Published On: Fri, Nov 24th, 2017

വികസനത്തിന്റെ നായകന്‍ – എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്

6 finalഉത്സാഹത്തോടുകൂടി കഠിനാധ്വാനം ചെയ്താല്‍ സ്വപ്‌നങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്. പൊതുമരാമത്ത് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എറണാകുളം ജില്ലാ കളക്ടര്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോപറേഷന്‍സ് ഡയറക്ടര്‍, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ സി.ഇ.ഒ, കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് എം.ഡി, കൊച്ചി മെട്രോ റെയില്‍ എംഡി എന്നീ ചുമതലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം യുണീക് ടൈംസിനോട് മനസ്സ് തുറക്കുന്നു.
ഐ.എ.എസ് എന്ന സ്വപ്‌നം?

കുട്ടിക്കാലം മുതലേയുള്ള സ്വപ്‌നമായിരുന്നു ഐ.എ.എസ് പദവി. വായന, എഴുത്ത് എന്നിവയില്‍ വളരെ താല്പര്യമുണ്ടായിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. പ്രസംഗം, ഉപന്യാസം, ക്വിസ്, പൊതുവിജ്ഞാനം എന്നിവയിലൊക്കെ തുടര്‍ച്ചയായി സമ്മാനം നേടിയിരുന്നു. അക്കാലത്ത് സ്വാതന്ത്ര്യദിന പരേഡിനൊക്കെ മാര്‍ച്ച് ചെയ്യുമ്പോള്‍ സല്യൂട്ട് സ്വീകരിച്ചിരുന്നത് ജില്ലാ കളക്ടറായിരുന്നു. അങ്ങനെയാവണം ഐ.എ.എസ് എന്ന സ്വപ്‌നം മനസ്സില്‍ വന്നത്. തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് പഠനകാലത്ത് അത്യാവശ്യം സംഘടനാ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ബസ് കമ്മിറ്റി റപ്രസന്റേറ്റീവ് എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. അതിനിടയില്‍ ആകാശവാണിയിലും ദൂരദര്‍ശനിലും പരിപാടികള്‍ അവതരിപ്പിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. പിന്നീട് സിവില്‍ സര്‍വീസ് എഴുതി. 1996 ല്‍ ഐ.എ.എസ്് ലഭിച്ചു.

സര്‍വ്വീസ് ആരംഭിച്ചിട്ട് 21 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു?
മറ്റുള്ള ഓഫീസര്‍മാരെ അപേക്ഷിച്ച് ഞാന്‍ ഒരുപാട് ചുമതലകള്‍ വഹിച്ചിട്ടില്ല. എന്നാല്‍ ഓരോ സ്ഥാനങ്ങളിലും കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരും ഒന്നൊന്നരക്കൊല്ലം കൊണ്ട് സബ് കളക്ടര്‍ സ്ഥാനം ഉപേക്ഷിക്കുമ്പോള്‍ ഞാന്‍ മൂന്ന് വര്‍ഷവും രണ്ട് മാസവും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സബ് കളക്ടറായിരുന്നു. എറണാകുളം ജില്ലാ കളക്ടറായി നാലു വര്‍ഷം, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്റെ എംഡി യായി ഏകദേശം അഞ്ച് വര്‍ഷവും വിദ്യാഭ്യാസ ഡയറക്ടറായി മൂന്നേകാല്‍ കൊല്ലവും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സപ്ലേകോ സിഎംഡി, മെട്രോ എംഡി എന്നീ ചുമതലകള്‍ വഹിക്കുന്നു. എവിടെയൊക്കെ ജോലി ചെയ്‌തോ അവിടെയൊക്കെ സംഭവബഹുലവും സന്തോഷകരവുമായിരുന്നു. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്ന് നിഷ്പക്ഷമതികള്‍ക്ക് പറയാനും സാധിക്കും. ഞാന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സമയത്താണ് 400 ദിവസങ്ങള്‍ 100 പാലങ്ങള്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്. അന്ന് 104 പാലങ്ങളാണ് 400 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയത്. കേരളം ഉറ്റു നോക്കിയിരുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകളുടെ പണി ആരംഭിക്കാന്‍ സാധിച്ചു. കൊല്ലം ആലപ്പുഴ ബൈപാസുകളൊക്കെ മുപ്പതോ നാല്‍പ്പതോ കൊല്ലത്തോളം പൂര്‍ത്തിയാകാതെ കിടന്നിരുന്ന പദ്ധതികളാണ്. തിരുവനന്തപുരത്ത് ഇന്ന് കാണുന്ന മനോഹരമായ ബൈപാസ് അക്കാലത്ത് തുടങ്ങിയതാണ്.

