Published On: Sat, Sep 22nd, 2018

“കന്യാകുമാരിയിൽ ഒരു കടങ്കഥ ” … സീമ.ജി .നായർ

37401890_1574850682626747_5125308779260280832_o

മൂന്നു പതിറ്റാണ്ടിലേറെയായി നാടക ,സിനിമ,സീരിയൽ രംഗത്തെ നിറ സാന്നിധ്യം ,കോട്ടയം ജില്ലയിൽ മുണ്ടക്കയം എന്ന മലയോര ഗ്രാമത്തിൽ ജനനം… പ്രശസ്ത നടി..തൻറെ സ്വതഃസിദ്ധമായ അഭിനയം കൊണ്ടും വ്യത്യസ്തമായ ശബ്ദം കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഭിനേത്രി . ചേർത്തല സുമതിയുടെയും… M. G. ഗോപിനാഥൻപിള്ളയുടെയും മൂന്നുമക്കളിൽ  ഇളയ ആൾ .ശ്രീമതി .സീമ .ജി .നായർ യൂണിക് ടൈംസ് വായനക്കാർക്കായി തൻറെ  അനുഭവങ്ങൾ പങ്കുവയ്ക്കുന്നു .

അഭിനയരംഗത്തേക്ക്   കടന്നുവരാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ ?

 

കലാകുടുംബത്തിലാണ്   ഞാൻ ജനിച്ചത് .അമ്മ ചേർത്തല സുമതി .അച്ഛന്ബിസിനസ്സ്ആയിരുന്നു .ഞങ്ങൾ മൂന്ന്  മക്കൾ  ,ചേച്ചി ഗായിക രേണുക ഗിരിജൻ , ചേട്ടൻ ഗിറ്റാറിസ്റ്റും സംഗീത സംവിധായകനുമായ എ.ജി .അനിൽ .ഞാൻ .മുണ്ടക്കയം സെൻറ്ജോസഫ് സ്‌കൂളിൽ ആയിരുന്നു  എൻറെ  പ്രാഥമിക പഠനം. പഠനകാലത്ത്  ഞാൻ ഒരിക്കലും അഭിനയിച്ചിട്ടുണ്ടായിരുന്നില്ല . ഒരു പാട്ടുകാരിയായിട്ടായിരുന്നു ഞാൻ അവിടെ അറിയപ്പെട്ടിരുന്നത് .ഒരിക്കലും നടിയാകാൻ ആഗ്രഹിച്ചിരുന്നുമില്ല .ഒരു നടിയെന്ന നിലയ്ക്ക്എൻറെ അമ്മ ഒരുപാടു കഷ്ടതകൾ അനുഭവിച്ചാണ്  അഭിനയ ജീവിതത്തിൽ മുന്നോട്ടുവന്നത് .അത്കൊണ്ട്  മക്കൾ നടിയാകുന്നതിനോട്  അമ്മയ്ക്ക്  യോജിപ്പുണ്ടായിരുന്നില്ല . എന്നാൽ കലാരംഗത്ത് വരുന്നതിൽ എതിർപ്പും ഉണ്ടായിരുന്നില്ല .  എനിക്ക് ഒരു സംഗീതാധ്യാപികയോ ഒരു നഴ്സോ ആകണം എന്നേ ഉണ്ടായിരുന്നുള്ളു . ചെറുപ്പത്തിൽ സാധാരണ പെൺകുട്ടിക്കുള്ള ആഗ്രഹങ്ങളെ എനിക്കുമുണ്ടായിരുന്നുള്ളു.

seema-g-nair-in-valleem-thetti-pulleem-thetti-movie-stills-4

2.80 -90 കാലഘട്ടത്തിൽ ധാരാളം അഭിനേതാക്കൾ നാടകരംഗത്തു നിന്നും സിനിമയിലേക്കും സീരിയലിലും കടന്നുവന്നിട്ടുണ്ട് .അവരിൽ പലർക്കും ലഭിക്കാത്ത  സ്വീകാര്യത സീമ ജി നായർക്ക് ലഭിച്ചിട്ടുണ്ടല്ലോ? അതെന്തുകൊണ്ടാണ് ?

