Published On: Fri, Jun 29th, 2018

ടാറ്റു പ്രേമികളുടെ ശ്രദ്ധയ്ക്ക്

costa

പുരാതനകാലത്ത് കടല്‍കൊള്ളക്കാര്‍ക്കും രാജ്യദ്രോഹക്കുറ്റം ചുമത്തി നാട് കടത്തപ്പെട്ടവര്‍ക്കും അടയാളത്തിനായി ചെയ്യപ്പെട്ടിരുന്ന പച്ചകുത്ത് (ടാറ്റു) ഇന്ന് ഫാഷന്റെ വേറിട്ട രൂപമായി മാറിയിരിക്കുന്നു.

ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിച്ചാല്‍ ഹിമമനുഷ്യരിലും ഈജിപ്റ്റിലും പച്ചകുത്ത് നിലനിന്നിരുന്നതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പല രാജ്യങ്ങളിലും പച്ചകുത്ത് സംസ്‌കാരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ചിലയിടങ്ങളില്‍ ഉള്ളിലുള്ള വികാരങ്ങളെ പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് ടാറ്റു.

നമ്മുടെ നാട്ടില്‍ സ്ഥിതി വ്യത്യസ്തമാണ്. ടാറ്റൂ ചെയ്തവര്‍ കുറ്റവാളികളോ അക്രമവാസനയുള്ളവരോ മയക്കുമരുന്നിന് അടിമകളോ ആണെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് അധികവും. പച്ച കുത്തിയവര്‍ക്ക് ചില സ്ഥാപനങ്ങള്‍ തൊഴില്‍ നിഷേധിക്കാറുണ്ട്.

മെഷീന്‍ ഉപയോഗിച്ച് സൂചി കൊണ്ട് നിശ്ചിത ആഴത്തില്‍ മുറിവുണ്ടാക്കി അതിനുള്ളിലേയ്ക്ക് പല നിറങ്ങളിലുള്ള മഷികള്‍ നിറച്ച് വിവിധ രീതിയിലുള്ള ചിത്രങ്ങളും അടയാളങ്ങളും ഉണ്ടാക്കുന്നതിനെയാണ് സാധാരണ പച്ചകുത്ത് എന്ന് വിശേഷിപ്പിക്കുന്നത്. ചര്‍മ്മത്തിലെ ഡെര്‍മിസ് ന്നെ പാളിയിലേക്കാണ് പച്ചകുത്ത് ചെയ്യുന്നത്.

ടാറ്റൂ ചെയ്യുന്നത് ആരോഹ്യത്തിന് ഹാനികരമാണോ എന്നത് തര്‍ക്കവിഷയമാണ്. പഠനങ്ങള്‍ തെളിയിക്കുന്നത് പച്ച കുത്തുന്നവരില്‍ ശരാശരി 40% പേര്‍ക്ക് ഹൈപ്പറൈറ്റിസ് – സി, എച്ച.ഐ.വി തുടങ്ങിയവ പിടിപെടാന് സാധ്യതയുണ്ട്് എന്നാണ്. ടാറ്റൂ ചെയ്യാനായി ഉപയോഗിക്കുന്ന മഷികള്‍ ശാസ്ത്രീയമായി പരീക്ഷണ വിധേയമാക്കിയിട്ടില്ലാത്തത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകും. കൂടാതെ പച്ച കുത്തുമ്പോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന മുറിവ് പലവിധ ത്വക്ക് രോഗങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. വിവിധ അലര്‍ജികള്‍, പ്രതിപ്രവര്‍ത്തനങ്ങള്‍ (റിയാക്ഷന്‍സ്), ഗ്രാനുലോമ, കീലോയ്ഡ്‌സ്, ഡെര്‍മറ്റോസിസ് തുടങ്ങിയവ പച്ചകുത്ത് ചെയ്യുന്നതിലൂടെ ഉണ്ടാകാറുണ്ട്.

