കുപ്പിയിൽ വിടരുന്ന വർണ്ണവിസ്മയം,

കുപ്പിയിൽ വിടരുന്ന വർണ്ണവിസ്മയം,

മാധ്യമപ്രവർത്തനത്തിനോടൊപ്പം തൻറെ പാഷനായ ചിത്രകലയേയും  ചേർത്തുപിടിച്ച് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്‌സിലും തുടർന്ന് ഏഷ്യാബുക്ക് ഓഫ് റെക്കോർഡ്‌സിലും സ്വന്തം പേര് എഴുതിച്ചേർത്തകലാകാരി. കോട്ടയം ജില്ലയിൽ മാന്നാനം കുഴിക്കാട്ടിൽ പി. വി. പവിത്രന്റെയും ശോഭനയുടേയും മകൾ ശ്രീമതി . ഷെറിങ് പവിത്രന്റെ വിശേഷങ്ങളിലൂടെ …

1. ഒരു മാധ്യമപ്രവർത്തകയിൽ നിന്നും കലാകാരിയിലേക്കുള്ള പ്രയാണം…അതൊന്ന് വ്യക്തമാക്കാമോ ?

മാധ്യമ പ്രവർത്തനം പ്രൊഫഷനാണ്. ചിത്രരചന പാഷനും. രണ്ടും ഒരു പോലെ ഇഷ്ടമുള്ള കാര്യമാണ്. ചെറുപ്പം മുതൽ വരയ്ക്കാൻ ഇഷ്ടമായിരുന്നു. അന്ന് വരച്ചതൊന്നും മറ്റുള്ളവരെ കാണിക്കാനുള്ള ധൈര്യമില്ലായിരുന്നു. ഞാൻ അധ്യാപികയായി കാണാനായിരുന്നു അമ്മയുടെ ആഗ്രഹം.പക്ഷെ ജേർണലിസ്റ്റാവണമെന്ന ആഗ്രഹം എൻറെ മനസിൽ നേരത്തെ കയറിക്കൂടിയിരുന്നു.ബി എഡിന് അഡ്മിഷൻ കിട്ടിയെങ്കിലും ചില കാരണങ്ങൾ കൊണ്ട് ചേരാൻ സാധിച്ചില്ല .പിന്നീട് കോട്ടയം പ്രസ് ക്ലബിൽ ചേർന്ന് ജേർണലിസവും ഫോട്ടോ ജേർണലിസവും പൂർത്തിയാക്കി.പഠനം കഴിഞ്ഞപ്പോൾ തന്നെ ജോലിയും കിട്ടി. അങ്ങനെയാണ് മാധ്യമ പ്രവർത്തന രംഗത്തേക്ക് വരുന്നത്. അധ്യാപകനായിരുന്ന ചന്ദ്രശേഖർ സാറായിരുന്നു എൻറെ എഡിറ്റർ .ഇപ്പോൾ പത്ത് വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായിട്ടുണ്ട്. എൻറെ വളർച്ചയിൽ ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നതും ചന്ദ്രശേഖർ സാറിനോടാണ്.
കലാരംഗത്തേക്ക് ഗൗരവമായി കടന്നു വരുന്നത് ഏഴ് വർഷം മുൻപാണ് .തുടക്കം ഗ്ലാസ് പെയിന്റിങ്ങിലായിരുന്നു. വലിയ ഗ്ലാസുകൾ കട്ട് ചെയ്തു വാങ്ങിക്കൊണ്ടുവന്ന് അതിലായിരുന്നു ആദ്യം ചിത്രങ്ങൾ വരച്ചത്. ഇടയ്ക്കിടയ്ക്ക് വരയ്ക്കുന്നത് പിന്നെ പതിവാക്കി. യൂട്യൂബിൽ നോക്കിയാണ് പെയിൻറുകളെക്കുറിച്ചും വർണ്ണവൈവിധ്യങ്ങളെക്കുറിച്ചുമൊക്കെ കൂടുതൽ അറിഞ്ഞത്. ഓയിൽ പെയിന്റിഗും വാട്ടർ കളറും അക്രലികും ഒക്കെ ചെറിയ രീതിയിൽ വഴങ്ങിത്തുടങ്ങി.
2.അടുത്തിടെ പ്രചാരത്തിൽ വന്നതാണ് ബോട്ടിൽ ആർട്ട് . അതിലേക്ക് തിരിയാനുള്ള പ്രചോദനമെന്താണ് ?