അഭിനയം എന്നത്  നാടകത്തിലും ക്യാമറയുടെ മുന്നിലും വ്യത്യസ്തമാണ് .നാടകത്തിൽ മുന്നിലിരിക്കുന്ന കാണികളിലേക്ക്  കഥാപാത്രങ്ങളെയെത്തിക്കാൻ കൂടുതൽ ഭാവാഭിനയം ആവശ്യമുണ്ട് .എന്നാൽ ക്യാമറയ്ക്ക്  മുന്നിൽ ചെറിയ ഭാവാഭിനയം മതിയാകും .സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതു പോലും രണ്ടിലും വ്യത്യാസമാണ്. നാടകത്തിൽ തെറ്റുകൾ സംഭവിച്ചാൽ തിരുത്തലുകൾ സാധ്യമല്ല . എന്നാൽ സിനിമയിലോ സീരിയലിലോ അത് സാധ്യമാണ്താനും .നാടകരംഗത്ത് ധാരാളം  കഴിവുള്ള നടീനടമാർ ഉണ്ട്  .അഭിനയത്തിലെ ഈ വൈരുദ്ധ്യതയാണ്  പലർക്കും ഈ രംഗത്ത്  തിളങ്ങാൻ പറ്റാതായത്  എന്ന് ഞാൻ കരുതുന്നു.എന്റെ ഗുരുനാഥനോട്  എനിക്കഭിനയിക്കാനറിയില്ല എന്ന്

ഞാൻ പറഞ്ഞപ്പോൾ , താൻ  അഭിനയിക്കേണ്ട വീട്ടിൽ എങ്ങനെയാണോ പെരുമാറുന്നത്  അതുപോലെ പെരുമാറിയാൽ മതി എന്നാണ് അദ്ദേഹം എന്നോട്   പറഞ്ഞത് . ഒരു പക്ഷെ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാവാമത്. ആ ഒരു വാചകമായിരിക്കാം എന്നെ ഇത്രയുംകാലം ഈരംഗത്ത്പിടിച്ചുനിർത്തിയത് .

3.ഒരുവ്യത്യസ്തതയുള്ള ശബ്ദമാണല്ലോ താങ്കളുടേത് .ഈ ശബ്ദവ്യത്യാസം താങ്കളുടെ അഭിനയത്തിനെ  ഗുണകരമായോ ദോഷകരമായോ ബാധിച്ചിട്ടുണ്ടോ ?

എന്റെ അഭിനയത്തിനേക്കാളേറെ എന്റെ ശബ്ദമാണ്  ജനങ്ങൾക്കിഷ്ടം എന്ന്   ഞാൻ  കരുതുന്നു .ഒത്തിരി പേർ അതെന്നോട്  നേരിട്ട് പറഞ്ഞിട്ടുമുണ്ട് .എന്നുകരുതി എൻറെ അഭിനയം ഇഷ്ടമല്ലെന്നല്ല പറയുന്നത് .ചിലപ്പോഴൊക്കെ എന്നെ തിരിച്ചറിയുന്നതും ശബ്ദം കൊണ്ടാണ് .എന്റെ ശബ്ദത്തിന് ഒരു കുറവുള്ളതായി എനിക്ക്  തോന്നിട്ടില്ല .കഥാപാത്രങ്ങൾക്ക്സ്വന്തമായി ശബ്ദം കൊടുക്കുന്നവരിൽ വ്യത്യസ്ത ശബ്ദമുള്ളത്  എനിക്കാണ് . അതൊരു ഭാഗ്യമായി കരുതുന്നു .ഇങ്ങനെ ഒരു ചോദ്യം നിങ്ങൾ ചോദിക്കുന്നതും എനിക്ക്  വ്യത്യസ്ത ശബ്ദമുള്ളതുകൊണ്ടാണല്ലോ .ഇമോഷണൽ സീനുകളിൽ എനിക്കേറ്റവും കൂടുതൽ സഹായകരമായിട്ടുള്ളതും ചെറിയ ഇടർച്ചയും പതർച്ചയും ഉള്ള ഈ ശബ്ദം തന്നെയാണ് .

