കൊച്ചിയുടെ സ്വന്തം ഡി ജെ – ഹാർവി സ്റ്റീഫൻ

കൊച്ചിയുടെ സ്വന്തം ഡി ജെ – ഹാർവി സ്റ്റീഫൻ

സംഗീതത്തിന്റെയും  ചടുല താളത്തിന്റെയും വേഗത്തിന്റെയും സമന്വയമായ ഡി ജെ രംഗത്തെ താരം ഹാർവി സ്റ്റീഫൻ  യുണീക്‌ ടൈംസ് വായനക്കാർക്കായി മനസ്സ് തുറക്കുന്നു ….

1.വിദേശരാജ്യങ്ങളിൽ സമ്പന്നരുടെ  കുത്തകയായിരുന്ന ഡി ജെ എന്ന, ഇന്ത്യയിൽ അധികം പ്രചാരമില്ലായിരുന്ന മേഖലയിലേക്ക് ആകൃഷ്‌ടനാകാൻ കാരണം എന്തായിരുന്നു ?

         1943  മുതൽ വിദേശരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന ഒരു വിനോദോപാധിയാണ് ഡി ജെ. അതിഥികളെ സന്തോഷിപ്പിക്കാനായിരുന്നു ഇത് നടത്തിയിരുന്നത് . സാവീൽ എന്ന ഒരു വ്യക്തിയാണ് ആദ്യമായി ഡി ജെ ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നത് . തീർച്ചയായും ഒരുകാലത്ത് അത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു . ഞാൻ ഒരു ഡ്രമ്മർ ( റിഥം പ്രോഗ്രാമർ ) ആണ് . പല പാട്ടുകൾക്കും പല താളമാണ് . ഒരു പാട്ടിന്റെ മെലഡി കിട്ടിക്കഴിഞ്ഞാൽ അതിന് യോജിക്കുന്ന താളം കൊടുക്കാൻ എനിക്ക് ജന്മസിദ്ധമായി കിട്ടിയ കഴിവാണ് . ഡി ജെ എന്നുള്ള രീതിയിൽ പല പാട്ടുകൾക്കും പല ബീറ്റുകൾ കൊടുത്ത് പല സ്റ്റൈലിൽ പ്രോഗ്രാം ചെയ്യാൻ കഴിയും എന്നുള്ള എന്റെ ആത്മവിശ്വാസമാണ്  എന്നെ  ഈ മേഖലയിലേക്ക്  ആകൃഷ്‌ടനാക്കിയത് .അത്യാവശ്യം പാടാനുള്ള കഴിവും എനിക്കുണ്ട് . ഡ്രമ്മർ, റിഥം പ്രോഗ്രാമർ, സിംഗർ എന്നീ  മേഖലയിൽ കഴിവുള്ളതുകൊണ്ടും അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ  കഴിയും എന്നുള്ളതുകൊണ്ടാണ് ഈ മേഖല തെരഞ്ഞെടുത്തത്.

2. സംഗീതത്തിന്റെ ലോകത്തിലേക്ക് വരാനായിട്ട് കുടുംബത്തിൽ സംഗീതപാരമ്പര്യം അവകാശപ്പെടാനുണ്ടോ ?

  തീർച്ചയായും . വളരെ അഭിമാനത്തോടെ പറയട്ടെ എന്റെ പപ്പ ഒരു ഗിറ്റാറിസ്റ്റ് ആണ് . എൻറെ അമ്മ പാട്ടുകാരിയാണ്  . പള്ളികളിൽ കളിച്ചിരുന്ന നാടകങ്ങളിൽ അഭിനയിക്കുന്നതോടൊപ്പം പാട്ടുകളും പാടിയിരുന്നു . എൻറെ  അമ്മാവൻ ഹാർമോണിയം വായിച്ചിരുന്നു . അമ്മ ഇപ്പോഴും പള്ളിക്വയറിലെ പാട്ടുകാരിയാണ് . ചെറുതിലേ മുതൽ ഒത്തിരി സമ്മാനങ്ങൾ അമ്മ നേടിയിട്ടുണ്ട് . പിന്നൊരു കാര്യം പപ്പയുടെ കൈയിൽ പാട്ടുകളുടെ നല്ല ശേഖരം ഉണ്ടായിരുന്നു .അന്നദ്ദേഹം സൗദിഅറേബ്യയയിൽ ആയിരുന്നു . അവിടന്ന് വരുമ്പോൾ ധാരാളം കാസറ്റുകൾ കൊണ്ടുവന്നിരുന്നു .അബ്ബാ , ബോണി തുടങ്ങിയവ ഇന്നും എൻറെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നതാണ് . ചെറുപ്പത്തിലേ പാട്ടുകൾ കേട്ട് വളരാൻ സാധിച്ചതും എൻറെ ഭാഗ്യമായി കരുതുന്നു .

