Published On: Fri, Jul 7th, 2017

സ്ഥൂല നയവും പെരുമാറ്റത്തിലെ സൂക്ഷ്മമാറ്റവും

 

2esp03_tarjetas_02016 നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം രോഷകുലമായ മാധ്യമചര്‍ച്ചകള്‍ക്കും പൊതുജനാഭിപ്രായത്തിന്റെ ഭിന്നിപ്പിനും വഴിതെളിച്ചിരിക്കുകയാണ്. വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്- നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ശേഷം സമ്പദ്ഘടനയിലുണ്ടായ താളം തെറ്റലും സാധാരണക്കാര്‍ കടന്നുപോകുന്ന ബുദ്ധിമുട്ടുകളും. മണിക്കൂറുകളോളം പണത്തിനായി അവര്‍ വരിനില്‍ക്കേണ്ടിവരുന്നു എന്ന് മാത്രമല്ല, അവരുടെ വരുമാനത്തില്‍ വന്‍തോതില്‍ വീഴ്ചയുണ്ടാവുകയുമാണ്.
പിന്‍വലിച്ച നോട്ടുകള്‍ ആകെയുള്ള കറന്‍സിയുടെ 85ശതമാനത്തോളം വരുന്നതിനാല്‍ ഇതിന്റെ പ്രത്യാഘാതം കനത്തതായിരിക്കും. മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തികചക്രം തിരിയുന്നതില്‍ നോട്ടുകള്‍ക്കുള്ള പങ്ക് വലുതാണ്. ഇന്ത്യയുടെ 90ശതമാനത്തോളം തൊഴില്‍മേഖല ഉള്‍പ്പെടുന്ന അസംഘടിത മേഖലയില്‍ ഇതിന്റെ പ്രത്യാഘാതം കനത്തതായിരിക്കും. അസംഘടിത മേഖല മൊത്തവില്‍പനയുടെ കാര്യത്തില്‍ വലിയ ശോഷണം രേഖപ്പെടുത്തുന്നതായി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നികുതി കണക്കാക്കുന്നതിലെ പഴുത് മുതലാക്കി ലാഭമുണ്ടാക്കുന്ന അസംഘടിത മേഖലയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്ത് സംഭവിക്കും എന്ന ചോദ്യവും ഉയരുകയാണ്. നോട്ടുകള്‍ക്ക് പ്രാധാന്യമുള്ള സമ്പദ്ഘടനയില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിത മേഖലയ്ക്ക് നികുതി കൊടുക്കാത്തിടത്തോളം മാത്രമാണ് നിലനില്‍പ്. ഭാവിയില്‍ ഈ ആനുകൂല്യം ഇല്ലാതാകും.

മാധ്യമങ്ങള്‍ ഒട്ടേറെ വിമര്‍ശനകഥകള്‍ നരേന്ദ്രമോദിയുടെ നീക്കത്തിന് എതിരെ ഉണ്ടാക്കുന്നുണ്ട്. ഇത്രയേറെ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ടാണ് ഈ പുതിയ തീരുമാനത്തിനെതിരെ ഇതുവരെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉയരാത്തത്? ഒരു ഭാഗത്ത്, കഷ്ടപ്പാടുകള്‍ ഉണ്ടെങ്കിലും ജനങ്ങളുടെ ക്ഷമയുടെ അതിര് ഇതുവരെ ലംഘിക്കപ്പെട്ടിട്ടില്ല. ഇരുട്ടിലൂടെ നടക്കുമ്പോഴും ആളുകളില്‍ പ്രതീക്ഷയുടെ വെളിച്ചം ഉണ്ടെന്ന് വേണം കരുതാന്‍. സാഹചര്യങ്ങള്‍ എത്ര കണ്ട് പ്രതികൂലമായാലും അതിനോട് പൊരുത്തപ്പെടാനും അതിനൊപ്പിച്ച് മാറാനുമുള്ള ജനങ്ങളുടെ ശേഷി അപാരമാണ് എന്നതാണ് മറ്റൊരു വസ്തുത.

രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് തൊട്ട് പിറകെ പേടിപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നത് ഇതാണ്. 70 ശതമാനത്തോളം ചരക്ക് ട്രക്കുകളും ഡ്രൈവര്‍മാര്‍ റോഡുകളില്‍ നിര്‍ത്തിയിടുകയാണെന്നും ചരക്ക് ഗതാഗതം പാടെ സ്തംഭിക്കാന്‍ പോകുകയാണ് എന്നുമുള്ള വാര്‍ത്തയായിരുന്നു ഇത്. വിളവിറക്കാനുള്ള കാലമായതിനാല്‍ കൃഷിക്കാരെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന കാര്യവും നമ്മള്‍ വായിക്കുകയുണ്ടായി. വിപണിയില്‍ പണക്ഷാമമായതിനാല്‍ വിത്തുകള്‍ വാങ്ങാനും അത്യാവശ്യച്ചെലവുകള്‍ സാധിക്കാനും കഴിയാതെ അവര്‍ ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ഈ ഭയാശങ്കകളുണര്‍ത്തുന്ന റിപ്പോര്‍ട്ടുകളെല്ലാം പുറത്ത് വന്നതിന് ശേഷം രണ്ട് മാസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. ഡിസംബര്‍ 30നാണ് വിത്ത് വിതയുടെ കണക്കുകള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്ത് വിട്ടത്. 2015ല്‍ 545.46 ലക്ഷം ഏക്കറിലാണ് വിത്ത് വിതച്ചിരുന്നതെങ്കില്‍, 2016ല്‍ 582 ലക്ഷം ഏക്കറില്‍ വിത നടന്നതായാണ് റിപ്പോര്‍ട്ട്. എല്ലാ ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ നമ്മുടെ കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച പ്രകടനം നടത്തിയിരിക്കുന്നു.