4 .കന്യാകുമാരിയിൽ ഒരുകടംകഥ എന്ന നാടകം മലയാളക്കരയാകെ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണല്ലോ . 1370 – ൽ പരം വേദികൾ പങ്കിട്ട താങ്കളുടെ നാടകാനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാമോ ?

നാടക രംഗത്ത് ഞാൻ  മൊത്തം 5000-ൽ പരം വേദികളിൽ അഭിനയിച്ചിട്ടുണ്ട് .കൊച്ചിൻ സംഘമിത്രയുടെ ഒൻപതോളം  നാടകങ്ങളാണ്  ഞാൻ  അഭിനയിച്ചിട്ടുള്ളത് .കന്യാകുമാരിയിൽ ഒരുകടംകഥ 1370 – ൽ പരം വേദികൾ വിജയകരമായി പിന്നിട്ടതാണ്.  ആദ്യമേ തന്നെ ഞാൻ പറഞ്ഞല്ലോ പതിനേഴുവയസുള്ള ഒരു പെൺകുട്ടി  പെട്ടന്ന് പ്രശസ്തയാകുന്നു  .എവിടെച്ചെന്നാലും നാടകങ്ങളിലെ കഥാപാത്രങ്ങളുടെ പേര്  പറഞ്ഞ്  ആൾക്കാർ കാണാൻ വരുന്നു .ആ പ്രശസ്തി വളരെ വലുതായിരുന്നു . ഓരോ വേദിയും ഓരോ അനുഭവങ്ങളായിരുന്നു .വളരെ  വ്യത്യസ്തരായ ആസ്വാദകരുടെ മുന്നിലാണ്  നാടകം അവതരിപ്പിച്ചിട്ടുള്ളതും അഭിനയിച്ചിട്ടുള്ളതും .അങ്ങനെയുള്ള ആയിരക്കണക്കിന് ആൾക്കാരുടെ മുന്നിൽ നമ്മളുടെ കഴിവ  പ്രകടിപ്പിക്കുമ്പോൾ അവർ നമുക്കു തരുന്ന പ്രോത്സാഹനങ്ങൾ മറക്കാൻ പറ്റില്ല .എന്റെ ആദ്യനാടകം “കന്യാകുമാരിയിൽ ഒരു കടംകഥ” മുതൽ അവസാനനാടകമായ ആശ്ചര്യചൂഢാമണി വരെയുള്ള അഭിനയത്തിന് ആ അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും എനിക്ക്കിട്ടിയിട്ടുണ്ട് .മൂന്ന്ദിവസം മുൻപ്  തൃശ്ശൂരിൽ റെയിൽവെസ്റ്റേഷനിൽ നിന്നും ഞാൻ ട്രെയിനിൽ യാത്രചെയ്യുമ്പോൾ രണ്ടുപേർ എന്റെടുക്കൽ വന്നിട്ട്  സുഷിമോൾ അല്ലേയെന്ന് ചോദിച്ചു  . ഞാൻ  അത്ഭുതപ്പെട്ടുപോയി സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു . 31 വർഷങ്ങൾക്കു മുൻപ് ഞാൻ ചെയ്ത ഒരുകഥാപാത്രം ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നുവെന്നത്  അത്ഭുതകരമാണ് . ഒരു അഭിനേത്രിക്കു കിട്ടുന്ന ഏറ്റവും  വലിയ അംഗീകാരവും പ്രേക്ഷകരിൽ നിന്നുമുള്ള ഇത്തരം അനുഭവങ്ങളാണ്,

5.ചേർത്തല സുമതി എന്ന അഭിനത്രിയുടെ കലാജീവിതം സീമ .ജി .നായരെന്ന അഭിനേത്രിക്ക്  എന്തെങ്കിലും തരത്തിൽ പ്രചോദനമായിത്തീരുകയോ ഈ രംഗത്ത്നിലനിൽക്കുന്നതിനാവശ്യമായ പാഠങ്ങൾ ഉൾക്കൊള്ളുവാനോ സഹായകരമായിട്ടുണ്ടോ ?