എം.ആര്‍.ഐ പോലുള്ള ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ പച്ച കുത്തിയ ഭാഗങ്ങളില്‍ റിയാക്ഷന്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. പച്ച കുത്തുന്നതിന് ഉപയോഗിക്കുന്ന മഷിയിലെ ലോഹങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം. കൂടാതെ ടെസ്റ്റുകള്‍ക്ക് കൃത്യമായ ഫലം ലഭിക്കാതിരിക്കാനും ടാറ്റൂ കാരണമാകാറുണ്ട്. അതിനാല്‍ ടാറ്റൂ ചെയ്തവര്‍ ടെസ്റ്റിന് വിധേയമാകുന്നതിന് മുമ്പേ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ട്രോമാറ്റിക് ടാറ്റൂ – മുറിവ് കൊണ്ട് ഉണ്ടാക്കുന്നത്. ഉദാ: പെന്‍സില്‍ ലെഡ്, പേനയുടെ നിബ്ബ് തുടങ്ങിയവ.

കോസ്‌മെറ്റിക് ടാറ്റൂ ( പെര്‍മനന്റ് മേക്ക്അപ്പ്) – ചര്‍മ്മത്തിലുള്ള നിറവ്യത്യാസം ഒളിപ്പിക്കാനും പുരികവും ചുണ്ടും പോലുള്ള ഭാഗങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും കോസ്‌മെറ്റിക് ടാറ്റൂ ചെയ്യുന്നു.

ലോക്കല്‍ ടാറ്റൂയിംഗ് : വഴിയോരങ്ങളിലും എക്‌സിബിഷനുകളിലും മറ്റും കണ്ടുവരാറുള്ള ലോക്കല്‍ മഷി ( ഇന്ത്യ ഇങ്ക്) ഉപയോഗിച്ചുള്ള പച്ചകുത്ത്. സാധാരണയായി ഒരു നിറത്തിലുള്ള മഷി മാത്രമേ ഉപയോഗിക്കാറുള്ളു. ഇത് നീക്കം ചെയ്യാന്‍ താരതമ്യേന എളുപ്പമാണ്.

പ്രൊഫഷണല്‍ ടാറ്റൂയിംഗ് : വളരെയധികം വൈദഗ്ധ്യം നേടിയ വ്യക്തി ചെയ്യുന്ന രീതി. വിവിധ തരത്തിലുള്ള നിറങ്ങള്‍ ഉപയോഗിക്കുന്നു.

മെഡിക്കല്‍ ടാറ്റൂയിംഗ്: വെള്ളപ്പാണ്ട് പോലുള്ള പിഗ്മെന്റേഷന്‍ മറയ്ക്കുന്നതിനും കണ്ണിന്റെ കോര്‍ണിയയിലുള്ള നിറവ്യത്യാസം പരിഹരിക്കുന്നതിനുമെല്ലാം മെഡിക്കല്‍ ടാറ്റൂയിംഗ് ചെയ്യാറുണ്ട്. ബ്രെസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ ശസ്ത്രക്രിയയുടെ അവസാന ഘട്ടത്തില്‍ നിപ്പിള്‍ ഏരിയോളാര്‍ ടാറ്റൂയിംഗ് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അര്‍ബുദ ചികിത്സയില്‍ റേഡിയേഷന്‍ നല്‍കുന്നതിന് മുന്നോടിയായി ശരിയായ ഭാഗം അടയാളപ്പെടുത്തുന്നതിന് ടാറ്റൂയിംഗ് ഉപയോഗിക്കാറുണ്ട്.

പച്ചകുത്ത് മായ്ക്കുന്ന രീതികള്‍

ഡെര്‍മാബറേഷന്‍, സോള്‍ട്ടാബ്രേഷന്‍, ക്രയോ സര്‍ജറി, സ്‌കിന്‍ ഗ്രാഫ്റ്റ് തുടങ്ങിയവയായിരുന്നു മുന്‍കാലങ്ങളില്‍ പച്ചകുത്ത് നീക്കം ചെയ്യുന്ന രീതികള്‍. പച്ചകുത്ത് നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദവും സുരക്ഷിതവുമായ മാര്‍ഗ്ഗം ആധുനിക ലേസര്‍ ചികിത്സയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. ഹൈ ഇന്റന്‍സിറ്റിയിലുള്ള പ്രകാശരശ്മികളെ പച്ചകുത്ത് ചെയ്തിട്ടുള്ള ഭാഗത്തുകൂടി കടത്തിവിട്ട് മഷി വിഘടിപ്പിച്ച് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുന്നു. ടാറ്റൂ ചെയ്ത ഭാഗത്തിന് ചുറ്റുമുള്ള ഭാഗങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിക്കില്ലെന്നത് ലേസര്‍ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.

