പാരീസ് എന്ന ഫാഷൻ സിറ്റിയെക്കുറിച്ചുള്ള ഓർമ്മകൾ…

പാരീസ് എന്ന ഫാഷൻ സിറ്റിയെക്കുറിച്ചുള്ള ഓർമ്മകൾ…

 

                                     

ഞങ്ങളുടെ യൂറോപ്പ് യാത്രയിൽ ‘പാരീസ് സന്ദർശനം’ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നാണ്. ഫ്രാന്സിന്റെ തലസ്ഥാനമായ ഈ ഫാഷൻ  സിറ്റി ചെറുപ്പക്കാരെ വളരെ സ്വാധീനിക്കുമെന്നറിയാം. അത് വ്യക്തമാക്കുവാനാണ്  ഞാൻ  ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത് .

ലണ്ടനിൽ ഞങ്ങൾ  താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഏതാണ്ട് 450 കി.മി. ദൂരമുണ്ട് പാരിസിലേക്ക്. അത് കൊണ്ട് രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ്, എട്ട് മണിക്ക് തന്നെ എല്ലാവരും ബസ്സിലെത്തി. മറ്റൊരു രാജ്യത്തേക്കുള്ള യാത്രയായതിനാൽ രാജ്യതിർത്തിയിൽ വിസയും പാസ്പോർട്ട് ചെക്കിംങ്ങും നിർബന്ധമായതിനാലും  എല്ലാവരും ബന്ധപ്പെട്ട പ്രമാണങ്ങൾ  കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.

ഞങ്ങൾ  യാത്രയ്ക്ക് തയ്യാറായി നില്ക്കുമ്പോഴാണ്, അവിടെ ഭീകരാക്രമണത്തിൽ നിരവധി പേർ മരിച്ചെന്ന വാർത്തയറിഞ്ഞ്, ഞങ്ങൾ  എവിടെയാണെന്ന് ആരാഞ്ഞ്, എന്റെ ചേച്ചിയുടെ ഫോൺ  സന്ദേശം ലഭിക്കുന്നത്. സുരക്ഷിതരാണെന്നും, ഞങ്ങൾ  അതിനെതിർദിശയിലാണ് യാത്ര ചെയ്യുന്നതെന്നും അവരെ അറിയിച്ചു. ബസ്സിൽ യാത്ര ചെയ്ത് ഫെറിയിലെത്തിയശേഷം, ലഗേജ് ഫെറിയുടെ ട്രോളിയിൽ സൂക്ഷിച്ചിട്ട്, ക്രൂയിസിൽ കയറി.

മനോഹരതീരമുള്ള ഇംഗ്ലീഷ് ചാനലിൽ കൂടെ യാത്ര ചെയ്തപ്പോൾ  സത്യം പറഞ്ഞാൽ ഞാനൊരു കവിയത്രിയായിരുന്നെങ്കിൽ, ഒരു നല്ല കവിത മെനഞ്ഞിരുന്നേനേ. മനസ്സിലുയർന്ന കവിത്വഭാവനയിലൂടെ, തീരത്തിന്റെ ഭംഗിയിൽ ലയിച്ചിരുന്നപ്പോൾ  ക്രൂയിസ് നീങ്ങുന്നതോടൊപ്പം സിനിമ കണ്ടിരിക്കുന്ന പ്രതീതിയുളവായി. ഏതായാലും പ്രകൃതിയൊരുക്കിയ ഭംഗി അവർണ്ണനീയം തന്നെ. നീലനിറത്തിലെ തെളിച്ചമുള്ള കടൽവെള്ളവും, വെള്ളനിറത്തിലെ മലകളും, പിന്നെ വെള്ള മലകളിൽ നീലാകാശത്തിലൂടെ കാണുന്ന തിങ്ങിനിറഞ്ഞ് നില്ക്കുന്ന പച്ചപ്പാർന്ന വന്മരങ്ങളും ആരുടെയും മനം കവരുന്നതായിരുന്നു. ഈ സ്വപ്നലോകത്ത് കൂടെ  നാല് മണിക്കൂർ കടന്ന് പോയതറിയാതെ ഞങ്ങൾ   കലൈസ് എന്ന പോർട്ടിലെത്തി.

അതിർത്തിയിൽ ഞങ്ങൾക്ക് യാത്ര ചെയ്യുവാനുള്ള വാഹനം പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. രാജ്യന്തരതിർത്തിയിലെത്തിയപ്പോൾ കണ്ടകാഴ്ച്ച ദീനതയുടേതായിരുന്നു, സിറിയൻ  റഫ്യൂജീസ് ഇംഗ്ലണ്ടിലേക്ക് പ്രവേശിക്കുവാൻ  ഫ്രാന്സിന്റെ അതിർത്തിയിൽ അഭയാർത്ഥികളായെത്തിയവർ ദിവസങ്ങളോളമായി ടർപോള കൊണ്ട് കെട്ടിയ ടെന്റിൽ  പ്രതീക്ഷയോടെ നിസ്സഹായരായി താമസിക്കുന്നവരുടെ   ദയനീയത ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു.

