Published On: Sat, Dec 23rd, 2017

പ്രമേഹം നിയന്ത്രിക്കാം

Doctor making blood sugar test.

‘റോസുകള്‍ ചുവപ്പ് നിറമാണ്
വയലറ്റുകള്‍ക്ക് നീല നിറമാണ്
പഞ്ചസാരയ്ക്ക് മധുരമാണ്
പക്ഷെ ഇത് നിനക്ക് ഒട്ടും നന്നല്ല!’

അതെ, ഡയബറ്റിക് മെലിറ്റസ് എന്നത് ഭയപ്പെടുത്തുന്ന പേരാണ്. അത് നട്ടെല്ലിലൂടെ ഭയം വിതയ്ക്കുന്നു. കാരണം ഈ രോഗത്തിന്റെ സാന്നിധ്യം നിങ്ങളുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്നു. നമ്മള്‍ ആഗ്രഹിക്കുന്നതെന്തും കഴിക്കാനും ആസ്വദിക്കാനും കഴിയാതെ പോകുന്നു.

കൂടിവരുന്ന സമ്മര്‍ദ്ദം, അനാരോഗ്യകരമായ ആഹാരശീലം, മടിപിടിച്ചുള്ള ജീവിതശൈലി, വ്യായാമമില്ലായ്മ, കൂടിവരുന്ന പൊണ്ണത്തടി എന്നിവ മൂലം ആളുകളില്‍ പ്രമേഹരോഗം അതിവേഗം പടര്‍ന്നുപിടിക്കുകയാണ്. ആഗോളതലത്തില്‍ ഇപ്പോള്‍ ഏകദേശം 20 കോടി ജനങ്ങള്‍ക്ക് പ്രമേഹമുണ്ട്. 2030ഓടെ ഇത് 36.6 കോടിയാകുമെന്ന് ലോകാരോഗ്യസംഘടന പ്രവചിക്കുന്നു.

പ്രമേഹവും സങ്കീര്‍ണ്ണതകളും:

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവാണ് പ്രമേഹത്തിന്റെ ലക്ഷണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയ്ക്ക് കഴിയാത്തതാണ് കാരണം. മറ്റു ചില കേസുകളില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ഇന്‍സുലിന്‍ കോശങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ഇതിനെ കോശങ്ങളുടെ ഇന്‍സുലിന്‍ പ്രതിരോധം എന്ന് വിളിക്കാം.

പ്രമേഹത്തെ നാശകാരിയായ അസുഖം എന്ന് വിളിക്കുന്നത് അത് ശരീരത്തിലെ പ്രധാന അവയവങ്ങളായ ഹൃദയം, കിഡ്‌നി, കണ്ണ്, ഞരമ്പുകള്‍, രക്തക്കുഴലുകള്‍ എന്നിവയെ ബാധിക്കുന്നതുകൊണ്ടാണ്. ഇത് ജീവന് തന്നെ അപായകരമായ സാഹചര്യം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹം കണ്ടുപിടിക്കാതിരിക്കുകയോ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ അത് അന്ധതയ്‌ക്കോ, കിഡ്‌നികളുടെ നാശത്തിനോ ഞരമ്പുകളുടെ കേടുപാടുകള്‍ക്കോ സുഖപ്പെടുത്താനാവാത്ത അള്‍സറുകള്‍ക്കോ കാരണമാകുന്നു. പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ ഡയാലിസിസിലേക്കോ കൈകാലുകള്‍ മുറിക്കുന്നതിലേക്കോ എത്താറുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയാതിരുന്നാല്‍ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കൂടാന്‍ സാധ്യതയുണ്ട്. ശരീരത്തിന് വിനാശകാരിയായ മോശപ്പെട്ട എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടാനും സാധ്യതയുണ്ട്. അതുപോലെ ഹാര്‍ട്ട് അറ്റാക്കിന് കാരണമാകുന്ന ആര്‍ട്ടറികളിലെ ബ്ലോക്കിനും ഇത് കാരണമാവുന്നു. ബ്ലോക്ക് ക്രമേണ ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറയ്ക്കുന്നു.