ഔദ്യോഗിക ജീവിതത്തില്‍ എറണാകുളം ജില്ലക്കുള്ള സ്വാധീനം?
വടക്കന്‍ ദേശക്കാരാനായ എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റിനു ശേഷം എറണാകുളത്ത് ഒരു വീടു വച്ചുകൊണ്ട് താമസം ആരംഭിച്ചതു മുതലാണ് ഈ ജില്ല എന്റെ ജീവിതത്തെ സ്വാധീനിച്ചു തുടങ്ങിയത്. എറണാകുളത്തു വെച്ചാണ് ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമറിയുന്നത്. ഇവിടെ നിന്നാണ് ഞാന്‍ വിവാഹം കഴിച്ചത്. എറണാകുളം ജില്ലാ കളക്ടറായപ്പോഴേക്കും ഈ നാടിന്റെ ഓരോ ഭാഗവും എനിക്ക് മന:പാഠമായിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനു വേണ്ടി നിരവധി മേല്‍പാലങ്ങള്‍ നിര്‍മ്മിച്ചു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വീണ്ടും വീണ്ടും എറണാകുളത്ത് എത്തുന്നത് യാദൃശ്ചികത കൂടിയായിരിക്കാം. കൊച്ചി സ്മാര്‍ട് സിറ്റിയുടെ ഡോക്യുമെന്റ് തയ്യാറാക്കിയത് ഞാനാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കൊച്ചി ആസ്ഥാനമായിട്ടുള്ള സപ്ലൈകോയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ മെട്രോ റെയില്‍ കോര്‍പറേഷന്റെ എം.ഡിയാണ്. കൊച്ചിയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് നോഡല്‍ ഓഫീസര്‍ ആയിരുന്നു. ഫിഫ ഇനിയും ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് തരുമെന്ന പ്രതീക്ഷയുണ്ട്.

ഫിഫ നോഡല്‍ ഓഫീസര്‍ ആയിരുന്നപ്പോള്‍ കുടിവെള്ളത്തിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജീവിതത്തില്‍  ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ലേ ?

ഓരോ വിവാദങ്ങള്‍ ഉണ്ടാകുമ്പോഴും അതിനു തൊട്ടടുത്ത ദിവസം പരിഹാരവും ഉണ്ടാക്കിയിട്ടുണ്ട്. കുടിവെള്ളം സംബന്ധിച്ച പ്രശ്‌നം ഉയര്‍ന്നുവന്ന 12 മണിക്കൂറിനുള്ളില്‍ തന്നെ സൗജന്യ കുടിവെള്ളം ഏര്‍പ്പെടുത്തിയിരുന്നു. സപ്ലൈക്കോയില്‍ വിലവിവര പട്ടിക ഇല്ലെന്നു പരാതികള്‍ വന്നതിന്റെ അടുത്ത ദിവസം തന്നെ പട്ടിക തയ്യാറാക്കി. ഫിഫ അണ്ടര്‍ 17 ലോകകപ്പ് പോലെ ഇത്രയും മനോഹരമായി നടന്ന മറ്റൊരു പരിപാടി അടുത്തെങ്ങും ഉണ്ടായിട്ടില്ല. മൂന്ന് വര്‍ഷക്കാലമാണ് ഫിഫയുടെ സജ്ജീകരണങ്ങള്‍ക്കായി നീക്കിവെച്ചത്. രണ്ടു വര്‍ഷം ആരും കൂടെയില്ലാതെ ഒറ്റയ്ക്കാണ് എല്ലാം നോക്കി നടത്തിയത്. അവസാന വര്‍ഷമാണ് കുറച്ചു പേരെങ്കിലും സഹായത്തിനു വന്നത്. ഫെബ്രുവരി ആയപ്പോഴും പുല്‍ത്തകിടി വച്ചു പിടിപ്പിക്കുകയല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല. പിന്നീട് മാര്‍ച്ച് ഒന്ന് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെ ഒരു ഓട്ടമായിരുന്നു. ഒക്ടോബര്‍ 7ന് മത്സരം ആരംഭിച്ച് 22 ന് അവസാനിച്ചു. ഒക്ടോബര്‍ 28നായിരുന്നു ഫൈനല്‍. ഇപ്പോള്‍ ലോകത്തേറ്റവും മികച്ച സംഘടകരുള്ളത് ഇന്ത്യയിലാണെന്ന് ഫിഫ പറയുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു.

