ലിച്ചിൻസൺ എന്ന രാജ്യത്തെ മനോഹരകാഴ്ചകൾ.

ലിച്ചിൻസൺ എന്ന രാജ്യത്തെ മനോഹരകാഴ്ചകൾ.

ആൽപ്സിൻ്റെ അഭൗമസൗന്ദര്യം ആസ്വദിച്ചതിൻ്റെ സന്തോഷത്തിലും ഓസ്ട്രിയയിലേക്കുള്ള അടുത്ത യാത്രയ്ക്കുമുള്ള തയ്യാറെടുപ്പിലുമാണ് ഞങ്ങൾ എല്ലാവരും ബസ്സിൽ എത്തിയിരിക്കുന്നത്. ആൽപ്സിൻ്റെ പ്രകൃതിസൗന്ദര്യം നുകർന്ന്കൊണ്ട് തന്നെയാണ്, ഞങ്ങളുടെ മടക്കയാത്രയും. പച്ചയുടെ വിവിധനിറങ്ങളായ കടും പച്ച, തത്തപച്ച, മഞ്ഞ കലർന്ന പച്ച നിറങ്ങളുണ്ട് പ്രകൃതി ഭൂമിയിൽ മായാജാലം സൃഷ്ടിച്ചിരിക്കുന്ന അസുലഭകാഴ്ച്ചയിൽ, കവിത്വം ലവലേശമില്ലാത്ത സാധാരണക്കാരിയായ എന്നിൽപോലും കവിത വിരിയുന്നുണ്ട്. അത്രയ്ക്ക് മനോഹരമായ വീഥികളിലൂടെയായിരുന്നു ഞങ്ങൾ കടന്ന് പോയിരുന്നത്. ഇതൊന്നും കൂടാതെ ഓരോ കൊച്ചുകൊച്ചു വീടുകളുടെയും പൂമുഖങ്ങളിലെ ചെടിച്ചട്ടികളിലും പൂന്തോട്ടങ്ങളിലെ കുറ്റിച്ചെടികളിലും വള്ളിപ്പടർപ്പുകളിലും വർണ്ണാഭമായ പൂക്കൾ വിരിഞ്ഞ് പുഞ്ചിരി തൂകി നില്ക്കുംപോലെ കാണുന്നത് കൗതുകം പകരുന്ന കാഴ്ച തന്നെ ആയിരുന്നു.
യാത്രയ്ക്കിടയിൽ വഴിമദ്ധ്യേ, ഞങ്ങൾ പോകുന്ന ദിശയിൽ നിന്ന് കുറച്ച് മാറി മറ്റൊരു ദിശയിലൂടെ സഞ്ചരിച്ചാൽ അവിടെ ഒരു കൊച്ചുരാജ്യമുണ്ടെന്നും, ഞങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അവിടെ കൂടെ കൊണ്ട് പോകാമെന്നും, ടൂർ മാനേജർ പറഞ്ഞു. ഈ രാജ്യം ടൂർ ഓപ്പറേറ്റേഴ്സിൻ്റെ വാഗ്ദാനത്തിൽ ഉൾപ്പെടാത്തതിനാൽ വണ്ടി ഓടിക്കുന്നതിന് കൂടുതലായി വരുന്ന ചിലവുകൾ ഞങ്ങൾ വഹിക്കേണ്ടി വരുമെന്നും എല്ലാവരും കൂടെ ആലോചിച്ച് തീരുമാനമെടുത്താൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർ ഓപ്പറേറ്റേഴ്സിൻ്റെ കരാറനുസരിച്ച് ഒൻപത് രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഞങ്ങളോട് വാഗ്ദാനം ചെയ്തിരിക്കുന്നത്. യാത്ര ചെയ്യുന്ന മുഴുവൻപ്പേർക്കും യൂറോപ്പ് മൊത്തം സന്ദർശിക്കാനുള്ള ഷെങ്കൺ വിസയുമുണ്ട്.