പ്രമേഹവും രോഗപ്രതിരോധവും;

ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാനുള്ള സാധ്യതയുണ്ടെങ്കിലും പ്രമേഹത്തിന്റെ കാര്യത്തില്‍ നിരാശയുടെ ആവശ്യമില്ല. പ്രമേഹരോഗികള്‍ക്കെല്ലാം നല്ല രീതിയില്‍ ജീവിതം നയിക്കുന്നതിന് തടസ്സമില്ല. നല്ല ചിട്ടയുള്ള ജീവിതവും ജീവിത ശൈലിയിലെ മാറ്റങ്ങളും പതിവായ വ്യായാമവും രോഗിയെ ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കും. പ്രതിരോധം തന്നെയാണ് പ്രമേഹത്തെ തടയാനുള്ള പ്രധാന പ്രതിവിധി. നേരത്തെ രോഗം കണ്ടെത്തുന്നത് പ്രധാനമാണ്. പ്രമേഹം വരാന്‍ സാധ്യതയുള്ളവര്‍ നേരത്തെ തന്നെ ഇക്കാര്യം അറിയുന്നതും നല്ലതാണ്. ഭക്ഷണ കാര്യങ്ങളില്‍ കടുത്ത നിയന്ത്രണം പാലിക്കണം. പതിവായ ഇടവേളകളില്‍ ചെക്കപ്പ് ആവശ്യമാണ്. പൊണ്ണത്തടിയുള്ളവരും ഉയര്‍ന്ന ശരീരഭാരമുള്ളവരുമാണ് പ്രമേഹത്തിന് അടിമപ്പെടാന്‍ സാധ്യതയുള്ളവര്‍. അതുപോലെ ജനിതകമായ പാരമ്പര്യവും പ്രധാനമാണ്. മാതാപിതാക്കളില്‍ ഒരാള്‍ക്ക്പ്രമേഹമുണ്ടെങ്കില്‍, മക്കളില്‍ അത് വരാനുള്ള സാധ്യത 10 ശതമാനത്തോളമാണ്. മാതാപിതാക്കളില്‍ രണ്ട് പേര്‍ക്കും പ്രമേഹമുണ്ടായിരുന്നെങ്കില്‍ മക്കള്‍ക്ക് 40 ശതമാനമാണ് രോഗസാധ്യത.

പ്രമേഹരോഗത്തിന്റെ അപകടസാധ്യതയുള്ളവര്‍

അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ ഏഴ് ചോദ്യങ്ങളോടെ ഒരു ഡയബറ്റിസ് റിസ്‌ക് ടെസ്റ്റ്് നടത്താറുണ്ട്. ഇതില്‍ അഞ്ചോ അതിലധികമോ നേടുന്നവര്‍ പ്രമേഹരോഗത്തിന് അടിപ്പെടാന്‍ സാധ്യതയുള്ളവരാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശാരീരിക നിഷ്‌ക്രിയത, കുടുംബത്തിലെ പ്രമേഹ പാരമ്പര്യം, ഗര്‍ഭധാരണത്തിലെ പ്രമേഹം, ഉയര്‍ന്ന ശരീരഭാരം എന്നിവയാണ് പ്രധാന റിസ്‌ക് ഘടകങ്ങള്‍.

(ടേബിള്‍ ഇവിടെ ചേര്‍ക്കുക)

പതിവായി സ്‌ക്രീനിംഗ് ആവശ്യമാണ്. 45 വയസ്സ് കഴിഞ്ഞാല്‍ ഈ പരിശോധന തുടര്‍ച്ചയായി നടത്തണം. അതുപോലെ പ്രായം കുറഞ്ഞവര്‍ക്ക് ഉയര്‍ന്ന ശരീരഭാരം ഉണ്ടെങ്കിലും ടെസ്റ്റ് നടത്തണം. കുട്ടികളെയും കൗമാരക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കണം.

