Published On: Mon, Oct 30th, 2017

സെറയുടെ മലയാളി കരുത്ത് – എബി റോഡ്രിഗസ്

zeraസ്റ്റൈല്‍, ഇന്നൊവേഷന്‍, ലീഡര്‍ഷിപ്പ് – ഇന്ത്യന്‍ സാനിറ്ററി വെയര്‍ രംഗത്തെ വിശ്വസ്ത നാമമായി വളര്‍ന്ന സെറയുടെ വിജയമന്ത്രങ്ങളാണിവ. 1980ല്‍ ഗുജറാത്ത് ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം വിക്രം സൊമാനി ആരംഭിച്ച ഈ സംരംഭം 37 വര്‍ഷങ്ങള്‍ക്കുള്ളിലാണ് രാജ്യത്തെ സാനിറ്ററിവെയര്‍ വിപണിയില്‍ ആധിപത്യം നേടിയത്. 32 വര്‍ഷങ്ങള്‍കൊണ്ട് 317 കോടി വിറ്റുവരവ് നേടിയ സെറയെ അഞ്ച് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ 1000 കോടിയെന്ന തിളക്കമാര്‍ന്ന നേട്ടത്തിലേക്ക് നയിച്ചതിന് പിന്നില്‍ ഒരു മലയാളിയുടെ കൈയ്യൊപ്പുണ്ട്. പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും തളരാതെ, ആത്മവിശ്വാസത്തോടെ ഈ ബ്രാന്റിനെ മുന്നോട്ട് നയിച്ച സെറ സീനിയര്‍ വൈസ് പ്രസിഡന്റ് എബി റോഡ്രിഗസിന്റെ കൈയ്യൊപ്പ്. കാന്‍സറിന്റെ കരങ്ങള്‍ പിടിമുറുക്കിയപ്പോഴും ദൈവവിശ്വാസത്തിന്റെ കരുത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയ എബിയുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാകും.

‘പ്രാര്‍ത്ഥനയായിരുന്നു എന്റെ ശക്തി. അസുഖത്തിന്റെ തീവ്രതയില്‍ പൊള്ളുമ്പോഴും പതറാതെ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ പ്രാര്‍ത്ഥനക്ക് സാധിച്ചു. ദൈവം കൂടെയുണ്ടെന്ന വിശ്വാസമാണ് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ‘ അദ്ദേഹം പറയുന്നു.

രോഗം പിടിമുറുക്കുമ്പോള്‍ സെറയുടെ സൗത്ത് ഇന്ത്യ സെയില്‍സ് മേധാവിയായിരുന്നു എബി. രോഗാവസ്ഥയിലും തളരാതെ, തന്റെ സ്ഥാപനത്തിനുവേണ്ടി ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തനായത്. ഏത് സാഹചര്യത്തിലും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചാല്‍ ഉയരങ്ങള്‍ അനായാസം കീഴടക്കാന്‍ സാധിക്കുമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയാണ് സെറയുടെ ദേശീയ സെയില്‍സ് മേധാവിയായ എബി.
1994ല്‍ സെറയുടെ സെയില്‍സ് എക്‌സിക്യൂട്ടീവായി കരിയര്‍ ആരംഭിച്ച അദ്ദേഹം കേരളത്തിലെ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ വിശകലനം ചെയ്താണ് പ്രവര്‍ത്തിച്ചത്. ഇതിലൂടെ വിപണിയിലെ ഏറ്റവും സൂക്ഷ്മമായ ഘടകങ്ങള്‍ പോലും അപഗ്രഥിച്ച് ശരിയായ ബിസിനസ് തന്ത്രങ്ങള്‍ രൂപകല്പന ചെയ്തതും മറ്റ് ബ്രാന്‍ഡുകളുടെ ഉല്പന്ന ലഭ്യത കുറഞ്ഞപ്പോള്‍ കൃത്യമായി അവിടേക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞതും കേരളത്തില്‍ സെറയുടെ വിപണിമൂല്യം വര്‍ദ്ധിപ്പിച്ചു. ഇന്ന് കമ്പനിയുടെ ഏറ്റവും വലിയ വിപണിയായി കേരളം മാറിക്കഴിഞ്ഞു. ഇതര ബ്രാന്‍ഡുകളുമായി മത്സരിക്കുക എന്നതിലുപരി ഉല്പന്നങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് അവ ഉപയോഗപ്പെടുത്തുന്നതാണ് ഞങ്ങളുടെ സെയില്‍സ് ടീമിന്റെ വിജയം. – അദ്ദേഹം വ്യക്തമാക്കി.

