വിജയത്തിളക്കത്തോടെ വി – സ്റ്റാർ

വിജയത്തിളക്കത്തോടെ വി – സ്റ്റാർ

ആത്മവിശ്വാസം ദൃഢനിശ്ചയം  ശുഭാപ്തിവിശ്വാസം എന്നിവ കൈമുതലാക്കി വെല്ലുവിളികൾ നിറഞ്ഞ മേഖലയിലേക്ക് ധൈര്യപൂർവ്വം ഇറങ്ങിച്ചെന്ന് വിജയഗാഥ രചിച്ച വനിത സംരംഭക . വി .സ്റ്റാർ എന്ന ബ്രാൻഡ് ജനകീയമാക്കിയ ശ്രീമതി . ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി യുമായി യുണീക് ടൈംസ്   സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.

1.പത്തുപേരിൽ നിന്നും നൂറുകോടിയിൽപ്പരം വിറ്റുവരവുള്ള കമ്പനിയുടെ ഉടമ . ഒരു വനിതാസംരംഭക എന്നുള്ള നിലയ്ക്ക് ഈ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു ?

  തീർച്ചയായും  സംതൃപ്തിയുണ്ട് . നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോഴാണ് ഇതൊക്കെ ഓർക്കുന്നതുതന്നെ . ഒത്തിരി കഷ്ടപ്പാടും വിഷമതകളും ഉണ്ടായിരുന്നു ആദ്യകാലത്ത് . എനിക്ക് വിജയിക്കണം എന്നുള്ളതായിരുന്നു എന്റെ തീരുമാനം . ആദ്യം ബിസ്സിനസ്സ് തുടങ്ങുന്നത് ചുരിദാർ നിർമ്മിച്ചുകൊണ്ടായിരുന്നു . ദിനംപ്രതി പതിനഞ്ചെണ്ണമാണ് ആദ്യം ഉണ്ടാക്കിയത് .ചെറിയ കാലയളവുകൊണ്ട്  അത് അൻപതിലേക്കും നൂറിലേക്കുമാക്കി ഉയർത്തികൊണ്ട് വരിക എന്നതായിരുന്നു  ലക്ഷ്യം . ഒരു വലിയ ബിസിനസ്സ്കാരിയാകണം എന്നൊന്നും എന്റെ  സ്വപ്നത്തിലേ  ഉണ്ടായിരുന്നില്ല എന്നതാണ് സത്യം .ഒരു സ്ഥാപനമായി വളർന്നു വന്നപ്പോൾ എൻറെ തൊഴിലാളികളുടെ പ്രോത്സാഹനവും പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള അവരുടെ പ്രേരണയും വിജയത്തിലെ  ഒരു പ്രധാനഘടകമാണ് . വി – സ്റ്റാർ കുടുംബത്തിലെ ഇരുന്നൂറ്റിമുപ്പതിൽപ്പരംപേരുടെ  പ്രോത്സാഹനമാണ്  കൂടുതൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ എനിക്ക് പ്രേരകമായത് . ആദ്യം ചുരിദാർ , ഏഴു വർഷങ്ങൾക്ക് ശേഷം ബ്രാ , പാന്റീസ് , കമ്മീസോൾ , മെൻസ് ഇന്നർ വെയർ,  പിന്നെ ലെഗ്ഗിൻസ് , മെൻസ് ടി – ഷർട്ട് , അതിന് ശേഷമാണ് കിഡ്സ് വെയർ വിപണിയിലിറക്കിയത് . ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും വി സ്റ്റാർ വിമെൻസ് വെയറും വി സ്റ്റാർ കിഡ്സ് വെയറുമാണ് .  അമ്മമാരാണ് വി സ്റ്റാറിന്റെ ഭൂരിപക്ഷം ഉപഭോക്താക്കളും . അവരാണ് വി സ്റ്റാർ കിഡ്സ്  എന്ന ബ്രാൻഡിനെ ഇത്രയും വിജയിപ്പിച്ചതിലെ മുഖ്യഘടകം .  മെൻസ് വെയറിന്  ഏറ്റവും കൂടുതൽ മത്സരമുള്ളൊരു വിപണിയാണ് നമുക്കുള്ളത് . അസാധ്യമായി ഒന്നുമില്ല എന്ന വാക്യത്തിൽ ഞാൻ വിശ്വസിക്കുന്നു . അതുകൊണ്ട് ഞാൻ മെൻസ് വെയറിലും ഒന്നാമതായി എത്തും എന്ന വിശ്വാസം എനിക്കുണ്ട് .