_MG_8802എന്തൊക്കെയാണ് മെട്രോയുടെ ഭാവി പദ്ധതികള്‍ ?
മെട്രോയുടെ ഇപ്പോഴുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കണം. മെട്രോ റെയില്‍ സര്‍വ്വീസ് തൃപ്പൂണിത്തുറ, കാക്കനാട് എന്നിവിടങ്ങളിലേക്ക് നീട്ടണം. മറ്റുള്ള മെട്രോകളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കൂടുതലാണ്. യാത്രക്കാരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരും ഉണ്ട്. മുപ്പതിനായിരത്തോളം പേരാണ് മെട്രോയെ ആശ്രയിക്കുന്നത്. അത് തൃപ്പുണിത്തുറ വരെ എത്തുമ്പോഴേക്കും വര്‍ധിക്കും. കാക്കനാട് വളരെ ശക്തമായ മേഖലയാണ്. വൈറ്റില വരെ എത്തുമ്പോഴേക്കും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാവും. മെട്രോക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനുണ്ട്. അതിനുശേഷം ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കും.

വെല്ലുവിളികള്‍ എന്തൊക്കെയാണ് ?

ഭൂമി ഏറ്റെടുക്കലാണ് പ്രധാനപ്പെട്ട വെല്ലുവിളി. പിന്നെ നടപടി ക്രമങ്ങളെല്ലാം വേഗം പൂര്‍ത്തിയാക്കികൊണ്ട് എത്രയും വേഗം ജലമെട്രോ യാഥാര്‍ഥ്യമാക്കണം. മൂന്നാമതായി കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് സ്വാധീനിപ്പിക്കണം. നാലാമതായി സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലേക്ക് മെട്രോയെ വളര്‍ത്തിയെടുക്കണം. നിരവധി ബോട്ടു ജെട്ടികള്‍, നിരന്തരമായ ബോട്ട് സര്‍വീസുകള്‍ എന്നിവയാണ് ജലമെട്രോയിലൂടെ സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ മട്ടാഞ്ചേരിയിലേക്കോ ഫോര്‍ട്ട് കൊച്ചിയിലേക്കോ റോഡ് മാര്‍ഗം പോകേണ്ടതില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി അവരെ എത്രയും വേഗം ജലമാര്‍ഗം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാന്‍ വാട്ടര്‍ മെട്രോയിലൂടെ സാധിക്കും. കൂടാതെ പൊതു ഗതാഗത സംവിധാനത്തെ ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ പദ്ധതിക്കും രൂപകല്പന നടത്തിയിട്ടുണ്ട്. ബസ്സുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവയുടെ മത്സര ഓട്ടം അവസാനിപ്പിച്ച് വളരെ ക്രമീകൃതമായ രീതിയില്‍ ഉള്ള സര്‍വീസ് നടത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ച്?

