടെ പേരിൽ നിരവധി സ്ഥാപനങ്ങൾ കൂണുകൾപ്പോലെ മുളച്ചുപൊന്തുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെ നിയിക്കേണ്ടതില്ലേ ? 

 

മറ്റേതു മേഖലയിലേതുപോലെ കാരുണ്യ മേഖലയിലും ശരിയായി രീതിയിൽ പ്രവർത്തിക്കുന്നവരുണ്ടാകും. ഏതു മേഖലയിലും നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്താനും തിരുത്താനും നമ്മുടെ നാട്ടിൽ ഫലപ്രദമായ നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അനുസരിച്ച് പോകാൻ ഇത്തരക്കാർക്ക് കഴിയാറുമില്ല. ശാന്തിഭവൻ മുറുകെപിടിക്കുന്ന നയം, എപ്പോഴും നിയമ വിധേയമായി, സർക്കാരിനൊപ്പം കൈകോർത്തു പിടിക്കണമെന്നു തന്നെയാണ്. ഇതനുസരിച്ചാണ് സുഗമമായി പ്രവർത്തനം മുന്നോട്ടുപോകുന്നത്. ഈ പ്രവർത്തനങ്ങൾ സുതാര്യവും സോഷ്യൽ ഓഡിറ്റിന് വിധേയവുമാണ്. ഈ ശൈലി മറ്റുള്ളവരും പിന്തുടരുകയാണെങ്കിൽ പ്രശ്നങ്ങളൊന്നും തന്നെയുണ്ടാവില്ലെന്നാണ് കരുതുന്നത്. ശാന്തിഭവനെ സംബന്ധിച്ചിടത്തോളം വാക്കുകളേക്കാൾ പ്രവൃത്തിക്കാണ് പ്രാധാന്യം നല്കുന്നത്.

 

8 . ആരൊക്കെയാണ് ശാന്തിഭവനെ നയിക്കുന്നവർ?

ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെൻ്റ്  ക്ലയേഴ്സ് സന്യാസ സമൂഹത്തിൻ്റെ നേതൃത്വത്തിൽ തൃശൂർ അതിരൂപതയുടെ സഹകരണത്തോടെയാണ് ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെൻ്റ്  ക്ലയേഴ്സ് സന്യാസ സമൂഹത്തിൻ്റെ മദർ ജനറലായ സിസ്റ്റർ മരിയ ക്യാര എഫ് എസ് സി, റവ. ഫാ. ജോയ് കൂത്തൂർ, സിസ്റ്റർ ബിയാട്രിസ് സ്കാലിൻസി എന്നിവരാണ് ആശുപത്രിയുടെ കോ ഫൗണ്ടർമാർ. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻ ഡ്രൂസ് താഴത്താണ് ചീഫ് പേട്രൺ. ഡോ. മോൻസൻ  മാവുങ്കൽ, ഡോ. മോഹൻ തോമസ്, ഡേവിസ് എടക്കളത്തൂർ എന്നിവരാണ് പേട്രൺമാർ. ശ്രീമതി. തങ്കം മോഹനാണ് ഗുഡ് വിൽ അംബാസിഡ്ഡർ. ഇവരൊക്കെ ചേർന്നാണ് ശാന്തിഭവനെ നയിക്കുന്നത്.

Fr Joy Koothur

Shanthi Bhavan

Shanthi Bhavan

 

 

 

 

 

Shanthi BhavanShanthi Bhavan

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.