Published On: Tue, Jul 24th, 2018

രാഷ്ട്രീയരംഗത്തെ ബഹുമുഖപ്രതിഭ

AO4A9030

മുന്‍ മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, മുന്‍മന്ത്രി, ഡോക്ടര്‍, വ്യവസായ സംരംഭകന്‍, ഗായകന്‍, ചിത്രകാരന്‍… എന്നിങ്ങനെ ഡോ.എം.കെ മുനീറിന് വിശേഷണങ്ങളേറെയാണ്. ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച അദ്ദേഹം തികച്ചും യാദൃശ്ചികമായാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. പ്രതിപക്ഷ ഉപനേതാവ്, മുസ്ലീം ലീഗ് നേതാവ് എന്നീ ചുമതലകള്‍ വഹിക്കുന്ന ഡോ.എം.കെ മുനീറിന്റെ അഭിമുഖം വായിക്കാം.
രാഷ്ട്രീയത്തിലേക്ക് കടന്നുവരാനുള്ള തീരുമാനം?

ഒരു നിയോഗം പോലെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡോക്ടറാവുക എന്നത് തന്നെയായിരുന്നു താല്പര്യം. ഞാന്‍ ബാംഗ്ലൂരില്‍ മെഡിസിന് പഠിക്കുന്നതിനിടയിലാണ് ബാപ്പ മരിച്ചത്. എന്റെ പഠനം കോഴിക്കോടേക്ക് മാറ്റാന്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തു. അന്ന് കരുണാകരനായിരുന്നു മുഖ്യമന്ത്രി. അങ്ങനെയാണ് കേരളത്തിലേക്ക് എത്തിയത്. അപ്പോഴും മെഡിക്കല്‍ പ്രൊഫഷനില്‍ തന്നെയായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ബാപ്പ അണികളുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നതുകൊണ്ട് പലര്‍ക്കും അദ്ദേഹത്തിന്റെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവരില്‍ പലരും എന്നെ പല പരിപാടികളിലേക്കും ക്ഷണിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും രാജ്യസഭ എം.പിയായിരുന്ന ബി.വി അബ്ദുള്ള കോയയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കോര്‍പറേഷനില്‍ മത്സരിച്ചു. വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്നെനിക്ക് 25 വയസ്സായിരുന്നു. മെഡിസിന് പഠിക്കുന്ന സമയത്ത് തന്നെ കോര്‍പറേഷന്‍ കൗണ്‍സിലറാണ്. 1991ല്‍ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ ആയി നിയമസഭയിലേക്ക് എത്തി. എന്റെ 22ാം വര്‍ഷമാണിത്. 3 വര്‍ഷം കൂടെ കഴിഞ്ഞാല്‍ നിയമസഭയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കും.

പ്രതിപക്ഷ ഉപനേതാവ് എന്ന നിലയില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?
അടുത്ത കാലത്താണ് ഏകാധിപതികളായ ഭരണാധികാരികള്‍ ഉണ്ടായിത്തുടങ്ങിയത്. ലോകം മുഴുവന്‍ ഇപ്പോള്‍ അങ്ങനെയൊരു പ്രതിഭാസം നടക്കുന്നു. ട്രംപ് അമേരിക്കയും നരേന്ദ്രമോദി ഇന്ത്യയും പിണറായി വിജയന്‍ കേരളവും ഭരിക്കുന്നു. അവരുടെ ഭരണത്തിന്റെ നേട്ടങ്ങള്‍ മാത്രമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തൊക്കെയോ പുരോഗതി ഉണ്ടാക്കുന്നുവെന്ന് പറയുന്നുവെങ്കിലും ഒന്നും ഉണ്ടാക്കുന്നില്ല. കൊച്ചി മെട്രോ കഴിഞ്ഞ ഗവണ്‍മെന്റാണ് ഉണ്ടാക്കിയത്. കണ്ണൂര്‍ എയര്‍പോര്‍ട് പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ എത്തിച്ചിരുന്നു. ലൈറ്റ് മെട്രോ ഏറ്റെടുത്തില്ല. വിഴിഞ്ഞം പദ്ധതി ഒരു ഇഞ്ച് പോലും മുന്നോട്ട് പോയില്ല. ആരോഗ്യരംഗം താഴേക്ക് പോയിക്കൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലും ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ഈ സര്‍ക്കാര്‍ സമ്പന്നര്‍ക്കൊപ്പമാണ്. വയല്‍ ഇഷ്ടം പോലെ നികത്താനും ബാറുകള്‍ തുടങ്ങാനും ഇവിടെ അവസരമുണ്ട്. പാവപ്പെട്ടവന്റെ പേരില്‍ അധികാരത്തില്‍ വരുന്ന ഇവര്‍ സത്യത്തില്‍ ആര്‍ക്കൊപ്പമാണ്? അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കൂടെയാണോ അതോ കാപിറ്റലിസ്റ്റുകളുടെ കൂടെയാണോ? ഐഡിയോളജി പോലും തകര്‍ന്നിരിക്കുന്ന പ്രത്യയശാസ്ത്രമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.

