ക്യാന്‍സറിനെ തോല്‍പ്പിച്ച വില്ലന്റെ കഥ

ക്യാന്‍സറിനെ തോല്‍പ്പിച്ച വില്ലന്റെ കഥ

അനവധി സിനിമകളിലും സീരിയലുകളിലും മികച്ച അഭിനയം കാഴ്ചവച്ച നടന്‍ സുധീര്‍ സുകുമാരന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അഭിനയമികവ് കൊണ്ട് പ്രേക്ഷകമനസ്സ് കൈയിലെടുത്ത സുധീറിന്റെ അതിജീവനത്തിന്റെ അനുഭവത്തിലൂടെ….

സിഐഡി മൂസ എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ സിനിമാ ലോകത്ത് എത്തിയത്. സീരിയല്‍ രംഗത്തും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന സിനിമയിലെ നായകവേഷം അദ്ദേഹത്തിന്റെ അഭിനയമികവിന് ഉദാഹരണമാണ്.

സുധീറിന്റെ ജീവിതത്തില്‍ വില്ലനായിട്ടാണ് കാന്‍സര്‍ കടന്നുവന്നത്. അതിനോട് പൊരുതി വിജയിച്ച അനുഭവം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.

‘ഡ്രാക്കുള’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ബോഡി ബില്‍ഡിങ് തുടങ്ങിയത്. 2011 മുതല്‍ ജിം ആയിരുന്നു എന്റെ ലോകം. സിനിമ പൂര്‍ത്തിയായിട്ടും എന്റെ മനസ്സില്‍ മസിലുകളോടുള്ള ഹരം മാറിയില്ല. കഷ്ടിച്ച് നാലു മണിക്കൂറുകളെ അക്കാലത്ത് ഉറങ്ങിയിരുന്നുള്ളൂ. അന്ന് വര്‍ക്ക് ഔട്ട് എന്നത് ഒരു ലഹരി ആയിരുന്നു എനിക്ക്.

നേരം പുലരുമ്പോള്‍ തന്നെ ജിമ്മിലെത്തി വര്‍ക്ക് ഔട്ട് ചെയ്യും. എണ്ണ ഇല്ലാതെ ചുട്ടെടുക്കുന്ന ചിക്കന്‍ ആയിരുന്നു പ്രധാന ഭക്ഷണം. വീട്ടിലെ ഫ്രിഡ്ജില്‍ എനിക്ക് കഴിക്കാനുള്ള ചിക്കന്റെ ബ്രസ്റ്റ്നിറഞ്ഞിരിക്കും.

ഒപ്പം പ്രോട്ടീന്‍ പൗഡര്‍, മുട്ടയുടെ വെള്ള അങ്ങനെയുള്ള ഭക്ഷണ രീതികളും. ഡയറ്റീഷനെ കാണുകയോ നല്ല ഭക്ഷണരീതി എന്തെന്ന് മനസ്സിലാക്കുകയോ ചെയ്യാന്‍ അന്ന് ശ്രമിച്ചിരുന്നില്ല. അവിടെയാണ് എനിക്ക് അപകടം സംഭവിക്കുന്നത്. തുടരെ കഴിച്ച ഏതോ ആഹാരം ക്യാന്‍സറിന്റെ രൂപത്തില്‍ എന്നെ ആക്രമിച്ചു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു.

ഒരു വര്‍ഷം മുന്‍പ് ഞാന്‍ ഹൈറേഞ്ചിലായിരുന്നപ്പോള്‍ മുണ്ടില്‍ ചോര കണ്ടു. അട്ട കടിച്ചതാകുമെന്ന് കരുതി കാര്യമായി എടുത്തില്ല. അടുത്ത ദിവസം വീട്ടിലെത്തിയിട്ടും ഇത് ആവര്‍ത്തിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ പൈല്‍സ് ആയിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം.

കൊളനോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും ചെയ്യാന്‍ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും. ഡോക്ടര്‍ തന്ന മരുന്നുകള്‍ വാങ്ങിയെങ്കിലും പിന്നെ ആ വഴിക്ക് പോയതേയില്ല. ടെസ്റ്റുകളോടുള്ള പേടിയായിരുന്നു പ്രധാന കാരണം. മാത്രമല്ല, മരുന്ന് കഴിച്ചപ്പോള്‍ ബ്ലീഡിങ് കുറഞ്ഞു. ഇനി പ്രശ്നമില്ല എന്ന് കരുതി മമ്മൂക്ക നായകനായ ‘മാമാങ്കം’ സിനിമയുടെ തിരക്കിലായതോടെ അസുഖത്തെക്കുറിച്ച് ഓര്‍ക്കാതെയായി. ആ നാളുകളില്‍ എന്റെ ശരീരം ദിനംപ്രതി മെലിഞ്ഞു തുടങ്ങിയിരുന്നു. ഒരു ദിവസം മമ്മൂക്ക എന്നോട് ചോദിച്ചു. ‘എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?’ ‘ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസില്‍’ എന്ന് പറഞ്ഞ് ഞാന്‍ മമ്മൂക്കയ്ക്ക് എന്റെ മസിലു പെരുപ്പിച്ചു കാണിക്കുമ്പോഴും എന്റെയുള്ളിലെ കാന്‍സര്‍ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു.

2021 ജനുവരി 4, എന്റെ പിറന്നാള്‍ ദിവസം വൈകുന്നേരം ആഘോഷമെല്ലാം കഴിഞ്ഞ് ബാത്‌റൂമില്‍ കയറിയപ്പോള്‍ ശക്തമായ ബ്ലീഡിങ് തുടങ്ങി. ഈ വിവരമറിഞ്ഞതോടെ, പ്രശ്നം ഗുരുതരമാണെന്നും ഉടനെ വൈദ്യസഹായം തേടണമെന്നും വീട്ടുകാരും സുഹൃത്തുക്കളും ഉപദേശിച്ചു. ഞങ്ങള്‍ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി.

കൊളനോസ്‌കോപി ചെയ്തു. അതിലൂടെ ഞാനെന്റെ രോഗത്തിന്റെ അവസ്ഥ നേരിട്ട് കണ്ടു. കുടലിന്റെ ചുറ്റും മുഴ വന്ന് മൂടി. നടുവില്‍ ഒരു ദ്വാരം മാത്രം. ഡോക്ടര്‍മാര്‍ പോലും അമ്പരന്നുപോയി. പിന്നെ, പലതരം ടെസ്റ്റുകള്‍ക്കൊടുവില്‍ ഡോക്ടര്‍ എന്നോട് ശാന്തമായി പറഞ്ഞു. ‘സുധീറിന് കോളന്‍ കാന്‍സറിന്റെ മൂന്നാം ഘട്ടമാണ്.’

ഡോക്ടര്‍ അതു പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും ഞാന്‍ ചാടി എഴുന്നേറ്റു. ‘നിങ്ങള്‍ എന്ത് മണ്ടത്തരമാണ് പറയുന്നത്. ഇത്രയും വ്യായാമം ചെയ്യുന്ന എനിക്ക് കാന്‍സറോ? എന്നെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യണം. എനിക്ക് തെലുങ്കില്‍ ആദ്യമായി സിനിമ ചെയ്യാന്‍ അവസരം കിട്ടിയ സമയമാണ്. ഹൈദരാബാദിന് പോയേതീരുവെന്ന് നിര്‍ബന്ധം പിടിച്ചു.

എന്റെ അവസ്ഥ മനസ്സിലാക്കി, തെല്ലും ദേഷ്യമില്ലാതെ ഡോക്ടര്‍ എന്നോട് പറഞ്ഞു. സുധീര്‍, ഇപ്പോള്‍ സിനിമ ചെയ്യുന്നതു കൊണ്ടു ദോഷമൊന്നുമില്ല. പക്ഷേ, വയറ്റിലെ മുഴ ഏതു സമയവും പൊട്ടാവുന്ന അവസ്ഥയിലാണ്. അത് നിങ്ങള്‍ മനസ്സിലാക്കണം. പോയാലും അവിടെയെത്തുമ്പോള്‍ സ്ഥിതി മോശമായാല്‍ സര്‍ജറി വേണ്ടി വരും എന്ന്.

