ചലച്ചിത്രനഭസിലെ വെള്ളി നക്ഷത്രം – ഷിജു റഷീദ് ( ദേവി ഷിജു )

ചലച്ചിത്രനഭസിലെ വെള്ളി നക്ഷത്രം – ഷിജു റഷീദ്  ( ദേവി ഷിജു )

അനന്തമായ ആകാശംപോലെ വിശാലവും മലനിരകൾപോലെ കയറ്റിറക്കങ്ങളും നിറഞ്ഞതാണ് സിനിമ അഞ്ഞൂറ് രൂപ വാങ്ങുന്ന ജൂനിയർ നക്ഷത്രങ്ങൾ  മുതൽ   ആയിരങ്ങളും ലക്ഷങ്ങളും കോടികളും വാങ്ങുന്ന   നക്ഷത്രങ്ങൾ വരെയുള്ള അനന്തമായ ആകാശം. ഭൂമിയിൽ നിന്നും ഈ നക്ഷത്രങ്ങളെ കാണുമ്പോൾ അവയ്‌ക്കെല്ലാം ഒരേ തിളക്കമാണ് !.  സിനിമയുടെ കയറ്റമിറക്കങ്ങളിൽ അടിപതറാതെ  കിട്ടിയ വേഷങ്ങളൊക്കെയും സന്തോഷത്തോടെ അർപ്പണബോധത്തോടെ കെട്ടിയാടി പ്രേക്ഷകരെ രസിപ്പിക്കുന്ന  യഥാർത്ഥ അഭിനേതാവ് . പേരെടുത്ത് പറയാൻ ഒരു ഗോഡ്ഫാദർ ഇല്ലാതെ,സാധാരണ സിനിമാമോഹികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം തന്നെ അനുഭവിച്ചുകൊണ്ട് സിനിമയിൽ  വന്ന്  വളരെ ചെറിയ പ്രായത്തിൽ  പരിചയമില്ലാത്ത മറ്റൊരു ഭാഷയിൽ പോയി ഏതാണ്ട് ഒരു കൊല്ലത്തോളം ഓടിയ ഒരു പടത്തിന്റെ  ഹീറോ ആയ , മലയാളം,തമിഴ് , തെലുങ്ക് ,കന്നഡ,ഇംഗ്ലീഷ് ,ഒഡിയ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച ഷിജു റഷീദ് ( ദേവി ഷിജു ) എന്ന നടൻറെ അനുഭവങ്ങളിലൂടെ …

