രാജ്യസഭയില്‍ നിന്നും സംസ്ഥാന ഭരണത്തലത്തിലേക്ക് ”പാര്‍ലമെന്റേറിയന്‍ രാജീവ് ” എന്ന പി. രാജീവ്

രാജ്യസഭയില്‍ നിന്നും സംസ്ഥാന ഭരണത്തലത്തിലേക്ക് ”പാര്‍ലമെന്റേറിയന്‍ രാജീവ് ” എന്ന പി. രാജീവ്

1967 ജനുവരി ഒന്നാംതീയതി ശ്രീ. പി വാസുദേവന്റെയും (റിട്ട. റവന്യൂ ഇന്‍സ്പെക്ടര്‍) ശ്രീമതി രാധാ വാസുദേവന്റെയും മകനായി തൃശൂര്‍ ജില്ലയില്‍ മേലടൂര്‍ എന്ന സ്ഥലത്ത് ജനനം. മേലടൂരിലെ ഗവണ്‍മെന്റ് സമിതി ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കിയശേഷം കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് എറണാകുളത്തെ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദവും കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും കരസ്ഥമാക്കി. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്എഫ്‌ഐ) സംഘാടകനായി തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ച പി രാജീവ് എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയുമായി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും പി.രാജീവിനെ തേടിയെത്തി. പിന്നീട് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംഘാടനമികവും കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് അദ്ദേഹം ഇന്ന് കേരളസംസ്ഥാന മന്ത്രിസഭയില്‍ എത്തിയിരിക്കുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയ, സംഘടനാ ചുമതലകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുകയായിരുന്നു.

P Rajeev Uniquetimes
P Rajeev

2009 ഏപ്രിലില്‍ അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗം എന്നുള്ള നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പല വിഷയങ്ങളുടെയും ഉള്ളുകള്ളികള്‍ മനസിലാക്കി അവ അവതരിപ്പിക്കേണ്ടിടത്ത് അവതരിപ്പിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി. പാര്‍ലമെന്റിനകത്തെ ചട്ടങ്ങള്‍ നല്ലവണ്ണം പഠിച്ച് അവയെ വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള നിപുണത പി. രാജീവിനെ വ്യത്യസ്തനാക്കി. വസ്തുതാപരമായ പ്രസംഗങ്ങളിലൂടെ സഭയിലെ പ്രതിപക്ഷ ബഞ്ചുകളുടെ ആകര്‍ഷണകേന്ദ്രമാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ചീഫ് വിപ്പായും ഉപരിസഭയില്‍ ഡെപ്യൂട്ടി ലീഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അഡൈ്വസറി , ഇന്‍ഫോര്‍മേഷന്‍ , പെറ്റിഷന്‍സ് , ഇന്‍ഷുറന്‍സ് ബില്‍ സെലക്ട് കമ്മിറ്റി തുടങ്ങി വിവിധ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അദ്ദേഹം അംഗമായിരുന്നു.

ഏപ്രില്‍ 2015 ല്‍ നടന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങില്‍ പാര്‍ലമെന്റേറിയന്‍ എന്നുള്ള നിലയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേമുന്‍നിര നേതാക്കളുടെ പ്രശംസയേറ്റുവാങ്ങിയത് പി. രാജീവ് എന്ന വ്യക്തിയുടെ സേവനമികവിനുള്ള അംഗീകാരമാണെന്നുള്ളത് നിസ്സംശയം പറയാം. അരുണ്‍ ജെയ്റ്റ്‌ലി, ഗുലാം നബി ആസാദ് എന്നിവരൊക്കെ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ആശയപരമായി ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന നേതാക്കന്മാരാണിവരെന്നുള്ളത് എടുത്തുപറയേണ്ടുന്നതാണ്. ഏതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നുവോ ആ മേഖലയില്‍ തന്റെ ചുമതല ഭംഗിയായി നിര്‍വ്വഹിക്കുകയെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവാണ് അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66എ ഭേദഗതികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചതും ശ്രദ്ധേയമാണ്. ഈ ഗുണമാണ് പി. രാജീവ് എന്നത് ”പാര്‍ലമെന്റേറിയന്‍ രാജീവ്” എന്ന വിശേഷണം വ്യക്തമാക്കുന്നത്. 2016 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള ‘സന്‍സദ് രത്‌ന’ പുരസ്‌കാരം ലഭിച്ചു.