3. എത്ര വർഷങ്ങളായി ഹാർവി ഈ രംഗത്ത് പ്രവർത്തിക്കുന്നു ? അത്‌കൊണ്ടുണ്ടായ ഗുണങ്ങൾ എന്തൊക്കെയാണ് ?

     1991- 2000 വരെ ഞാൻ ഡ്രമ്മറായിട്ടും സിംഗറായിട്ടും റിഥം പ്രോഗ്രാമ്മറായിട്ടും  ഒത്തിരി ഗാനമേള ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കൂടാതെ ആൽബങ്ങളുടെ കാസെറ്റുകളുടെ  മ്യൂസിക് പ്രോഗ്രാമിങ് എന്നീ പ്രവർത്തനങ്ങളുമായി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു . 2000 മുതൽ 2012 വരെ  ഡ്രമ്മറായിട്ടും സിംഗറായിട്ടും റിഥം പ്രോഗ്രാമ്മറായിട്ടും   ദുബായിലും  പ്രവർത്തിച്ചിരുന്നു . 2013 മുതലാണ് ഞാൻ ഡ്രമ്മിങ് സിംഗിംഗ് റിഥം പ്രോഗ്രാമർ എന്നുള്ളതിൽ നിന്നും ഡി ജെ എന്നത്കൂടെ കൂട്ടിചേർക്കുകയായിരുന്നു . 2013 – 2019 വരെയുള്ള ആറുവർഷങ്ങളാണ്   ഡി ജെ എന്ന നിലയിൽ പ്രവർത്തിക്കുന്നത് . 1991 മുതൽ 2019 വരെ സംഗീതമേഖലയിൽ തുടർച്ചയായി നിലനിൽക്കാൻ കഴിയുന്നുവെന്നത് തന്നെ വളരെ വലിയ നേട്ടമാണ് . ഞാൻ ആഗ്രഹിച്ചിരുന്ന സംഗീതോപകരണങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതും ഒരു സ്റ്റുഡിയോ തുടങ്ങാൻ സാധിച്ചതും നേട്ടങ്ങൾ തന്നെയാണ് . പിന്നണി ഗായിക ചിത്രച്ചേച്ചിയുടെ കൂടെ പാടാനും, മ്യൂസിക് പ്രോഗ്രാം ചെയ്യാനും  ഓർക്കസ്ട്രയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും വലിയ നേട്ടം തന്നെയാണ് . കൂടാതെ  നിരവധി പിന്നണി ഗായകർക്ക് റിഥം പ്രോഗ്രാമിങ് ചെയ്യാൻ സാധിച്ചതും ഒരു വലിയ നേട്ടം തന്നെയാണെന്നുള്ളതിൽ തർക്കമില്ല .

4. ഇത്രനാളത്തെ അനുഭവസമ്പത്തുകൊണ്ട് ഒരു ഉത്തമ ഡി ജെ ആകാൻ എന്തൊക്കെ യോഗ്യതകളാണ് വേണ്ടത് എന്നാണ് താങ്കൾ കരുതുന്നത്  ?