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരുന്നപ്പോൾ സമയം പോകാനായി ചെയ്തു തുടങ്ങിയതാണ് ബോട്ടിൽ ആർട്ട്. ലോക്ഡൗൺ അവസാനിച്ചപ്പോൾ വർക്ക് ചെയ്ത ബോട്ടിലിൻറെ വലിയൊരു ശേഖരം തന്നെയുണ്ടായിരുന്നു. അത് മറ്റുള്ളവരിലേക്കെത്തിക്കാനായി ആയിടയ്ക്ക് ഇൻസ്റ്റഗ്രാമിൽ ടhering art എന്ന പേരിൽ ഒരു അക്കൗണ്ടും തുടങ്ങി. പിന്നീട് അതിനെക്കുറിച്ച് കൂടുതൽ മനസിലാക്കി. അവിടുന്നാണ് ബോട്ടിൽ ആർട്ടിൽ കൊടുത്താൽ താല്പര്യം ഉണ്ടായത്.

3. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും താങ്കളുടെ പേര് എഴുതിച്ചേർക്കപ്പെട്ടുവല്ലോ .. ആ അനുഭവത്തെക്കുറിച്ച് ?

ചെയ്യുന്ന വർക്കുകളെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. അതൊക്കെ വലിയ പ്രചോദനമായി. അങ്ങനെയിരിക്കെ എന്തു കൊണ്ട് ചെറിയ ക്യാൻവാസായ ബോട്ടിലിൽ വലിയ കാര്യങ്ങൾ ചെയ്തു കൂടെന്നു ചിന്തിച്ചു. അങ്ങനെയാണ് ലോകത്തിലെ 195 രാജ്യങ്ങളുടെ പതാകകൾ ഒരു ബോട്ടിലിലും ഇന്ത്യയിലെ എല്ലാ നാഷണൽ സിമ്പൽസും (ജനഗണമന , വന്ദേ മാതരം , പ്രതിജ്ഞ ) ഉൾപ്പടെ മറ്റൊരു ബോട്ടിലിലും ചെയ്യാമെന്ന് തീരുമാനിക്കുന്നത്. തുടർന്ന് ഇന്ത്യാബുക്ക് ഓഫ് റക്കോർഡ്സിൽ അപേക്ഷ അയച്ചു. മറ്റാരും അറ്റെന്റ് ചെയ്യാത്തതു കൊണ്ടാവണം അവർ ഏഴ് ദിവസത്തിനുള്ളിൽ ചെയ്തു കൊള്ളാൻ കാണിച്ച് മെയിൽ അയച്ചു. ഏഴ് ദിവസത്തിനുള്ളിൽ ബോട്ടിലുകളുടെ അളവെടുക്കുന്നതുമുതൽ എടുക്കുന്നതു മുതൽ രണ്ട് ബോട്ടിലുകളും പെയിന്റ് ചെയ്യുന്നത് അടക്കമുള്ള മേക്കിംഗ് വീഡിയോ അയക്കണമായിരുന്നു. ആറ് ദിവസത്തിനുള്ളിൽ ഇതെല്ലാം പൂർത്തിയാക്കി ഏഴാം ദിവസം ആയച്ചു. ഒരു മാസത്തോളമെടുത്തു അപ്രൂവ് ആയ മെയിൽ വരാൻ. തുടർന്ന് ഏഷ്യാബുക്ക് ഓഫ് റെക്കോർഡിലും അയച്ചു. അവിടുന്നും കൺഫർമേഷൻ കിട്ടി.
ഈ അംഗീകാരം എൻറെ കലാജീവിതത്തിലെ വലിയൊരു വഴിത്തിരിവും തിരിച്ചറിവുമായി മാറുകയായിരുന്നു. ധാരാളം പേരുടെ അഭിനന്ദനങ്ങൾ എൻറെയുള്ളിൽ ഊർജ്ജം നിറയ്ക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് കലാജീവിതത്തിൽ വന്ന മാറ്റങ്ങൾ വളരെ വലുതാണ്. ബോട്ടിലെന്ന ചെറിയ ക്യാൻവാസിൽ നിന്ന് ഇടവേളയെടുത്ത് ക്യാൻവാസ് പെയിന്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മ്യൂറൽ പെയിന്റിഗും ബ്ലാക്ക് ആൻഡ് വൈറ്റ് ബ്യൂട്ടി എടുത്ത് കാണിക്കുന്ന സ്റ്റെൻസിൽ ആർട്ടും ഇപ്പോൾ കൂടുതൽ പ്രിയപ്പെട്ടതായി. അതോടൊപ്പം വാട്ടർ കളറിലും അക്രലിക്കിലും ഇല്ലസ്‌ട്രേഷനും പോട്രൈറ്റും ചെയ്യാറുണ്ട്.