“കാബൂളിവാല” എന്ന സിനിമയുടെ കാസ്റ്റിംഗ് നടക്കുന്ന സമയം. “കാബൂളിവാലയിൽ   നീയാടാ നായകൻ”  കൂട്ടുകാരും സിദ്ദിഖ് -ലാൽ മാരോട് അടുത്ത് നിൽക്കുന്ന സിനിമാവൃത്തങ്ങളും  പറയുന്നത് കേട്ടപ്പോൾ ആ യുവാവ് ഹർഷപുളകിതനായി. സിദ്ധിഖ് – ലാൽ തിളങ്ങി  നിൽക്കുന്ന സമയത്ത് അവരുടെ സിനിമയിൽ  അങ്ങനെയൊരു നായകൻ എൻട്രി ലഭിക്കുകയെന്നത്  ചെറിയ കാര്യമല്ലല്ലോ. താൻ നായകനായി വരുന്ന ആ പടത്തെ പറ്റി ആ  യുവാവ് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു. പക്ഷെ, ആ യുവാവിന്റെ  സ്വപ്നങ്ങൾക്കെല്ലാം ഈയാംപാറ്റയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ യുവാവ്  മോഹിച്ചയിടത്തേക്ക് വിനീത് എന്ന നടൻ വന്നു. കാത്തിരുന്ന  സ്വപ്‌നങ്ങൾ കണ്മുന്നിൽ ചുണ്ടിനും കപ്പിനുമിടയിൽ വീണുടഞ്ഞപ്പോൾ സാധാരണ ഏതൊരു മനുഷ്യനും ഉണ്ടാവുന്ന സങ്കടം ആ യുവാവിനുമുണ്ടായി. സങ്കടം പിന്നെ   എങ്ങനെയെങ്കിലും സിനിമയിൽ എത്തണമെന്ന വാശിയായി മാറി. അക്കാലത്ത് സിനിമാമോഹങ്ങളുമായി നടക്കുന്ന ഒരു ശരാശരി സിനിമാപ്രേമി എത്തപ്പെടുന്ന ചെന്നൈ എന്ന മഹാനഗരത്തിലേക്ക് ഷിജുവും എത്തപ്പെട്ടു. ചെന്നൈയിലേക്ക് വണ്ടികയറുമ്പോൾ  കലാപരമായുള്ള വലിയ കഴിവുകളോ, ചെറിയ നാടകങ്ങളിൽ പോലും അഭിനയിച്ചുള്ള പരിചയമോ എടുത്ത് പറയാനില്ലാത്ത അഭിനയിക്കണമെന്ന അതിയായ മോഹം മാത്രമായിരുന്നു ആ ചെറുപ്പക്കാരന്റെ കൈമുതൽ. അയാൾക്ക്‌ ആത്മവിശ്വാസമുണ്ടായിരുന്ന ആകെ രണ്ടു കാര്യങ്ങൾ , തരകേടില്ലാത്ത ആകാരവടിവും  6 അടി 2 ഇഞ്ച് പൊക്കവുമായിരുന്നു.   ആ വിശ്വാസത്തിൽ തന്നെ അന്വേഷണം ആരംഭിച്ചു . ഒരു സാധാരണക്കാരന്  അന്നത്തെ കാലത്ത് സിനിമയിൽ ചാൻസ് കിട്ടാൻ  അനുഭവിക്കേണ്ടി വന്ന യാതനകളൊക്കെ ഷിജുവിനും അനുഭവിക്കേണ്ടി വന്നു. നിരാശയുടെ  അലച്ചിലുകൾക്കൊടുവിൽ പ്രതീക്ഷയുടെ വെട്ടം അയാൾക്ക് മുന്നിൽ  തെളിഞ്ഞു. ഐ വി ശശി സംവിധാനം ചെയ്യുന്ന” ദി സിറ്റി “എന്ന പടത്തിൽ ഒരു വേഷം അയാൾക്കും ലഭിച്ചു. വീണ്ടും പ്രതീക്ഷയോടെ  തന്റെ നേരെ ക്യാമറ തിരിയുന്ന ആ നിമിഷത്തിനായി  അയാൾ കാത്തിരുന്നു.

തനിക്കായി പറഞ്ഞിരിക്കുന്ന സീനിൽ സംസാരിക്കേണ്ട ഡയലോഗ് ഒക്കെ ഉത്സാഹത്തോടെ കാലേക്കൂട്ടി തന്നെ കാണാപാഠം പഠിച്ച്  സീനിന് വേണ്ടി കാത്തിരിപ്പായി. ഒരു വീടിന്റെ ഉൾവശത്തെ സീനാണ്  ഷിജുവിന് പറഞ്ഞിരുന്നത് . വീടിനുള്ളിലെ വാഷ് ബേസിനിൽ നിന്നും മുഖം കഴുകിയതിന് ശേഷം തന്റെ മുന്നിൽ നിൽക്കുന്ന അമ്മ,അച്ഛൻ,ചേട്ടൻ എന്നിവരോടൊപ്പം തുടർച്ചയായ ഡയലോഗ് കൂടി ഉൾപ്പെട്ടതാണ്  ആ സീൻ. അയാൾ അത്യാവശ്യം ആത്മവിശ്വാസത്തോടെ തന്നെ ആ സീൻ കൈകാര്യംചെയ്യുകയും  ചെയ്തു.  ഐ വി ശശി സാറിന്റെ അഭിപ്രായം എന്താന്നറിയാനുള്ള ആകാംഷ അയാളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.  പക്ഷെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഐ വി ശശി സെറ്റിൽ  നിന്നും പുറത്തേക്ക് പോയി. എന്താ സംഗതിയെന്ന് കുറച്ചു സമയത്തേക്ക് അയാൾക്ക്‌ മനസ്സിലായില്ല,പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ ഐ വി ശശിയുടെ അസിസ്റ്റന്റ് ആയിരുന്ന ഷാജൂൺ കാര്യാലിൽ നിന്നും അയാൾ ഞെട്ടലോടെ ആ വാർത്ത കേട്ടു. ഷിജുവിന്റെ ആത്മവിശ്വാസം ഉയർത്തിയിരുന്ന ഉയരമാണ് ഇത്തവണ വില്ലനായത്.