വ്യക്തി/ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള താങ്കളുടെ പോളിസി?
നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വം നിറവേറ്റണമെന്നാണ് ബാപ്പ എന്നെ പഠിപ്പിച്ചത്. നാം സഹായിക്കുന്നവരില്‍ നിന്ന് ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത്. ഡു ഗുഡ് ആന്റ് ഫോര്‍ഗെറ്റ്. അതാണ് എന്റെ നയം. പാര്‍ശ്വവത്കരിക്കപ്പെട്ട ആള്‍ക്കാര്‍ക്ക് പ്രാധാന്യം നല്‍കാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്. മഹാത്മാഗാന്ധി പറഞ്ഞതും അതുതന്നെയാണ്. താഴേക്കിടയിലുള്ളവര്‍ക്ക് സന്തോഷം ഉണ്ടായാല്‍ മാത്രമേ രാജ്യം അഭിവൃദ്ധിപ്പെട്ടു എന്ന് പറയാനാവൂ. ട്രാന്‍സ്‌ജെന്റര്‍ പോളിസി കാബിനറ്റില്‍ കൊണ്ട് പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ന്യൂട്രീഷന്‍ പോളിസി ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയത് അട്ടപ്പാടിയിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സംരക്ഷിക്കുക എന്നത് തന്നെയാണ് എന്റെ പ്രധാന ലക്ഷ്യം.

AO4A9104എക്‌സ്പ്രസ് ഹൈവേ പദ്ധതി തീര്‍ത്തും ഉപേക്ഷിച്ചോ?

എ.കെ ആന്റണി സഭയില്‍ പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോളാണ് ഈ ആശയം രൂപപ്പെട്ടത്. സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ മഹാതിര്‍ ബിന്‍ മുഹമ്മദ് മലേഷ്യയെ എങ്ങനെ പുരോഗതിയിലേക്ക് നയിച്ചു എന്ന് ഞാന്‍ പരിശോധിച്ചു. നോര്‍ത്ത് സൗത്ത് എക്‌സ്പ്രസ്‌വേയാണ് മലേഷ്യയെ അഭിവൃദ്ധരാഷ്ട്രമാക്കി മാറ്റിയത്. കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ കുറഞ്ഞ സമയത്തിനുള്ളില്‍ സഞ്ചരിക്കാന്‍ എക്‌സ്പ്രസ് ഹൈവേ എന്ന ആധുനിക ആശയം ഫലപ്രദമായിരുന്നു. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കും എന്നത് മിഥ്യാധാരണയാണ്. സമയത്തിന്റെ മൂല്യം ഇപ്പോഴും ആളുകള്‍ക്ക് അറിയില്ല. ഇന്ന് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ എത്താന്‍ മണിക്കൂറുകളാണ് എടുക്കുന്നത്. അന്ന് പദ്ധതി നിലവില്‍ വന്നിരുന്നെങ്കില്‍ 5 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയും ഒരു മണിക്കൂര്‍ കൊണ്ട് കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇനി നമുക്കൊരു സ്വാധീനമുള്ള മന്ത്രിസഭ വരികയും അങ്ങനെയൊരു മുണഖ്യമന്ത്രി ഉണ്ടാവുകയും ചെയ്താല്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ട് എക്‌സ്പ്രസ് ഹൈവേ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തും. ഹൈവേക്ക് വേണ്ടി സ്ഥലമെടുക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കി അതിന്റെ മൂന്ന് മടങ്ങ് മികച്ച രീതിയില്‍ പുനരധിവസിപ്പിക്കും. ഒരിക്കലും എക്‌സ്പ്രസ് ഹൈവേ കേരളത്തെ രണ്ടായി പിളര്‍ത്തില്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രോജക്ട് ആണിത്.
വിവാദങ്ങളെ എങ്ങനെയാണ് നേരിടുന്നത്?
നല്ല കാര്യങ്ങള്‍ ചെയ്താലും ചിലപ്പോള്‍ അഴിമതി ആരോപണങ്ങള്‍ ഉണ്ടാവും. അങ്ങനെയുള്ള ചില ആരോപണങ്ങള്‍ എന്റെ പേരില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, നമ്മള്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ആത്മവിശ്വാസത്തോടെ ആരോപണങ്ങളെ നേരിടാന്‍ സാധിക്കും. എനിക്ക് അതിന് കഴിഞ്ഞതിനാല്‍ ഞാന്‍ തെറ്റുകാരനല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു.
ബി.ജെ.പിയുടെ വളര്‍ച്ച കോണ്‍ഗ്രസിന് വെല്ലുവിളിയാണോ?

സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത്രയും വലിയ പോളറൈസേഷന്‍ നടക്കുന്നത് ഇതാദ്യമാണ്. മോദി അധികാരത്തിലെത്തിയശേഷം ജാതീയമായും മതപരമായും ഇന്ത്യയെ കഷണം കഷണമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. നുണ പ്രചരിപ്പിക്കുക എന്നതാണ് അവരുടെ പ്രധാന ഉദ്ദേശ്യം. ജോസഫ് ഗോബിള്‍സിനെ എന്തുകൊണ്ടാണ് പ്രൊപഗാന്‍ഡ മിനിസ്റ്ററാക്കിയത് എന്ന ചോദ്യത്തിന് ഹിറ്റ്‌ലര്‍ നല്‍കിയ മറുപടി അയാള്‍ ഏറ്റവും നന്നായി നുണ പറയുന്നു എന്നതാണ്. സത്യത്തില്‍ അമിത് ഷായെയും മോദിയെയും ആര്‍.എസ്.എസ് നിലനിര്‍ത്തുന്നത് നുണ സത്യമാണെന്ന് തോന്നിക്കുന്ന രീതിയില്‍ ഏറ്റവും നന്നായി പ്രചരിപ്പിക്കുന്നതിനാലാണ്. കോണ്‍ഗ്രസ് ഒരു പാരമ്പര്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. നേരെ വാ നേരെ പോ എന്ന ആള്‍ക്കാരാണ്. എന്നാല്‍ ബി.ജെ.പി എന്ത് ചെറിയ കാര്യത്തേയും വര്‍ഗീയമായി അവതരിപ്പിക്കുന്നു. അതിന്റെ പ്രതിസന്ധി പലയിടത്തും കോണ്‍ഗ്രസ് നേരിടുന്നു. ഇപ്പോള്‍ പലരും അത് മനസ്സിലാക്കി കോണ്‍ഗ്രസിനൊപ്പം അണി ചേരാന്‍ തുടങ്ങി. പ്രാദേശിക തലത്തിലെ വലിയ സംഘടനകള്‍ക്ക് പ്രാധാന്യമുള്ള രാജ്യമാണ് ഇന്ത്യ. ഇവര്‍ ഒന്നിച്ച്‌നില്‍ക്കുകയാണെങ്കില്‍ വലിയൊരു മൂവ്‌മെന്റ് കാണാന്‍ സാധിക്കും.
IMG_0209കേരളത്തിലെ വര്‍ഗ്ഗീയത?

