പ്രണയദ്വീപിലെ വിശേഷങ്ങൾ…..

പ്രണയദ്വീപിലെ വിശേഷങ്ങൾ…..

പ്രണയദ്വീപിനെക്കുറിച്ചുള്ള വിശേഷണങ്ങൾ  എത്ര വിവരിച്ചാലും മതിയാവില്ലെന്ന് തോന്നുന്നു. അത്രയ്ക്കുണ്ട് അവിടത്തെ വിശേഷങ്ങൾ .തീർത്ഥക്കുളം  സന്ദർശിച്ചശേഷം ഞങ്ങളൾ  തടാകത്തിനകത്ത് പണിതിരിക്കുന്ന കൊട്ടാരം കാണുവാനായിപോയി. ഈ വാട്ടർ പാലസ്‌  ഉജ്ജൻ വാട്ടർ പാലസ് എന്ന പേരിലും അറിയപ്പെടുന്നു.അമലപുരിയിൽ നിന്ന് അഞ്ച് കി.മി. അകലെയാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

കളങ്കേശം രാജാവിന് അവിടെയുള്ളൊരു ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് നിന്നപ്പോഴാണ് തടാകത്തിനകത്ത് കൊട്ടാരം പണിയുവാനുള്ള ആശയം ഉദിച്ചത്.ചൈനീസ് ശില്പ്പകലാവിദഗ്ദ്ധനാണ് ഈ കൊട്ടാരം രൂപകല്പ്പന ചെയ്തത്.

1921ൽ പണി തുടങ്ങി 1937ൽ പണി പൂർത്തിയാക്കിയശേഷം അഗ്നിപർവ്വതസ്ഫോടനം മൂലവും ഭൂമികുലുക്കത്താലും കൊട്ടാരത്തിന് വളരെ നാശനഷ്ടങ്ങൾ  സംഭവിച്ചെങ്കിലും കേടുപാടുകൾ  തീർത്ത് അതിന്റെ മനോഹാരിത ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്.

അവിടെയ്ക്ക് പ്രവേശിക്കുന്നതിന് പ്രത്യേക ഡ്രസ് കോഡൊന്നുമില്ലെങ്കിലും, പ്രവേശനത്തിന് നിശ്ചിതതുക നല്കി പ്രവേശനപാസ്സ്‌  എടുക്കണം.

പ്രവേശനകവാടം മുതൽ ധാരാളം ഭംഗിയുള്ള ചെടികളും മരങ്ങളും പിടിപ്പിച്ച് ആകർഷകമാക്കിയിട്ടുണ്ട്.

കുറെ അകത്തേക്ക് ചെന്ന് കഴിയുന്വോൾ  മദ്ധ്യത്തിലായി വലിയ തടാകം. അതിന് മദ്ധ്യത്തിലായി വലിയ കോട്ടാരം. അതിലേക്ക് പ്രവേശിക്കുന്നതിനും മടങ്ങുന്നതിനുമായി രണ്ട് വശങ്ങളിലുമായിട്ടാണ് പാലം പണിതിരിക്കുന്നത്.പാലങ്ങൾക്കിടയിലെ തൂണുകളിൽ മുഴുവന് കൊത്തുപണികൾ  കൊണ്ട് മോടി പിടിപ്പിച്ചിരിക്കുന്നു. അതിനകത്ത് പ്രവേശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് ആരും ഇല്ല, ഒരു പക്ഷെ ക്യാമറകൾ  സ്ഥാപിച്ചിട്ടുണ്ടാവാം.ഇത് രാജാക്കന്മാര്ക്ക് വിശ്രമിക്കുവാനായി  പണിതീർത്തതാണെന്നാണ് അറിഞ്ഞത്.

