ലൈഫ് ഈസ് കണക്റ്റഡ് !

ലൈഫ്  ഈസ് കണക്റ്റഡ് !ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾ  വിൽപനയുടെ കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 9 ലക്ഷം യൂണിറ്റിലധികം വിൽക്കപ്പെടുന്നുണ്ട്, എസ്‌യുവികൾ. അതിന്റെ 52 ശതമാനവും കോംപാക്ട് എസ്‌യുവികളാണ്. മാരുതി വിറ്റാര ബ്രെസ. മഹീന്ദ്ര എക്‌സ്‌യുവി 300, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട് എന്നിവയാണ് ഏറ്റവുമധികം വിൽക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികൾ.
ഹ്യുണ്ടായ്ക്ക് ട്യൂസോൺ, ക്രെറ്റ എന്നീ എസ്‌യുവികളാണ് ഇന്ത്യയിലുള്ളത്. ട്യൂസോൺ പ്രീമിയം വിഭാഗത്തിലും ക്രെറ്റ മിഡ്‌സൈസ് വിഭാഗത്തിലും പെടുന്നു. കോംപാക്ട് എസ്‌യുവി മാർക്കറ്റിൽ ഹ്യുണ്ടായ് ഇതുവരെ മോഡലുകൾ അവതരിപ്പിച്ചിരുന്നില്ല.
വെന്യൂവുമായിട്ടാണ് കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലേക്ക് ഹ്യുണ്ടായ് ‘ടയറെടുത്ത്’ വെയ്ക്കുന്നത്. ആ വരവ് ഒട്ടും പിഴയ്ക്കില്ലെന്ന് വെന്യൂവിന്റെ ഡ്രൈവ് വ്യക്തമാക്കി തന്നു.
ഫോർഡ് ഇക്കോസ്‌പോർട്ടിനെക്കാൾ 5 മി.മീ. വീതി കൂടുതലും 5 മി.മീ. ഉയരം കുറവുമുള്ള വാഹനമാണ് വെന്യൂ. വീൽബെയ്‌സ് ഇക്കോസ്‌പോർട്ടിന് 19 മി.മീ. കൂടുതലുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 10 മി.മീ കൂടുതലാണ് ഇക്കോസ്‌പോർട്ടിന്. നീളം ഈ സെഗ്‌മെന്റിൽ എല്ലാ മോഡലുകൾക്കും 4 മീറ്ററിനു തൊട്ടുതാഴെ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഇക്കോസ്‌പോർട്ടിന്റെ ഏകദേശം അതേ വലിപ്പമുള്ള വാഹനമാണ് വെന്യൂ എന്നു മനസ്സിലാക്കാം.

കാഴ്ച


ഒരു ചെറിയ ക്രെറ്റയാണ് വെന്യൂ. പ്രത്യേകിച്ച്, സൈഡ് പ്രൊഫൈലിൽ ആ സാദൃശ്യം കൃത്യമായും മനസ്സിലാക്കാം. മുൻഭാഗത്ത് പ്രധാന കാഴ്ച ഗ്രിൽ ആണ്. ക്രോമിയം കട്ടകൾ നിരത്തി, ഡയമണ്ട് കട്ട് രീതിയിലാണ് റണ്ണിങ് ലാമ്പുകൾ. ഇത് മുൻഭാഗത്തിന്റെ ക്യാരക്ടർ നിർണ്ണയിക്കുന്നു. ഹെഡ്‌ലാമ്പിന്റെ സ്ഥാനം അൽപം താഴെയാണ്. മേലെ കാണുന്നത് ഇൻഡിക്കേറ്ററുകളാണ്.
ബോണറ്റ് ഫ്‌ളാറ്റാണ്. എസ്‌യുവിയുടെ ഗൗരവം നൽകാനായി പവർ ബൾജുകളൊന്നും കൊടുത്തിട്ടില്ല. എന്നാൽ ഇരുവശത്തും നേർരേഖ പോലെ ലൈനുകളുണ്ട്. ബമ്പറിന്റെ സ്ഥാനത്ത് ഒരു എസ്‌യുവിക്കു ചേരുന്ന ക്ലാഡിങ് നിറഞ്ഞു നിൽക്കുന്നു. ഫോഗ്‌ലാമ്പും സ്‌കഫ് പ്ലേറ്റും ഇതിന്റെ ഭാഗമാണ്. എവിടെയൊക്കെയോ ക്രെറ്റ ഒളിച്ചു കളിക്കുന്നുണ്ടെങ്കിലും മുൻഭാഗത്തെ ഡിസൈനിൽ തനിമ നിലനിർത്താൻ ഹ്യുണ്ടായ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വശക്കാഴ്ചയിൽ ക്രെറ്റ തന്നെയാണ് വെന്യുവും. 16 ഇഞ്ച് ടയറുകളിൽ അതിമനോഹരവും വ്യത്യസ്തവുമായ അലോയ് കാണാം. മുൻഭാഗത്ത് നിന്നാരംഭിക്കുന്ന ക്ലാഡിങ് വശങ്ങളിലൂടെ പിന്നിലേക്ക് നീളുന്നുണ്ട്.
പിൻഭാഗമാണ് എനിക്കേറ്റവും ഇഷ്ടമായത്. ചെറിയ എൽഇഡി  ടെയ്ൽ ലാമ്പുകളും കനത്ത ബമ്പറും അതിന്മേലുള്ള റിഫ്‌ളക്ടറുകളും ഭംഗിയായിട്ടുണ്ട്. ബൂട്ട്‌ലിഡിന്റെ ബൾജുകളും അതിന്മേൽ ‘വെന്യൂ’ എന്ന ലോഗോ നൽകിയിരിക്കുന്നതും കൊള്ളാം.