പുതിയൊരു രാജ്യം സന്ദർശിക്കണോ എന്ന് തീരുമാനിക്കാൻ ഇതിനിടയിൽ എല്ലാവരും ഗൂഗിൾ സർച്ച് ചെയ്ത് സ്ഥലത്തെക്കുറിച്ച് ഒുരു പഠനം നടത്തി. ഇവിടം വരെ എത്തിയിട്ട് ഒരു രാജ്യം കൂടെ സന്ദർശിക്കാനുള്ള അവസരം പാഴാക്കരുതെന്ന് എല്ലാവരും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ ആരും അധികം അറിയപ്പെടാത്ത, സ്വിസ്സ്സർലണ്ടിൻ്റെയും ഓസ്ട്രിയായുടെയും ഇടയിലുള്ള ലിച്ചിൻസൺ എന്ന രാജ്യത്തേക്ക് യാത്ര തുടങ്ങി. ഈ രാജ്യത്തിൻ്റെ ഒരു വശം റൈൻ നദീതീരവും മറ്റൊരു വശം കോൺസ്റ്റൺ തടാകവും പിന്നെ ഒരു വശം വനമേഖല, അടുത്ത വശം ആൽപ്സ് പർവ്വതനിരകളും ചേർന്ന അതിർത്തികളാൽ സുഖശീതള കാലാവസ്ഥയാണ് ഈ രാജ്യത്തിന്.

വഴിനീളെ പൈന്മരങ്ങളും കൃഷിയിടങ്ങളും, മലകൾ, കുന്നുകൾ, താഴ്വാരങ്ങൾ, വനങ്ങൾ, നദികൾ എന്നിവകൊണ്ട് ഭൂമിയെ അണിയിച്ചൊരുക്കിയിരിക്കുന്നതിനാൽ, ശീതളക്കാറ്റിൻ്റെ തലോടൽ അവിടെങ്ങുമുണ്ടെന്ന് തഴച്ച് വളർന്നു നില്ക്കുന്ന വൃക്ഷലാതാദികളും വിളിച്ചോതുന്നുണ്ട്. വണ്ടിയിലിരുന്ന് തന്നെ അങ്ങ് ദൂരെ മലമുകളിൽ, തലയുയർത്തി നില്ക്കുന്ന മനോഹരമായ ലിച്ചിൻസൺ കൊട്ടാരം കാണാം. നല്ല പച്ചപ്പുള്ള കുന്നിൽ തലയെടുപ്പോടെ ആകാശത്തേക്ക് നോക്കി നില്ക്കുന്ന കൊട്ടാരം. കൊട്ടാരത്തിൻ്റെ മേൽക്കൂര കുന്തമുനകൾപോലെ ഉയർത്തി, കോണിക്കൽ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ കൊട്ടാരത്തിൻ്റെ വിദൂരദൃശ്യം അതിമനോഹരമാണ്.

ശരിക്കും പറഞ്ഞാൽ ഫെയറി ട്ടെയിൽസിലെ സാങ്കൽപ്പികകൊട്ടാരത്തിനോ ചിത്രങ്ങൾ യാഥാർത്ഥ്യത്തിൽ കാണുകയാണ്. പച്ചവെൽവെറ്റിൽ, ത്രികോണാകൃതിയിൽ കുറെ വാലില്ലാ കുനീലുകൾ മലമുകളിൽ നിരത്തി വെച്ചിരിക്കുന്നത് പോലുള്ള ലിച്ചിൻസൺ കോട്ടാരം ഡിസ്‌നിലാൻഡിലെ കാസിലിനെ അനുസ്മരിപ്പിക്കുന്നു. ഏതാണ്ട് ഉച്ചയോടെയാണ് ഞങ്ങൾ ലിച്ചിൻസണിൽ എത്തിച്ചേർന്നത്. ഉച്ചവെയിലായിരുന്നിട്ട് കൂടി വലിയ വെയിൽ അനുഭവപ്പെടുന്നില്ല. ധാരാളം ടൂറിസ്റ്റുകൾ അവിടെ വന്നിറങ്ങിയിട്ടുണ്ട്. നമ്മുടെ പാസ്പോർട്ട് ഇന്ഫർമേഷൻ ഓഫിസിൽ കാണിച്ച് ബോധ്യപ്പെടുത്തണം. ഈ ഓഫിസിൽ ഗാന്ധിജിയുടെ ചിത്രം വെച്ചിട്ടുണ്ട്. അവർ ഗാന്ധിജിയുടെ സ്റ്റാമ്പും ഇറക്കിയിട്ടുണ്ട്.