കേരളം ഇന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാണ്. അറിയാതെ സാധാരണ മനുഷ്യനിലും അതിന്റെ വിത്ത് പാകിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ അത് മുളയിലേ നുള്ളിയില്ലെങ്കില്‍ കേരളത്തില്‍ വര്‍ഗ്ഗീയമായി ചിന്തിക്കുന്ന ഒരു അവസ്ഥ സംജാതമാകും. അതിന്റെ ലക്ഷണങ്ങള്‍ ചില സമയത്ത് കാണുന്നുണ്ട്. ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലം വര്‍ഗ്ഗീയത വളരാന്‍ അനുവദിക്കാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ പോലെ സംഭവിക്കുന്നില്ല. രാഷ്ട്രീയമോ കക്ഷിയോ ഒന്നും നോക്കാതെ നാം ഒന്നിച്ചു നിന്നാല്‍ വര്‍ഗ്ഗീയത ഒരു കാരണവശാലും ഇവിടെ വേര് പിടിക്കില്ല.

രാഷ്ട്രീയ പ്രവര്‍ത്തകന്‍, ഡോക്ടര്‍, കലാകാരന്‍… ബഹുമുഖ പ്രതിഭയാണല്ലോ?

കുട്ടിക്കാലം മുതലേ കലയോട് പ്രത്യേക താല്പര്യമുണ്ട്. അന്ന് വരയ്ക്കാന്‍ ആയിരുന്നു ഇഷ്ടം. ബാപ്പ ഒരുപാട് പ്രോത്സാഹിപ്പിച്ചിരുന്നു. എം.എല്‍.എ ആയ ശേഷം 1996ല്‍ 100 കാരിക്കേച്ചര്‍ വരച്ച് എക്‌സിബിഷന്‍ നടത്തിയിരുന്നു. അന്ന് ബിബിസി പ്രോഗ്രാം കവര്‍ ചെയ്തിരുന്നു. പിന്നീട് അത് ബുക്കായി പ്രസിദ്ധീകരിച്ചു. ലളിതകലാ അക്കാദമി മെംബര്‍ ആയിരുന്നു. ടെന്‍ഷന്‍ റിലീഫാണ് പെയിന്റിംഗ്. പാട്ട് കേള്‍ക്കാനും പാടാനും ഇഷ്ടമാണ്. പാട്ടിലൂടെ സിനിമകളുടെയും ആല്‍ബങ്ങളുടെയും ഭാഗമാകാന്‍ സാധിച്ചു. ദാസേട്ടന്‍, ജയചന്ദ്രന്‍, ചിത്ര.. എന്നിവരൊക്കെയുള്ള സദസ്സില്‍ പാടിയിട്ടുണ്ട്. ദേവരാജന്‍ മാഷിന് എന്നെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടിക്കും. കെ. രാഘവന്‍ മാസ്റ്റര്‍ ഈണം ചെയ്ത ഗാനം ആലപിച്ചിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ട് പാടിയിട്ടുണ്ട.് ജീവിതത്തില്‍ ഇങ്ങനെ ചിന്തിക്കാന്‍ പറ്റാത്ത സൗഭാഗ്യങ്ങള്‍ പലതും സംഭവിച്ചിട്ടുണ്ട്.
സംരംഭകന്‍ എന്ന നിലയില്‍
ബാപ്പയുടെ ഇഷ്ട സ്ഥലമായ മലപ്പുറത്ത് അദ്ദേഹത്തിന്റെ പേരില്‍ ഒരു ആശുപത്രി ആരംഭിച്ചു. വളാഞ്ചേരിയിലെ സി.എച് മെമ്മോറിയല്‍ ഹോസ്പിറ്റല്‍. ലാഭത്തിനു വേണ്ടിയല്ല, ജനസേവനത്തിന് വേണ്ടിയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മാധ്യമരംഗത്തായാലും പബ്ലിക്കേഷനായാലും നിലവിലുള്ള കണ്‍വെന്‍ഷണല്‍ രീതികളെ പൊളിച്ചെഴുതാന്‍ എനിക്ക് കഴിഞ്ഞു. സാമ്പത്തികമായി ലാഭമോ നഷ്ടമോ എന്നതിനേക്കാളുപരി എല്ലാക്കാലത്തും ആളുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. ഒലീവ് പബ്ലിക്കേഷന്‍സ് സ്ഥാപിച്ചപ്പോള്‍ പ്രൊഡക്ഷന്‍ ഗുണനിലവാരത്തിനാണ് പ്രാധാന്യം നല്‍കിയത്. ഏവരും ചര്‍ച്ച ചെയ്യുന്ന രീതിയിലേക്ക് പ്രൊഡക്ഷന്‍ ഹൗസിനെ മാറ്റി. കേരളത്തിലെ ന്യൂസ് ചാനലുകളില്‍ 24ഃ 7 എന്ന ആശയവും ഒബി വാനും കൊണ്ടുവന്നത് ഇന്ത്യാവിഷനാണ്. എല്ലാ സ്റ്റുഡിയോകളും സാറ്റലൈറ്റ് കണക്ടഡായിരുന്നു. ഇന്ന് എല്ലാ വാര്‍ത്താ ചാനലുകളും പിന്തുടരുന്നത് ഇന്ത്യാവിഷന്റെ രീതിയാണ്. ഞങ്ങള്‍ ചെയ്തിരുന്ന പരിപാടികള്‍ പല പേരുകളില്‍ ചാനലുകള്‍ അവതരിപ്പിക്കുന്നു. ഇന്ത്യവിഷന്‍ വീണ്ടും പുതിയ അധ്യായം തുടങ്ങുകയാണ്. വിപ്ലവകരമായ മാറ്റങ്ങളോടെ തിരിച്ചുവരും. 2019 ഇന്ത്യവിഷന്റെ കാലമായിരിക്കും.