2.അടിവസ്ത്രത്തെക്കുറിച്ച് പറയാൻതന്നെ മടിച്ചിരുന്ന ഒരു കാലഘട്ടത്തിൽ  ” വി-സ്റ്റാർ ” എന്ന ബ്രാൻഡുമായി  വിപണിയിലേക്കിറങ്ങിയതിനെക്കുറിച്ച് ?

ബ്രാ നിർമ്മിക്കാൻ ആലോചിക്കുമ്പോൾ  അത് മറ്റൊരു ഉൽപ്പന്നം എന്നുമാത്രമേ ചിന്തിച്ചിരുന്നുള്ളു . അതൊരു ചീത്ത പ്രോഡക്റ്റ് ആണെന്നതോന്നൽ എനിക്കുണ്ടായിരുന്നില്ല . കേരളത്തിന്റെതായി സ്ത്രീകൾക്കാവശ്യമുള്ള നല്ലൊരു അടിവസ്ത്രം അന്ന്  വിപണിയിൽ ഉണ്ടായിരുന്നില്ല .  അന്ന് ലഭ്യമായിരുന്ന ബ്രാകളുടെ മോഡലുകൾ വാങ്ങി അഴിച്ചുനോക്കി , സൈസ് ഗ്രേഡ്‌ചെയ്യാൻ പഠിച്ച് കട്ടിങ് മാസ്റ്ററുടെ സഹായ ത്താൽ പുതിയ മാറ്റങ്ങളോടെ പുതിയ മാതൃകകളുണ്ടാക്കി വിപണിയിലിറക്കുകയായിരുന്നു . സത്യത്തിൽ എൻറെ ഭർത്താവിനോടുപോലും ഇക്കാര്യം ഞാൻ പറഞ്ഞിരുന്നില്ല . മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് പറയും എന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല . എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ ചെയ്യും . ആ കാര്യങ്ങൾ എന്റെ മനസിന് സംതൃപ്തി നൽകുന്നതായിരിക്കണം . മറ്റുള്ളവർ ഇതിനെക്കുറിച്ച് തരംതാഴ്ത്തി തുടങ്ങിയപ്പോൾ ഞാൻ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു . പരസ്യം നിർമ്മിച്ച് വനിതകൾക്കായുള്ള ഒരു പ്രമുഖ മാസികയ്ക്ക് കൊടുത്തപ്പോൾ പ്രസിദ്ധീകരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു . ഹോർഡിങ് വച്ചുകഴിഞ്ഞപ്പോൾ ചാണകം എറിയുന്നതുൾപ്പടെയുള്ള പ്രതികരണമാണ് കിട്ടിയത് . മലബാർ മേഖലയിലും എതിർപ്പുകളായിരുന്നു നേരിട്ടത് . ഇതൊന്നും എന്നെ തളർത്തിയില്ല പിന്നെ വൾഗാരിറ്റിയില്ലാതെ മോഡലുകളെ വച്ച് പുതിയ പരസ്യങ്ങളുണ്ടാക്കി കേബിൾ ടീവി വഴിയൊക്കെ പരസ്യം ചെയ്തു . ഇന്ത്യയിലുള്ള ജനങ്ങൾക്ക്  സ്ത്രീകളോടുള്ള മനോഭാവമാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാക്കിയത് . പുരുഷന്മാരുടെ വസ്ത്രങ്ങൾ പോലെയാണ്  സ്ത്രീകളുടെയും . അതൊരു ചീത്തകാര്യമായി എനിക്ക്  തോന്നിയിട്ടില്ല . ഇപ്പൊ ഏതൊരു മാസികയെടുത്തലും രണ്ടോ മൂന്നോ ബ്രാകളുടെ പരസ്യം കാണാൻ സാധിക്കും . ഉപഭോക്താക്കളുടെയും ഡീലേർസിന്റെയും ഭാഗത്തുനിന്നും വളരെ വലിയ പിന്തുണയാണ് എനിക്ക് കിട്ടിയത് . അത് തന്നെയായിരുന്നു വി – സ്റ്റാറിന്റെ വിജയവും . അടിവസ്ത്രങ്ങൾ ലോകത്തിന്റെ ഏതുഭാഗത്തും വിൽക്കാം എന്നുള്ളതും ഒരു നേട്ടമാണ്.

