Published On: Thu, Jun 7th, 2018

നീതി ലഭിക്കണം ; ഇനിയും വൈകരുത് – സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ മാതാവ്

swami court copy

തിരുവനന്തപുരം: പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ അമ്മ മധുജ. നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാതെ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് അവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സാമൂഹ്യ തിന്മകള്‍ക്കെതിരെ ജനപക്ഷത്ത് നിന്നു കൊണ്ട് ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കുന്ന സ്വാമിക്ക് മതഭീകരരുടേയും, മയക്കുമരുന്ന് മാഫിയയുടേയും ഭാഗത്ത് നിന്ന് ജീവന് ശക്തമായ ഭീഷണികള്‍ നിലനില്‍ക്കുകയാണെന്നും സനാതന ധര്‍മ്മത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന സ്വാമിയെ വകവരുത്താന്‍ സംസ്ഥാനത്തിനകത്തും, പുറത്തും ശക്തമായ നീക്കമുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പല തവണ പരാതി നല്‍കിയിട്ടും അര്‍ഹതപ്പെട്ട പോലീസ് സംരക്ഷണം നല്‍കാതെ സ്വാമിയേയും ഒപ്പമുള്ളവരേയും വകവരുത്താന്‍ ശത്രുക്കള്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് അധികാരികള്‍ ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. സ്വാമിയുടെ തലവെട്ടി റോഡില്‍ വയ്ക്കുമെന്നും, അമ്മയെ ബലാത്സംഗം ചെയ്യുമെന്നും പരസ്യ പ്രഖ്യാപനം നടത്തിയ വീഡിയോ പോസ്റ്റുകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ക്കൂടി പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ സംസ്ഥാന പോലീസ് ഡി.ജി.പിക്കും, എറണാകുളം റേഞ്ച് ഐ.ജിക്കും, എറണാകുളം സിറ്റി പോലീസ് മേധാവിക്കും, എറണാകുളം റൂറല്‍ എസ്.പിക്കും അടക്കം പരാതികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നു മാത്രമല്ല, അധികാരികളുടെ ഭാഗത്ത് നിന്ന് അകാരണമായ ഉപദ്രവങ്ങളാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സ്വാമിയും കുടുംബവും അദ്ദേഹവുമായി ബന്ധപ്പെട്ടവരും അനുഭവിച്ചു വരുന്നതെന്നും പരാതിയില്‍ പറയുന്നു.

വിവിധ രീതിയിലുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ സുരക്ഷിതമായി സ്വാമിക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പല കാരണങ്ങള്‍ ചുമത്തി പോലീസ് സ്വാമിയേയും ഒപ്പമുള്ളവരെയും വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും സ്വാമി ഹിമവല്‍ഭദ്രാനന്ദയുടെ അമ്മ ആവശ്യപ്പെട്ടു. കോട്ടയത്ത് പോലീസിന്റെ അനാസ്ഥ മൂലം കൊല്ലപ്പെട്ട കെവിന്റെ മരണ വാര്‍ത്തയാണ് ഈ പരാതി നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.DSC_1768

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം

From,
Dr. T.R. Madhuja Kumari
House No 500 B, Kunnumpuram Lane, Bapuji Nagar, Pongumoodu, Sreekaryam P.O.
Trivandrum – 695017
Phone : +91 9497220044
To,
Sri Pinarayi Vijayan
Hon’ble Chief Minister
Minister for Home Affairs, Vigilance and Information Technology.
Room No 141, 3rd Floor, North Block, Government Secretariat, Thiruvananthapuram – 695001

നീതി ലഭിക്കണം ; ഇനിയും വൈകരുത്
സര്‍,

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ സമക്ഷം സമര്‍പ്പിക്കുന്ന അപേക്ഷ. എന്റെ മകനായ സ്വാമി ഭദ്രാനന്ദ് മുഖ്യമന്ത്രിയുടെ മുമ്പാകെ നിരവധി പരാതികള്‍ സമര്‍പ്പിച്ചിരുന്നു. സ്വാമി സമര്‍പ്പിച്ച പരാതികളുടെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ എം. വി. ജയരാജന്‍ പ്രസ്തുത പരാതികളുടെ മേല്‍ അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും അവര്‍ അത് അവഗണിക്കുകയാണ് ഉണ്ടായത്. എന്നാല്‍, നാളിതുവരെ ടി പരാതികള്‍ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഒരു പൗരന് അവകാശപ്പെട്ട നീതി കൂടി നിഷേധിക്കപ്പെടുകയാണ് ചെയ്തത്. എന്നുമാത്രമല്ല, അധികാരികളുടെ ഭാഗത്ത് നിന്ന് അകാരണമായ ഉപദ്രവങ്ങളാണ് കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സ്വാമിയും കുടുംബവും അദ്ദേഹവുമായി ബന്ധപ്പെട്ടവരും അനുഭവിച്ചു വരുന്നത്.