 

അതിർത്തി കടന്നുള്ള വഴിമദ്ധ്യേ ഇന്ത്യാഗേറ്റ്പോലെ ഫ്രഞ്ച് ഗേറ്റ് , 300വർഷം പഴക്കമുള്ള പാലസ്, 1802 ൽ നെപ്പോളിയൻ  പണി കഴിപ്പിച്ച  വലിയ ആർച്ച്, ഇലക്ട്രോ കേബിൾ  സ്റ്റേഷൻ , മ്യൂസിക്ക് അക്കാഡമി, ലോകത്തിലെ ഏറ്റവും വലിയ അവന്യു ചാന്വ്സ് എലീസിസ് അതിനോട് ചേർന്ന് ഒരേ വലിപ്പത്തിലും ഉയരത്തിലുമുള്ള കെട്ടിടങ്ങൾ  എന്നിവ ആസ്വദിച്ച്, വീതിയും വൃത്തിയുമുള്ള മനോഹരവുമായ റോഡുകളിലൂടെ യാത്ര ചെയ്ത്,  നൊവോട്ടാ എന്ന ഹോട്ടലിൽ എത്തിച്ചേർന്നു.

പിറ്റേ ദിവസം രാവിലെ ഞങ്ങൾ  ലോകപ്രശസ്തമായ ലൌരേ മ്യൂസിയം കാണുവാനായി യാത്രതിരിച്ചു. ആഴ്ചാവസാനമായതിനാൽ റോഡുകൾ  വിജനമാണ്, തിരക്കൊന്നുമില്ല. തലേ ദിവസം തന്നെ, പാരീസ് ജനത  മദ്യലഹരിയിലമർന്ന് ക്ഷീണിച്ച് കിടപ്പായിരിക്കുമെന്ന് തെല്ലൊരു ചിരിയോടെ ഗൈഡ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയത്തിന്റെ പാർക്കിംങ്ങ് സ്പേസിൽ വണ്ടി നിർത്തി. ഭീമാകാരമായ ഈ കെട്ടിടം വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. നൂറ് വർഷം പഴക്കമുള്ള പ്രതിമകൾ വരെ അവിടെയുണ്ട്. അതൊരു കാണേണ്ട കാഴ്ച തന്നെയാണ്.

 

വെണ്ണക്കല്ലിൽ തീർത്ത ചിറകുള്ള പ്രതിമ ഏറെ മനോഹരമായ ശില്പം ഗ്രീക്ക് ദേവതയുടെതെന്ന് പറയപ്പെടുന്നു. രണ്ട് കൈകളും നഷ്ടപ്പെട്ട പ്രതിമയുടെ ഉടൽഭംഗി ആരേയും ആകർഷിക്കുന്നതാണ്. ഫ്രാൻസിന്റെ  പേരിനൊപ്പം പ്രസിദ്ധമാണ് ഈ പ്രതിമ. അവിടെ സ്ഥാപിച്ചിട്ടുള്ള പ്രതിമകൾ  മുഴുവനും കാണുവാൻ  പോയാൽ ഒരു ദിവസം തന്നെ തികയില്ല. മാപ്പ് നോക്കി തെരഞ്ഞെടുത്ത ചില പ്രധാനപ്പെട്ടവ മാത്രം കണ്ടു.

 മോണാലിസയുടെ ഒറിജിനൽ പെയിന്റിംങ്ങാണ് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയിലൊന്ന് . ഒരു വലിയ ഹാളിൽ അത് പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ മുൻപിൽ നിന്ന് ഫോട്ടെയെടുക്കുവാൻ  സന്ദർശകർ മത്സരം നടത്തുകയാണ്. മൊണാലിസ, മനസ്സിലുണർന്ന പുഞ്ചിരി അധരത്തിലൂടെ പ്രകടിപ്പിക്കാതെ, സന്ദർശകരെ വീക്ഷിക്കുന്നതായേ ചിത്രം കണ്ടാൽ തോന്നൂ.   

ഏത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിയാലും,  ഞങ്ങളുടെ ഇഷ്ടാനുസരണം കാഴ്ചകൾ  കണ്ട ശേഷം നിശ്ചിതസ്ഥലത്തെത്തണമെന്ന് ടൂർ മാനേജർ പറയാറുണ്ട്. അതനുസരിച്ച്, മ്യൂസിയം കണ്ടശേഷം ഞങ്ങളെല്ലാവരും ഒരുമിച്ച് കൂടി അവിടെ നിന്നും പെർഫ്യം വില്ക്കുന്ന കടയിൽ കൊണ്ട് പോയി. പെഫ്യുമിന്റെ വില കേട്ടതോടെ, ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കുറെ പേർ സ്ഥലം കാലിയാക്കി, പെർഫ്യം വാങ്ങി ഗിഫറ്റ് കൊടുക്കാമെന്നോർത്തിരുന്ന ഞങ്ങളും  വില കേട്ടതോടെ ആഗ്രഹം ഉപേക്ഷിച്ചു.