 3.ബിസിനസ്സുകാരിയാകുമ്പോൾ പ്രത്യേകിച്ച് സ്ത്രീ സംരംഭക എന്നുള്ള നിലയ്ക്ക് വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ടോ ?

 എനിക്ക് നേരിടേണ്ടി വന്നിട്ടില്ല . എന്നുവച്ച് മറ്റുള്ളവരെ ഇതിനോട് താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല . എനിക്ക് വി – ഗാർഡിൽ നിന്നും പരിപൂർണ്ണ പിന്തുണ ലഭിച്ചിരുന്നു . എല്ലാവിധ സഹായങ്ങളും അവിടെ നിന്നും കിട്ടിയിട്ടുണ്ടായിരുന്നു . അതുകൊണ്ട് ഞാൻ തനിയെ  നേരിട്ടു എന്ന് പറയാനാവില്ല . സാധാരണ ഒരു സംരംഭക അല്ലെങ്കിൽ സംരംഭകൻ ഉള്ള സമ്പാദ്യം മുഴുവൻ ചിലവഴിച്ച് ഒരു വ്യവസായം തുടങ്ങുമ്പോൾ പ്രാരംഭനടപടികൾക്കായിത്തന്നെ പതിനഞ്ചിൽപ്പരം ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ് . അതും പലവട്ടം . സംരംഭകരെ പ്രോത്സാഹിപ്പിക്കുകയില്ല  എന്ന് മാത്രമല്ല പരമാവധി ദ്രോഹിക്കുകയും ചെയ്യും എന്നുള്ളതാണ് നമ്മുടെ ഉദ്യോഗസ്ഥ വൃന്ദങ്ങൾ ചെയ്യുന്നത് . എന്നിട്ട് വിദേശങ്ങളിൽ പോയി നിക്ഷേപകരെ  ഇവിടേക്ക് ക്ഷണിക്കാനും അവർ അങ്ങേയറ്റം താത്പര്യപ്പെടുന്നു എന്നുള്ളതാണ് വിരോധാഭാസം . സംഭരംഭകർക്ക് വേണ്ട സഹായം ചെയ്തിരുന്നെങ്കിൽ ധാരാളം വ്യവസായങ്ങൾ ഇവിടെ തഴച്ചുവളർന്നേനെ . നല്ല കാലാവസ്ഥയും , നിക്ഷേപകരും വെള്ളവും തുടങ്ങി വ്യവസായത്തിന് വളക്കൂറുള്ള മണ്ണാണ് കേരളം . മുൻപ് ഗ്ലാസ് വ്യവസായം പോലെ ധാരാളം വ്യവസായങ്ങൾ നിലനിന്നിരുന്ന സഥലമാണ് നമ്മുടെ സംസ്ഥാനം.  ഇവിടത്തെ ജോലിക്കാരുടെ മനഃസ്ഥിതിയും വ്യത്യസ്തമാണ് . അധികം പണിയെടുക്കാതെ സമ്പാദിക്കാനാണ് അവർക്ക് ഇഷ്ടം . ഉൽപ്പാദനം കൂടിയാൽ മാത്രമേ വ്യവസായം ലാഭകരമാകു . എങ്കിൽ മാത്രമേ തൊഴിലാളികൾക്ക് ഗുണമുണ്ടാകുകയുള്ളു. അത് മനസിലാകാതെ തൊഴിലുടമയെ ശത്രുവിനെപ്പോലെ കാണുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് . പിന്നെ രാഷ്ട്രീയത്തിന്റെ അതിപ്രസരവും വലിയ വെല്ലുവിളി തന്നെയാണ് . ആർക്കെങ്കിലും ധൈര്യമുണ്ടോ കേരളത്തിൽ ഒരു വലിയ വ്യവസായം തുടങ്ങി മുന്നൂറ് പേർക്ക് ജോലികൊടുക്കാൻ ? എനിക്ക് ധൈര്യമില്ല . ഇത് തന്നെയാണ് തൊഴിലില്ലായ്മയുണ്ടാകാനുള്ള കാരണവും .