രക്തപരിശോധനയില്‍ നിന്നാണ് ഡയബറ്റിസും പ്രീഡയബറ്റിസും തിരിച്ചറിയേണ്ടത്. ഭക്ഷണം കഴിക്കാതെയുള്ള രക്തത്തിലെ പ്ലാസ്മ ഗ്ലൂക്കോസും ഭക്ഷണശേഷമുള്ള ഗ്ലൂക്കോസും പരിശോധിക്കണം. ഹീമോഗ്ലോബിന്‍ എ1സി തോത് പരിശോധിച്ചാല്‍ മൂന്ന് മാസത്തെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവ് തിട്ടപ്പെടുത്താം.

(ടേബിള്‍ ഇവിടെ ചേര്‍ക്കുക)

ചികിത്സയും ചികിത്സാലക്ഷ്യവും

പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. ഭക്ഷണം കഴിക്കാതെയുള്ള പ്ലാസ്മ ഗ്ലൂക്കോസിന്റെ അളവ് 80-130 ആയി നിലനിര്‍ത്തണം. ഭക്ഷണം കഴിച്ചുള്ള ഗ്ലുക്കോസിന്റെ അളവ് 180ലും കുറവായിരിക്കണം. ഇക്കാര്യത്തില്‍ ജീവിതശൈലി മാറ്റുകയാണ് പ്രധാനം. ഭക്ഷണക്രമം, ശരീരഭാരം കുറയ്ക്കല്‍, പതിവായ വ്യായാമം, മരുന്ന് എന്നിവ ആവശ്യമാണ്. സ്വയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം. അതുവഴി കൂടുതലായി രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ കഴിയും. അതുപോലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവുകള്‍ കുറയ്ക്കുകയും ചെയ്താല്‍ ശരീരാവയവങ്ങളുടെ നാശം ഒഴിവാക്കാം. കണ്ണുകളുടെ നിരന്തര ചെക്കപ്പ് ആവശ്യമാണ്. ഞരമ്പുകളുടെ കേടും പരിശോധിക്കണം. കിഡ്‌നിയുടെ പ്രവര്‍ത്തനവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും പരിശോധിക്കേണ്ടതുണ്ട്. ഇതിന് ഇസിജിയും ട്രെഡ്മില്‍ ടെസ്റ്റും പ്രധാനമാണ്.

ശരീരഭാരം കുറയ്ക്കലും പ്രമേഹവും

ഡയബറ്റിസ് മാനേജ് ചെയ്യുന്നതില്‍ ശരീരഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം ക്രമമായ തോതില്‍ കുറയ്ക്കുന്നതും പ്രമേഹവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ശരീരഭാരം കുറയ്ക്കുന്തോറും പ്രമേഹവും കുറഞ്ഞുവരുന്നതായി തെളിഞ്ഞിട്ടുണ്ട്. അമിതഭാരമുള്ള ആളുകള്‍ ആറ് മാസത്തിനുള്ളില്‍ അവരുടെ ശരീരഭാരം 5 ശതമാനമെങ്കിലും കുറയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇത് കഠിനമായ ഭക്ഷണക്രമവും വ്യായാമവും കൊണ്ട് സാധ്യമാണ്. ആറ് മാസത്തില്‍ വിചാരിച്ച രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചവര്‍ തീര്‍ച്ചയായും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരം കുറയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

ശരീരഭാരം കുറച്ചാല്‍ പ്രമേഹം കുറയുമെന്ന് മാത്രമല്ല, പ്രമേഹരോഗത്തിന് സാധ്യതയുള്ളവരിലും പ്രമേഹം തടയപ്പെടും. ആഴ്ചയില്‍ 150 മിനിറ്റ് നേരമുള്ള അതിവേഗത്തിലുള്ള നടത്തം തുടങ്ങിയ തീവ്രമായ ജീവിതശൈലീമാറ്റപദ്ധതികളില്‍ ഏര്‍പ്പെട്ടാല്‍ 7ശതമാനം വരെ ഭാരം കുറയ്ക്കാം. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വ്യായാമമുറകള്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ചെയ്യണം. 150 മിനിറ്റില്‍ 75 മിനിറ്റെങ്കിലും സ്‌ട്രെംഗ്ത് ട്രെയിനിംഗിന് ഉപയോഗപ്പെടുത്താം. ഇതുവഴി ആഴ്ചയില്‍ 1-2 പൗണ്ടുകള്‍ വരെ കുറയും. ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍, ആദ്യം കൊഴുപ്പ് കുറയ്ക്കുന്നതിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. തുടര്‍ന്നുള്ള ആഴ്ചകളില്‍ കൊഴുപ്പിനൊപ്പം കലോറിയും നിയന്ത്രണവും കൂട്ടിച്ചേര്‍ക്കും.

