ഞാനൊന്ന് പറഞ്ഞോട്ടെ!?

ഞാനൊന്ന് പറഞ്ഞോട്ടെ!?

കൊല്ലം പുന്തലത്താഴം ഗ്രാമത്തിൽ  കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ  മാതാവിന്റെയും നാലാമത്തെ മകനായി ജനിച്ച്‌  സ്ത്രീകളുടെ സ്വത്വം പേറി  വളർന്ന ട്രാൻസ്ജൻഡർ. ഭിന്ന ലിംഗക്കാരെന്നും മൂന്നാം ലിംഗക്കാരെന്നും പിന്നെയും പരശ്ശതം ഗ്രാമ്യ നാമങ്ങളും നൽകി നാം വിളിക്കുന്ന  ഒരു വിഭാഗത്തിന്റെ പ്രതിനിധി.  മനക്കരുത്തും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ട് ജീവിതത്തിന്റെ ഔന്യത്യങ്ങൾ കീഴടക്കിയ വ്യക്തിത്വം . ആക്ഷേപങ്ങളെ കരുത്താക്കിമാറ്റി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി മാറിയ രഞ്ജു രഞ്ജിമാറുമായി യൂണിക്‌ ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം

Renju Renjimar Unique Times
Renju Renjimar
  1. ട്രാൻസ്‌ജെൻഡർ എന്ന വിഭാഗത്തെ  അംഗീകരിക്കാതിരുന്ന  നിന്ന്  രീതികളിലേക്ക് എത്തപ്പെടാനുണ്ടായ സാഹചര്യം എന്തായിരുന്നു?

 അതിലേക്ക് എത്തപ്പെടാനായി ഒരു പ്രത്യേക  സാഹചര്യമൊന്നുമുണ്ടായില്ല. ഈ ലോകത്ത്  ഏതൊരു മനുഷ്യനെപ്പോലെയും അന്തസായി ജീവിക്കണമെന്നുള്ള ആഗ്രഹം.         ആക്ഷേപശരങ്ങൾ  കരുത്താക്കി പൊരുതി ജീവിതത്തിൽ മുന്നേറുക എന്ന ദൃഢനിശ്ചയമാണ്  എന്നെ ഇവിടെവരെ എത്തിച്ചത്, പരിപൂർണ്ണരായി സ്ത്രീയോ പുരുഷനോ ലോകത്തെവിടെയെങ്കിലും കണ്ടെത്താനാകുമോ ?  എല്ലാ മനുഷ്യരിലും  എതിർലിംഗത്തിലുള്ളവരുടെ അംശങ്ങൾ കണ്ടെത്താനാകും .ചിലരിൽ അവ അൽപ്പം കൂടുതലാണെന്ന് മാത്രം. അങ്ങനെ സംഭവിച്ചുപോയവരെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും  ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നത് പരിഷ്‌കൃതസമൂഹത്തിന്റെ അപരിഷ്‌കൃത മനഃസാക്ഷിയെന്നേ വിശേഷിപ്പിക്കാനാകുള്ളൂ,

2.രഞ്ജു രഞ്ജി മാർ എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ജീവിത വിജയത്തിലേക്കുള്ള  വഴിത്തിരിവ് എന്തായിരുന്നു ?

  ജീവിതവിജയം എന്നുപറയാൻ ഇപ്പോഴും ഞാൻ ജീവിതത്തിൽ വിജയിച്ചിട്ടുണ്ടോ എന്ന് എനിക്കുറപ്പില്ല  ഇപ്പോഴും ഞാൻ  ജീവിച്ചുകൊണ്ടിരിക്കുകയാണ് . ഇപ്പോൾ  ചെയ്‌തുകൊണ്ടിരിക്കുന്നതുകൂടാതെ ഇനി ജീവിതത്തിൽ നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് . അപ്പോൾ ഇതൊരു ജീവിതവിജയം എന്നവകാശപ്പെടാനാകില്ല. ഒരു വ്യക്തിയുടെ ജീവിതവിജയം കണക്കാക്കപ്പെടുന്നത് അയാളുടെ മരണത്തിലൂടെയാണ് . അവിടം വരെ പൊരുതിക്കൊണ്ടിരിക്കണം .ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്. ജീവിതത്തിലെ വഴിത്തിരിവ് എന്നുപറയുന്നത്  വ്യവസായി രവി പിള്ളയുടെ മകളുടെ കല്യാണമാണ്.