സെയില്‍സ് എക്‌സിക്യൂട്ട്ീവില്‍ നിന്ന് കേരള സെയില്‍സ് മേധാവിയായും ദക്ഷിണേന്ത്യന്‍ സെയില്‍സ് മേധാവിയായും പിന്നീട് ദേശീയ സെയില്‍സ് മേധാവിയായും ഉയര്‍ന്ന എബിയുടെ കരുത്ത് തന്റെ സെയില്‍സ് ടീമാണ്. മികച്ച വിറ്റുവരവ് നേടാന്‍ വിപണനശൃംഖലയിലെ ഉന്നതോദ്യോഗസ്ഥന്‍ മുതല്‍ ഏറ്റവും താഴെത്തട്ടിലുള്ള വ്യക്തി വരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനായി രാജ്യത്തെ മുഴുവന്‍ വിപണിയും വിശകലനം ചെയ്ത് സെയില്‍സ് ടീമിനെ പ്രചോദിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുവാനും അദ്ദേഹത്തിന് സാധിക്കുന്നു.

IMG_6132 copy copyconceive, commit, conquer – ഇവയാണ് സെയില്‍സ് ടീമിന്റെ പ്രചോദനത്തിനായി എബി പ്രയോഗിക്കുന്ന തന്ത്രങ്ങള്‍. വിപണിസാധ്യതകളെക്കുറിച്ച് ടീമിന് ഉള്‍ക്കാഴ്ച നല്‍കിയശേഷം ലക്ഷ്യം രൂപകല്പന ചെയ്യും. പിന്നീട് ഈ ലക്ഷ്യം നേടാന്‍ അവരെ പ്രാപ്തരാക്കുന്നു. ആവശ്യമായ പ്രചോദനം ലഭിക്കുന്നതോടെ ടീം അംഗങ്ങള്‍ ഓരോരുത്തരും അനായാസം തന്റെ ലക്ഷ്യം കീഴടക്കുന്നു. രാജ്യത്തെ ജനസംഖ്യ കണക്ക് അടക്കമുള്ള വിവരങ്ങള്‍ മികവുറ്റ സോഫ്റ്റ്വെയറിന്റെ സഹായത്താല്‍ വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം വിപണി കീഴടക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതാണ് തന്റെ വിജയമെന്ന് എബി ഉറച്ചുവിശ്വസിക്കുന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആസൂത്രണത്തിലും വിപണനതന്ത്രത്തിലും അഴിച്ചുപണി നടത്തിയാണ് സെറയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മുന്നേറുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ കേന്ദ്രമായ സ്റ്റൈല്‍ സ്റ്റുഡിയോ കൊച്ചിയില്‍ ആരംഭിച്ചത് ഇതിന്റെ ഭാഗമായാണ്. ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനേഴ്‌സ്, കണ്‍സള്‍ട്ടന്റ്‌സ്, ഡവലപ്പേഴ്‌സ്, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് സെറയുടെ ഉത്പ്പന്നങ്ങള്‍ അടുത്തറിയുന്നതിനുള്ള അവസരമാണ് സ്‌റ്റൈല്‍ സ്റ്റുഡിയോ നല്‍കുന്നത്.
സാനിറ്ററി വെയര്‍, ഫോസറ്റ്, ടൈല്‍സ്, ഷവര്‍ റൂംസ്, കിച്ചന്‍ സിങ്ക്‌സ്, മിറര്‍, കസ്റ്റമൈസ്ഡ് ഷവര്‍ പാര്‍ടീഷ്യന്‍, ബാത്ത് ടബ്, ഷവര്‍ പാനല്‍സ്, കിഡ്‌സ് റേഞ്ച് എന്നിങ്ങനെ സെറ നല്‍കുന്ന സേവനങ്ങള്‍ നിരവധിയാണ്. ഉപഭോക്താക്കളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് കുറഞ്ഞ വെള്ളം ഉപയോഗിക്കുന്ന ഗ്രീന്‍ ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെ സെറ തയ്യാറാക്കി കഴിഞ്ഞു. സമ്പൂര്‍ണ ഹോം സൊലൂഷന്‍ പ്രൊവൈഡര്‍ എന്ന തലത്തിലേക്ക് സെറയെ എത്തിക്കാനാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നത്.

നൂതന ഡിസൈനുകളില്‍ ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ പ്രദാനം ചെയ്യുന്ന സെറയുടെ വിജയത്തിനായി വിജയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ അദ്ദേഹം. ഓരോ ചുവടുവെപ്പിലും പൂര്‍ണപിന്തുണയുമായി അദ്ദേഹത്തിനൊപ്പം പ്രിയപ്പെട്ട കുടുംബമുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങും തണലുമായി നില്‍ക്കുന്ന ഭാര്യ മാര്‍ഗരറ്റ് ജൂഡിയും മക്കളായ ഡാനിയല്‍, കരീന, ലിയാന്‍ഡര്‍ എന്നിവരുമാണ് എബി റോഡ്രിഗസിന്റെ കരുത്ത്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സെറയുടെ മലയാളി കരുത്ത് – എബി റോഡ്രിഗസ്