കൊട്ടാരം കണ്ട് മടങ്ങിയപ്പോൾ , അതിന് പിന്നിൽ ധാരാളം പടവുകൾ  മുകളിലേക്ക് പണിതിരിക്കുന്നു. അതൊരു മലമുകളിലേക്കാണ് ചെന്നെത്തുന്നത്. അവിടെ കൊട്ടാരസമാനമായ ഹോം സ്റ്റേകൾ  ഉണ്ടെന്ന് മനസ്സിലായി..ഞങ്ങളുടെ പ്രോഗ്രാമനുസരിച്ച് മറ്റൊരു ക്ഷേത്രദർശനം കൂടെയുള്ളതിനാൽ, മലമുകളിൽ  സന്ദർശനം നടത്തണമെന്ന  ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ ഉദ്യമം ഉപേക്ഷിച്ചു. കൊട്ടാരത്തിന്റെ പിന്നിലുടെ ഞങ്ങൾ  യാത്ര തിരിച്ചപ്പോൾ  രണ്ട് തെങ്ങ് ഉയരത്തിൽ   ഏറുമാടത്തിന്റെ ആകൃതിയിൽ പണിതിരിക്കുന്ന ഒരു സ്ട്രച്ചർ കണ്ടു. അതിലേക്ക് കയറുവാനായി  കുറെയധികം പടവുകൾ  കയറണം. മുകളിലേക്കുള്ള  പടവുകൾ  കയറുവാൻ  ബുദ്ധിമുട്ടുള്ളവർ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിലും താഴെ നിന്നും അതിന്റെ ഭംഗി കണ്ടിട്ട് എല്ലാവരും പടവുകൾ  കയറി മുകളിലെത്തി. അവിടെ നിന്നാൽ ആ പ്രദേശം മുഴുവൻ  നിരീക്ഷിക്കാം. രാജാക്കന്മാർ വിശ്രമിക്കുന്വോഴും അവരെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുവാനായി  ഏർപ്പെടുത്തിയിരുന്ന സംവിധാനമായിരുന്നിത്.

മടങ്ങുന്നതിന് മുന്വ് ഞങ്ങൾ  കുറച്ച് സമയം കൊട്ടാരത്തിന് മുന്വിലുള്ള തടാകത്തിനരികെ ഇരുന്നു. നിശ്ചലമായ തടാകത്തിൽ കൊട്ടാരത്തിന്റെ പ്രതിബിംബം ജലാശയത്തിൽ പ്രതിഫലിച്ചിരുന്ന കാഴ്ച അതിമനോഹരമായിരുന്നു. അന്തർദേശീയവിനോദസഞ്ചാരഭൂപടത്തിൽ അമിതപ്രാധാന്യം നല്കിയിരിക്കുന്ന ആ ദൃശ്യം നേരിൽ ദർശിക്കാനായ സന്തോഷത്തോടെ, സന്ധ്യസമയം കഴിഞ്ഞതിനാലും ആകാശം ഇരുളിലേക്ക് അണയുവാനുള്ള തിരക്കിലായതിനാലും ഞങ്ങൾ  താമസസ്ഥലം  ലക്ഷ്യമാക്കി അവിടെ നിന്നും മടങ്ങി.

പിറ്റേ ദിവസം ബടുഗാൻ  മലയുടെയും ഉലൻ  ദാനു മലയുടെയും  തീരത്തെ ശിവക്ഷേത്രദർശനത്തിനായി പോയി. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ബാലിക്കാർക്ക്, ജലസേചനത്തിനായി ആശ്രയിച്ചിരുന്ന ജലസംഭരണിയായ നദിയുടെ ദേവതയെ ആരാധിച്ച് പ്രീതിപ്പെടുത്തുവാനായി 1633 ൽ പണി കഴിപ്പിച്ചതാണീ ക്ഷേത്രം. മലയും നദിയും കൊണ്ട് പ്രകൃതിരമണീയമായ പ്രദേശത്ത് തട്ടുകളായി പണിതിരിക്കുന്ന ക്ഷേത്രത്തിന് ചുറ്റിനുമുള്ള മനുഷ്യനിർമ്മിതമായ പൂങ്കാവനവും ശില്പ്പങ്ങളും കൊണ്ട് ആകർഷകമാക്കിയിരിക്കുന്നതിനാൽ ദേവിയുടെ സാന്നിദ്ധ്യം ജനിപ്പിക്കുന്ന അന്തരീക്ഷം.