വിലക്കയറ്റം പരിഹരിക്കാന്‍ വേണ്ടിയാണ് സപ്ലൈക്കോ നടപടികള്‍ സ്വീകരിക്കുന്നത്. ഉദാഹരണത്തിന് ലിറ്ററിന് 90 രൂപയ്ക്കാണ് ഞങ്ങള്‍ വെളിച്ചെണ്ണ വില്‍ക്കുന്നത്. വിപണിയില്‍ വെളിച്ചെണ്ണയുടെ യഥാര്‍ത്ഥ വില ലിറ്ററിന് 210 രൂപയാണ്. കിലോക്ക് 45 രൂപയുള്ള പഞ്ചസാര ഞങ്ങള്‍ വില്‍ക്കുന്നത് 22 രൂപയ്ക്കാണ്. വില കുറയ്ക്കുന്നതിനും ഒരു പരിധിയുണ്ട്. ഇങ്ങനെയുള്ള വില്‍പന നടത്തുമ്പോള്‍ സാമ്പത്തികമായി തകര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും പരമാവധി ഇളവ് നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഓണക്കാലത്തെ വിറ്റുവരവ് പരിശോധിച്ചാല്‍ അത് മനസിലാകും. ഒരു മാസം കൊണ്ട് വില്‍പന 500 കോടിയാണ് കടന്നത്.

രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷിക്കാമോ ?

എനിക്ക് തീരെ യോജിക്കാത്ത ഒന്നാണ് രാഷ്ട്രീയം. കലാലയ രാഷ്ട്രീയം അക്കാലത്തെ ഉത്സാഹം മാത്രമായിരുന്നു. ഒരു നല്ല സംഘാടകനാകാന്‍ അതെന്നെ സഹായിച്ചു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുവാനും അവര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാനും സാധിച്ചു. പതിനേഴാം വയസ്സില്‍ എന്റെ കോളേജിന് ഒരു ബസ്സ് നേടിക്കൊടുക്കാന്‍ എനിക്ക് സാധിച്ചെങ്കില്‍ ഇന്ന് നാടിനുവേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയും. അതിന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യമില്ല. കൃത്യമായിട്ടുള്ള ആസൂത്രണത്തോടുകൂടി നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍, മര്‍മ്മ പ്രധാനമായ സ്ഥാനങ്ങളില്‍ സര്‍ക്കാര്‍ നമ്മളെ വിശ്വസിച്ചു നിയമിക്കും. ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ ശരിയായ രീതിയില്‍ സത്യസന്ധതയോടെയും സുതാര്യതയോടെയും ചെയ്യുക. മെട്രോയുടെ എംഡിയായി നിയമിച്ചതിനു ശേഷം നൂറു കണക്കിന് സന്ദേശങ്ങളാണ് എനിക്ക് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ലഭിച്ചത്. മെട്രോയില്‍ വന്നത് കൊണ്ട് തന്നെ പറയട്ടെ, മെട്രോ മാന്‍ ഇ. ശ്രീധരന്‍ സാറും ഞാനും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പാലക്കാട് ബി ഇ എം ഹൈസ്‌കൂള്‍.

കുടുംബത്തിന്റെ പിന്തുണ ?

എന്റെ എല്ലാ കാര്യങ്ങളിലും പൂര്‍ണ പിന്തുണയാണ് അവര്‍ നല്‍കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ ഐഷ ഇപ്പോള്‍ എന്റെ പാത പിന്തുടരുകയാണ്. കോളേജ് കാലത്ത് ഞാന്‍ എന്താണോ ചെയ്തിരുന്നത് അതിന്റെ ചെറിയ പകര്‍പ്പ് അവളില്‍ കാണാന്‍ കഴിയുന്നുണ്ട്. സ്‌കൂളിലെ കലാ വിഭാഗം സെക്രട്ടറിയാണ് ഐഷ. ഭാര്യ അമിന സ്‌കൂള്‍ ടീച്ചറായിരുന്നു.
ഐ.എ.എസ് സ്വപ്നം കാണുന്നവരോട് പറയാനുള്ളത്?

ഉത്സാഹത്തോടുകൂടി കഠിനാധ്വാനം ചെയ്യുക. നമുക്ക് നേടിയെടുക്കാന്‍ സാധിക്കാത്തതായി ഒന്നുമില്ല. മാനം മുട്ടെ ചിന്തിക്കുവാനും ഉയരുവാനും കെല്‍പുള്ള മനസ്സുണ്ടെന്ന് സ്വയം സങ്കല്പിക്കുക. പിന്നെ സ്വപ്നങ്ങള്‍ കാണുക…

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വികസനത്തിന്റെ നായകന്‍ – എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്