4. തിരക്കുള്ള മാധ്യമപ്രവർത്തനവും കലാപ്രവർത്തനം എങ്ങിനെയാണ് ഒരുമിച്ചുകൊണ്ടുപോകുന്നത് ?
എന്നെ സംബന്ധിച്ചിടത്തോളം ഈ രണ്ട് കാര്യങ്ങളും വളരെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് .കാരണം ഒരു സ്റ്റോറി കണ്ടുപിടിച്ച് അത് എഴുതി പബ്ലിഷ് ചെയ്തുവരുന്നതുവരെയുള്ള ത്രില്ലിംഗ് മൊമന്റ് തന്നെയാണ് ഒരു ചിത്രം വരയ്ക്കുന്നതിന്റെ തുടക്കം മുതൽ അത് പൂർത്തിയാകുന്നിടം വരെയുള്ള ആകാംഷയും. അതുകൊണ്ടുതന്നെ എന്നിലെ ജേർണലിസ്റ്റിനെയും ആർട്ടിസ്റ്റിനെയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി കാണാൻ തന്നെ ആഗ്രഹിക്കുന്നു. മാധ്യമ പ്രവർത്തകയുടെ ജീവിതം തിരക്കുള്ളതാണ്. ഏത് ജോലിയായാലും നമ്മുടെയുള്ളിൽ തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള സമയവും സാഹചര്യവും നമ്മിലേക്ക് വന്നു ചേരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. അൽപ്പം ക്ഷമയോടെ കാത്തിരുന്നാൽ മതി. വരയ്ക്കണമെന്ന് തോന്നിയാൽ രാത്രി ഒരു പാട് വൈകിയായാലും ചിലപ്പോൾ പുലർച്ച വരെയും ഒക്കെയിരുന്ന് ചെയ്യാറുണ്ട്. അതിനിടയിൽ കുടുംബത്തിൻറെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. ഒന്നും ഒന്നിനും തടസമാകാതെ മുന്നോട്ട് കൊണ്ടു പോകുന്നു. ഭർത്താവിനൊപ്പം അമ്മമാരും സഹോദരങ്ങളും മകളും ഒക്കെ പിന്തുണ നൽകുന്നുണ്ട്.


5. വരകളിൽ ഏറിയപങ്കും സ്ത്രീയുടെ വിവിധഭാവങ്ങളാണല്ലോ ?

ധാരാളം പേർ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് സ്ത്രീ ശരീരവും സ്ത്രീയുടെ ഭാവങ്ങളും അവളുടെ ദുഃഖങ്ങളും മറ്റും കാണിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതെന്ന്.ഈ ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും പ്രതിനിധിയാണ് ഞാനും. ഒരു സ്ത്രീയുടെ ശരീരത്തെയും മനസിനെയും സ്നേഹിക്കാൻ മറ്റൊരു സ്ത്രീയ്ക്ക് കൂടുതൽ കഴിയും . അതു കൊണ്ട് എൻറെ വരകളിൽ അവളുടെ ശരീരവും അവളുടെ ഭാവങ്ങളും ഒക്കെ മിഴിവോടെ എന്നുമുണ്ടാവും.

6 . ബോട്ടിൽ ആർട്ടിൽ തന്റേതായ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ അതെന്താണ് ?

ബോട്ടിൽ പെയിന്റിങ്ങിൽ കുറച്ചു കൂടി എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണമെന്ന് തോന്നിയപ്പോഴാണ്. ബോട്ടിലിൽ മ്യൂറൽ ഡിസൈനുകളും ആളുകളുടെ മുഖങ്ങളും വരയ്ക്കാൻ തുടങ്ങിയത്.അത് കുറച്ചു കൂടി പ്രൊഫഷണലാണ്. നല്ല ഫിനിഷിംഗിൽ വരച്ചാൽ ആളുകൾക്ക് മ്യൂറൽ വർക്ക് ഒക്കെ വളരെ ഇഷ്ടപ്പെടും. ഇപ്പോൾ അത്തരം വരകൾ മാത്രമേ കുപ്പിയിൽ ചെയ്യുന്നുള്ളു.

7 . ചിത്രകലയിൽ ഗുരുക്കന്മാരുണ്ടോ ? ഇതുവരെ ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ.