ട്രക്കുകള്‍ ഓടാതെ കിടന്നിട്ടും വിപണിയില്‍ ചരക്കുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടില്ല. വിലകളും ഏതാണ്ട് സുസ്ഥിരമായിരുന്നു. നോട്ട് അസാധുവാക്കിയതിന് തൊട്ടുപിന്നാലെ 70 ശതമാനത്തോളം ചരക്ക് ട്രക്കുകള്‍ ഓട്ടം പിന്‍വലിച്ചു എന്ന മാധ്യമറിപ്പോര്‍ട്ട് ശരിയായിരിക്കാം. പക്ഷെ അല്‍പനാള്‍ കഴിഞ്ഞപ്പോള്‍ അതേ ട്രക്ക് ഉടമസ്ഥര്‍ ബിസിനസ്സിലേക്ക് തിരിച്ചുപോകാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടാകാം. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പണമില്ലായ്മ കഷ്ടപ്പാടുകള്‍ ഉണ്ടാക്കി എന്ന നിരീക്ഷണം സ്വാഭാവികമായും സത്യമാണ്. പക്ഷെ ആളുകള്‍ അവരുടെ വീട്ടുപടിക്കല്‍ പണം എത്തുന്നതുവരെ അവരുടെ ദുര്‍വിധിയെക്കുറിച്ച് എണ്ണിപ്പറഞ്ഞ് കണ്ണീരൊഴുക്കിക്കൊണ്ടിരിക്കും എന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. ആളുകള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നവരും സാഹചര്യത്തിനൊത്ത് മാറുന്നവരുമാണ്. മുന്നിലെ വഴിയടഞ്ഞാല്‍ അവര്‍ മറ്റ് വഴി കണ്ടെത്തുകതന്നെ ചെയ്യും. എന്തായാലും കാര്യങ്ങള്‍ പഴയ പടിയിലേക്ക് തിരിച്ചുപോകും. ചിലപ്പോള്‍ പഴയതിനേക്കാള്‍ മെച്ചപ്പെടുകയും ചെയ്യും. ഞാന്‍ എന്റെ സ്വന്തം ബിസിനസ്സില്‍ കണ്ടെത്തിയതും അതാണ്.

മണപ്പുറം ഫിനാന്‍സില്‍ നോട്ട് അസാധുവാക്കല്‍ പ്രസ്താവന വരുന്നതിന് മുമ്പ് തന്നെ സ്വര്‍ണ്ണവായ്പ തിരിച്ചടവിനും ക്യാഷ് വിതരണത്തിനും നോട്ടുകള്‍ ഉപയോഗിക്കാതെയുള്ള സംവിധാനം ഒരുക്കിയിരുന്നു. കാര്യങ്ങള്‍ സുഗമമാക്കുന്ന പുതിയ രീതിയിലേക്ക് കൂടുതല്‍ പേര്‍ വരുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിച്ചത്. കമ്പനിയുടെ കാഴ്ചപ്പാടില്‍, നോട്ടുകള്‍ കൈകാര്യം ചെയ്യുന്നത് ചെലവ് കൂട്ടുന്ന കാര്യമാണ്. നോട്ടിടപാട് ഒഴിവാക്കിയാല്‍, ഞങ്ങള്‍ക്ക് പ്രവര്‍ത്തനച്ചെലവിന്റെ രംഗത്ത് ഒട്ടേറെ പണം ലാഭിക്കാന്‍ കഴിയും.

പണമിടപാട് മാത്രം നടത്തി ശീലിച്ച ഉപഭോക്താക്കളെ ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ വെല്ലുവിളി. ആധുനിക സാങ്കേതികവിദ്യയുമായി പരിചയമില്ലാത്ത സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരാണ് ഞങ്ങളുടെ ഉപഭോക്താക്കള്‍. പലരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണെങ്കിലും സ്മാര്‍ട്ട് ഫോണിലേക്ക് മാറാത്തവരായിരുന്നു. ബാങ്ക് അക്കൗണ്ടുകളും ഡെബിറ്റ് കാര്‍ഡുകളും ഉള്ളവരാണെങ്കിലും എല്ലാവരും ക്യാഷ് ഇടപാടിനെയായിരുന്നു കൂടുതല്‍ ആശ്രയിച്ചിരുന്നത്. പണരഹിത ഇടപാടിനായി ഞങ്ങള്‍ ആദ്യം പ്രേരിപ്പിച്ചപ്പോള്‍ വളരെ തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. അവരുടെ രീതികള്‍ മാറ്റുന്നതിനുള്ള നിര്‍ബന്ധിത സാഹചര്യവും അന്നില്ലായിരുന്നു.