നിപ, ഉരുള്‍ പൊട്ടല്‍.. കോഴിക്കോടിനെ സംബന്ധിച്ച് ദുരന്തത്തിന്റെ നാളുകളായിരുന്നോ?

ഫുട്‌ബോള്‍, വോളിബോള്‍, കബഡി എന്നിങ്ങനെയുള്ള റഫ് ഗെയിമുകള്‍ക്കൊപ്പമാണ് കോഴിക്കോട്. പൊതുവേ കോഴിക്കോട്ടുകാര്‍ ശാരീരികമായും മാനസികമായും കരുത്തുള്ളവരാണ്. എന്നാല്‍ ചില സമയത്ത് നാം നിസഹായരാവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. നിപ, ഉരുള്‍പൊട്ടല്‍ എന്നീ പ്രതികൂല സാഹചര്യങ്ങളെ കോഴിക്കോട്ടുകാര്‍ ധീരമായി നേരിട്ടു. ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചു. ദ്രുത കര്‍മ്മസേനയേക്കാളും ദുരന്തനിവാരണസമിതിയേക്കാളും കൂടുതല്‍ ജനങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു. ദുരന്തങ്ങളുടെ കാലമായിരുന്നു കടന്നുപോയത്. അത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ എങ്ങനെ മറികടക്കാനാകുമെന്ന മാതൃകയാണ് അവിടെ ദൃശ്യമായത്.

കുടുംബത്തിന്റെ പിന്തുണ
എന്റെ വിവാഹവും ഇലക്ഷനും ഒരുമിച്ചാണ് നടന്നത്. അന്നുമുതല്‍ എല്ലാ കാര്യത്തിലും എനിക്ക് പിന്തുണ നല്‍കിയത് ഭാര്യയാണ്. പിന്നെ മക്കള്‍. മൂത്തയാള്‍ ഡോക്ടറാണ്. വിവാഹം കഴിച്ചത് ഡോക്ടറെയാണ്. രണ്ടാമത്തെയാള്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നു. മൂന്നാമത്തെ പെണ്‍കുട്ടി 6ാംക്ലാസില്‍ പഠിക്കുന്നു. അവര്‍ ഒരിക്കലും രാഷ്ട്രീയ ജീവിതത്തില്‍ ഇടപെട്ടിട്ടില്ല. എന്നെ ഞാനായി നിലനിര്‍ത്തുന്നത് കുടുംബമാണ്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

രാഷ്ട്രീയരംഗത്തെ ബഹുമുഖപ്രതിഭ