ഏതെങ്കിലും അധ്യാപകൻറെ അടുത്തു നിന്ന് ഇതുവരെ ചിത്രകല പഠിച്ചിട്ടില്ല. സഹപ്രവർത്തകരായിരുന്ന ആർട്ടിസ്റ്റ് പി.വി രവി, സുരേഷ് കുമാർ ഇവരെയൊക്കെ ഗുരുക്കൻമാരുടെ സ്ഥാനത്ത് കാണുന്നു. ധാരാളം പ്രോത്സാഹനം നൽകുന്നവരാണവർ. പലരും വരകളൊക്കെ നന്നായി എന്നു പറയുന്നത് സന്തോഷമുള്ള കാര്യമാണ്. അടുത്തിടെ പഠിച്ച കുമാരനല്ലൂർ ദേവീവിലാസം സ്കൂളിൽ നിന്ന് എൻ്റെ അധ്യാപകരായിരുന്ന അജിഷ് സാറും മഞ്ജു ടീച്ചറും വിളിച്ചു.എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഭാഗമായി അവിടുത്തെ കുട്ടികൾക്ക് ബോട്ടിൽ പെയിൻ്റിംഗിനെക്കുറിച്ച് ക്ലാസ് എടുത്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പഠിച്ച സ്കൂളിൽ നിന്ന് അങ്ങനെയൊരു അവസരം ലഭിച്ചത് വലിയൊരു അംഗീകാരമായി കാണുന്നു.

8 . കുടുംബം

മാന്നാനം കുഴിക്കാട്ടിൽ പി. വി. പവിത്രന്റെയും ശോഭനയുടേയും മൂത്തമകളാണ് ഞാൻ . ഏക സഹോദരൻ നോർബു പവിത്രൻ . അച്ഛൻ കൃഷി വകുപ്പിൽ ക്ലർക്കും അമ്മ കോടതിയിൽ ഫെയർ കോപ്പി സൂപ്രണ്ടുമായി വിരമിച്ചു. വിവാഹിതയാണ്. ഭർത്താവ് എറണാകുളം സ്വദേശിയും ഫ്രീലാൻഡ്‌സ് ഫോട്ടോഗ്രഫറുമായ കണ്ണൻ നായർ . ഏക മകൾ പവിത്ര. ഇതാണ് എന്റെ ചെറിയ സന്തുഷ്ട കുടുംബം

9. മറക്കാനാവാത്ത അനുഭവങ്ങൾ

ഔദ്യോഗികമായ ആവശ്യവുമായിട്ടാണ് ഒരിക്കൽ നടൻ വിജയ രാഘവനെ കാണുന്നത്. ഇടയ്ക്ക് ചിത്രരചനയെക്കുറിച്ചും സംസാരിച്ചു. ബോട്ടിൽ ആർട്ടിനെക്കുറിച്ചുള്ള സംസാരത്തിനിടയിൽ ഞാൻ വരച്ച ചിത്രങ്ങൾ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സന്തോഷപൂർവ്വം അവയൊക്കെ കാണിച്ചപ്പോൾ തനിക്കും ബോട്ടിൽ ആർട്ട് ചെയ്തു തരണമെന്നായി അദ്ദേഹം.ദിവസങ്ങൾക്കുള്ളിൽ വീണ്ടും അദ്ദേഹത്തെ പോയി കണ്ടു. ആവശ്യപ്പെട്ടതു പ്രകാരം രണ്ട് പെയിന്റിങ്ങുകൾ സമ്മാനിക്കാനായി. അനുഗ്രഹിച്ചതിനൊപ്പം എത്രയും വേഗം ഒരു അദ്ധ്യാപകൻറെ കീഴിൽ നിന്ന് ഗൗരവമായി പഠിക്കണമെന്ന് പറയുകയും ചെയ്തു. അതൊക്കെ ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു .

10 . ജീവിതത്തിലെ ശക്തിയും പ്രചോദനവും

അമ്മമാരായ ശോഭനയും കൃഷ്ണകുമാരിയുമാണ് ഇടതും വലതും നിന്ന് എനിക്ക് ശക്തിപകരുന്നത്. അവരോടൊപ്പം ഭര്‍ത്താവ് കണ്ണനും സഹോദരന്മാരായ നോര്‍ബുവും ജിഷ്ണുവും വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളുമായി കൂടെത്തന്നെയുണ്ട്.
സുഹൃത്തുക്കളായ വിഷ്ണുവും, സന്ധ്യയും, അമൽ ദേവും , അശ്വതിയുമാണ് ഇക്കാര്യത്തിന് ഏറ്റവും പിന്തുണനല്‍കി കൂടെയുണ്ടായിരുന്നത്.

ഷീജ നായർ

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.