       സ്വയം സമർപ്പണമാണ് ആദ്യം വേണ്ടത് . ഏതൊരു മേഖലയായാലും അതിനോട് സ്നേഹവും ആത്മാർഥതയും വേണം . പിന്നെ വേണ്ടത് ടൈമിംഗാണ് . ഓരോ റിഥമിക് നോട്ട്സും കറക്റ്റ് ടൈമിങ്ങിൽ സെറ്റ് ചെയ്യണം . ഓരോന്നിനും ഓരോ താളമുണ്ട് . നമ്മുടെ ഹൃദയമിടിപ്പിനുമുണ്ടൊരു താളം . ഒരാൾ നടക്കുന്നതിനും എന്തിന് സംസാരിക്കുന്നതിനുപോലും ഓരോ താളവും ടൈമിംഗുമുണ്ട് . അത് മനസിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം . ഡി ജെ യുടെ കോഴ്‌സുകൾ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ ഉണ്ട് . വളരെ ചിലവേറിയതിനാൽ സാധാരണക്കാർക്ക് അപ്രാപ്യമാണ് .   എല്ലാ വിദേശ ഡി ജെ കളുടെ പാട്ടുകൾ കേൾക്കാനും അതൊക്കെ റെക്കോർഡ് ചെയ്‌തത്‌വയ്ക്കാനും ശ്രമിക്കുക എന്നതാണ് ഞാൻ ചെയ്തത് . നല്ല പാട്ടുകളുടെ ശേഖരം വേണം കൂടാതെ പാട്ടുകളെക്കുറിച്ച്  നല്ല ജ്ഞാനം വേണം . വിദേശീയരെയാണ് ഈ വിഷയത്തിൽ നമ്മൾ പിന്തുടരേണ്ടത് . ഉദാഹരണത്തിന് , ഹാർഡ്‌വെൽ , ഡി ജെ സ്നേക്ക് ,മാഷ്‌മെലോ തുടങ്ങിയവരുടെ ജോണറുകളും ഒക്കെയാണ് . ഇതൊക്കെയുണ്ടായാലും ഒരു പരിപാടിയുടെ സദസ്സിന്റെ പൾസറിയണം . അവരെ രസിപ്പിക്കാൻ കഴിയുന്നിടത്താണ് ഒരു ഡി ജെ യുടെ വിജയം .

5. ഹാർവിയുടെ ഗുരുക്കന്മാരാരൊക്കെയാണ് ? താങ്കൾക്ക് ആരോടെങ്കിലും കടപ്പാടുണ്ടോ ?

               തീർച്ചയായും . എന്റെ ആദ്യ ഗുരു എന്റെ അമ്മയാണ് . കുഞ്ഞിലെത്തന്നെ എൻറെ ഉള്ളിലുള്ള താളബോധം മനസിലാക്കി എന്നെ ഒരു ഡ്രമ്മർ  ആക്കിയതിനുപിന്നിലെ ശക്തി എൻറെ  അമ്മ തന്നെയാണ് . പിന്നെ സ്കൂൾ കാലഘട്ടത്തിൽ  ഒരു മാഷ് ഡ്രംസ് പഠിപ്പിച്ചു എന്നതല്ലാതെ എനിക്ക് വേറെ ഗുരുക്കന്മാരില്ല . എൻറെ സ്വപ്രയത്നവും എൻറെ അമ്മയുടെ അനുഗ്രഹവുമാണ്  എൻറെ ഗുരുക്കൻമാർ . ഈ അമ്മയുടെ മകനായിപ്പിറന്നതും വലിയൊരു ഭാഗ്യമായി കരുതുന്നു . എൻറെ  മാതാപിതാക്കളോട് ,  കഴിഞ്ഞ ആറ് വർഷങ്ങളായി  പെഗാസസിന്റെ എല്ലാ ഫാഷൻ ഷോകളിലും പ്രശസ്തമായ സൗന്ദര്യമത്സരങ്ങളായ മിസ് സൗത്ത് ഇന്ത്യ തുടങ്ങി മിസ് ഗ്ളാo വേൾഡ് മത്സരങ്ങളിൽ വരെ ഡി ജെ  ആയും മ്യൂസിക് പ്രോഗ്രാമിങ്ങും ചെയ്യുന്നുണ്ട് . അതിന്റെ അമരക്കാർ ഡോ .അജിത് രവിയോടും , ജെബിത അജിത്തിനോടും തീർത്താൽ തീരാത്ത കടപ്പാടും നന്ദിയുമുണ്ട് . പിന്നെ ഗൂഗിളിനോടാണ് കടപ്പാടുള്ളത് . സാങ്കേതികവിദ്യ ഇത്രത്തോളം വികസിതമായിരിക്കേ എന്ത് സംശയങ്ങൾ ഉണ്ടായാലും ആദ്യം സേർച്ച് ചെയ്യുക ഗൂഗിളിൽ ആണല്ലോ . പുതിയ ഒരു ഉപകരണം വാങ്ങിയാൽ അതിന്റെ ഡീറ്റെയിൽസ് നോക്കണമെങ്കിൽ ഗൂഗിൾ ചെയ്താൽ മാത്രം മതിയാകും എല്ലാം വിരൽത്തുമ്പിൽ ലഭിക്കും. 

