ബിഎംഡബ്ല്യു – എക്‌സ് 4.

ബിഎംഡബ്ല്യു – എക്‌സ് 4.

എക്‌സ് 1, എക്‌സ് 3, എക്‌സ് 5, എക്‌സ് 6 – ഞാനൊരു ഓട്ടോമൊബൈൽ ജേർണലിസ്റ്റല്ലായിരുന്നെങ്കിൽ കറങ്ങിപ്പോയേനെ.  ഇതൊക്കെ കണ്ടാൽ എങ്ങനെ മനസ്സിലാക്കാനാണ്! 

പിന്നെ, ഈ ജോലി തുടങ്ങിയിട്ട് വർഷം കുറേ ആയതുകൊണ്ടും ഇതൊക്കെ പഠിച്ചെടുക്കാതെ ഈ ജോലി ചെയ്യാൻ കഴിയാത്തതുകൊണ്ടും എല്ലാം മണിമണിപോലെ പഠിച്ചു. അങ്ങനെയിരിക്കെ അതാ വരുന്നു, പുതിയ മോഡൽ -എക്‌സ് 4. എന്നു തന്നെയുമല്ല, ഏറെ താമസിയാതെ എക്‌സ് 7, എക്‌സ് 2 എന്നിവ വരുമെന്നു കേൾക്കുന്നു.

എക്‌സ് എന്നാൽ ബിഎംഡബ്ല്യുവിന്റെ എസ്‌യുവി ശ്രേണിയുടെ പേരാണ്. ഇപ്പോൾ വന്നിരിക്കുന്ന എക്‌സ്4 ന്റെ സ്ഥാനം (വിലകൊണ്ടും വലിപ്പം കൊണ്ടും) 

എക്‌സ് 5നു എക്‌സ് 6നും ഇടയിലാണ്.

ലോകവ്യാപകമായി എസ്‌യുവികൾക്ക് ഏതാണ്ട് ഒരേ രൂപമാണ്. ആ രൂപത്തിൽ നിന്നു വളരെ വ്യത്യസ്തമായാണ് എക്‌സ് 6 വന്നത്. എസ്‌യുവിയുടെയും ക്രോസ് ഓവറിന്റെയും കൂപ്പെയുടെയുമൊക്കെ ഒരു സങ്കര രൂപമാണ് എക്‌സ് 6ന്. എക്‌സ് 4ഉം രൂപത്തിന്റെ കാര്യത്തിൽ അതേ വംശത്തിൽ പെടുന്നു. എന്നാൽ മറ്റ് എസ്‌യുവികളെല്ലാം തന്നെ – എക്‌സ് 1, 3, 5 – ഏതാണ്ട് ഒരേ രൂപമുള്ളവയാണ്.

2014ൽ ലോകവിപണിയിലെത്തിയ എസ്‌യുവിയാണ് എക്‌സ് 4. ലോകമെമ്പാടും എസ്‌യുവി പ്രേമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എസ്‌യുവി ഉൽപന്നനിര വലുതാക്കാൻ ബിഎംഡബ്ല്യു തീരുമാനിച്ച ശേഷം ആദ്യമായി പുറത്തുവന്ന മോഡലും ഇതുതന്നെ.

കാഴ്ചയിൽ എക്‌സ് 6ന്റെ അനിയനാണെന്നു തോന്നുമെങ്കിലും എക്‌സ്4 പടുത്തുയർത്തിയിരിക്കുന്നത് എക്‌സ് 3 യുടെ പ്ലാറ്റ്‌ഫോമിലാണ്. എന്നാൽ താരതമ്യേന വലിപ്പം കുറഞ്ഞ എസ്‌യുവിയായ എക്‌സ് 3 യെക്കാൾ വലിപ്പം തോന്നിക്കുന്നുണ്ട് എക്‌സ് 4ന്. എന്നാൽ മുൻഭാഗം ഏതൊരു ബിഎംഡബ്ല്യുവും പോലെ തന്നെയാണ്. കിഡ്‌നി ഗ്രില്ലും ഇരട്ടക്കണ്ണുകൾ പോലെ തോന്നിക്കുന്ന തീക്ഷ്ണമായ ഹെഡ്‌ലാമ്പും തനി ബിഎംഡബ്ല്യു തന്നെയാണല്ലോ. ബമ്പറിലെ കയറ്റിറക്കങ്ങളും ബൾജിങ്ങുകളുമൊക്കെ എസ്‌യുവി ക്യാരക്ടറിന്റെ തനത് രൂപം നിലനിർത്തുന്നു. ഫോഗ്‌ലാമ്പ് സ്‌പോട്ടിനു താഴെ ചെറിയൊരു എയർഡാമുണ്ട്. അതിനു താഴെ സിൽവർ സ്‌കഫ് പ്ലേറ്റും കാണാം. ബോണറ്റിൽ പവർ ലൈനുകൾ ത്രസിച്ചു നിൽക്കുന്നുണ്ട്. എങ്ങനെ നോക്കിയാലും മസ്‌ക്കുലർ എന്നു വിളിക്കാവുന്ന രൂപം തന്നെയാണ് എക്‌സ് 4ന്.

