മുലപ്പാല്‍ എന്ന അമൃത്

മുലപ്പാല്‍ എന്ന അമൃത്

ഇന്നത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളാലും അതിരു കടന്ന സൗന്ദര്യബോധത്താലും പല അമ്മമാരും മുലയൂട്ടാന്‍ വിമുഖത കാണിക്കുന്നതായി കണ്ടുവരുന്നു. അതിനാല്‍ മുലയൂട്ടലിന്‍റെ പ്രാധാന്യം മനസ്സിലാക്കി പ്രോല്‍സാഹിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ആഗസ്റ്റ് ആദ്യവാരം ലോകമുലയൂട്ടല്‍ വാരമായി ആഘോഷിച്ചു വരുന്നത്.

ഭൂമിയില്‍ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിന്‍റെയും ജന്മാവകാശമാണ് മുലപ്പാല്‍. കുഞ്ഞുങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ ഏറ്റവും നല്ല ആഹാരം എപ്പോഴും മുലപ്പാല്‍ തന്നെയാണ്. പ്രസവാനന്തരം ആദ്യത്തെ രണ്ട് മൂന്ന് ദിവസം സ്തനങ്ങളില്‍ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാല്‍ (കൊളസ്ട്രം) നിര്‍ബന്ധമായും കുഞ്ഞുങ്ങള്‍ക്ക് നല്‍കണം. കൊളസ്ട്രം നല്‍കുന്നത് വഴി കുഞ്ഞിന്‍റെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു, ദഹനേന്ദ്രിയ വ്യവസ്ഥ കാര്യക്ഷമമാകുന്നു, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍, ആസ്ത്മ, കരപ്പന്‍ തുടങ്ങിയ അലര്‍ജി രോഗങ്ങള്‍ക്കെതിരെയും സംരക്ഷണം ലഭിക്കുന്നു. മുലപ്പാലില്‍ കുഞ്ഞിന്‍റെ ശരീര വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും നിര്‍ദ്ദിഷ്ടമായ അനുപാതത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കുഞ്ഞിന്‍റെ ആദ്യത്തെ ആറ്മാസം മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നു.

സാധാരണഗതിയില്‍ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനകം മുലയൂട്ടണം. എന്നാല്‍ സിസേറിയനാണെങ്കില്‍ നാലു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കിയാല്‍ മതി. കാരണം അമ്മയ്ക്ക് നല്‍കിയിരിക്കുന്ന അനസ്തേഷ്യ മുതലായവയില്‍ നിന്ന് മുക്തി നേടാനുള്ള കാലതാമസമാണിത്. കുഞ്ഞിനെ ഒരു ദിവസം എത്ര തവണ മുലയൂട്ടണമെന്ന് കൃത്യമായ കണക്കൊന്നുമില്ല. പൊതുവെ രണ്ട് മണിക്കൂര്‍ ഇടവിട്ട് നവജാതശിശുവിന് മുലപ്പാല്‍ നല്‍കാം. അതോടൊപ്പം കുഞ്ഞിന് ആവശ്യം തോന്നുമ്പോഴെല്ലാം പാല്‍ നല്‍കാം. ഇരു സ്തനങ്ങളും മാറി മാറി കൊടുക്കണം. ഒരു തവണ ഇരുപത് മിനിറ്റ് വരെ മുലയൂട്ടാം. അതിനുശേഷം കുഞ്ഞിനെ തോളിലിട്ട് പുറത്ത് തട്ടിക്കൊടുക്കണം. ഇത് ഗ്യാസ് മൂലമുള്ള പ്രശ്നം കുറയ്ക്കാന്‍ സഹായിക്കും. കുഞ്ഞ് പാല്‍ കുടിക്കുമ്പോള്‍ മാത്രമാണ് പാലിന്‍റെ അളവ് കൂടുന്നത്. മുലയൂട്ടുന്ന സമയത്ത് അമ്മമാരെ പൊതുവെ അലട്ടുന്ന സംശയമാണ് കുഞ്ഞിന് പാല്‍ തികയുന്നുണ്ടോ എന്നത്. പാല്‍ കുടിച്ച് കുഞ്ഞ് രണ്ട് മണിക്കൂറെങ്കിലും സുഖമായി ഉറങ്ങുന്നുണ്ടെങ്കില്‍ ആവശ്യത്തിനുള്ള പാല്‍ ലഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. അതുപോലെ കുഞ്ഞ് പലതവണ മൂത്രമൊഴിക്കുക, നാലഞ്ച് തവണ മലം അയഞ്ഞുപോകുക, കുഞ്ഞിന്‍റെ ശരീരഭാരം ക്രമേണ കൂടിവരിക എന്നിവയെല്ലാം കുഞ്ഞിന് ആവശ്യമായ പാല്‍ ലഭിക്കുന്നു എന്നതിനുള്ള തെളിവുകളാണ്.