ഉയരക്കൂടുതൽ കാരണം തൻറെ  ഫാമിലി മെമ്പർമാർ ആയി അഭിനയിക്കുന്ന ആളുകളുമായി ഒരു മാച്ചും ഇല്ലാത്തതിനാൽ അടുത്ത പടത്തിൽ നോക്കാമെന്ന ഷാജോണിന്റെ വാക്കുകൾ സങ്കടമായി. ആ ഒരു ദിവസം മുഴുവനും കരഞ്ഞു. ഇനിയെന്ത് എന്നറിയാതെ വഴിമുട്ടിയ മനസ്സിനെ  ആഗ്രഹത്തിന്റെ വഴിയേ ആത്മവിശാസത്തോടെ തിരികെ വീണ്ടും നടത്താൻ സഹോദരനും  കൂട്ടുകാരുമടക്കം പലരും കൂടെ നിന്നു. ആയിടക്കാണ്  ഐ വി ശശിയുടെ ഒരു  പടത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിക്കാനായത്.  പിന്നീട്  ഒരു സുഹൃത്ത് മുഖാന്തരം തമിഴിലെ ഒരു വലിയ പ്രൊഡ്യൂസർ ആയിരുന്ന ജി കെ റെഡ്ഢിയുടെ ഓഫീസിലെത്തുന്നത്. റെഡ്ഢി പുതുതായി ചെയ്യാൻ പോകുന്ന പടത്തിലേക്കുള്ള ഓഡിഷൻ അറ്റൻഡ് ചെയ്യാനായി തനിക്ക് കിട്ടിയ തമിഴ് ഡയലോഗ് മനസ്സിരുത്തി പഠിച്ചു തന്നെ അവിടെ ഷിജു  മികച്ച പ്രകടനം കാഴ്ച്ച വച്ചു. ശരത് കുമാർ നായകനായ “മഹാപ്രഭൂ  “എന്ന പടത്തിൽ വില്ലനായി പേരെടുത്ത് പറയാവുന്ന അരങ്ങേറ്റം.  സിനിമാലോകത്തേക്ക് ചുവട് വയ്ക്കുന്ന ആ യുവാവിന് ജി കെ റെഡ്ഢി ഒരു പേര് നിർദ്ദേശിച്ചു.  അദ്ദേഹത്തിന്റെ ഇളയ മകനായ ഇന്നത്തെ തമിഴിലെ യുവനടനായ “വിശാൽ “ന്റെ പേരിൽ അരങ്ങേറ്റം കുറിച്ചു.  ആ പടത്തിൽ അഭിനയിച്ചോണ്ടിരിക്കുമ്പോഴാണ് രാജൻ പി ദേവുമായി സൗഹൃദത്തിലാവുന്നതും അദ്ദേഹത്തിന്റെ ശുപാർശ മൂലം സിദ്ദിഖ് ഷമീർ സംവിധാനം ചെയ്യുന്ന മഴവിൽകൂടാരം എന്ന മലയാളം പടത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതും.  ഒരിക്കൽ ഇലയിട്ടിട്ട് ഊണില്ല എന്ന് പറഞ്ഞു വിട്ട നമ്മുടെ മലയാളത്തിലേക്കുള്ള ഷിജുവിന്റെ  ആദ്യവരവായിരുന്നു ആ സിനിമ. തമിഴിലെ “മഹാപ്രഭൂ” അത്യാവശ്യം ഹിറ്റായതോടെ  അയാളെ തേടി തെലുങ്കിൽ നിന്ന് മറ്റൊരു അവസരം ഷിജുവിനെത്തേടിയെത്തി. തെലുങ്ക് സിനിമാചരിത്രത്തിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ 125 മത് പടമായ “ദേവി”യിലേക്ക്  നായകന്റെ റോളിൽ ക്ഷണം എത്തി.  ആ സമയം തന്നെ സിദ്ദിഖ് ഷമീർന്റെ മൂന്നാമത്തെ പടമായ ഇഷ്ടമാണ് നൂറ് വട്ടത്തിലേക്കും നായകനായി ഷിജുവിന് അവസരം ലഭിച്ചു. രസകരമായ കാര്യം രണ്ടു പടങ്ങളുടെയും പൂജ ഒരു ദിവസമായിരുന്നു. അതും ചെന്നൈയിൽ രണ്ടു സ്റ്റുഡിയോകളിലായി.  ദേവിയുടെ പൂജാവേള ബ്രഹ്‌മാണ്ഡമായി തന്നെ നടന്നു. രാം ഗോപാൽ വർമ്മയും ചിരഞ്ജീവിയുമടക്കം പ്രമുഖർ ആ യുവാവിനെ തെലുങ്ക് സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്യാനെത്തിയിരുന്നു. ആ പൂജ നടക്കുന്നതിനിടയിൽ തന്നെ പ്രൊഡ്യൂസറെ കണ്ട് അനുവാദം വാങ്ങി തൊട്ടപ്പുറത്ത് ഇഷ്ടമാണ് നൂറു വട്ടം സിനിമയുടെ പൂജയ്ക്ക് പങ്കെടുത്തു.  മലയാളത്തിൽ ഷിജു റഷീദ് എന്ന പേരിലും തെലുങ്കിൽ “ദേവി “ഷിജുവായുമായുള്ള താരോദയമായിരുന്നുവത്.  അന്ന് ദേവിയിൽ ഷിജുവിനൊപ്പം മറ്റൊരു പ്രതിഭ കൂടി അരങ്ങേറ്റം കുറിച്ചിരുന്നു തെന്നിന്ത്യയിൽ  ഇന്ന് “DSP “എന്നറിയപ്പെടുന്ന പ്രമുഖ സംഗീതസംവിധായകൻ ശ്രീപ്രസാദ് അങ്ങനെ ദേവിയിലൂടെ “ദേവി ശ്രീ പ്രസാദ് “ആയി അരങ്ങേറ്റം കുറിച്ചു.