4. ഉത്തരേന്ത്യയുടെ വസ്ത്രമായിരുന്നല്ലോ സൽവാർ കമ്മീസ് , അത് താങ്കൾ കേരളത്തിലേക്ക് പ്രചാരത്തിലെത്തിൽക്കൊണ്ടുവന്നപ്പോൾ എന്ത് മാറ്റമാണ് വിപണിയിൽ സൃഷ്ടിക്കപ്പെടാനായത് ?

     കേരളത്തിലെ ആദ്യത്തെ സൽവാർ കമ്മീസ് ബ്രാൻഡ് വി – സ്റ്റാർ ആയിരുന്നു . പെർഫെക്ട് കട്ടിങ്ങോ ,ഷെയ്പ്പോ, കൃത്യമായ അളവോ  ഇല്ലാത്ത ബോബെയിൽ നിന്നും വരുന്ന സൽവാർ കമ്മീസ് ആണ് അന്ന് ലഭ്യമായിരുന്നത് . ടൈലറിംഗ്  എനിക്കറിയാമായിരുന്നതുകൊണ്ട് ഇത്തരം ഡിസൈൻ കാണുമ്പോൾ എനിക്ക് അതിന്റെ കുറവുകൾ  മനസിലാകുമായിരുന്നു . ഇപ്പോഴും ഉത്തരേന്ത്യയിൽ നിന്നുവരുന്ന സൽവാർ കമ്മീസ് അങ്ങനെ തന്നെയാണ് . ചുരിദാർ നിർമ്മാണം നിർത്തിയിട്ട് പത്തുവർഷത്തോളമായി . നല്ല വിപണനവും ഉണ്ടായിരുന്നു .നിർത്താനുള്ള കാരണം ശാസ്ത്രീയമായി ഡൈ ചെയ്യാനുള്ള ഡൈയിങ് യൂണിറ്റോ പ്രിന്റിങ് യൂണിറ്റോ കേരളത്തിൽ ഇല്ലയെന്നുള്ളതാണ് . അങ്ങനെ ചെയ്യണമെങ്കിൽ ജയ്‌പൂർ, ഡൽഹി, പോലുള്ള സ്ഥലങ്ങളിൽ അയക്കണമായിരുന്നു . എന്റെ  താൽപര്യത്തിനനുസരിച്ചുള്ള ഡിസൈൻസ് ഉണ്ടാക്കാൻ ബുദ്ധിമുട്ടായിരുന്നു . ചിലവും  കൂടുതലായിരുന്നു . കേരളത്തിൽ ഈ ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെയായി .  ഇതൊക്കെയാണ് ചുരിദാർ നിർമ്മാണം നിർത്താൻ കാരണം . ഇപ്പോഴും സംതൃപ്തി തരുന്ന ഒരു കാര്യം ,പഴയ ചുരിദാർ കേടുപാടില്ലാതെ ഇപ്പോഴും നിലൽക്കുന്നു എന്ന് ഉപഭോക്താക്കൾ പറയുമ്പോഴാണ് .   ക്വളിറ്റിയിൽ യാതൊരു കോംപ്രമൈസും ചെയ്യാതിരുന്നതിന്റെ അനന്തരഫലം സന്തോഷവും സംതൃപ്തിയുമാണ് .