വിവിധ നിറങ്ങളിലുള്ള ടാറ്റൂ നീക്കം ചെയ്യുന്നത് കൂടുതല്‍ പ്രയാസമേറിയതിനാല്‍ പ്രത്യേക ലേസര്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. പച്ചകുത്തിന്റെ നിറവും ആകൃതിയും അനുസരിച്ചാണ് എത്ര തവണ ലേസര്‍ ചികിത്സ വേണ്ടിവരുമെന്ന് തീരുമാനിക്കുന്നത്. ഇതിന് മുന്നോടിയായി പച്ച കുത്തിയ ഭാഗം സാധാരണയായി മരവിപ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ വേദന സഹിക്കാനുള്ള ശരീരത്തിന്റെ കഴിവ് വളരെ കുറവാണെങ്കില്‍ പുറമേ പുരട്ടാവുന്ന മരവിപ്പിക്കാനുള്ള ലേപനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ചികിത്സയ്ക്കുശേഷം ടാറ്റൂ നീക്കം ചെയ്ത ഭാഗത്ത് ആന്റിബയോടിക് ക്രീമും സണ്‍സ്‌ക്രീനും നിര്‍ബന്ധമായി പുരട്ടണം. അത്യാധുനിക ലേസര്‍ ചികിത്സകള്‍ ചെയ്യുമ്പോള്‍ പാടുകളും മുറിവുകളും പൂര്‍ണമായും ഒഴിവാക്കാന്‍ ഈ മേഖലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഒരു ഡോക്ടറുടെ സഹായം വളരെ വിലപ്പെട്ടതാണ്.

പച്ചകുത്ത് ചെയ്തുകഴിഞ്ഞാല്‍ ആദ്യ കുറച്ചുനാളുകളില്‍ പ്രത്യേക സംതൃപ്തിയും സന്തോഷവും പ്രസരിപ്പും നല്‍കുമെങ്കിലും കാലക്രമേണ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും രൂപഭേദങ്ങളും മൂലം കൂടുതല്‍ പേര്‍ക്കും അസംതൃപ്തിയും മനോവിഷമവും ഉണ്ടാകാറുണ്ട്. നാളുകള്‍ക്ക് ശേഷം ത്വക്കിന്റെ ടോണ്‍ മാറുന്നതും ടാറ്റുവിന്റെ മോഡലുകളും ആകൃതികളും മാറുന്നതും ഏറെപ്പേര്‍ക്കും അഭിമാനക്ഷതമേല്‍പിക്കാറുണ്ട്.

അമിതാവേശത്തിലോ സുഹൃത്തുക്കളുടെ പെട്ടെന്നുള്ള പ്രേരണ മൂലമോ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലോ പച്ചകുത്ത് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. മനസ്സ് മാറുന്ന വേഗത്തില്‍ ടാറ്റു നീക്കം ചെയ്യുന്നതും മാറ്റി സ്ഥാപിക്കുന്നതും പ്രായോഗികമായ തീരുമാനങ്ങളല്ലെന്ന് ഓര്‍ക്കുക.

 

ഡോ. ആശ ബിജു
കണ്‍സള്‍ടന്റ് കോസ്മറ്റോളജിസ്റ്റ് & കോസ്മറ്റിക് ലേസര്‍ സര്‍ജന്‍
വോവ് ഫാക്ടര്‍ മെഡികോസ്മറ്റിക് സ്‌കിന്‍ ആന്റ് ലേസര്‍ സെന്റര്‍, കെസ്റ്റന്‍ റോഡ്, കവടിയാര്‍.
ഇ-മെയില്‍ : info@wowfactorindia.com

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ടാറ്റു പ്രേമികളുടെ ശ്രദ്ധയ്ക്ക്