രണ്ടു പടങ്ങളും ഒരുമിച്ചു തന്നെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ആദ്യം ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയുടെ  ഷൂട്ടിങ് പൂർത്തിയായി.  ദേവിയിൽ നായകനായ സമയത്ത് തന്നെ ഷിജുവിന് പന്ത്രണ്ടോളം പടങ്ങൾ തമിഴിൽ നിന്ന് വരുകയും ആ വർഷം മുഴുവനും അയാളുടെ കാൾ ഷീറ്റ് ഫിൽ ആവു ചെയ്തു.  ഇനി ഞാൻ തന്നെ അടുത്ത സൂപ്പർസ്റ്റാർ എന്ന ആവേശത്തിലായിരുന്നു  അയാളുടെ മനസ്സ്.

പക്ഷെ വിധി കാത്തുവച്ചത്  മറ്റൊന്നായിരുന്നു. തമിഴ് സിനിമാപ്രവർത്തകർക്കിടയിൽ തൊഴിൽ സമരങ്ങൾ മാറിയപ്പോൾ കാര്യങ്ങളും മാറിമറിഞ്ഞു. അത് വരെ പുതിയ താരങ്ങളെ സ്വാഗതം ചെയ്യാൻ മനസ്സ്കാട്ടിയിരുന്ന നിർമാതാക്കൾ തിയറ്റർ വാല്യൂ ഉള്ള രജനി,കമൽ,ശരത് കുമാർ,മുരളി തുടങ്ങിയവരിൽ മാത്രമായി ഒതുങ്ങാൻ തുടങ്ങി.  ഷിജു റഷീദ് എന്ന പുതുമുഖനായകന് കിട്ടിയ  റോളുകൾ എല്ലാം തന്നെ ക്യാൻസൽ ചെയ്യപ്പെട്ടു.പലരുടെയും കയ്യിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുക്കേണ്ടതായും വന്നു.

