Published On: Mon, Aug 28th, 2017

റോക്ക്സ്റ്റാര്‍ റോഷന്‍

 

IMG-6315 copyനാടകവേദിയില്‍ നിന്ന് സിനിമയിലെത്തി യുവതലമുറയുടെ ഇഷ്ടം നേടിയ താരമാണ് റോഷന്‍ മാത്യു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വില്ലനായി അരങ്ങേറ്റം കുറിച്ച്, ആനന്ദത്തിലൂടെ കേരളത്തിന്റെ റോക്ക്സ്റ്റാര്‍ ആയി മാറിയ ഈ യുവതാരം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളത്തിന്റെ ഭാവിവാഗ്ദാനമായി മാറിക്കഴിഞ്ഞു. ആറു വര്‍ഷത്തോളം പ്രൊഫഷണല്‍ നാടകങ്ങളിലൂടെ പയറ്റിത്തെളിഞ്ഞ അഭിനയപാടവമാണ് റോഷന്റെ കരുത്ത്. ചെയ്യുന്ന ഓരോ കഥാപാത്രത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്ന റോഷന്‍ മാത്യു യുണീക് ടൈംസിനോട് മനസ്സ് തുറക്കുന്നു.

സിനിമ സ്വപ്‌നമായിരുന്നോ?

അഭിനയമായിരുന്നു യഥാര്‍ത്ഥത്തില്‍ സ്വപ്നം. നാടകങ്ങളാണ് ഞാന്‍ ചെയ്തുതുടങ്ങിയത്. അഭിനയം ഒരു ഭ്രാന്തായി മാറിയതോടെ ജീവിതത്തിലുടനീളം ഇതുതന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചു. സിനിമയില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. മദ്രാസ് ക്രിസ്യന്‍ കോളേജിലെ പഠനകാലത്താണ് നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങിയത്. ചെന്നൈയിലെ ഇംഗ്ലീഷ് ഗ്രൂപ്പുകള്‍ക്കും, മുംബൈയിലെ പ്രൊഫഷണല്‍ തീയറ്റര്‍ ഗ്രൂപ്പുകള്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. ഡിഗ്രി പഠനത്തിനുശേഷം മുംബൈ ഡ്രാമ സ്‌കൂളില്‍ ആക്ടിങ്ങ് ആന്റ് തീയറ്റര്‍ മേക്കിങ്ങ് പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ അവിടെയും നാടകരംഗത്ത് സജീവമായിരുന്നു.

എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്?

ഡ്രാമ സ്‌കൂളിലെ കോഴ്‌സ് കഴിഞ്ഞ് മുംബൈയില്‍ നാടകങ്ങള്‍ ചെയ്ത സമയത്ത് പല ഓഡിഷനുകളിലും പങ്കെടുത്തിരുന്നു. ക്യാമറക്ക് മുന്നിലുള്ള അഭിനയത്തോട് ഇഷ്ടം തോന്നുന്നത് അങ്ങനെയാണ്. അവസരങ്ങള്‍ക്കായി പലയിടത്തും പോര്‍ട്‌ഫോളിയോ കൊടുത്തിരുന്നു. അതിനിടെയാണ് കുടുംബസുഹൃത്തായ കിരീടം ഉണ്ണി സാര്‍ എന്നെ ആന്റോ ജോസഫ് സാറിനും ആന്റണി പെരുമ്പാവൂരിനും പരിചയപ്പെടുത്തുന്നത്. ആന്റോ സാറിനൊപ്പമുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ ചേട്ടന്‍ ആ സമയത്ത് പുതിയ നിയമത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള അന്വേഷണത്തില്‍ ആയിരുന്നു. അദ്ദേഹം വഴിയാണ് സംവിധായകന്‍ എ.കെ സാജന്‍ സാറിനെ പരിചയപ്പെടാനും ആര്യനായി അഭിനയിക്കാനും അവസരം ലഭിച്ചത്. അതിനുശേഷമാണ് അടി കപ്യാരെ കൂട്ടമണിയില്‍ അഭിനയിക്കുന്നത്.

തുടക്കത്തില്‍ നെഗറ്റീവ് റോള്‍ സ്വീകരിക്കാനുണ്ടായ ധൈര്യം?

എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലായിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് റോള്‍ ചെയ്തതുകൊണ്ട് ഭാവിയില്‍ നല്ല വേഷം കിട്ടില്ല എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. മികച്ച തിരക്കഥാകൃത്തിനും സംവിധായകനും സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം കരിയര്‍ ആരംഭിക്കാന്‍ കഴിഞ്ഞതുതന്നെ വലിയ അനുഗ്രഹമായി കരുതുന്നു.

വില്ലനില്‍ നിന്ന് റൊമാന്റിക് ഹീറോയിലേക്കുള്ള പരിണാമം?