6. ഈ മേഖലയിൽ വന്നിട്ട് നേരിടേണ്ടിവന്നിട്ടുള്ള ദുരനുഭവങ്ങളും ഗുണാനുഭവങ്ങളും വായനക്കാരുമായി പങ്കുവയ്ക്കാമോ ?

.   എല്ലാ മേഖലകളിലും ഉള്ളതുപോലെ ഇതിലും കിടമത്സരങ്ങൾ നിലനിൽക്കുന്നുണ്ട് . പരിപാടികൾ ലഭിക്കുന്നതിന് വേണ്ടി നിലവാരം കുറഞ്ഞപരിപാടികൾ കുറഞ്ഞ നിരക്കിൽ അവതരിപ്പിക്കരുന്ന പ്രവണത ഏറിവരികയാണ് . അവിടെ ടാലന്റ് അംഗീകരിക്കപ്പെടാതെ വരുന്നു . ഇപ്പൊ ബന്ധങ്ങൾക്കും പണത്തിനുമാണ് പ്രാധാന്യം . അതിനൊരു മറുവശം കൂടിയുണ്ട് .  ഒരു പരിപാടി കഴിഞ്ഞാൽ പിന്നെ അവസരങ്ങൾ അവർക്ക് കുറയും എന്നുള്ളതാണ് . കൂടാതെ അറിയാത്ത ആൾക്കാർ പോലും അപവാദങ്ങൾ പറഞ്ഞു പരത്തുന്നു എന്നതുമാണ്  എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ദുരനുഭവം . അതിനുള്ള എന്റെ മറുപടി നല്ലൊരു പെർഫോമെൻസിലൂടെ എൻറെ  കഴിവുകൾ ജനങ്ങൾക്ക് കാണിച്ചുകൊടുക്കുക എന്നതാണ് . പിന്നെ എനിക്ക് ഉണ്ടായിട്ടുള്ള ഗുണാനുഭവങ്ങൾ ദുബായിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ നിരവധി വിദേശീയരായ മഹാന്മാരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതും പുതിയ പുതിയ സംഗീതഉപകരണങ്ങൾ സ്വന്തമാക്കാനും അതിനെക്കുറിച്ച് പഠിക്കാനും കഴിഞ്ഞു എന്നുള്ളതും എന്റെ നേട്ടങ്ങളാണ് . പിന്നെ കുറെ നല്ല സുഹൃത്തുക്കൾ ഈ മേഖലയിൽ നിന്നും എന്നുള്ളതും ഏറ്റവും വലിയ നേട്ടമാണ് .

7. കുട്ടിക്കാലവും വിദ്യാഭ്യാസകാലഘട്ടവും ?

     എൻറെ വീട്ടിലെ ഒറ്റ മകനാണ് ഞാൻ എനിക്ക് സഹോദരങ്ങൾ ഇല്ല . അതുകൊണ്ടുതന്നെ ഏറെ ലാളന അനുഭവിച്ചാണ് ഞാൻ വളർന്നത് . എന്റെ പപ്പ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത് . അവധിക്ക് നാട്ടിൽ വരുമ്പോൾ ധാരാളം കാസ്സറ്റുകൾ വാങ്ങി വരുമായിരുന്നു അദ്ദേഹം . ഇപ്പോഴും ഞാൻ അവയൊക്കെ സൂക്ഷിച്ചിട്ടുണ്ട് . പാട്ടുകേൾക്കുക എന്നതാണ് കുട്ടിക്കാലത്തെ എന്റെ വിനോദങ്ങളിലൊന്ന് . പിന്നെ പൊട്ടിയ ബലൂൺ വിവിധ പാത്രങ്ങളിൽ വലിച്ചുകെട്ടി അതിൽ കൊട്ടുമ്പോൾ ഉണ്ടാകുന്ന വിവിധശബ്ദങ്ങൾ ആസ്വദിക്കുക .ഒരു പാട്ട് കേട്ടിട്ട് അതിൻറെ താളത്തിനനുസരിച്ച് കൊട്ടുക  മുതലായവയായിരുന്നു എൻറെ കുട്ടിക്കാലത്തെ വിനോദങ്ങൾ . പിന്നെ എന്നെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചതും എൻറെ  ജീവിതത്തിലെ വലിയ നേട്ടമാണ് . പ്രൈമറി സ്കൂൾ നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂൾ ആലുവ ,അതിന് ശേഷം വിദ്യാധിരാജ വിദ്യാഭവൻ ആലുവ .പിന്നെ ഡി പോൾ അങ്കമാലി ,പിന്നെ സംഗീതമായിരുന്നു എല്ലാം . ദുബായിൽ ഒരു പ്രോഗ്രാമിങ് കോഴ്സ് ചെയ്തിരുന്നു . ഇതൊക്കെയാണ് എൻറെ കുട്ടിക്കാലഓർമ്മകൾ.