പാസ്പോർട്ടിൽ സീൽ വെച്ച് രേഖപ്പെടുത്തി കിട്ടുന്നതിന് നിശ്ചിതതുക ഫീസ് കൊടുക്കണം. ആ രാജ്യം സന്ദർശിച്ചിട്ടുണ്ടെന്ന് രേഖയുണ്ടാക്കണമെങ്കിൽ മാത്രം പാസ്പോർട്ടിൽ സീൽ വെപ്പിച്ചാൽ മതി. ഞങ്ങൾക്ക് ലിച്ചിൻസണിൽ പോയെന്ന് ആരെയും പാസ്പോർട്ട് കാണിച്ച് ബോധ്യപ്പെടുത്തേണ്ടതില്ലാത്തതിനാൽ അതിന് വേണ്ടി സമയം കളഞ്ഞില്ല. ചിലർ ക്യുവിൽ നിന്ന് സീൽ വെപ്പിച്ച് കിട്ടുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ലിച്ചിൻസൺ എന്ന രാജ്യത്തിന് വടൂസ് എന്ന പേരു കൂടെയുണ്ട്. വിമാനത്താവളവും തുറമുഖവും പട്ടാളവുമില്ലാത്ത, സ്വന്തമായ റെയിൽവേപ്പോലും ഇല്ലാത്ത സമ്പന്നരാജ്യമാണിത്. എന്നാൽ അമേരിക്ക, യൂറോപ്പ്, ഇന്ത്യ എന്ന് പറയുന്നപോലെ ആരും അറിയപ്പെടുന്ന രാജ്യമല്ലിത്.
തിരുവനന്തപുരത്തിൻ്റെയത്രപ്പോലും വലിപ്പമില്ലാത്ത രാജ്യം. സ്വന്തമായ കടൽതീരങ്ങളില്ലിവിടെ. സ്വന്തമായി കറൻസി പോലും അടിക്കുന്നില്ല. വടൂസിലൂടെ കടന്ന് പോവുന്ന റെയിൽ പാലംപോലും ഓസ്ട്രീയയുടെ ഉടമസ്ഥതയിലാണ്. വിലകൂടിയ കാറുകൾ ധാരാളം ലിച്ചിന്സണിൽ കണ്ടു. സ്വിസ്സിൻ്റെ കാറുകൾക്ക് വെളുത്ത നിറത്തിലെ നമ്പർ പ്ലേറ്റും വടൂസിൻ്റെതിന് കറുത്ത നമ്പർ പ്ലേറ്റും കൊടുത്തിരിക്കുന്നതിനാൽ എളുപ്പത്തിൽ തിരിച്ചറിയാം. കുറ്റകൃത്യങ്ങൾ ഇല്ലാത്ത സുരക്ഷിതരാജ്യമാണിത്. വളരെ കുറച്ച് പോലീസുകാർ മാത്രമേയുള്ളൂ. അനാവശ്യചിലവുകൾ കുറക്കുന്നതിൻ്റെ ഭാഗമായി പട്ടാളത്തെ നിയമിക്കാറില്ല. വടൂസിലുള്ളവർ സംഗീതത്തിനും സ്പോട്ട്സിലുമാണ് സമയം നീക്കി വെക്കുന്നത്. നികുതി വളരെ കുറവായതിനാൽ ധാരാളം വിദേശകമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ലിച്ചിൻസ്‌ണിൽ അഞ്ചു കൊട്ടാരങ്ങൾ ഉള്ളതിൽ രണ്ടെണ്ണം മാത്രമേ സംരക്ഷിക്കപ്പെട്ടിട്ടുള്ളൂ. അതിലൊന്നാണ് വടൂസ് കാസിൽ. മനോഹരമായ കാസിൽ കുന്നിൻ ചരിവിൽ നിന്ന് 120 മീറ്റർ ഉയരത്തിലാണ്. വടൂസ് രാജ്യത്തിൻ്റെ തലസ്ഥാനമായതിനാൽ വടൂസ് കാസിൽ ലിച്ചിൻസ്‌ൺ രാജ്യത്തിൻ്റെ പ്രതീകമായി നിലകൊള്ളുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജ്യത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ തക്ക സുരക്ഷയ്ക്കുള്ള കോട്ടയായിട്ടാണ് നിർമ്മിച്ചത്. 1287 വലിയ സജ്ജീകരണങ്ങൾ ഒരുക്കി വാസയോഗ്യമാക്കിയെടുത്തു. 1322 ൽ ഈ കൊട്ടാരം ചരിത്രരേഖകളിൽ സ്ഥാനം നേടി. 1732ൽ രാജകുടുംബത്തിന് ഉടമസ്ഥാവകാശം ലഭിക്കുകയും ഈ കൊട്ടാരത്തിനെ രാജകുടുംബത്തിൻ്റെ ഔദ്യോഗികവസതിയാക്കുകയും ചെയ്തു.

അതിന് ശേഷം നന്നാക്കാനാവാത്ത വിധം, ഇടയ്ക്കിടെ ഉണ്ടായ യുദ്ധവും തീപിടുത്തവും കൊട്ടാരത്തിന് പലതരത്തിൽ കേടുപാടുകൾ വരുത്തി. 1905-1912 കാലഘട്ടത്തിൽ കുറെയധികം പുനരുദ്ധാരണപ്രക്രീയകൾ നടത്തേണ്ടി വന്നു. 1939ൽ പ്രിൻസ് ഫ്രാൻസ് ജോസഫ് രണ്ടാമൻ കൊട്ടാരത്തിൽ താമസസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കുടുംബസമേതം അവിടെ താമസിക്കുകയും ചെയ്തു.
വർഷത്തിലൊരിക്കൽ ആഗസ്റ്റ് 15ന് ലിച്ചിൻസൺ സ്വാതന്ത്രരാജ്യമായ ദിവസം ലിച്ചിൻസൺ നാഷണൽ ഡേയായി ആഘോഷിക്കുന്നു. അന്ന് പൊതുജനങ്ങളെ സൗജന്യമായി കൊട്ടാരത്തിൽ പ്രവേശിക്കുവാൻ അനുവദിക്കും. അന്നേ ദിവസം പൊതുസമൂഹത്തെ പുൽത്തകിടിയിൽ സ്വാഗതം ചെയ്യുകയും റോസ് ഗാർഡനിൽ ഡ്രിങ്ക്സ് നല്കുകയും ചെയ്യും. കൂടാതെ അന്നേ ദിവസം വെടിക്കെട്ട് നടത്തിയും പടക്കങ്ങൾ പൊട്ടിച്ചും അവിടത്തെ ജനത സന്തോഷതിമിർപ്പിലായിരിക്കും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ടപ്പോൾ കൊട്ടാരത്തിലെ വിലപിടിപ്പുള്ള വിലമതിക്കാനാവാത്ത പല കരകൗശലവസ്തുക്കളും വിറ്റഴിച്ചു.