തെലുങ്ക് സിനിമയിലെ അവസരമായിരുന്നു അപ്പോള്‍ മനസ്സില്‍. ഞാന്‍ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി. എന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ക്ക് ടെസ്റ്റുകളുടെ റിസള്‍ട്ടും റിപ്പോര്‍ട്ടുകളും ഇമെയില്‍ ചെയ്തുകൊടുത്തു. അത് വായിച്ചുകഴിഞ്ഞ് അവരെല്ലാം തിരിച്ചു വിളിച്ച് ചോദിച്ചത് ഒരേ കാര്യമായിരുന്നു. ഇത് ക്രിറ്റിക്കല്‍ സ്റ്റേജാണ്. മുഴ കരളിലേക്ക് വ്യാപിച്ചോ എന്നു പോലും പറയാറായിട്ടില്ല. എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് തിരികെ പോകൂ. അവര്‍ കൂടി അതു പറഞ്ഞതോടെ ക്യാന്‍സര്‍ എന്ന സത്യത്തിന്റെ ഭീകരത മനസ്സില്‍ തെളിഞ്ഞു വന്നു.

ജനുവരി എട്ടിന് കൊച്ചി അമൃതയിലെ ഗ്യാസ്ട്രോ സര്‍ജന്‍ ഡോ. സുധീറിനെ കണ്ടു. ‘ഇത് വലിയ പ്രശ്നമൊന്നുമില്ല. ഒരു കാര്യം ചെയ്യൂ, വിശ്വാസം ഉണ്ടെങ്കില്‍ സിനിമ അല്‍പം കൂടി മുന്നോട്ടു നീങ്ങാന്‍ പ്രാര്‍ഥിക്കൂ. ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്താം. അതു കഴിയുമ്പോള്‍ നമുക്ക് സിനിമ ചെയ്യാം. അദ്ദേഹം തന്ന പോസിറ്റീവ് എനര്‍ജിയില്‍ ദിവസങ്ങള്‍ കടന്നു. ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു.

അസുഖം മാറിയാല്‍ എത്രയും വേഗം സിനിമയില്‍ ജോയിന്‍ ചെയ്യാമെന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍. ജനുവരി 11 ന് ഓപ്പറേഷന്‍ കഴിഞ്ഞു. വന്‍ കുടലിന്റെ ഒരടിയോളം ഭാഗം മുറിച്ചു നീക്കി. വേദന കടിച്ചമര്‍ത്തി പിറ്റേദിവസം തന്നെ ഞാന്‍ സ്വയം നടന്ന് ബാത്‌റൂമില്‍ പോയി. മൂന്ന് ദിവസം കഴിഞ്ഞ് റൂമിലേക്ക് മാറ്റി.

സിനിമയില്‍ നിന്നുള്ള വിളി വരാത്തതില്‍ യഥാര്‍ഥത്തില്‍ എനിക്ക് സന്തോഷം തോന്നി. രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ചോദിച്ചു. ‘എന്തായി സിനിമയുടെ കാര്യം?’

ഇതുവരെ വിളി വന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഡോക്ടറാണ് അങ്ങോട്ട് വിളിച്ചു നോക്കാന്‍ പറഞ്ഞത്. ഒരു ചെറിയ വിറയലോടെ ഞാന്‍ സംവിധായകനെ വിളിച്ചപ്പോള്‍ ഞെട്ടിപ്പോയി. ചിത്രത്തിന്റെ സഹനിര്‍മ്മാതാവിന് സുഖമില്ലാതെയായതിനാല്‍ ഷൂട്ടിംഗ് നീട്ടി വച്ചുവെന്ന് അറിയിച്ചു. ‘തിരുമേനി’ എന്നു ഞാന്‍ വിളിക്കുന്ന എന്റെ സുഹൃത്താണ് അദ്ദേഹം. അസുഖവിവരം അറിഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്ക് സന്തോഷമാണോ സങ്കടമാണോ അതോ രണ്ടും ഒരുമിച്ച് തോന്നുന്ന അവസ്ഥയാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സിനിമയുടെ ഷൂട്ടിങ് 25 ന് ശേഷമേ തുടങ്ങൂ എന്നും അറിയിച്ചു.