ആനന്ദത്തിലെ ഗൗതം എന്ന കഥാപാത്രമായിരുന്നു റൊമാന്റിക് ഹീറോ എന്ന ഇമേജ് നല്‍കിയത്. കരിയറിലും ജീവിതത്തിലും എനിക്ക് വലിയൊരു ബ്രേക്കാണ് ആനന്ദം നല്‍കിയത്. ആ ചിത്രം റിലീസ് ചെയ്തതോടെയാണ് എല്ലാവരും ഇങ്ങോട്ട് അവസരങ്ങളുമായി വന്നത്. ഗോദയുടെ തിരക്കഥാകൃത്ത് രാകേഷ് മണ്ടോടിയാണ് എന്നെ ആനന്ദത്തിലേക്ക് റഫര്‍ ചെയ്യുന്നത്.

ആനന്ദത്തിലെ സൗഹൃദക്കൂട്ടത്തെക്കുറിച്ച്?

എല്ലാവരും പുതുമുഖങ്ങള്‍ ആയിരുന്നു. ഷൂട്ടിങ്ങിനുമുമ്പ് തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. ഷൂട്ടിംഗ്, പ്രൊമോഷന്‍, റിലീസിനുശേഷമുള്ള മൊമന്റ്‌സ്.. എല്ലാം ഞങ്ങള്‍ ആസ്വദിച്ചു. എല്ലാവരും വേറെ വേറെ സ്ഥലത്താണ്. എന്നാലും ഇപ്പോഴും ആ സൗഹൃദങ്ങള്‍ അതേ തീവ്രതയോടെ കാത്തുസൂക്ഷിക്കുന്നു.

ആനന്ദത്തിന്റെ ഹാപ്പിമൂഡില്‍ നിന്ന് റിയലസ്റ്റിക്ക് ചിത്രമായ വിശ്വാസപൂര്‍വ്വം മന്‍സൂറിന്റെ സെറ്റിലെത്തിയപ്പോള്‍?

എനിക്ക് പൂര്‍ണ സംതൃപ്തി നല്‍കിയ കഥാപാത്രമായിരുന്നു മന്‍സൂര്‍. നാടകത്തില്‍ അടുപ്പിച്ച് ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ മടുപ്പ് തോന്നാറുണ്ട്. അതിനാല്‍ ആനന്ദത്തിനുശേഷം വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ വന്ന കഥാപാത്രങ്ങള്‍ ഏറെയും തന്നെ ഗൗതമിന്റെ മറ്റൊരു പതിപ്പ് ആയിരുന്നു. ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു മന്‍സൂര്‍. ഒരുപാട് അനുഭവസമ്പത്തുള്ള സംവിധായകനും ടെക്‌നീഷ്യന്‍സും അഭിനേതാക്കളുമുള്ള സെറ്റായിരുന്നു അത്.

IMG-6135മുതിര്‍ന്ന സംവിധായകനായ പി.ടി കുഞ്ഞുമുഹമ്മദിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്?

ഞാനും പ്രയാഗയും ആദ്യമായാണ് ഒരു സീരിയസ് മൂവി ചെയ്യുന്നത്. ഞങ്ങളെ ആ അന്തരീക്ഷവുമായി കംഫര്‍ട് ആക്കിയത് പി.ടി കുഞ്ഞുമുഹമ്മദ് സാറാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്ന, തമാശകള്‍ ഇഷ്ടപ്പെടുന്ന ഒരു സംവിധായകനാണ് അദ്ദേഹം. എന്റെ അഭിപ്രായങ്ങള്‍ പറയുവാനും ചര്‍ച്ച ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം അവിടെ ഉണ്ടായിരുന്നു.

കടംകഥ മികച്ച അഭിപ്രായം നേടി മുന്നേറുകയാണല്ലോ?

തികച്ചും ഒരു കോമഡി എന്റര്‍ടെയിനറാണ് കടംകഥ. ഒരുപാട് നല്ല നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ നാലുപേരുടെ ജീവിതത്തില്‍ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. വിനയ് ഫോര്‍ട്, ജോജു ജോര്‍ജ്, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. നവാഗതനായ സെന്തില്‍ രാജനാണ് സംവിധായകന്‍.

യഥാര്‍ത്ഥ ജീവിതത്തില്‍ റോക്ക്സ്റ്റാര്‍ ആണോ?

ഗൗതമിനെപ്പോലെ റോക്ക്സ്റ്റാര്‍ അല്ല. പക്ഷേ അങ്ങനെയൊരു കാലഘട്ടം ഉണ്ടായിരുന്നു. കോളേജില്‍ നാടകങ്ങള്‍ ചെയ്തുതുടങ്ങിയ സമയത്ത് വളരെ ആക്ടീവ് ആയിരുന്നു. എപ്പോഴും കൂടെയൊരു ഗ്യാംഗ് ഉണ്ടാവും. അത്യാവശ്യം അറിയപ്പെടുന്ന പയ്യനായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാമത്തെ വേര്‍ഷന്‍ ഗൗതമിനെപ്പോലെയാണ്. അതാണ് യഥാര്‍ത്ഥ റോഷന്‍.