പക്ഷെ ഇന്ന്, നോട്ട് അസാധുവാക്കല്‍ യാഥാര്‍ത്ഥ്യമായതോടെ, അവരുടെ ഭാഗത്ത് നിന്നും നാടകീയമായ മാറ്റമാണ് കാണാന്‍ കഴിഞ്ഞത്. അതേ ആളുകള്‍ ഞങ്ങളുടെ അടുത്ത് എത്തിയെന്ന് മാത്രമല്ല, നെറ്റ് ബാങ്കിങ് വഴി എങ്ങനെയാണ് പണരഹിത ഇടപാട് നടത്തുകയെന്ന് പഠിപ്പിച്ചുകൊടുക്കാനും അവര്‍ ആവശ്യപ്പെട്ടു. ഡെബിറ്റ് കാര്‍ഡ്, ഇ-വാലറ്റ്, ചെക്കിലൂടെയുള്ള പണമിടപാട് ഇതെല്ലാം അവര്‍ പഠിച്ചു. ആദ്യമൊക്കെ സ്വര്‍ണ്ണവായ്പ പണമായി കിട്ടാന്‍ അവര്‍ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കാനും അവര്‍ സന്നദ്ധരാണ്. ഇതിന്റെ ഫലമെന്താണെന്നോ? നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഞങ്ങളുടെ ബിസിനസിന്റെ അളവ് കൂടി. ബിസിനസ്സിലേക്ക് കൂടുതല്‍ പണം എത്തിയതുകൊണ്ടല്ല ഇത് സംഭവിച്ചത്. പകരം കൂടുതല്‍ ഉപഭോക്താക്കള്‍ കറന്‍സിരഹിത അഥവാ ഡിജിറ്റല്‍ പണമിടപാടിലേക്ക് നീങ്ങിയതുകൊണ്ടാണ്്.

നോട്ട് അസാധുവാക്കിയതിനാല്‍ സംഭവിച്ച യഥാര്‍ത്ഥ നേട്ടത്തിന്റെ ഉദാഹരണമാണ് മുകളില്‍ പറഞ്ഞത്. കള്ളപ്പണത്തില്‍ നിന്നും സ്വതന്ത്രരായതുകൊണ്ടല്ല ഇത് സംഭവിച്ചത്, മറിച്ച് ജനങ്ങളുടെ മനോഭാവത്തില്‍ സംഭവിച്ച മാറ്റം കൊണ്ടാണ്. പുതിയതും മെച്ചപ്പെട്ടതുമായ കാര്യങ്ങളെ സ്വീകരിക്കുമ്പോള്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലേക്ക് കൂടി നേട്ടങ്ങള്‍ കൈമാറപ്പെടുകയാണ് ചെയ്യുന്നത്.

1974 മെയ് 18 ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ദിവസമായിരുന്നു. അന്നാണ് ഇന്ത്യ പൊഖ്‌റാനില്‍ ആണവപരീക്ഷണം നടത്തിയത്. അതോടെ ഇന്ത്യ ന്യൂക്ലിയര്‍ ശക്തികളായ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടം തേടി. ഈ ആണവപരീക്ഷണം വളരെ സുഗമമായ രീതിയില്‍ നടന്നുവെന്ന കാര്യം പിന്നീടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് ടെലിഫോണ്‍ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടു. ജീപ്പുകള്‍ പ്രവര്‍ത്തനരഹിതമായി. പക്ഷെ ഭാഗ്യത്തിന് യഥാര്‍ത്ഥ ആണവസ്‌ഫോടനം വന്‍ വിജയമായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, പൊഖ്‌റാനിലെ വിജയമാണ് എല്ലാവരും ആഘോഷിക്കുന്നത്. അല്ലാതെ പ്രവര്‍ത്തനരഹിതമായ ജീപ്പുകളും തകര്‍ന്ന ടെലിഫോണ്‍ലൈനുകളും ആര് ഓര്‍മ്മിക്കാന്‍? അതുപോലെ ഇന്ന് നമ്മള്‍ നോട്ട് ക്ഷാമത്താല്‍ വലയുമ്പോഴും, ഇതിനെ മറികടന്ന് നമ്മള്‍ ലക്ഷ്യം കൈവരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മുടെ സ്ഥിതി മെച്ചപ്പെടുക തന്നെ ചെയ്യും.

Nandakumar Photo

വി.പി നന്ദകുമാര്‍,
എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്ഥൂല നയവും പെരുമാറ്റത്തിലെ സൂക്ഷ്മമാറ്റവും