ആ സമയമാകുമ്പോഴേക്കും മുറിവിലെ തുന്നലെടുക്കും. എനിക്ക് വേദന കുറയും. പതുക്കെ ഡയലോഗുകള്‍ പറയാം. ഞാന്‍ മനസ്സു കൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു. പത്ത് കീമോകള്‍ കൂടെ ചെയ്യാനുണ്ടായിരുന്നു. എവിടെ നിന്നു വേണമെങ്കിലും കീമോ ചെയ്യാം എന്നുള്ളതുകൊണ്ട് അതൊരു പ്രശ്നമായില്ല. പിന്നെയൊരു കണ്‍ഫ്യൂഷനുണ്ടായിരുന്നത് മുടിയുടെ കാര്യത്തിലായിരുന്നു. മുടി പോയിത്തുടങ്ങിയാല്‍ മൊട്ടയടിക്കും. ഇതുവരെ ചെയ്തതില്‍ കൂടുതലും കഥാപാത്രങ്ങളും മൊട്ടയടിച്ചിട്ടു തന്നെയാണ് ചെയ്തിട്ടുള്ളത് . അങ്ങനെ ആ പ്രശ്നത്തിനും പരിഹാരമായി.

അങ്ങനെ ഓപ്പറേഷന്‍ കഴിഞ്ഞ് 15ാം ദിവസം മുതല്‍ ഞാന്‍ ജിമ്മില്‍ പോയി. പതുക്കെ എല്ലാം ഒന്നില്‍ നിന്നു തുടങ്ങി. എന്റെ ശരീരം മെലിഞ്ഞ് പോയിരുന്നു. എന്നെ സഹതാപത്തോടെ നോക്കരുത് എന്ന് മാത്രമേ ഞാനെല്ലാവരോടും ആവശ്യപ്പെട്ടുള്ളു. ഇതിനിടയില്‍ എന്റെ കഥ തീര്‍ന്നു എന്ന വാര്‍ത്തയും പ്രചരിച്ചു.

ഞാന്‍ കാത്തിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കിടയിലും ആ വാര്‍ത്ത എത്തി. സംവിധായകന്‍ മനു എന്നെ വിളിച്ച് ആ സമയത്ത് വീഡിയോ കോളില്‍ വരാമോയെന്ന് ചോദിച്ചു. ഞാനപ്പോള്‍ തന്നെ അദ്ദേഹത്തെ വീഡിയോ കോള്‍ വിളിച്ചു. ഞാന്‍ ഓകെയാണെന്ന് മനുവിനെ ബോധ്യപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. ഫെബ്രുവരി 4ന് ഞാനും ഭാര്യ പ്രിയയും കൂടി ഹൈദരാബാദിലേക്ക് പോയി. എന്റെ ഭക്ഷണ രീതികളെല്ലാം മാറ്റി. ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തി. എണ്ണയും എരിവും ഉപ്പും മധുരവുമെല്ലാം മിതമായി മാത്രം ഉപയോഗിച്ചു. അക്കാര്യങ്ങളെല്ലാം പ്രിയ ചിട്ടയായി നോക്കി. ഞാനൊന്ന് വീണപ്പോള്‍ അവളാകെ തകര്‍ന്നു പോയിരുന്നു.

ഹൈദരാബാദില്‍ എത്തിയതോടെ പുതിയ എനര്‍ജി കിട്ടിയതുപോലെയായി. ആദ്യ ദിവസം തന്നെ സ്റ്റണ്ട് സീനാണ് ഷൂട്ട് ചെയ്യുന്നത്. എല്ലാ മുറിവും ഉണങ്ങാന്‍ 60 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പക്ഷേ, എന്റെ മനസ്സില്‍ മുറിവുകളെല്ലാം ഉണങ്ങിയിരുന്നു.

ഫൈറ്റ് സീന്‍ തീര്‍ത്ത് നാലാം ദിവസമാണ് ഞാനവരോട് എന്റെ സര്‍ജറിയുടെ കാര്യം പറയുന്നതു തന്നെ. ഈ സിനിമയുള്ളതു കൊണ്ട് മാത്രമാണ് എനിക്കു രോഗക്കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാനും ഇവിടെയെത്തി അഭിനയിക്കാനും കഴിഞ്ഞതെന്നും പറഞ്ഞു തീര്‍ന്നപ്പോഴേക്കും ചിത്രത്തിന്റെ നായകന്‍ സുമന്ത് വന്ന് എന്നെ കെട്ടിപ്പിടിച്ചു. ‘ഒരു തവണയെങ്കിലും എനിക്കൊരു സൂചന തന്നു കൂടായിരുന്നോ’ എന്ന് ചോദിച്ചു. ഷൂട്ടിംഗ് തീരുന്നത് വരെ അതാരും അറിയരുത് എന്നൊരു നിര്‍ബന്ധം എനിക്കുണ്ടായിരുന്നു.

