കോവിഡിന് ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

കോവിഡിന്  ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

കോവിഡിനെതിരെ പശു ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ഇതിന്റെ ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും മറ്റ് രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ‘കോവിഡിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് പൂര്‍ണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ ജയലാല്‍ പറഞ്ഞു. ഇങ്ങനെയുള്ളവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മറ്റ് രോഗങ്ങള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പടരാന്‍ ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും കൊറോണ വൈറസില്‍ നിന്ന് സുഖപ്പെടുമെന്നും വിശ്വസിച്ച്‌ ഗുജറാത്തില്‍ ചിലര്‍ ആഴ്ചയില്‍ ഒരിക്കല്‍ പശുവിനെ വളര്‍ത്തുന്നയിടങ്ങളില്‍ പോയി ശരീരത്തില്‍ ചാണകവും ഗോമൂത്രവും തേയ്ക്കുന്നു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം വരണ്ടുപോകുമ്ബോള്‍ പാലോ മോരോ ഉപയോഗിച്ച്‌ കഴുകി കളയും. ഒപ്പം ശരീരത്തിന്റെ ഊര്‍ജ നില വര്‍ധിപ്പിക്കുന്നതിന് യോഗയും പരിശീലിക്കുന്നു.

‘ഡോക്ടര്‍മാര്‍ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നാണ് വിശ്വാസം’ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്ബനിയിലെ അസോസിയേറ്റ് മാനേജര്‍ ഗൗതം മനിലാല്‍ ബോറിസ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് കഴിഞ്ഞ വര്‍ഷം കോവിഡില്‍ നിന്ന് മുക്തനാവാന്‍ തന്നെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആളുകള്‍ ഗ്രൂപുകളായി ഒത്തുചേരുന്നതിനാല്‍ ഇത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയുള്ളതിനാല്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയാണെന്ന് അഹമ്മദാബാദിലെ ഒരു പശു വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള മധുചരന്‍ ദാസ് പറഞ്ഞു.

ഇന്ത്യയിലും ലോകത്തെമ്ബാടുമുള്ള ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും കോവിഡിനുള്ള ബദല്‍ ചികിത്സകള്‍ക്കെതിരെ ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് തെറ്റായ സുരക്ഷിതത്വബോധത്തിലേക്ക് നയിക്കുമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും അവര്‍ പറയുന്നു.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.