5.വീട്ടമ്മ , സംരംഭക എന്നീ റോളുകൾ  ഒരുപോലെ  മുന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ച് ?

   സ്ത്രീയെകൊണ്ട് മാത്രമേ  അതിനു സാധിക്കുള്ളു . വീട്ടു ജോലികളും , ഓഫീസ് ജോലികളും  ഒരുപോലെ നടത്തിക്കൊണ്ട്പോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .പുരുഷന്മാർ വീട്ടുകാര്യങ്ങളിൽ സ്ത്രീയെ സഹായിക്കുക എന്നത് നമ്മുടെ സമൂഹത്തിൽ വളരെ വിരളമാണ്  .  കുടുംബത്തിന്റെ ചുമതലകൾ നിറവേറ്റാൻ വളരെയധികം ബുദ്ധിമുട്ടുണ്ട് .ഞാൻ ഒരു ഹോംസയൻസ് ബിരുദധാരിണിയാണ് . വിവാഹിതയായി ഇവിടേക്ക് വരുമ്പോൾ വി – ഗാർഡ് എന്ന കമ്പനി ആരംഭദിശയിലായിരുന്നു . നാലോ അഞ്ചോ തൊഴിലാളികളുമായി ഒരു ചെറിയ റൂമിൽ തുടങ്ങിയതായിരുന്നു .അതിൻറെ വളർച്ച ഞാൻ കണ്ടറിഞ്ഞതാണ് . പിന്നെ വീട്ടമ്മയെന്ന നിലയിൽ ജോലികൾ ഞാൻ ആസ്വദിച്ച്  ചെയ്യാറുണ്ട് . വളരെ വേഗം പണികൾ ചെയ്‌ത്‌തീർക്കാൻ എനിക്ക് കഴിയും കൂടാതെ സഹായികളും ഉണ്ട് .   ഈ രണ്ട് റോളുകളും ഞാൻ ആസ്വദിക്കാറുണ്ട്.

6. നിരവധി പുതിയ ഫാഷനുകൾ , അന്താരാഷ്ട്ര ബ്രാൻഡുകൾ പുറത്തിറക്കുന്നുണ്ടല്ലോ ? ഇത്തരം കിടമത്സരങ്ങൾ എങ്ങനെയാണ് തരണം ചെയ്യുന്നത് ?

          തീർച്ചയായും മത്സരം നിലനിൽക്കുന്നുണ്ട് . ഞാൻ ഈ മേഖലയിലേക്ക് വരുമ്പോൾ വി – സ്റ്റാർ  മാത്രമേ ഉണ്ടായിരുന്നുള്ളു . രാഷ്ട്ര , അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് വില കൂടുതലാണ് . പിന്നെ നമ്മുടെ ഉൽപ്പന്നങ്ങൾക്ക് വളരെ ശക്തമായ ഉപഭോക്താക്കളുണ്ട് .അവർ നമ്മുടെ ഉൽപ്പന്നങ്ങളിൽ സംതൃപ്തരാണ് . വലിയ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ ചെറുപ്പക്കാരാണ് . ഞങ്ങളും പുതിയ വിലകൂടിയ ഇന്നേഴ്സ് ഇറക്കുന്നുണ്ട് . പ്രഷ്യസ് പർപ്പിൾ എന്നാണ് അതിന്റെ പേര് . ഗുണനിലവാരം തന്നെയാണ് വി -സ്റ്റാറിന്റെ പ്രധാനവിഷയം .ഒരു ബ്രായുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇലാസ്റ്റിക് ആണ് . ആദ്യമായി വിപണിയിലിറക്കിയപ്പോൾ തന്നെ ഗുണനിലവാരമുള്ള ഇലാസ്റ്റിക് ഉപയോഗിച്ചപ്പോൾ വിപണിയിൽ അന്ന് നിലവിലുണ്ടായിരുന്നവയെക്കാൾ പത്ത് രൂപ കൂടുതലായിരുന്നു വി-സ്റ്റാർ ഉൽപ്പന്നങ്ങൾക്ക്  . കൂടാതെ ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് സ്ത്രീകളുടെ വസ്ത്രങ്ങൾ ഉണ്ടാക്കുമ്പോൾ അതിന്റെ  ആവശ്യങ്ങൾ അറിഞ്ഞ് ഡിസൈൻ രൂപപ്പെടുത്തുന്നു എന്നത് തന്നെയാണ്  വി – സ്റ്റാറിന്റെ പ്രത്യേകത .