ആദ്യത്തെ ആറ് മാസം കഴിയുമ്പോള്‍ മുലപ്പാലിന്‍റെ ഗുണങ്ങള്‍ക്രമേണ കുറഞ്ഞു വരുന്നു. അതിനാല്‍ ആറ് മാസം കഴിഞ്ഞാല്‍ മുലപ്പാലിനോടൊപ്പം മറ്റ് പോഷകാഹാരങ്ങള്‍ (കുറുക്ക്, പഴച്ചാറുകള്‍ മുതലായവ) കൊടുത്തു തുടങ്ങണം. ആദ്യ ആറു മാസം എപ്പോഴും മുലപ്പാല്‍ മാത്രം നല്‍കുന്നതാണുത്തമം. എന്നാല്‍ അമ്മയുടെ മരണം, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍, മുലപ്പാലിന്‍റെ കുറവ് മുതലായ എന്തെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അമ്മയുടെ പാല്‍ നല്‍കാന്‍ കഴിയാതെ വന്നാല്‍ ആട്ടിന്‍പാല്‍ നാലിരട്ടി വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് നല്‍കാം. ആട്ടിന്‍ പാല്‍ കിട്ടിയില്ലെങ്കില്‍ മാത്രം പശുവിന്‍ പാല്‍ ഇപ്രകാരം ഉപയോഗിക്കാം. എന്നാല്‍ പശുവിന്‍ പാല്‍ പല കുട്ടികളിലും അലര്‍ജി ഉണ്ടാക്കുന്നതായി കാണാറുണ്ട്. ഇപ്രകാരം കൊടുക്കുന്ന പാല്‍ കുപ്പികളില്‍ നല്‍കാതെ ചെറിയ സ്പൂണ്‍ കൊണ്ട് കൊടുക്കുന്നതാണ് നല്ലത്. കാരണം പാല്‍ കുപ്പി ഉപയോഗിച്ച് പാല്‍ കുടിക്കുന്നത് മുലപ്പാല്‍ കുടിക്കുന്നതിനേക്കാള്‍ ആയാസം കുറവാണ്. കുഞ്ഞുങ്ങള്‍ക്ക് തുടര്‍ച്ചയായി പാല്‍കുപ്പികളില്‍ പാല്‍ കൊടുത്താല്‍ (Nipple confusion) ഉണ്ടാക്കുന്നു. അതിനാല്‍ കുഞ്ഞുങ്ങള്‍ പിന്നീട് മുലപ്പാല്‍ കുടിക്കാന്‍ മടി കാണിക്കുന്നതായി കണ്ടുവരുന്നു.