3.സർക്കാർ ഒട്ടനവധി ക്ഷേമപദ്ധതികൾ ട്രാൻസ്‌ജെന്റർ വിഭാഗത്തിനായി നടപ്പിലാക്കുന്നുണ്ട് . ഈ സമൂഹത്തിന് അതെത്രത്തോളം പ്രയോജനപ്രദമാകുന്നുണ്ട് ?  

         ഗവൺമെന്റ്  നടപ്പിലാക്കുന്ന പദ്ധതികൾ  വേണ്ടത്ര രീതിയിൽ വിനിയോഗിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് ഓരോ ട്രാൻസ് പേഴ്സണിന്റെയും കടമയാണ്. അത് പരമാവധി  ഉപയോഗപ്പെടുത്തുക  എന്നുള്ളൊരു മനോഭാവം എല്ലാ ട്രാൻസ്‌ജെന്റേഴ്സും ഉൾക്കൊള്ളണം. സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വിജയകരമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ട്. ഗവൺമെന്റ്  നടപ്പിലാക്കുന്ന പദ്ധതികൾ  വേണ്ടത്ര രീതിയിൽ വിനിയോഗിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് ഓരോ ട്രാൻസ് പേഴ്സണിന്റെയും കടമയാണ്. അത് പരമാവധി  ഉപയോഗപ്പെടുത്തുക  എന്നുള്ളൊരു മനോഭാവം എല്ലാ ട്രാൻസ്‌ജെന്റേഴ്സും ഉൾക്കൊള്ളണം. സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വിജയകരമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ട്.

4. സൗന്ദര്യമത്സര രംഗത്തേക്ക്  ട്രാൻസ്ജെന്റർസ്  ചുവടുവച്ചിരിക്കുകയാണ് . അതിൽ വിജയിക്കുകയും ചെയ്തു . ആ അനുഭവങ്ങൾ പങ്കുവയ്ക്കാമോ ?

  ഞാൻ എന്റെ മേക്കപ്പ് ജീവിതം തുടങ്ങുന്നതുതന്നെ  ഫാഷൻ ഷോകളിലൂടെയാണ് .  അപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്  ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ തന്നെ സ്ത്രീകളും പുരുഷന്മാരുമുണ്ട് . എന്തുകൊണ്ട് ഇത്തരം ഷോകൾ നമുക്കായി സംഘടിപ്പിച്ചുകൂടാ എന്നത്. ഇത്തരം വേദികളിൽ  നിന്നും മാറ്റി നിർത്തപ്പെടുകയോ അല്ലെങ്കിൽ പുറത്തറിയപ്പെടാതാകുകയോ ചെയ്യപ്പെടുകയും  ചെയ്യുന്നതിൽ നിന്നാണ് സൗന്ദര്യമത്സരം എന്ന ആശയം ഉരുത്തിരിഞ്ഞത്, ഞാൻ ലാക്മെ ഫാഷൻ വീക്ക് വിൽസ് ഇന്ത്യ ഫാഷൻ വീക്ക് ഇവയിലൊക്കെ   മേക്കപ്പ് ആർട്ടിസ്റ്റായി വർക്ക്  ചെയ്തിട്ടുണ്ട് . അതുപോലെ കേരളത്തിൽ നടന്ന നിരവധി ബ്യൂട്ടി പേജന്റുകളിലും ഫാഷൻ ഷോകളിലും മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. അതിൽ നിന്ന് കിട്ടിയ പ്രചോദനമാണ്  ട്രാൻസ്ജെന്റർസിനായി സൗന്ദര്യമത്സരങ്ങൾ സങ്കടിപ്പിക്കാൻ കാരണം,

Renju Renjimar Unique Times
Renju Renjimar

5. പുരാണങ്ങളിലൂടെ  നമ്മൾ  അറിഞ്ഞിട്ടുള്ള  ” അർദ്ധനാരീശ്വര സങ്കല്പം. ” ഇതേക്കുറിച്ച്  എന്താണ് താങ്കളുടെ അഭിപ്രായം ?