7. ഒരു സംരംഭകയായില്ലെങ്കിൽ താങ്കൾ എന്താകുമായിരുന്നു ?

       എന്താകുമായിരുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടില്ല എന്നുള്ളതാണ് സത്യം  . വെറുതെയിരിക്കുന്ന സ്വഭാവം എനിക്കില്ല . ജീവിതത്തിലെ ഒരു നിമിഷം പോലും പാഴാക്കാൻ ഇഷ്ടമുള്ള ഒരാളല്ല ഞാൻ .  ഒരുപക്ഷെ ഞാൻ ഒരാർട്ടിസ്റ്റ് ആയിരുന്നേനെ .പെയിന്റിംഗ് എനിക്ക് ഒത്തിരി ഇഷ്ടമാണ് . ക്രീറ്റിവിറ്റിയില്ലാതെ ജീവിക്കാൻ എനിക്കാകില്ല . എന്തെങ്കിലും ആയിത്തീരണം എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നില്ല . അന്നൊക്കെ സ്ത്രീകൾ ജോലിക്ക് പോകുന്നതും പ്രോത്സാഹിപ്പിച്ചിരുന്നില്ല . ബാങ്ക് ജോലി ഇഷ്ടമായിരുന്നു . ബിസിനസിലേക്ക് വന്നതും വരുമാനം പ്രതീക്ഷിച്ചായിരുന്നില്ല . ആദ്യത്തെ രണ്ട് മൂന്ന് വർഷങ്ങൾ നഷ്ടത്തിലായിരുന്നു . ആ കാലയളവിൽ   വി – ഗാർഡിൽ നിന്നും കിട്ടിയിരുന്ന ലോൺ എനിക്ക് വലിയ സഹായമായിരുന്നു . സംരംഭകയായില്ലെങ്കിൽ , ഒരു കാര്യം സത്യമാണ്  ഞാൻ ഒരിക്കലും ഒരു കുടുംബിനിയായി ഒതുങ്ങികൂടില്ലായിരുന്നു.

8. താങ്കളുടെ ഭർത്താവായ കൊച്ചൗസേപ്പ്  ചിറ്റിലപ്പള്ളി എന്ന വ്യക്തിയുടെ സാമൂഹിക ഇടപെടലുകൾ (പ്രത്യേകിച്ച്  ഹർത്താൽ, നോക്കുകൂലി  പോലുള്ള വിഷയങ്ങളിൽ ) ഒരു സംരംഭക എന്നുള്ള നിലയിൽ എങ്ങനെ നോക്കിക്കാണുന്നു ?

       പൂർണ്ണമായും അനുകൂലിക്കുന്നു . അനീതിക്കെതിരെ  പ്രതികരിക്കുന്നയാളാണ് ഞാൻ. സാമൂഹികപരമായ, ജനദ്രോഹപരമായ വിഷയങ്ങളിൽ തീർച്ചയായും സാമൂഹികജീവി എന്നുള്ളനിലയ്ക്ക് പ്രതികരിക്കേണ്ടത് എല്ലാ മനുഷ്യരുടെയും കടമയാണ് . ഇത്തരം വിഷയങ്ങളിൽ ഞങ്ങൾ രണ്ടുപേരും ഒറ്റക്കെട്ടാണ് .