ചേര്‍ത്തലയാണ് എന്റെ നാട്. വര്‍ഷങ്ങളായി സൗദിയിലായിരുന്നു ഞാന്‍. വെക്കേഷന് വരുമ്പോള്‍ ഏതെങ്കിലും സിനിമാ സെറ്റുകളില്‍ പോയി മുഖം കാണിക്കും. അങ്ങനെയാണ് സിഐഡി മൂസയിലേക്ക് അവസരം കിട്ടിയത്. അതോടെ ഞാന്‍ നാട്ടില്‍ സ്ഥിരതാമസമാക്കി. സൗദിയിലെ ബിസിനസ് അനിയനെ ഏല്‍പ്പിച്ച് കൊച്ചിയില്‍ ഫ്‌ലാറ്റ് വാങ്ങി. ഭാര്യ പ്രിയ. രണ്ട് ആണ്‍മക്കളുണ്ട് വിഷ്ണുവും കൃഷ്ണയും. വിഷ്ണു ഹോസ്പിറ്റാലിറ്റി ബിരുദ കോഴ്സ് പഠിക്കാന്‍ കാനഡയിലാണ്. കൃഷ്ണ പ്ലസ്ടുവിന് പഠിക്കുന്നു.

സിഐഡി മൂസയ്ക്ക് ശേഷം നിരവധി സിനിമകളില്‍ പ്രതിനായകനായും, സഹായിയായുമൊക്കെ അഭിനയിച്ചു. അതില്‍ നിന്നു മാറ്റം വന്നത് വിനയന്‍ സാറിനൊപ്പം ചേര്‍ന്നപ്പോഴാണ്. വിനയന്‍ സാറിന്റെ എല്ലാ മോശം കാലത്തും ഞാനദ്ദേഹത്തിനൊപ്പം നിഴലായി നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം എനിക്കു വേണ്ടി ‘ഡ്രാക്കുള’ എന്ന ചിത്രം ചെയ്തതും. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും നെഗറ്റീവ് എനര്‍ജി സംഭവിക്കുമെന്ന് വിനയന്‍ സാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഞാനതൊന്നും വലിയ കാര്യമായി എടുത്തില്ല. പക്ഷേ, അനുഭവത്തില്‍ വന്നപ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ക്യാന്‍സര്‍ വാര്‍ഡില്‍ ഒരു ദിവസം കിടന്നാല്‍ നമ്മള്‍ പിന്നീട് ജീവിതത്തെ നോക്കി കാണുന്നത് പുതിയൊരു കണ്ണിലൂടെയായിരിക്കും. ദൈവം തരുന്ന ഓരോ അനുഗ്രഹത്തിനും നൂറു വട്ടം നന്ദി പറയും, എന്നെങ്കിലും ജീവിതത്തില്‍ അഹങ്കരിച്ചിട്ടുണ്ടെങ്കില്‍ അതോര്‍ത്ത് ലജ്ജിച്ച് തല താഴ്ത്തും. പിണക്കം തോന്നിയവരോടു പോലും സംസാരിക്കണമെന്ന് തോന്നും. അങ്ങോട്ട് വിളിച്ച് സംസാരിക്കാന്‍ മടിയും തോന്നില്ല. അത്തരം പുതിയ ശീലങ്ങളിലൂടെയാണ് ഇപ്പോള്‍ എന്റെ ജീവിതം മുന്നോട്ടു പോകുന്നത്. ജീവിതം ഏതു നിമിഷവും അസ്തമിക്കാം. ആ തോന്നല്‍ ഒരിക്കല്‍ ബോധ്യപ്പെട്ടാല്‍ പിന്നെ കാര്യങ്ങള്‍ മാറും. പിന്നീടങ്ങോട്ട് ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സ്വര്‍ഗമാക്കാന്‍ തോന്നും.

കൃത്യസമയത്ത് വൈദ്യ സ ഹായം തേടാന്‍ വൈകിയതിനു കാരണം എനിക്ക് അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളൂ. പതിവില്‍ നിന്ന് മാറ്റം ശരീരത്തിനുണ്ടായാല്‍ ഡോക്ടറെ കാണാന്‍ ഒരു നിമിഷം പോലും വൈകരുത്. മുളയിലെ നുള്ളിയാല്‍ തീരാവുന്നതേയുള്ളൂ, നമ്മള്‍ നേരിടുന്ന പാതി പ്രശ്നങ്ങളും?

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.