     അർദ്ധനാരീശ്വര സങ്കല്പത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. പക്ഷെ അത് എന്നിൽ കുടി കൊള്ളൂന്നുണ്ടോ എന്നോ എൻറെ കമ്മ്യൂണിറ്റിയിൽ കുടികൊള്ളുന്നുണ്ടെന്നോ എനിക്കറിയില്ല. പക്ഷെ പുരാതനകാലത്തും ഇവിടെ ട്രാൻസ്പേഴ്സൺസ് ജീവിച്ച് മരിച്ചിരുന്നു . അതൊക്കെ പാർശ്വവൽക്കരിക്കപ്പെട്ടുപോകുകയായിരുന്നു. ശ്രീരാമൻറെ അന്ത്യകാലത്ത് സരയൂനദിയിലേക്ക് ഇറങ്ങിപ്പോകുമ്പോൾ നദിക്കരയിലുണ്ടായിരുന്ന  പുരുഷാരം ഞങ്ങളെങ്ങനെ ജീവിക്കുമെന്ന് ചോദിച്ച്‌ നിലവിളിക്കുകയായിരുന്നു, ഓരോരുത്തർക്കും ജീവിതമാർഗ്ഗങ്ങൾ  അദ്ദേഹം പറഞ്ഞുകൊടുക്കുമ്പോൾ  നമ്മുടെ വിഭാഗത്തിൽപ്പെട്ടവർ ചോദിച്ചു ഞങ്ങൾ ആണിലും പെണ്ണിലും ഉൾപ്പെട്ടവരല്ല, ഞങ്ങളുടെ ജീവിതമാർഗ്ഗം എന്താണെന്ന് . നിങ്ങൾ ഭിക്ഷാടനം നടത്തി പുലർന്നുകൊൾക എന്നദ്ദേഹം പ്രതികരിച്ചു എന്നാണ് പുരാണം പറയുന്നത്. ഉത്തരേന്ധ്യയിൽ ഇപ്പോഴും നമ്മുടെ വിഭാഗം ആ സങ്കൽപ്പത്തിൽ ജീവിക്കുന്നവരാണ് .കിന്നാരർ എന്നാണ് അവിടെ അറിയപ്പെടുന്നത് .

അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ നിന്നുതന്നെയാണ് ട്രാൻസ്ജെൻഡെർഴ്സ് ഉണ്ടാകുന്നത് എന്നത് ഒരു വിഭാഗം ഇപ്പോഴും വിശ്വസിച്ചുപോരുന്നുണ്ട്.   

6.വിമർശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?

     വിമർശനങ്ങളെ ചിരിച്ചുകൊണ്ട് തന്നെ  നേരിടും . ഓരോ വ്യക്തിക്കും വിമർശിക്കാൻ അവകാശമുണ്ട് .പലരീതിയിലാണ് ഓരോരോ വ്യക്തികളുടെയും വിമർശന രീതി .  അതുപോലെ തന്നെയാണ് ആശംസിക്കുന്നതും . അത് ഓരോരുത്തരുടെയും അവകാശമാണ്. ഒരാൾ എന്നെ വിമർശിക്കാനോ ആശംസിക്കാനോ എന്നത് അയാളുടെ മാനസികാവസ്ഥയെ അനുസരിച്ചിരിക്കും .അതവർക്ക് എങ്ങനെവേണമെങ്കിലും പ്രകടിപ്പിക്കാം. രണ്ടായാലും ഞാൻ ചിരിച്ചമുഖത്തോടുകൂടി സ്വീകരിക്കും.

7. ട്രാൻസ്‌ജെന്റേഴ്സിനോടുള്ള  ഈ സമൂഹത്തിന്റെ  മനോഭാവത്തിന് എന്തൊക്കെ മാറ്റങ്ങൾ വരണമെന്നാണ് താങ്കൾ കരുതുന്നത് ?