സൈഡ് പ്രൊഫൈലിൽ ശ്രദ്ധയിൽപെടുക 19 ഇഞ്ച് ടയറുകളാണ്. അലോയ് വീലുകളും സുന്ദരം തന്നെ. വീൽ ആർച്ചിനു സമീപം ഒരു എയർ ഇൻടേക്കുണ്ട്. 

കൂടാതെ എം സ്‌പോർട്ടിന്റെ ബാഡ്ജിങും ഇവിടെ കാ ണാം. ഇന്ത്യയിൽ വന്നിരിക്കുന്ന എക്‌സ് 4 ‘എം സ്‌പോർട്ട് എക്‌സ്’ ഡിസൈനാണ് പിന്തുടരുന്നത്. അതുകൊണ്ടു തന്നെ പലയിടത്തും ഈ ബാഡ്ജിങ് കണ്ടെത്താം.

വിൻഡോ ലൈനിൽ ഉടനീളം ക്രോമിയം ലൈനുണ്ട്. താഴെയാകട്ടെ വളരെ വ്യത്യസ്തമായ ഷെയ്പുള്ള ക്ലാഡിങും കാണാം. ഇത് ഗ്രാഫിക്‌സാണോ എന്നു പോലും ദൂരെ നിന്നു നോക്കുമ്പോൾ സംശയം തോന്നാം.

ചെരിഞ്ഞിറങ്ങുന്ന റൂഫ് ലൈനാണ് എക്‌സ് 4ന് കൂപ്പെ ടച്ച് നൽകുന്നത്. അത് ചെന്നു നിൽക്കുന്നതാകട്ടെ, ബൾക്കി എന്നു വിളിക്കാവുന്ന ബൂട്ടിലേക്കാണ്. പിന്നിലേക്കു നോക്കുമ്പോൾ എക്‌സ് 4ന്റെ വീതി കൂടി വരുന്നുമുണ്ട്. കനത്ത സി പില്ലറിന് തികച്ചും ചേരും പിൻഭാഗത്തെ വർദ്ധിച്ചുവരുന്ന വലിപ്പം. ബൂട്ട്‌ലിഡ് ഉയർന്നാണ് നിൽക്കുന്നത്. അതുപോലെ പിൻ വിൻഡ് ഷീൽഡിനു മേലെ കാണുന്ന സ്‌പോയ്‌ലറിന്റെ രൂപവും രസകരവും മറ്റെങ്ങും കണ്ടിട്ടില്ലാത്തതുമാണ്.

ട്വിൻ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും സിൽവർ സ്‌കഫ് പ്ലേറ്റുമാണ് പിന്നിൽ എടുത്തുപറയാവുന്ന മറ്റ് കാര്യങ്ങൾ.

തനി ബിഎംഡബ്ല്യുവാണ് ഉൾഭാഗം. ബ്ലാക്കും ബീജും ചേർന്ന നിറമാണ് ഉള്ളിലെങ്ങും. മാറ്റ് ഫിനിഷുള്ള, ടെക്‌ചേർഡ് എന്നു തോന്നിക്കുന്ന ചില ഭാഗങ്ങളുമുണ്ട്.

ഡ്രൈവർ സീറ്റ് ഇലക്ട്രിക്കലി ഉയർത്താം. വിശാലമായ ഗ്ലാസ് ഏരിയയുമുണ്ട്. നടുവിൽ 10.25 ഇഞ്ച് സ്‌ക്രീൻ ഉയർന്നു നിൽക്കുന്നു. ഇതൊരു ടച്ച് സ്‌ക്രീനാണെങ്കിലും താഴെ കാണുന്ന ജോയ്സ്റ്റിക്കിലും ഇത് പ്രവർത്തിപ്പിക്കാം. ഹാർമൻ കാർഡന്റെ 600 വാട്ട് സൗണ്ട് സിസ്റ്റത്തിന്റെ 16 സ്പീക്കറുകൾ ഈ സിസ്റ്റത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ആപ്പിൾ കാർപ്ലേ, പലതരം ആപ്പുകൾ, നാവിഗേഷൻ, റിവേഴ്‌സ് ക്യാമറ എന്നിവയെല്ലാം ഈ സ്‌ക്രീനിലുണ്ട്.

സീറ്റിന്റെ കുഷ്യനിങും തൈസപ്പോർട്ടുമൊക്കെ ഒന്നാന്തരമാണ്. 4.7 മീറ്റർ നീളമുള്ള എക്‌സ് 4 ന്റെ ഉള്ളിൽ സ്ഥലസൗകര്യമില്ല എന്ന് ആരും പരാതി പറയില്ല.