ഉള്ളിൽ
ടോപ് എൻഡ് മോഡലായ എസ്എക്‌സ് ആണ് സ്മാർട്ട് ഡ്രൈവ് ടെസ്റ്റ്‌ഡ്രൈവ് ചെയ്തത്. ‘ഫുള്ളി ലോഡഡ്’ എന്നു വിളിക്കാവുന്ന വേരിയന്റാണിത്. ഫുൾ ബ്ലാക്കാണ് ഇന്റീരിയർ. ഇടയ്ക്ക് സ്റ്റീൽ ഫിനിഷിന്റെ എത്തിനോട്ടം ഉണ്ടെന്നു മാത്രം. ഫിറ്റ് ആന്റ് ഫിനിഷ് ഒന്നാന്തരം. നിലവാരമില്ലാത്ത ഭാഗങ്ങളൊന്നും കാണാനില്ല.ഡാഷ്‌ബോർഡ് ടെക്‌സ്‌ചേർഡ് ആണ്. വെയിൽ അടിച്ച് റിഫ്‌ളക്ട് ചെയ്യില്ലെന്നർത്ഥം. ഗിയർ ലിവറും സീറ്റിന്റെ അപ്‌ഹോൾസ്റ്ററിയുമെല്ലാം മികച്ച നിലവാരമുള്ളതാണ്.
8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനാണ് ഡാഷിനു നടുവിൽ ഉയർന്നു നിൽക്കുന്നത്. സിം ടെക് ടെക്‌നോളജിയുള്ള ഈ സിസ്റ്റമാണ് കണക്ടഡ് എസ്‌യുവി എന്ന പേര് വെന്യൂവിന് സമ്മാനിച്ചത്. 
അപകടമുണ്ടായാൽ എമർജൻസി സർവീസിലേക്ക് കോൾ പോകുന്ന സംവിധാനം, മോഷണം പോയ വാഹനം എവിടെ ഇരുന്നും ഓഫ് ചെയ്യാനുള്ള സംവിധാനം എന്നിവയൊക്കെ ഈ സിസ്റ്റത്തിന്റെ മെച്ചങ്ങളാണ്. 
വാഹനം ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും സ്റ്റാർട്ട് ചെയ്യാം. എസി ഓൺ ചെയ്യാം. വാഹനത്തിന്റെ സർവീസ് ആയെങ്കിൽ ഈ സിസ്റ്റം ഉടമയെ വിവരം അറിയിക്കും.  വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് രീതികൾ പോലും അറിയാൻ ഈ സിസ്റ്റം സഹായിക്കും. 
സൺറൂഫ്, മൊബൈൽ ഫോൺ വയർലെസായി ചാർജ്ജ് ചെയ്യാനുള്ള പാഡ്, ഇഷ്ടംപോലെ സ്റ്റോറേജ് സ്‌പേസുകൾ എന്നിവയും എടുത്തുപറയാം.
പിൻസീറ്റിലും മികച്ച ലെഗ്‌റൂമുണ്ട്. ഡോർ പാഡിൽ ഒരു ലിറ്റർ ബോട്ടിൽ സൂക്ഷിക്കാനുള്ള സ്ഥലം, ഹാൻഡ്‌റെസ്റ്റ്, പിന്നിലേക്കും എസി വെന്റുകൾ എന്നിവയുമുണ്ട്.


എഞ്ചിൻ

2 പെട്രോൾ (1.2 ലിറ്റർ, 1 ലിറ്റർ ടർബോ) എഞ്ചിനുകളും ഒരു ഡീസൽ (1.4 ലിറ്റർ) എഞ്ചിനുമാണ് വെന്യൂവിനുള്ള ത്. 90 ബിഎച്ച്പി ഡീസൽ എഞ്ചിൻ ഐ20 യിൽ കണ്ടിട്ടുള്ളതു തന്നെ. 1.2 ലിറ്റർ പെട്രോളും പുതിയതല്ല. എന്നാൽ ഒരു ലിറ്റർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ പുതുപുത്തനാണ്. ഈ 120 ബിഎച്ച്പി എഞ്ചിന്  3 സിലിണ്ടർ എഞ്ചിന്റെ പ്രശ്‌നങ്ങളൊന്നുമില്ല. 6 സ്പീഡാണ് മാനുവൽ ഗിയർബോക്‌സ്, എന്നാൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർ ബോക്‌സുള്ള ഒരു വേരിയന്റുണ്ട്.  
അതാണ് താരം. ഒരു ലാഗുമില്ലാതെ കുതിച്ചു പായുന്ന ഈ ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് മോഡൽ ഓടിച്ചപ്പോൾ ഓർമ്മ വന്നത് ഫോക്‌സ്‌വാഗന്റെ 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്‌സ് തന്നെയാണ്. നഗരത്തിരക്കിലും ഗോഹട്ടി-ഷില്ലോങ് ഹൈവേയിലും പറന്നു നടന്നു വെന്യൂ.
എബിഎസ്, ഇബിഡി, ഇഎസ്പി, 6 എയർബാഗു കൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങി നിരവധി സുരക്ഷാ ഉപാധികൾ വെന്യുവിലുണ്ട്. 

അതുകൊണ്ട് ….

കോംപാക്ട് എസ്‌യുവി ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു വാഹനമാണ്  വെന്യൂ. ഒരു ചെറിയ ഫാമിലിക്ക് ‘കണക്ടഡ്’ ആയും സുരക്ഷിതമായും കംഫർട്ടബിൾ ആയും യാത്ര ചെയ്യാം, വെന്യുവിൽ.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.