പിന്നീട് ഞങ്ങൾ  ചരിത്രസ്മരണകൾ  ഉണർത്തുന്ന രാജാവ് താമസിച്ചിരുന്ന വേഴ്സയിൽ കൊട്ടാരം കാണുവാൻ  പോയി. പാലസിനകത്തേക്ക് പ്രത്യേക ലൈസൻസുള്ള  ഗൈഡുകളെ മാത്രമേ അനുവദിക്കൂ. ഗൈഡായി ലൈസൻസ്  ലഭിക്കുവാൻ , ഇംഗ്ലീഷ് ഭാഷയിലും ചരിത്രത്തിലും ബിരുദം ഉണ്ടായിരിക്കണമെന്ന നിഷ്ക്കർഷയുണ്ട്.

 

 ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഗൈഡ്, കൊട്ടാരത്തെക്കുറിച്ച് വിശദീകരിച്ച് തന്നു. മനസ്സിലൂടെ രാജകൊട്ടാരത്തിൽ നടന്നിരുന്ന ആർഭാടവും ഘോഷങ്ങളും രാജാവിന്റെ ജീവിതരീതിയും ഒക്കെ അയവിറക്കാനുള്ള സന്ദർഭമായിരുന്നത്. രാജാവ് വിശ്രമവേളകളിൽ ഉല്ലാസിച്ചിരുന്ന പൂന്തോട്ടങ്ങളുടെ ഭംഗി, വിവിധ പൂച്ചെടികൾ  നട്ട് വളർത്തിയും പോണ്ടുകളും ലൈറ്റുകളും പഴയ പ്രതാപത്തോടെ നിലനിർത്തിയും, ഇന്ന് വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാക്കിയിട്ടുണ്ട്.

അവിടെ നിന്നും ഞങ്ങൾ  1889 ൽ പണിത ഈഫൽ ടവർ കാണുവാൻ  പോയി. ആധുനികസാങ്കേതികവിദ്യയില്ലായിരുന്ന കാലത്ത്, എത്രയോ പേരുടെ പ്രയത്നഫലമായി, മനുഷ്യനിർമ്മിതമായുണ്ടാക്കിയ ഈഫൽ  ടവർ ലോകാത്ഭുതങ്ങളിൽ ഒന്നാണ്,  1930 ൽ യൂറോപ്പിൽ മറ്റൊരു ടവർ നിർമ്മിക്കുന്നത് വരെയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തുവെന്ന ബഹുമതിയായിരുന്നു നാല് കാലുകളിൽ സ്ഥിതി ചെയ്യുന്ന  ടവറിനുണ്ടായിരുന്നത്. വാനനിരീക്ഷണവും റേഡിയോ സംപ്രക്ഷണവുമാണ് ഇതിലൂടെ സാധ്യമാവുന്നു. ഫ്രാൻസിൽ ഭീകരാക്രമണഭീഷണി നിലനിൽക്കുന്ന സമയമായിട്ട് കൂടി സഞ്ചാരികളെ കൊണ്ട് ഈ ഇരുമ്പ് ഗോപുരം നിറഞ്ഞിരിക്കയാണ്.

 മുകളിലേക്ക് കയറുവാൻ  ലിഫ്റ്റൊക്കെ പിടിപ്പിച്ചിട്ടുണ്ട്. ഏറ്റവും മുകളിലെത്തിയാൽ പാരിസ് സിറ്റി മുഴുവൻ  കാണാം. ശക്തമായ കാറ്റുള്ളപ്പോൾ  അവിടെയ്ക്ക് ആരേയും കടത്തിവിടാറില്ല. ഏതായാലും ഞങ്ങൾക്ക്  മുകളിലെത്തി സിറ്റി മുഴുവൻ  കാണുവാൻ  ഭാഗ്യം ലഭിച്ചു.

വൈകുന്നേരം ഒരത്ഭുതകാഴ്ച കാണാമെന്ന് പറഞ്ഞ് ടൂർ മാനേജർ ഞങ്ങളെ കൊതിപ്പിച്ചിരുന്നു. പക്ഷേ ഭീകരാക്രമണത്തിൽ നിരവധി പേർ മരിക്കാനിടയായതിനാൽ രാജ്യം ഒന്നടങ്കം അതിൽ പങ്ക് ചേരുന്നതിനാൽ ഈഫൽ ടവറിൽ എല്ലാ ദിവസവും അരങ്ങേറുന്ന വർണ്ണാഭമായ ദീപക്കാഴ്ച നിർത്തി വെച്ചിരുന്നു. രാജ്യവ്യാപകമായ ദുഖാചരണത്തിൽ ഞങ്ങളും പങ്ക് ചേർന്നുവെന്നതിൽ ആശ്വാസം തോന്നി.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.