തീർച്ചയായും .അമ്മയ്ക്ക്ഞങ്ങൾ മക്കൾ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല .ഞാൻ അഭിനയിക്കുന്നത് അമ്മയ്ക്ക് വിഷമം  ആയിരുന്നു .അമ്മയുടെ അഭിനയം ഞാൻ കണ്ടിട്ടുണ്ട് .അമ്മ ഒരിക്കലും അഭിനയിക്കുന്നതായി തോന്നിയിട്ടില്ല .അമ്മ കഥാപാത്രമായി ജീവിക്കുകയായിരുന്നു .അമ്മയുടെ ആ ശൈലിയാണ്  ഞാൻ സ്വീകരിച്ചിട്ടുള്ളത് .പിന്നീട്  എൻറെ അഭിനയത്തിലെ  തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിച്ച്  അമ്മ എന്നെ തിരുത്തിയിട്ടുണ്ട് അമ്മയുടെ പാത തന്നെയാണ്എന്റെ ജീവിതത്തിലും ഞാൻ പിന്തുടർന്നിട്ടുള്ളത് .എന്റെ റോൾ മോഡലും  അമ്മ തന്നെയാണ് .ആയിരംസൂര്യഗായത്രികൾ എന്ന നാടകത്തിൽ നല്ല നടിക്കുള്ള അവാർഡ്കിട്ടിയ അമ്മയുടെ ചിരുതകുറത്തിയെന്ന കഥാപാത്രം ഇപ്പോഴും മറക്കാൻ പറ്റിയിട്ടില്ല .

6.അഭിനയജീവിതത്തിലുണ്ടായ നേട്ടങ്ങളുംകോട്ടങ്ങളുംഎന്തൊക്കെയാണ് ?

കോട്ടങ്ങളെ കുറിച്ച് ആദ്യം പറയാം . ഒരു നാടകനടി എന്നുള്ള നിലയിലല്ല ഞാൻ പറയുന്നത് .ഒരു സിനിമ ,സീരിയൽ നടി എന്നുള്ള നിലയ്ക്കാണ് . സിനിമ ,സീരിയൽ അഭിനേതാവ് ഒന്നുകിൽ നല്ല സാമ്പത്തീക ചുറ്റുപാടിൽ നിന്നും വന്നവരായിരിക്കണം അല്ലെങ്കിൽ അവർ അഭിനയിക്കുന്നതിന് അർഹമായ പ്രതിഫലം ലഭിക്കണം . ഇതുരണ്ടും ഇല്ലാതെ വരികയും പ്രശസ്തരാകുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന കുഴപ്പം എന്തെന്നാൽ ഒരു അഭിനേതാവിനു ആ സ്റ്റാറ്റസ്സിലുള്ള ജീവിതം നയിക്കാൻ മതിയായ സാമ്പത്തികാടിത്തറയില്ലാതാകുമ്പോൾ ജീവിതദുഷ്കരമാകും  . ബസിലോ ഓട്ടോയിലോ യാത്രചെയ്യാൻ പറ്റില്ല .അപ്പോൾ ചോദ്യങ്ങൾ ഉണ്ടാകും എന്തേ  ബസിലും ഓട്ടോയിലും യാത്ര ചെയ്യുന്നതെന്ന് .അപ്പോൾ ഇല്ലാത്തതു ഉണ്ടെന്നു കാണിക്കാൻ നെട്ടോട്ടം ഓടേണ്ടിവരും .ഒരുപഴമൊഴികേട്ടിട്ടില്ലേ ”

കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്തു കിടക്കണം ” എന്ന് ആ അവസ്ഥയാണ് .പ്രതിഫലത്തിന്റെ കാര്യത്തിൽ എന്നെപ്പോലുള്ള പല ആർട്ടിസ്റ്റുകൾക്കും  തുച്ഛമായ വേതനമാണ്  . ഇവിടെ സ്വന്തം ഡിമാന്റുള്ളവർക്കും ഡിമാൻവയ്ക്കുന്നവർക്കും മാത്രമേ നിലനിൽക്കാൻ പറ്റുള്ളൂ .ഇല്ലെകിൽ അതുപോലുള്ള കാര്യങ്ങൾ വേണം . കടം മേടിച്ചു ജീവിക്കുക എന്നുള്ളത് വളരെ സങ്കടകരമായ അവസ്ഥയാണ് ,അതനുഭവിക്കുന്നവർക്കു മാത്രമേ അതിന്റെ ബുദ്ധിമുട്ടുകൾ മനസിലാകുള്ളു . ഇനി നേട്ടങ്ങൾ ..ഇന്നലെ വരെ ആരുമല്ലായിരുന്ന ഒരാൾ ഇന്നുമുതൽ ആരുടെയൊക്കയോ പ്രിയപ്പെട്ടവരാകുന്നു .സീരിയലുകൾ കാണുന്നവർ നമ്മളെ അവരിലൊരാളായി അല്ലെങ്കിൽ അവരുടെ കൂടപ്പിറപ്പിനെപ്പോലെ കാണുന്നു .അങ്ങനെയുള്ള നേട്ടങ്ങൾഎന്നുള്ളതല്ലാതെ,  കോട്ടങ്ങൾ നിവർത്തിക്കാനുള്ള പരിഹാരം ഉണ്ടെങ്കിൽ മാത്രമേ നേട്ടങ്ങൾ ഉണ്ടാകുള്ളൂ . അല്ലെങ്കിൽ നേട്ടങ്ങൾ ഉണ്ടാകില്ല കോട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന്പറയേണ്ടിവരും.

7.സമീപകാലത്ത്   പല അഭിനേത്രികളും “കാസ്റ്റിംഗ്കൗച്” വെളിപ്പെടുത്തലുകളുമായി രംഗത്ത് വരുന്നുണ്ടല്ലോ? താങ്കൾക്ക്  അത്തരം എന്തെങ്കിലും  അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ?

എനിക്ക് അങ്ങനൊരു അവസ്ഥയുണ്ടായിട്ടില്ല .പെട്ടന്ന്പൊട്ടിമുളച്ച ഒരു ആർടിസ്റ്റല്ല ,അഭിനയിക്കാൻ വേണ്ടി ഈ രംഗത്ത് വന്നതുമല്ല . അഭിനയം ഇഷ്ടമില്ലാതിരുന്നിട്ടും അഭിനേത്രി ആയിപ്പോയൊരാളാണ് .പിന്നെ

എനിക്ക് വലിയ സ്വപ്നങ്ങളോ മോഹങ്ങളോ ഉണ്ടായിരുന്നില്ല .ഒരു സാധാരണ കുടുംബത്തിൽ  പിറന്ന ഒരു സാധാരണ പെൺകുട്ടിക്കുണ്ടാകുന്ന സ്വപ്നങ്ങളും മോഹങ്ങളുമേ എനിക്കുണ്ടായിട്ടുള്ളു .പിന്നെ സിനിമയിൽ മാത്രമല്ല കാസ്റ്റിംഗ്കൗച്ച്   ഉള്ളത് .ഇത്ഏതൊരു മേഖലയിലും സംഭവിക്കാവുന്നതാണ്. ഇല്ലന്ന്  പ റയാൻ ആർക്കും ആകില്ല .ചിലപ്പോൾ ചിലർക്കൊക്കെ അങ്ങനുള്ള അനുഭവങ്ങൾ ഉണ്ടായെന്നു വരാം .അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കാനുള്ള ബുദ്ധിയും അറിവുമൊന്നും എനിക്കില്ല .സിനിമയെ ക്കുറിച്ച് എന്ത്  കഥ കേൾക്കാനും പൊതുജനത്തിനിഷ്ടമാണ് . അത് ഒരു നെഗറ്റീവ് വർത്തയാണെകിൽ പ്രചാരമേറുകയും ചെയ്യും . സിനിമ വേറൊരു ലോകമാണ് .അതുകൊണ്ടാണ്  ചെറിയകാര്യങ്ങൾ പോലും കേൾക്കാൻ ആളുണ്ടാകുന്നതും അതിന് വലിയ പ്രചാരമുണ്ടാകുന്നതും .