9. ഒരു പുരുഷൻറെ വിജയത്തിന് പിന്നിൽ സ്ത്രീയാണ് എന്നതാണല്ലോ ചൊല്ല് .. അങ്ങനെയാണെങ്കിൽ താങ്കളുടെ വിജയത്തിനുപിന്നിലെ  വലിയ പ്രചോദനമായ ഭർത്താവിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ?

       എൻറെ ബിസിനസ്സിൽ പരിപൂർണ്ണ പിന്തുണയാണ്  അദ്ദേഹം നൽകുന്നത് . വിവാഹം കഴിഞ്ഞ നാൾ മുതൽ  വീട്ടുകാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നോക്കി നടത്തുന്നത്.  അതു കാരണം  അദ്ദേഹത്തിന്  ബിസിനസ്സിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള സമയം കിട്ടിയിരുന്നു . പിന്നെ കുട്ടികളെ വളരെ സപ്പോർട്ട് ചെയ്യുന്ന സ്നേഹമുള്ള ഒരച്ഛനാണ് . എൻറെ ജീവിതം സന്തോഷകരവും സുരക്ഷിതവുമാണെന്ന് മാത്രമല്ല വളരെ സ്നേഹമുള്ള ഭർത്താവുമാണ് അദ്ദേഹം .  പിന്നെ എല്ലാ വിഷയങ്ങളിലും ,അത് സ്വന്തം കാര്യമായാൽപ്പോലും ശക്തമായ നിലപാടുള്ളയാളാണ് .  ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് ചെയ്തിരിക്കും .അതിനു ശേഷമാണ് ആ കാര്യം ഞാൻപോലും അറിയുന്നത്.  കിഡ്‌നി ദാനം ചെയ്യാനുള്ള തീരുമാനംപോലും അതുപോലെയായിരുന്നു . ഇതെല്ലാമാണ് എൻറെ ഭർത്താവ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

10. താങ്കളുടെ സ്ട്രങ്തും വീക്നെസ്സും?

    എന്നിലെ വീക്നെസ്സ് എന്നത് നോ പറയാനുള്ള ബുദ്ധിമുട്ടാണ്. അത് കാരണം ധാരാളം പ്രശ്നങ്ങളിൽ ചെന്ന് ചാടിയിട്ടുമുണ്ട്. ഇപ്പൊൾ ഞാൻ നോ പറയാൻ പഠിച്ചു വരികയാണ്.പെട്ടന്ന് മനസ്സലിയുന്നതും മറ്റൊരു വീക്നെസ്സാണ്. വിചാരിച്ചാൽ സാധിക്കാത്ത കാര്യങ്ങളില്ല എന്നുള്ള ദൃഢനിശ്ചയം എനിക്കുണ്ട് . ആത്മവിശ്വാസവും ദൃഢനിശ്ചയവും ശുഭാപ്തിവിശ്വാസവുമാണ് എന്റെ സ്ട്രെങ്ത്.

11. ഹോബീസ് എന്തൊക്കെയാണ്?

   പെയിന്റിംഗ്, ഗാർഡനിങ്, ഇന്റീരിയർ ഡെക്കറേഷൻ, കുക്കിംഗ്, സ്റ്റിച്ചിങ്, സിംഗിംഗ്  ഇവയൊക്കെയാണ് എന്റെ ഹോബികൾ. ഞാൻ ഹോക്കി കളിച്ചിരുന്നു. ഈ വീട്ടിലെ പെയിന്റിങ്ങുകളെല്ലാം ഞാൻ ചെയ്തതാണ്. വെറുതെയിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്.

ഷീജ നായർ

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.