അഞ്ച് കൊട്ടാരങ്ങളിൽ രണ്ടെണ്ണം പുനരുദ്ധരിച്ചതിലൊന്നാണ് ചരിത്രപ്രാധാന്യമുള്ള ഗുട്ടൻബർഗ്ഗ് കാസിൽ, ഇത് ബാർസേഴ്സ് ടൗണിൽ ലിച്ചിൻസൺ പ്രിൻസിപ്പാലിറ്റിയുടെ അധീനതയിലാണ്. അവിടെ രാജപ്രതിനിധികൾ താമസമില്ലാത്തതിനാൽ മ്യൂസിയമാക്കി സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ട്. മ്യൂസിയത്തിൽ ധാരാളം യുദ്ധസാമഗ്രികളും കരകൗശലവസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ അവിടെയൊരു ചർച്ചും മോണാസ്ട്രിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടതൊരു ചെറുപട്ടണമായിത്തീർന്നു റിംഗ് മതിൽ നിർമ്മിച്ച് അതിന് വൃത്താകൃതിയിലൊരു ആകൃതി നൽകി വളരെ ആകർഷകമാക്കി.


കൊട്ടാരപരിസരം സന്ദർശിച്ചശേഷം ഞങ്ങൾ വടൂസ് സിറ്റിയിലുള്ള പെഡസ്ട്രിയൻ പാസേജിലൂടെ നടന്ന് കാഴ്ചകൾ കാണുകയായിരുന്നു. വീതിയുള്ള റോഡുകളും ഇരുഭാഗത്തുമുള്ള ആല്പ്സിൻ്റെ പർവ്വതശിഖരങ്ങളും വൻകെട്ടിടങ്ങളും പുന്തോട്ടങ്ങളും വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന കാഴ്ച. റോഡിൽ വിലകൂടിയ മുന്തിയതരം കാറുകളാണ് കാണാനായത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തുന്ന കുറേ വലിയ ഷോപ്പുകൾ, മ്യൂസിയത്തിലേയും ആർട്ട് ഗാലറിയിലും ചരിത്ര രേഖകളും ധാരാളം ശില്പങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. റോഡുകളും പൊതുയിടങ്ങളും ധാരാളം പൂച്ചെടികൾ വെച്ച് മോടി കൂട്ടിയിരിക്കുന്നു. ടൗൺഹാൾ, സിറ്റി റെയിൽസർവ്വീസ്, സെട്രൽ വില്ലേജ്, പാർലമെൻ്റ് ബിൽഡിങ്ങ്, മ്യൂസിക്ക് ഹാൾ, സ്‌കൂൾ, സ്റ്റേഡിയം, ചർച്ചുകൾ എന്നിവ ഓടി നടന്നാണ് കണ്ടത്. പിന്നെ പോസ്റ്റ് ഓഫിസിനോട് ചേർന്നുള്ള സ്റ്റാമ്പ് എക്സിബിഷനിൽ കയറി കുറച്ച് സോവനീറും സ്റ്റാമ്പും വാങ്ങിച്ചു. ഇതിനിടയിൽ ഞങ്ങൾക്ക് മടങ്ങി പോകുവാൻ സമയമായി. ഞങ്ങളുടെ ട്രിപ്പിൽ ഇവിടെയ്ക്കുള്ള യാത്ര അപ്രതീക്ഷിതമായി കൂട്ടിചേർത്തതിനാൽ കുറച്ച് ബദ്ധപ്പാടിലാണ് സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങുവാനായത്. ഏതായാലും മനോഹരമായ ഒരു രാജ്യം കൂടെ സന്ദർശിക്കുവാനായ സന്തോഷത്തോടെ ഞങ്ങൾ അവിടെ നിന്നും മടങ്ങി. കൂടുതൽ യാത്ര വിശേഷങ്ങൾ അടുത്ത ലക്കത്തിൽ.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.