സാമൂഹ്യ തിന്മകള്‍ക്കെതിരെ ജനപക്ഷത്ത് നിന്നു കൊണ്ട് ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കുന്ന സ്വാമിക്ക് മതഭീകരരുടേയും, മയക്കുമരുന്ന് മാഫിയയുടേയും ഭാഗത്ത് നിന്ന് ജീവന് ശക്തമായ ഭീഷണികള്‍ നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ മുമ്പാകെ മുമ്പ് സമര്‍പ്പിച്ചിരുന്ന (E.ptn 2743/2016), (E.ptn 3313/2017) എന്നീ പരാതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ സ്വാമിക്കെതിരെ ഗൗരവമായ ഭീഷണിയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് സ്ഥിരീകരിക്കുകയും അത് സംബന്ധിച്ചുള്ള ഫയല്‍ (G 5 – 60913/17 EC) കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നിന്നും കൊച്ചി റേഞ്ച് ഐ. ജി. ഓഫീസില്‍ അയയ്ക്കുകയും ചെയ്തിട്ടുള്ളതുമാണ്. ഐ. ജി ഓഫീസില്‍ ലഭിച്ച മേല്‍പ്പറഞ്ഞ ഫയല്‍ (18083/17/KOR) എന്ന നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത വിവരം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

എന്നാല്‍, ശത്രുക്കളുടെ സ്വാധീനം ഉപയോഗിച്ച് അര്‍ഹതപ്പെട്ട പോലീസ് സംരക്ഷണം നല്‍കാതെ സ്വാമിയേയും ഒപ്പമുള്ളവരേയും വകവരുത്താന്‍ ശത്രുക്കള്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. സനാതന ധര്‍മ്മത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം അധര്‍മ്മികളുടെ അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കും, വര്‍ഗ്ഗീയതകള്‍ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും അത് സംബന്ധിച്ച് മാധ്യമങ്ങളില്‍ക്കൂടിയും മറ്റും പ്രതികരിക്കുകയും ചെയ്യുന്ന സ്വാമിയെ വകവരുത്താന്‍ സംസ്ഥാനത്തിനകത്തും, പുറത്തും ശക്തമായ നീക്കം ആരംഭിച്ച വിവരം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ ഭീഷണികളാണ് നിലവില്‍ സ്വാമി നേരിടുന്നത്. സ്വാമിയുടെ തലവെട്ടി റോഡില്‍ വയ്ക്കുമെന്നും, അമ്മയായ എന്നെ ബലാത്സംഗം ചെയ്യുമെന്നും വരെ പരസ്യ പ്രഖ്യാപനം നടത്തിയ വീഡിയോ പോസ്റ്റുകളും സന്ദേശങ്ങളും ഇന്നും സമൂഹമാധ്യമങ്ങളില്‍ക്കൂടി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയെല്ലാം സംസ്ഥാന പോലീസ് ഡി.ജി.പിക്കും, എറണാകുളം റേഞ്ച് ഐ.ജിക്കും, എറണാകുളം സിറ്റി പോലീസ് മേധാവിക്കും, എറണാകുളം റൂറല്‍ എസ്.പിക്കും അടക്കം പരാതികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും യാതൊരുവിധത്തിലുമുള്ള നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ സ്വാമിയെ ആശ്രയിക്കുന്നവരെ സഹായിക്കാന്‍ പോലും നിര്‍വ്വാഹമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ, സ്വാമി ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായതിനാല്‍ ഹൈന്ദവ സംസ്‌ക്കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു വ്യാജ സന്യാസിയാണ് അദ്ദേഹമെന്ന തരത്തിലുള്ള കുപ്രചരണങ്ങളാണ് നവമാധ്യമങ്ങളില്‍ക്കൂടി വര്‍ഗ്ഗീയവാദികള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം കുപ്രചരണങ്ങളില്‍ക്കൂടി ശത്രുക്കള്‍ ലക്ഷ്യമിടുന്നത് ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന നീചതന്ത്രമാണ്.

സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമിയെ പലരും നിരവധി സഹായങ്ങള്‍ക്കായി സമീപിക്കാറുണ്ട്. സൗഹൃദം നടിച്ച് എത്തിയവരാണ് മുമ്പ് മൂന്നു തവണയും സ്വാമിയെ വധിക്കാന്‍ ശ്രമിച്ചത്. അതേത്തുടര്‍ന്നാണ് 2008ലെ ഇടതു സര്‍ക്കാരിന്റെ കാലത്ത് സ്വാമിയുടെ സ്വയരക്ഷയ്ക്കായി തോക്ക് ലൈസന്‍സ് അനുവദിച്ചത്. അതേസമയം, ആലുവ പോലീസ് സ്റ്റേഷനില്‍ വച്ച് സി.ഐയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചെന്നും, സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമത്തിന് മുതിര്‍ന്നെന്നും ആരോപിച്ചു കൊണ്ട്, അന്ന് സ്വാമിക്കെതിരെ ചുമത്തിയ വ്യാജ കേസിന്റെ പേരില്‍ സ്വയരക്ഷയ്ക്കായി ലഭിച്ച തോക്കിന്റെ ലൈസന്‍സും റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍, പത്തു വര്‍ഷത്തിന് ശേഷം ബഹുമാനപ്പെട്ട പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസിനാസ്പദമായ സംഭവത്തിന്റെ വാസ്തവങ്ങളും സ്വാമിയുടെ നിരപരാധിത്വവും തിരിച്ചറിഞ്ഞ് അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയത് വ്യാജ കേസാണെന്ന വിധി പ്രഖ്യാപിച്ച് വെറുതെ വിടുകയായിരുന്നു.

അതേസമയം, സ്വാമിക്ക് അനുകൂലവിധി പ്രഖ്യാപിക്കുന്ന അന്നു തന്നെ, കൊച്ചിയിലെ മയക്കുമരുന്ന് മാഫിയാ ശക്തികളുടെ പ്രിയങ്കരനായ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പ്രത്യേക സമ്മര്‍ദ്ദത്താല്‍ സ്വാമിക്കെതിരെ മതസ്പര്‍ദ്ധ ആരോപിച്ച് കേസ് എടുക്കുകയും, തോക്ക് കേസിന്റെ വിധി കേള്‍ക്കാന്‍ എത്തിയ സ്വാമിയെ കോടതിയില്‍ നിന്നുതന്നെ അറസ്റ്റ് ചെയ്തു 59 ദിവസം ജയിലിലടച്ചു. തുടര്‍ന്ന്, സ്വാമി അനുഭവിച്ച പോലീസിന്റെ ക്രൂരപീഢനങ്ങള്‍ സംസ്ഥാന പോലീസ് ഡി.ജി.പിയെ നേരില്‍ കണ്ട് അറിയിക്കാന്‍ അദ്ദേഹത്തിന്റെ കാര്യാലയത്തിന് മുന്നിലെത്തിയപ്പോള്‍, ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരത്തിന്റെ സൂത്രധാരനായി ചിത്രീകരിച്ച് വീണ്ടും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആര്‍ക്കുവേണ്ടിയാണ് അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് പോലീസ് സ്വാമിയേയും ഒപ്പമുള്ളവരേയും ഇത്തരത്തില്‍ വേട്ടയാടുന്നതെന്ന് ബഹു മുഖ്യമന്ത്രി അന്വേഷിക്കണം.

നാനാഭാഗത്ത് നിന്നും വിവിധ രീതിയിലുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ സുരക്ഷിതമായി സ്വാമിക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആയതിനാല്‍ അടിയന്തിരമായി സ്വാമിക്കും ഒപ്പമുള്ളവര്‍ക്കും ന്യായമായ സംരക്ഷണം നല്‍കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സാധാരണക്കാരുടെ ശബ്ദമായി ജീവിക്കുന്ന, സനാതന ധര്‍മ്മ പ്രചാരകനും, പ്രവചനാചാര്യനും, ശിവയോഗിയുമായ സ്വാമി എട്ടോളം പരാതികളാണ് അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ധര്‍മ്മ സംരക്ഷണാര്‍ത്ഥം ബഹു മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ പരിഹാരം കണ്ടെത്തിത്തരണമെന്ന് അപേക്ഷിക്കുന്നു.

കോട്ടയത്ത് പോലീസില്‍ പരാതിപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാവാത്തതിനാല്‍ കൊല്ലപ്പെട്ട കെവിന്റെ മരണ വാര്‍ത്തയാണ് ബഹു മുഖ്യമന്ത്രിക്ക് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

വിശ്വസ്തതയോടെ
ഡോ. ടി. ആര്‍. മധുജ കുമാരി
(മാതാവ്)

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

നീതി ലഭിക്കണം ; ഇനിയും വൈകരുത് – സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ മാതാവ്