വ്യവസായമന്ത്രിയായി ചുമതലയേറ്റശേഷം അദ്ദേഹം നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും അവയെ മുന്നില്‍നിന്ന് നയിക്കുകയും വിജയത്തിന്റെ പാതയിലേക്ക് എത്തിക്കുകയും ചെയ്തു. പല സര്‍വ്വേകളുടെ ഫലങ്ങളും ഇതിനുദാഹരണങ്ങളാണ്. കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ എംബസ്സിയുടെ (CIA )ദക്ഷിണമേഖലാ ചെയര്‍മാന്‍ കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏകജാലകസംവിധാനമാണെന്നും കേരളത്തില്‍ നിലവിലുള്ളതെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണിത്. കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ എംബസ്സി(CIA ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (FICCI) തുടങ്ങിയ സംഘടനകള്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്തുകൊണ്ട് സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതും സ്വാഗതാര്‍ഹമായ പ്രവര്‍ത്തനമാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കേരള സെന്‍ട്രലൈസ്ഡ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം, സംരംഭകരുടെ പരാതികള്‍ രേഖപ്പെടുത്താനും അവയ്ക്ക് ശരിയായ പരിഹാരങ്ങള്‍ കൈക്കൊള്ളുവാനും സഹായകരമാണെന്നതാണ് വസ്തുത. ഇതിലൂടെ അഴിമതിക്ക് ഒരു പരിധിവരെ നിയന്ത്രണം കൊണ്ടുവരുവാനും സാധിക്കുന്നു.

P Rajeev Uniquetimes
P Rajeev

ഏകജലസംവിധാനം വഴി അപേക്ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിലൂടെ ഒട്ടനവധി സംരംഭകരെ വ്യവസായാരംഗത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രോഡക്റ്റ് എന്ന കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി ഒരു ജില്ലയില്‍ ഒരു കാര്‍ഷീകോല്‍പ്പന്നത്തിന് പ്രാധാന്യം കൊടുത്ത് അത് ഉല്‍പ്പാദിപ്പിച്ചു വിപണനം നടത്തുക വഴി കാര്‍ഷീകമേഖലയിലും മുന്നേറ്റം സൃഷ്ടിക്കുക എന്ന പരിപാടിയും നിലവിലുണ്ട്.

കേരളത്തില്‍ വന്‍കിട വ്യവസായങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നത് മനസ്സിലാക്കി ചെറുകിട സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുക എന്ന നയം സ്വീകരിക്കുക വഴി ചെറുകിട വ്യവസായത്തിന്റെ അനന്തസാധ്യതകള്‍ സംരഭകര്‍ക്കുമുന്നില്‍ തുറന്നിരിക്കുകയാണ്. കൂടുതല്‍ സാധ്യതകളുള്ള ഫര്‍മസ്യൂട്ടിക്കല്‍, ഭക്ഷ്യസംസ്‌കരണം, ഇലക്ട്രോണിക്സ്, സര്‍ജിക്കല്‍ ഉപകരണനിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സംരഭകര്‍ക്ക് ആവശ്യമായ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാകും. സാധ്യതകളുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

കിറ്റക്സ് വിവാദത്തിനു പിന്നാലെ സംസ്ഥാനത്തെ വ്യവസായസൗഹൃദ അന്തരീക്ഷം ചര്‍ച്ചയായതോടെ സംരഭകരെ നേരിട്ട് കണ്ട് അവരുടെ പരാതികള്‍ നേരിട്ട് അറിയിക്കാനും, ആവശ്യങ്ങള്‍ പറയാനുമുള്ള വേദിയായിരുന്നു കുസാറ്റ് ക്യാംപസില്‍ സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ പ്രോഗ്രാം. ഈ പരിപാടിയില്‍ വ്യവസായ മന്ത്രിയും വകുപ്പ് സെക്രട്ടറിയും നേരിട്ടെത്തിയാണ് സംരഭകര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും തദവസരത്തില്‍ തന്നെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും മികച്ച മാനവവിഭവശേഷിയും കാലാവസ്ഥയും സുരക്ഷിതത്വവും കേരളത്തിന്റെ പ്രത്യേകതയാണ്. ഇത് മുതല്‍ക്കൂട്ടാക്കി കേരളത്തെ സംരഭകത്വത്തില്‍ മുന്നില്‍ എത്തിക്കുകയെന്നതും വികസന അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

P Rajeev Uniquetimes
P Rajeev

പാരമ്പരാഗതവ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്നതിന്റെ ഭാഗമായി പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കോവിഡ് മഹാമാരി ആഘാതമേല്പിച്ച മേഖലയാണ് കയര്‍ വ്യവസായം. ഈ പ്രതിസന്ധിയില്‍ നിന്നും കയര്‍മേഖല കരകയറുകയാണ്. തൊഴിലുറപ്പു പദ്ധതിപ്രകാരം ഭൂവസ്ത്ര എന്നപേരില്‍ നിര്‍മ്മിച്ച കയറുല്പന്നങ്ങള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്റാണ്.

മികച്ച നേതാവ്, രാഷ്രീയക്കാരന്‍, വാഗ്മി, സംഘാടകന്‍ എന്നാലൊക്കെയുപരിയായി ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. പി.രാജീവ്.കേരളത്തിലെ വര്‍ത്തമാനപത്രമായ ദേശാഭിമാനി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു പി.രാജീവ്. കേരള ഗവണ്‍മെന്റിന്റെ പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ കുസാറ്റിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ ശ്രീമതി. എ വാണി കേസരിയും രണ്ട് മക്കളുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.

P Rajeev Uniquetimes
P Rajeev

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.