അവിടെ നിന്നും മടങ്ങുന്നതിന് മുൻപായി 1892 ൽ പണിത ടാമൻ  ആയുൺ   ക്ഷേത്രത്തിലും ദർശനം നടത്തി. കറുത്ത കൂണുകളുടെ ആകൃതിയിലും നിറത്തിലും കാണുന്ന ക്ഷേത്രം രാജാക്കന്മാർക്ക് വേണ്ടി പ്രത്യേകം പണികഴിപ്പിച്ചതാണ്. പ്രധാനലക്ഷ്യം ജലസംഭരണം തന്നെയാണ്. ക്ഷേത്രത്തിന് ചുറ്റിനും നദിയുണ്ട്. ഇവിടെയും ക്ഷേത്രത്തിന് ചുറ്റിനുമുള്ള പൂന്തോട്ടം ആരേയും ആകർഷിക്കുന്നവയാണ്. ശ്രീനാരായണഗുരുദേവന്റെ സങ്കല്പ്പമനുസരിച്ച്, ക്ഷേത്രത്തിനകത്ത് കാറ്റ് കടക്കണമെന്നും, ചുറ്റിനും വിശാലമായ സ്ഥലവും പൂങ്കാവനവും വേണമെന്നുമാണല്ലോ. അതനുസരിച്ച് പണിത ക്ഷേത്രത്തെപ്പോലെയാണെനിക്ക് തോന്നിയത്.

അന്ന് ഞങ്ങൾക്ക്  താമസിക്കുന്നതിനായി മറ്റൊരു ഹോം സ്റ്റേ ബുക്ക് ചെയ്തിരുന്നതിനാൽ ഞങ്ങളുടെ അവിടെയ്ക്കുള്ള യാത്രാമദ്ധ്യേ വെള്ളച്ചാട്ടം കാണുവാനായി  പോയി. അത് ഞങ്ങളുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ കം ഗൈഡ് നിർദ്ദേശിച്ചതിനാൽ  പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. അവിടെ പ്രശസ്തമായ കുറെ വെള്ളച്ചാട്ടമുണ്ടെന്നറിയാൻ  കഴിഞ്ഞെങ്കിലും സമയപരിമിതിയനുസരിച്ച് ചിട്ടപ്പെടുത്തിയ യാത്രയായതിനാൽ ഞങ്ങൾ  മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രോഗ്രാമനുസരിച്ച് യാത്ര തുടരുകയാണല്ലോ. ഇതൊരു ചെറിയ വെള്ളച്ചാട്ടമായിരുന്നെങ്കിലും അവിടെയെത്തിയപ്പോൾ  അപ്രതീക്ഷിതമായി പെയ്ത മഴയും കാറ്റും മുലം ഞങ്ങൾക്കൊരു  സാഹസികതയുള്ള യാത്രയായാണ് അനുഭവപ്പെട്ടത്.

കുത്തയിലെ നാട്യയെന്ന ഹോട്ടലിലായിരുന്നു പിന്നീട് രണ്ട് ദിവസത്തെ താമസം. കുത്തയിലിലുള്ള താനാലോട്ട് ക്ഷേത്രത്തിലെ ബരുണദേവന് ഭക്തർക്ക് കടലിൽ പാതയൊരുക്കി സ്വീകരിക്കുന്നത് അനുഭവിക്കുവാനും ഞങ്ങൾക്ക്  ഭാഗ്യം ലഭിച്ചു. അതൊരു മഹാത്ഭുതം തന്നെയാണ്.ഇളകി മറിയുന്ന കടലിൽ ഒരു നിശ്ചിതസമയത്ത് മാത്രം കുറച്ച് സമയം നിലങ്ങളിൽ കാണുന്ന വരമ്പ് പോലെ പാതയുണ്ടാക്കി  ഭക്തർക്ക് പ്രവേശനം നല്കുന്ന ഭഗവാന്. ദർശനത്തിന് പാതയിലൂടെ പോയതും കുറെ കഴിഞ്ഞപ്പോൾ ആർത്തിരന്വുന്ന ഓളവും തിരയും അവിടെ തന്നെ ദർശിക്കുകയും ചെയ്തപ്പോൾ  നാമറിയാതെ തന്നെ ജഗദീശ്വരനെ കൈകൂപ്പി വണങ്ങിപ്പോവും. ഈ ക്ഷേത്രങ്ങളുടെ നാടിനെക്കുറിച്ച് കൂടുതൽ വായിച്ചറിയുവാൻ  ദൈവത്തിന്റെ സ്വന്തം ദ്വീപെന്ന പുസ്തകം ആമസോണ്,ഫ്ലിപ്പ് കാർട്ട് എന്നിവയിൽ ലഭ്യമാണ്.

Dr. പി.കെ. ജയകുമാരി

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.