സിനിമയുടെ വർണ്ണക്കാഴ്ചകൾ ഏറ്റവുമുയരത്തിൽ അയാൾക്ക്‌ മുന്നിൽ തെളിഞ്ഞതും പെട്ടന്നസ്തമിച്ച്  ഇരുട്ട് പടർന്നതുമെല്ലാം താങ്ങാവുന്നതിനപ്പുറമായിരുന്നു. തെലുങ്കിൽ അഭിനയിക്കുന്ന ദേവിയുടെ ഷൂട്ടിങ്  ഏതാണ്ട് മൂന്ന് കൊല്ലത്തോളം നീണ്ടു ഷൂട്ട് മുഴുമിക്കാൻ പ്രൊഡ്യൂസർക്ക് ഒട്ടു മിക്കതും വിൽക്കേണ്ടി വന്നു. ഇതിനിടയിൽ ഇഷ്ടമാണ് നൂറുവട്ടം മലയാളത്തിൽ റിലീസ് ആയത്.  പടത്തിന്  നല്ല അഭിപ്രായം കിട്ടിയെങ്കിലും നായകൻ എന്ന നിലയിൽ ആഗ്രഹിച്ച പോലെ  അദ്ദേഹത്തിന്റേതായ ഒരോളമുണ്ടാക്കാൻ സാധിക്കാതെപോയി.

പക്ഷെ മഴക്കാറ് നീങ്ങി മാനം തെളിഞ്ഞ പോലെ തെലുങ്കിൽ ദേവി റിലീസ് ചെയ്യപ്പെട്ടു. ദേവി ബ്രഹ്മാണ്ഡഹിറ്റായി ഏകദേശം ഒരു വർഷത്തോളം ആ പടം തെലുങ്കിൽ പ്രദർശനം  തുടർന്നു. ഷിജു,  ദേവി ഷിജുവായി. ഇനി തന്റെ രാശി തെലുങ്കിലാണെന്ന് ഉറപ്പിച്ചു കുറച്ചു പടങ്ങൾ ചെയ്യവേ, രവി തേജയുടെ കൂടെയുള്ള ഒരു പടത്തിന്റെ ഫൈറ്റിനിടെ മുതുകിന് പരിക്ക് പറ്റി. അഞ്ച് ഡിസ്ക് തെറ്റി ഒരു വർഷത്തോളം കിടപ്പിലായി.  വീണ്ടും തുടങ്ങിയിടത്ത് തന്നെ വന്ന് നിൽക്കുന്ന അവസ്ഥ.

പക്ഷെ തോൽക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു. പലപ്പോഴും  ചില ഇന്റർവ്യൂവിൽ അദ്ദേഹത്തോട് ചിലർ ചോദിക്കുന്നത് കണ്ടിട്ടുണ്ട് . ഷിജുവിന് ആഗ്രഹിച്ച പോലെ ഒരുയരത്തിൽ എത്താൻ പറ്റാത്തതിൽ വിഷമമുണ്ടോ എന്ന് ? ആ ചോദ്യത്തോട് ശക്തമായി വിയോജിച്ചുകൊണ്ട് തന്നെ പറയട്ടെ. സ്വപ്രയത്നത്താലെ  2002-ൽ “In the name of Buddha “എന്ന ഇംഗ്ലീഷ് സിനിമയിൽ നായകനായി “Oslo film festival”പോലുള്ള  അന്താരാഷ്ട്രചലച്ചിത്രമേളകളിൽ നിരൂപകരുടെ  ശ്രദ്ധയാകർഷിച്ച നടൻ കണ്ട ഉയരങ്ങളൊന്നും ഇപ്പോഴും ഇമ്മടെ പലപ്രമുഖ  സ്റ്റാറുകളും കണ്ടിട്ടില്ല. താരത്തിളക്കം കാണേണ്ടത് ഉയരങ്ങൾ  കാണിച്ചുള്ള താരതമ്യങ്ങളിലല്ല . മറിച്ച്  സ്വന്തമായി പബ്ലിക് റിലേഷൻ വർക്ക് ചെയ്യാതെ സിനിമയിൽ എത്തപ്പെട്ട ഷിജുവിന്റെ ആത്മാർപ്പണത്തിന്റെ, കഠിനാദ്ധാനത്തിന്റെ ഫലമാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ . അജിത് രവി സംവിധാനം നിർവ്വഹിക്കുന്ന “ആഗസ്റ്റ് 27” എന്ന സിനിമയിലേക്കുള്ള നായകവേഷം.

ടി. കെ. രതീഷ് 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.