8. പുതിയ പ്രൊജക്റ്റ് എന്താണ് ? ഇതുവരെ പ്രവർത്തിച്ചിട്ടുള്ളവയിൽ മറക്കാനാവാത്ത അനുഭവം വിവരിക്കാമോ  ?

മലേഷ്യ , സിംഗപ്പൂർ , കാനഡ , ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാനും നിരവധി പ്രശസ്തരായ സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് . പ്രശസ്ത പിയാനോ , വയലിൻ വിദഗ്ധൻ ഫ്രഡറിക് ജെയിംസിനോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചുവെന്നത് മാത്രമല്ല അദ്ദേഹത്തിന്റെ ആൽബങ്ങളിൽ മ്യൂസിക് പ്രോഗ്രാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് . ഇതൊക്കെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളാണ് .നിരവധി അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിലും ഞാൻ പ്രവർത്തിക്കുന്നുണ്ട് . ആധുനീക സൗകര്യങ്ങളോടുകൂടിയ ഒരു റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങുക എന്നുള്ളതാണ് ഭാവി പരിപാടി . അതിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചിട്ടുണ്ട് .

9.ഇത്രകാലവും ഈ രംഗത്ത് പ്രവർത്തിച്ചിട്ട് അർഹതപ്പെട്ട അംഗീകാരം കിട്ടിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ ? ഇതുവരെ ലഭിച്ച അംഗീകാരങ്ങൾ എന്തൊക്കെയാണ് ?

      ചിലപ്പോഴേക്കെ അങ്ങനെ എനിക്ക് തോന്നിയിട്ടുണ്ട് . എന്നിരുന്നാലും 2000 തുടങ്ങി 2013 വരെ  ഞാൻ വിദേശത്തായിരുന്നു . അതിന് ശേഷവും ഞാൻ സ്ഥിരമായി നാട്ടിൽ ഉണ്ടായിരുന്നില്ല . ഈ കാരണമാകാം  ഞാൻ അംഗീകരിക്കപ്പെടാതെപോയത് എന്നും കരുതുന്നു . ജെ സി ഫൗണ്ടഷന്റെ അംഗീകാരം കിട്ടിയിട്ടുണ്ട് . ചിത്രചേച്ചിയോടൊപ്പം പ്രവർത്തിക്കാനായത് ഒരു വലിയ അംഗീകാരമായി കണക്കാക്കുന്നു . ദുബായിലെ മിലൻ സിറ്റി ഫെസിലിറ്റീസിന്റെ ബെസ്റ്റ് റിഥംപ്രോഗ്രാമ്മർ അവാർഡ് ലഭിച്ചിട്ടുണ്ട് .

10. കുടുംബം  ?

എൻറെ പപ്പ സ്റ്റീഫൻ ജോർജ്ജ് , അമ്മ മേരി സ്റ്റീഫൻ , ഭാര്യ ഹേഡൻ ഹാർവി , മകൻ സ്റ്റീവ് ഹാർവി ,മകൾ സ്റ്റീൻ ഹാർവി . മകൻ ആറാംക്ലാസ്സിൽ മകൾ ഒന്നാം ക്ലസ്സിലും  പഠിക്കുന്നു .  ഇതാണെന്റെ ചെറിയ സന്തുഷ്ടകുടുംബം .

ഷീജ നായർ

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.