  ഈ ഭൂമിയിൽ ആണിനും പെണ്ണിനും മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും പക്ഷിമൃഗാദികൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് മനസിലാക്കുക . അതുപോലെ ട്രാൻസ്‌ജെന്റേഴ്‌സിനും ഇവിടെ ജീവിക്കേണ്ടതുണ്ട് .ജീവിതത്തിൽ എന്തൊക്കെ നേടിയാലും രമ്യഹർമ്യങ്ങൾ പടുത്തുയർത്തിയാലും ആഡംബരവാഹനങ്ങളിൽ സഞ്ചരിച്ചാലും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചാലും അവസാനം വെറും ആറടിമണ്ണിൽ ഒതുങ്ങേണ്ടവരാണ് എന്ന സത്യം എല്ലാപേരും ഓർക്കുക .ഈ ചിന്താഗതിയുള്ള മനുഷ്യർക്ക് തുല്യത എന്തെന്ന് മനസിലാകും . അവജ്ഞയോടെ നോക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന മനോഭാവത്തിന് മാറ്റം വരേണ്ടത് അനിവാര്യമാണ്.

8. പുതിയ പദ്ധതികൾ എന്തൊക്കെയാണ് ?

  പുതിയ പദ്ധതികൾ എന്നുപറഞ്ഞാൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായിട്ട്  ” ക്വീൻ ഓഫ് ധ്വയ ” എന്ന സൗന്ദര്യമത്സരത്തിലൂടെ  അവർക്ക് ഫാഷൻറെ മന്ത്രികലോകം തുറന്നുകൊടുത്തു. ഈ വിഭാഗത്തിൽ ഭൂരിപക്ഷംപ്പേരും ഫാഷൻറെ ലോകവുമായി ചേർന്നുനിൽക്കാൻ  ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ കേരള സാമൂഹികനീതി വകുപ്പിൻറെ  സംയുക്തത്തിൽ ട്രാൻസ്ജെന്റർസിന് വേണ്ടി ലോകത്തിലാദ്യമായി “ധ്വയ ട്രാൻസ്ജെന്റർസ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ   ഒരു ബ്യൂട്ടി അക്കാഡമി തുടങ്ങി. 35 പേർ ഇവിടെനിന്നും പരിശീലനം നേടി വിവിധ പാർലറുകളിൽ ജോലി ചെയ്തുവരുന്നു. നിരവധിപേർ മേക്കപ്പ് മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. അവരുടെ തൊഴിലിടങ്ങൾ സുതാര്യമാക്കാൻ സാധിച്ചുവെന്നുള്ളതാണ്. അതുപോലെതന്നെ അവരുടെ ഉള്ളിലുള്ള കലകൾ , പാട്ട് ,നൃത്തം ,എഴുത്ത് , അഭിനയം ഇവയൊക്കെ പ്രോത്സാഹിപ്പിക്കുകയും  പരിപോഷിപ്പിച്ചെടുക്കുകയുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

9. സെലിബ്രിറ്റി മേക്കപ്പ് രംഗത്തേക്ക് വന്നുചേർന്നതെങ്ങനെയാണ് ?

  ഞാൻ അവിചാരിതമായി എത്തപ്പെട്ടതാണ്. വഴി തെറ്റി വന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നാണ് ഞാൻ എന്നെ വിശേഷിപ്പിക്കുന്നത്. ഒരിക്കലും ഇത്രയും പേരുകേട്ട സിനിമാതാരങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആകുമെന്നോ അവരോടൊപ്പം വേദിപങ്കിടുമെന്നോ സ്വപ്നത്തിൽപ്പോലും നിനച്ചിരുന്നില്ല എന്നുള്ളതാണ് വാസ്തവം . ദൈവനിശ്ചയം , അമ്മയുടെ പ്രാർത്ഥന ,അതിലൊക്കെയുപരി വിധി.

10. കുടുംബം , വിദ്യാഭ്യാസം ?

അമ്മ .ഒരു സഹോദരി ,ഒരു സഹോദരൻ ഇത്രയുംപേരാണ്  ഇപ്പൊ കുടുംബത്തിലുള്ളത് . അച്ഛനും ഒരു സഹോദരനും മരിച്ചു. എല്ലാപേരും സെറ്റിൽഡാണ് .  കൊല്ലം ജില്ലയിലെ പുന്തലത്താഴം എന്ന സ്ഥലത്ത് മീനാക്ഷി വിലാസം സ്കൂളിലും ഫാത്തിമ മാതാ കോളേജിൽ പ്രീ ഡിഗ്രി പൂർത്തിയാക്കി.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.