സ്റ്റോറേജ് സ്‌പേസുകൾ നിരവധിയുണ്ട്. ഡോർപാഡിൽ വലിയ ബോട്ടിലുകൾ സൂക്ഷിക്കാം. ബൂട്ട്‌സ്‌പേസും 525 ലിറ്ററുണ്ട്. പിൻസീറ്റുകൾ മടക്കിയാൽ ഇത് 1430 ലിറ്ററായി ഉയരുകയും ചെയ്യും.

ഫോൺ വയർലെസായി ചാർജ്ജ് ചെയ്യാനുള്ള സംവിധാനം, കൈകൊണ്ടുള്ള സിഗ്നലുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ചില ആധുനികകാല ഞെട്ടിക്കലു’കളും എക്‌സ് 4ൽ ഉണ്ട്. 

പിൻഭാഗത്ത് ലഗേജ് സ്‌പേസും ഹെഡ്‌സ്‌പേസും ധാരാളമുണ്ട്. പിൻസീറ്റ് മാനുവലി അൽപം പിന്നിലേക്ക് ചെരിച്ച് സുഖമായി ഇരിക്കാം. എന്തായാലും ഫ്‌ളോറിൽ ഉയർന്ന സെൻട്രൽ ടണലുള്ളതുകൊണ്ട് രണ്ടുപേർക്കാണ് സുഖമായി ഇരിക്കാനാകുന്നത്.

മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു എക്‌സ് 4ന് ഇന്ത്യയിൽ നൽകിയിരിക്കുന്നത്. 3,2 ലിറ്റർ ഡീസൽ, 2 ലിറ്റർ പെട്രോൾ എന്നിവയാണിവ. 3 ലിറ്റർ ഡീസൽ 6 സിലിണ്ടറാണ്- 265 ബിഎച്ച്പി. 2 ലിറ്റർ ഡീസൽ 4 സിലിണ്ടർ- 190 ബിഎച്ച്പി. സ്മാർട്ട്‌ഡ്രൈവിന്റെ ടെസ്റ്റ് ഡ്രൈവ് വാഹനം 2 ലിറ്റർ പെട്രോൾ ആണ്. 252 ബി

എച്ച്പി.

ഈ പെട്രോൾ എഞ്ചിൻ 1450 -4800 ആർപിഎമ്മിൽ 350 ന്യൂട്ടൺ മീറ്റർ ടോർക്ക് നൽകുന്ന ബിഎസ്6 എഞ്ചിനാണ്. നൂറു കിലോമീറ്റർ വേഗതയെടുക്കാൻ 6.3 സെക്കന്റ് മതി. 8 സ്പീഡ് സിഎഫ് ട്രിപ്‌ട്രോണിക് ഗിയർബോക്‌സാണ് ഈ വാഹനത്തെ ചലിപ്പിക്കുന്നത്. ട്വിൻ ടർബോ പെട്രോൾ എഞ്ചിൻ കുതിച്ചുപായുന്ന കുതിരയാണ്. ഒട്ടും ലാഗില്ലാതെ പായുന്ന പടക്കുതിര.

സ്‌പോർട്ട്, കംഫർട്ട്, ഇക്കോ പ്രോ എന്നീ ഡ്രൈവ്‌മോഡുകളുണ്ട്. ഇവ മാറ്റുമ്പോൾ സസ്‌പെൻഷന്റെ സെറ്റിങ്ങുകൾ പോലും മാറി മറിയുന്നത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്. 

ഓൾവീൽ ഡ്രൈവ് വാഹനമാണ് എക്‌സ് 4. ഓഫ് റോഡ് പോകുമ്പോൾ വാഹനം സ്വയം ഫോർവീൽ ഡ്രൈവിലേക്ക് മാറിക്കൊള്ളും. 6 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിങ് ബ്രേക്ക് കൺട്രോൾ, ഓട്ടോഹോൾഡ് എന്നിങ്ങനെ സുരക്ഷാസംവിധാനങ്ങൾ നിരവധിയുണ്ട് എക്‌സ് 4ൽ$

എക്‌സ് 6ന്റെ അനിയനെന്നു വിളിക്കാവുന്ന എക്‌സ് 4ന്റെ എക്‌സ് ഷോറൂം വില 60.60 ലക്ഷംരൂപ മുതൽ 65 ലക്ഷം രൂപവരെയാണ്. ഓഫ്‌റോഡ് വാഹനഭ്രാന്തന്മാരെയും പ്രീമിയം സെഡാൻ മോഹികളെയും ഒരുപോലെ തൃപ്തരാക്കുന്ന മോഡലാണിത്.

ബൈജു എൻ നായർ

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.