ഗൗരവക്കാരനാണോ?

അല്ലേയല്ല. എന്റേതായ രീതിയില്‍ ഞാന്‍ ജീവിതം ആസ്വദിക്കുന്നു. എന്തുകാര്യത്തെക്കുറിച്ചും ഒരുപാട് ചിന്തിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാവാം പലപ്പോഴും സംസാരിക്കുമ്പോള്‍ അല്പം സീരിയസ് ടോണ്‍ കടന്നുവരുന്നത്. മുതിര്‍ന്ന ആളെപ്പോലെയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് പലരും പറയാറുണ്ട്.

സൗഹൃദം?

പണ്ടുമുതലേയുള്ള കുറച്ച് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. കൂടുതലും നാടകങ്ങളില്‍ നിന്നുള്ളവരാണ്. അവരൊക്കെ എന്തുകാര്യത്തിനും കൂടെയുള്ള ഉറ്റ സുഹൃത്തുക്കളാണ്. ഇപ്പോള്‍ ആ ലിസ്റ്റിലേക്ക് സിനിമയില്‍ നിന്നുള്ളവരും വന്നുചേരുന്നു. ആനന്ദം ടീം, മന്‍സൂറില്‍ നിന്ന് പ്രയാഗ, ലിയോണ… അങ്ങനെ ഓരോ പ്രോജക്ടില്‍ നിന്നും ഒരുപാട് സൗഹൃദങ്ങള്‍ ലഭിക്കുന്നു.

കേരളത്തിന്റെ യൂത്ത് ഐക്കണ്‍ ആയി മാറിയതിനെക്കുറിച്ച്?

സത്യത്തില്‍ എനിക്ക് അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഇക്കാര്യം എന്നോട് കുറേപേര്‍ പറഞ്ഞിരുന്നു. കടംകഥയുടെ സെറ്റില്‍ വിനയേട്ടനും ജോജുവേട്ടനും ഇടയ്ക്കിടെ ഇങ്ങനെ കളിയാക്കി പറയാറുണ്ട്.

പുതിയ ചിത്രങ്ങള്‍?

ആനന്ദത്തിനുശേഷം കേട്ട കഥകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് മാച്ച്‌ബോക്‌സ്. കേട്ടയുടനെ ചെയ്യണമെന്ന് തീരുമാനിച്ച ചിത്രം. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ നല്ല പ്രണയകഥയാണിത്. കൂട്ടുകാരന്റെ പ്രണയം വിജയമാക്കാന്‍ എല്ലാ സുഹൃത്തുക്കളും കൂടി പരിശ്രമിക്കുന്നതും തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. ഇതില്‍ അമ്പു എന്ന കാരക്ടറായി ഞാനും സുഹൃത്ത് പാണ്ടിയുടെ വേഷത്തില്‍ ആനന്ദത്തിലെ വിശാഖുമാണ് അഭിനയിക്കുന്നത്.

പ്രണയം?

പ്രണയ ജീവിതം ബ്ലാങ്കാണ്. കുറേക്കാലമായി സിംഗിളാണ്.

ഡ്രീം റോള്‍?

അങ്ങനെയൊരു ഡ്രീം റോളില്ല. വായിക്കുന്ന കഥകള്‍, നാടകങ്ങള്‍…ഇതില്‍ നിന്നെല്ലാം കുറെ കഥാപാത്രങ്ങള്‍ മനസ്സ് കീഴടക്കിയിട്ടുണ്ട്. പലപ്പോഴും ഒരു നമ്പൂതിരിക്കുട്ടിയുടെ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എവിടെ നിന്നോ മനസ്സില്‍ കയറിപ്പറ്റിയ ആഗ്രഹമാണത്.

കുടുംബം?

ചങ്ങനാശ്ശേരിയാണ് നാട്. അച്ഛന്‍ മാത്യു ജോസഫ് കാനറാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. അമ്മ റെജീന അഗസ്റ്റിന്‍ പി.ഡബ്ല്യു.ഡി സൂപ്രണ്ട് എഞ്ചിനീയര്‍ ആയിരുന്നു. ഇപ്പോള്‍ റിട്ടയേഡ് ആയി. ചേച്ചി രേഷ്മ ആര്‍ക്കിടെക്ചറില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നു. അഭിനയത്തോടുള്ള എന്റെ അടങ്ങാത്ത പ്രണയത്തിന് എന്നും പിന്തുണ നല്‍കി കൂടെനില്‍ക്കുന്നത് ഇവരാണ്.

 

Photo: Mruthul Spovo

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

റോക്ക്സ്റ്റാര്‍ റോഷന്‍