ഭക്ഷണവും പ്രമേഹം തടയലും
കുറഞ്ഞ കലോറി മാത്രം കഴിയ്ക്കുന്നതിനെയും ഉപയോഗിക്കുന്ന കൊഴുപ്പിന്റെ സ്വഭാവവും ശ്രദ്ധിക്കേണ്ടതുണ്ട്. മെഡിറ്ററേനിയന്‍ ഭക്ഷണക്രമവും ഉയര്‍ന്ന മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പും പ്രമേഹത്തെ തടയും. സമ്പൂര്‍ണ്ണ ധാന്യങ്ങള്‍, യോഗര്‍ട്ട്, കാപ്പി, ചായ, ബെറി, അണ്ടിപ്പരിപ്പ് എന്നിവ നല്ലതാണ്. അതേ സമയം റെഡ് മീറ്റ്, പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ നല്ലതല്ല.
ഭാരം കുറയ്ക്കുന്ന മരുന്നുകള്‍
ശരീരഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം മരുന്നുകള്‍ ലഭ്യമാണ്. പക്ഷെ അതിന് പാര്‍ശ്വഫലങ്ങളുണ്ടാക്കാനുള്ള സാധ്യതയേറെയാണ്. അതുപോലെ ഗാസ്‌ട്രോ ഇന്റസ്റ്റിനല്‍ ശസ്ത്രക്രിയകളും ലഭ്യമാണ്. ചതുരശ്രമീറ്ററില്‍ 30-40 കിലോഗ്രാമുള്ള (ഉയര്‍ന്ന ബിഎം ഐ ഉള്ള) വ്യക്തികള്‍ക്ക് ഒരു പക്ഷെ ഈ ശസ്ത്രക്രിയകൊണ്ട് ഗുണം ഉണ്ടായേക്കും. അതുപോലെ അതിതീവ്രജീവിതശൈലീമാറ്റങ്ങള്‍ നടപ്പാക്കിയാലും മെഡിക്കല്‍ തെറപ്പി ചെയ്താലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാത്തവര്‍ക്കും ഇത് ഗുണകരമാണ്.

പ്രമേഹം ആളുകളുടെ ജീവിതത്തില്‍ നിയന്ത്രണങ്ങളും ജീവിതത്തോട് കയ്പും കൊണ്ടുവരുന്നു. പക്ഷെ നല്ല ജീവിതശൈലീ പരിശീലനവും ചിട്ടയും കൊണ്ട് വീണ്ടും ജീവിതത്തിലെ മധുരം തിരിച്ചുകൊണ്ടുവരാനാകും.
ഡോ. ബിനോയ് ജോണ്‍
എംഡി ഡിഎം (കാര്‍ഡിയോളജി) എഫ്‌സിഎസ്‌ഐ എഫ്എസിസി എഫ്ഇഎസ്സി എഫ്എസ്സിഎഐ എഫ്എപിഎസ്‌ഐസി ഡയറക്ടര്‍ & ഹെഡ്: ഡിപാര്‍ട്‌മെന്റ് ഓഫ് കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ഡിസീസസ്, ഹാര്‍ട്ട് ഫെയിലര്‍ ആന്റ് കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് മെഡിസിന്‍. എം.ഐ.ഒ.ടി ഇന്റര്‍നാഷണല്‍, ചെന്നൈ.
email: dr.aceofhearts@gmail.com

ടൈപ് 2 ഡയബറ്റിസ് മെലിറ്റസ്, നോണ്‍ ഇന്‍സുലിന്‍ മെഡിറ്റേറ്റഡ് ഡയബറ്റിസ് മെലിറ്റസ് എന്നിവയെക്കുറിച്ചാണ് ഈ ലേഖനം.

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പ്രമേഹം നിയന്ത്രിക്കാം