മുലയൂട്ടുന്ന കാലഘട്ടത്തില്‍ അമ്മ പോഷകസമൃദ്ധമായ ആഹാരം കഴിക്കണം. അതുവഴി മുലപ്പാലിന്‍റെ അളവും ഗുണവും വര്‍ദ്ധിക്കുന്നു. ഭക്ഷണത്തില്‍ ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തണം. ധാരാളം വെള്ളം കുടിക്കണം. കാപ്പി, പാലുല്‍പ്പന്നങ്ങള്‍, ഉഴുന്ന്, ചോക്ലേറ്റ്സ്, മദ്യം മുതലായവ ഒഴിവാക്കണം. അമ്മയുടെ ആഹാരവിഹാരങ്ങല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുലപ്പാല്‍ ദുഷിക്കാന്‍ കാരണമാകും. അത് കുഞ്ഞിന് പലതരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു. ഒരു ഗ്ലാസ്സില്‍ ശുദ്ധജലമെടുത്ത് അതിലേക്ക് മുലപ്പാല്‍ കുറച്ച് പിഴിഞ്ഞൊഴിച്ചാല്‍ ജലത്തില്‍ നല്ലതുപോലെ ലയിക്കുമെങ്കില്‍ അത് പരിശുദ്ധമാണ്. അങ്ങനെയല്ലയെങ്കില്‍ ആ മുലപ്പാല്‍ അശുദ്ധവുമാണ്. ഇപ്രകാരം രണ്ടാഴ്ച കൂടുമ്പോള്‍ ഒന്നോ രണ്ടോ തവണയെങ്കിലും അമ്മയുടെ സ്തന്യശുദ്ധി ഉറപ്പു വരുത്തണം. ഈ അവസ്ഥയില്‍ അമ്മയ്ക്ക് സ്തന്യശുദ്ധി വരുത്താനുള്ള ചികിത്സ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യണം. അമ്മയ്ക്കും കുഞ്ഞിനും ഒരു രോഗവുമുണ്ടാകാതിരിക്കുന്നു എന്നതാണ് ശുദ്ധസ്തന്യലക്ഷണം എന്ന് ആയുര്‍വേദത്തില്‍ പറയുന്നു. അമ്മക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം, പോഷകാഹാരക്കുറവ്, വെള്ളം കുടിക്കുന്നത് കുറയുക, ഉറക്കം കുറയുക, കുഞ്ഞിനെ മുലയൂട്ടുന്ന ഇടവേള കൂടുക മുതലായ കാരണങ്ങളാല്‍ മുലപ്പാല്‍ കുറയാം. മുരിങ്ങയില നെയ്യ് ചേര്‍ത്ത് വരട്ടി കഴിക്കുക, ഞവരയരിയും ചെറുപയറും ചേര്‍ത്ത് കഞ്ഞി വച്ച് തേങ്ങാപാല്‍ ചേര്‍ത്ത് കഴിക്കുക, കഞ്ഞിതെളിയില്‍ പരിപ്പ് വേവിച്ചത്, ശതാവരിക്കിഴങ്ങ് പാല്‍കഷായം മുതലായവ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മുലയൂട്ടുന്നതിന് മുമ്പായി അമ്മ സുഖകരമായ രീതിയില്‍ ഇരുന്ന് കുഞ്ഞിനെ യുക്തമായ രീതിയില്‍ എടുക്കണം.
  • മുലപ്പാല്‍ കൊടുക്കുന്നതിന് മുമ്പും ശേഷവും ചെറുചൂടുവെള്ളത്തിലോ ചന്ദനം, രാമച്ചം, കുറുന്തോട്ടി ഇവ കൊണ്ട് വച്ച കഷായത്തിലോ തുണി മുക്കി മുലഞെട്ടുകള്‍ നന്നായി തുടക്കണം.
  • മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുത്ത ഭാഗവും അമ്മയുടെ കൈ കൊണ്ട് പിടിച്ച് വായിലാക്കി വേണം പാല്‍ കൊടുക്കേണ്ടത്. അല്ലാത്ത പക്ഷം മുലക്കണ്ണ് പൊട്ടി വേദന അനുഭവപ്പെടും. അത് പിന്നീട് മുലയൂട്ടാന്‍ പ്രയാസമുണ്ടാക്കും ( Cracked nipples). ഇതിന് ശുദ്ധമായ നെയ്യോ വെണ്ണയോ അല്ലെങ്കില്‍ മഹാതിക്തകഘൃതം ശതധൗതഘൃതം പോലുള്ള ഔഷധങ്ങളോ ലേപനം ചെയ്യാം. പിന്നീട് കുഞ്ഞിന് മുലയൂട്ടുന്നതിന് മുമ്പായി ചെറുചൂടുവെള്ളത്തില്‍ തുണി മുക്കി തുടച്ചുകളയണം.
  • ആദ്യകാലങ്ങളില്‍ ഒരു കാരണവശാലും കിടന്നുകൊണ്ട് പാല്‍ കൊടുക്കരുത്. അത് പലപ്പോഴും കുഞ്ഞിന്‍റെ തൊണ്ടയില്‍ പാല്‍ കെട്ടിക്കിടക്കാനും അതുവഴി ശ്വാസതടസ്സം ഉണ്ടായി മരണം സംഭവിക്കാനും കാരണമാകാം.
  • മുലപ്പാല്‍ കുടിക്കുന്ന സമയത്ത് കുഞ്ഞിന് ഏതെങ്കിലും തരത്തില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ പാല്‍ നല്‍കുന്നത് നിര്‍ത്തി കുഞ്ഞിനെ ചരിച്ച് കിടത്തി അധികമുള്ള പാല്‍ ഒഴുക്കിക്കളയണം, ശേഷം ചുമലിലിട്ട് തട്ടണം. മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണം ചെയ്യുന്നു. അമ്മയ്ക്ക് ഗര്‍ഭകാലത്തെ മാനസിക പ്രശ്നങ്ങള്‍ കുറയുന്നു, പ്രസവാനന്തരം ഗര്‍ഭപാത്രം പഴയ അവസ്ഥയിലേക്ക് വേഗത്തില്‍ ചുരുങ്ങാന്‍ സഹായിക്കുന്നു, പ്രസവശേഷമുണ്ടാകുന്ന രക്തസ്രാവം നിലക്കാന്‍ സഹായിക്കുന്നു, പ്രസവശേഷമുള്ള ശരീരഭാരം കുറയുന്നു, അണ്ഡോല്‍പാദനം വൈകിപ്പിക്കുന്നതിനാല്‍ താല്‍ക്കാലിക ഗര്‍ഭനിരോധനം സാധ്യമാകുന്നു. കൂടാതെ അമ്മയ്ക്ക് ഭാവിയില്‍ സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. അതുപോലെ കുഞ്ഞിന് മുലപ്പാല്‍ കുടിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു, കുഞ്ഞിന്‍റെ പല്ലുകള്‍, താടിയെല്ല് മുതലായവ ഉറപ്പുള്ളതാകുന്നു, ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയുന്നു. കൂടാതെ മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ദൃഢമാകുന്നു.

Dr. ഷിബില കെ
BAMS. MS(Ayu), Dept. Gynaecology& Obstetrics
അസി. പ്രൊഫസ്സർ , ഗവ. ആയുർവ്വേദ കോളേജ്, തൃപ്പുണിത്തുറ

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.