AO4A2391

8.പുരസ്കാരങ്ങൾ നിശ്ചയിക്കപ്പെടുമ്പോൾ താങ്കൾക്ക് അർഹമായ പരിഗണന കിട്ടിയിട്ടില്ല എന്ന്  തോന്നിയിട്ടുണ്ടോ ? ഇതുവരെ ലഭിച്ച അവാർഡുകൾ ?

തീർച്ചയായും ..എനിക്ക് ഇതുവരെയും  അർഹമായ പരിഗണന കിട്ടിയിട്ടില്ല .പലപ്പോഴും അവാർഡിന്റെ പടിവാതിൽക്കലെത്തിയിട്ട്  കിട്ടാതെ പോയിട്ടുണ്ട് .സീമയ്ക്ക് അവാർഡുണ്ടുണ്ടായിരുന്നു  .അവസാനനിമിഷം മാറിപ്പോയതാണെന്ന്  വിശ്വാസനീയമായ കേന്ദ്രങ്ങളിൽ നിന്നും ഞാൻ അറിയാനിടവന്നിട്ടുണ്ട് .അതെന്നെ  വളരെയേറെ വേദനിപ്പിച്ചിട്ടുമുണ്ട് .ഇപ്പോഴും പിന്തള്ളപ്പെട്ടു പോയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽപ്പെടുത്താൻ പറ്റുന്ന അപൂർവ്വ ഒരിനമാണ് ഞാനൊക്കെ. പിന്നെ അവാർഡുകൾ . 1991 – ൽ മികച്ച നാടകനടിക്കുള്ള അവാർഡ് 2014 – ൽ മികച്ച നടി ( ടെലിവിഷൻ ) സ്റ്റേറ്റ് അവാർഡ് . 2018  മിന്നലൈ മികച്ചനടി (സീരിയൽ ,സിനിമ ) എന്നിവയാണ്  പ്രധാനപ്പെട്ടവ.

9.ഇതുവരെയുള്ള കല ജീവിതത്തിൽ ആരോടെങ്കിലും കടപ്പാടുണ്ടോ ?

ഉണ്ട് , എന്റെ അച്ഛനോടും അമ്മയോടും , സതീഷ് സംഘമിത്രയോട് .കൂടെ അഭിനയിക്കുന്നവരോട് , എന്റെ കുടുംബത്തോട് , പ്രേക്ഷകരോട് ..

10 .ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പരസ്യ വാചകം പോലെ താങ്കളെ കണ്ടാൽ പ്രായം തോന്നാതിരിക്കുന്നതിൻറ രഹസ്യം എന്താണ് ?

ആരാ പറഞ്ഞത് എനിക്ക് പ്രായമായെന്ന്? എനിക്കിപ്പോഴും ഇരുപത് വയസ്സിന്റെ മനസ്സാണ്  . മനസ്സിൽ എപ്പോഴും നല്ലത് മാത്രം ചിന്തിക്കുന്നതുകൊണ്ടാകാം അങ്ങനെ തോന്നുന്നത് , ഞാൻ എപ്പോഴും പോസിറ്റീവ് ആണ് . പിന്നെ ഷീജ നല്ലൊരു കണ്ണട വാങ്ങി ഉപയോഗിച്ചിട്ട് എന്നെ നോക്കൂ അപ്പോൾ മനസിലാകും.
ഷീജ നായർ

 

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

“കന്യാകുമാരിയിൽ ഒരു കടങ്കഥ ” … സീമ.ജി .നായർ