Published On: Sat, Jul 1st, 2017

ജിഎസ്ടി: കാര്‍ഷികമേഖലയെ മറന്നുവോ?

 

tumblr_mn8b8sLRb61rkz363o1_1280ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കാര്‍ഷികമേഖല. ജനസംഖ്യയുടെ 58 ശതമാനം പേരുടെയും ജീവിതമാര്‍ഗ്ഗത്തിനുള്ള പ്രാഥമികോപാധിയാണ് കാര്‍ഷികരംഗം. 2016-17 സാമ്പത്തികവര്‍ഷത്തില്‍, കാര്‍ഷികരംഗവും അനുബന്ധമേഖലകളും കൂടിയുള്ള മൊത്ത ആഭ്യന്തര ഉല്‍പാദനം 244.74 കോടി യുഎസ് ഡോളര്‍ ആണ്. 2007 മുതല്‍ 2016 വരെയുള്ള കാലഘട്ടമെടുത്താല്‍ ഏകദേശം 6.64 ശതമാനമെന്ന തോതിലാണ് മൊത്ത വാര്‍ഷിക വളര്‍ച്ചാനിരക്ക്. നാളികേരം, റബ്ബര്‍, തേയില, കാപ്പി, കുരുമുളക്, ഏലക്ക, അടക്ക, ഇഞ്ചി, നട്ട്‌മെഗ്, കറുവപ്പട്ട എന്നീ നാണ്യവിളകളും നെല്ല്, മരച്ചീനി തുടങ്ങിയ ഭക്ഷ്യവിളകളും ചേര്‍ന്ന് കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്ക് സവിശേഷവ്യക്തിത്വം നല്‍കുന്നു. കേരളത്തിലെ കാര്‍ഷിക-കാലാവസ്ഥ സ്ഥിതിവിശേഷം വ്യത്യസ്ത തരം സ്ഥിരവിളകളും കാലാനുസൃത വിളകളും കൃഷി ചെയ്യാന്‍ പറ്റിയതാണ്.

അടിസ്ഥാനപരമായി ഇന്ത്യ കാര്‍ഷികമേഖലയാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥയാണ്. അതുകൊണ്ട് തന്നെ കൃഷിയ്ക്ക് പ്രത്യേക നികുതി പരിഗണന ലഭിക്കുന്നു. കേന്ദ്ര എക്‌സൈസ് നിയമമനുസരിച്ച് നിരവധി കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് നികുതിയിളവുണ്ട്. സേവനനികുതിയുടെ കാര്യത്തില്‍, കാര്‍ഷികോല്‍പന്നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മെഗാ എക്‌സംപ്ഷന്‍ ഉത്തരവ് പ്രകാരമാണ് ഈ ആനുകൂല്യം. ഈയൊരു പരിതസ്ഥിതിയില്‍, എങ്ങനെയാണ് ജിഎസ്ടി വ്യവസ്ഥയില്‍ കാര്‍ഷികമേഖലയ്ക്ക് നികുതി ചുമത്താനാവുക?

ജിഎസ്ടി നിയമപ്രകാരം കൃഷി അഥവാ അഗ്രികള്‍ച്ചര്‍ എന്ന വാക്കിന്റെ നിര്‍വചനം മനസ്സിലാക്കാന്‍ ശ്രമിക്കാം. സെക്ഷന്‍ 2(7) പ്രകാരം ഫ്‌ളോറികള്‍ച്ചര്‍, ഹോര്‍ട്ടി കള്‍ച്ചര്‍, സെറികള്‍ച്ചര്‍, നാണ്യവിളകള്‍, പുല്ലുകള്‍, തോട്ടവിളകള്‍, കാലിമേയല്‍ എന്നിവയെ ആണ് കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡയറി ഫാമിംഗ്, പൗള്‍ട്രി ഫാമിംഗ്, സ്റ്റോക് ബ്രീഡിങ്, മരം-പുല്ല് വെട്ടല്‍, പഴങ്ങള്‍ ശേഖരിക്കല്‍, മനുഷ്യനിര്‍മ്മിതി കാട് വളര്‍ത്തല്‍, ചെടികളും വിത്തുകളും വളര്‍ത്തല്‍ ഇതൊന്നും കൃഷിയില്‍ ഉള്‍പ്പെടുന്നില്ല. ഇതിന് വിപരീതമായി, സേവനനികുതി നിയമപ്രകാരം ചെടികള്‍ വളര്‍ത്തല്‍, മൃഗങ്ങള്‍ (കുതിര ഒഴികെ) വളര്‍ത്തല്‍, ഭക്ഷണത്തിനും ഫൈബറിനും ഇന്ധനത്തിനും അസംസ്‌കൃത വിഭവങ്ങള്‍ക്കുമായി മറ്റ് ഉല്‍പന്നങ്ങള്‍ വളര്‍ത്തുന്നതോ എല്ലാം വിപുലമായ അര്‍ത്ഥത്തില്‍ കൃഷിയാണ്.

തെളിവെന്ന നിലയ്ക്ക്, മൃഗങ്ങളെ വളര്‍ത്തല്‍ ഒരിക്കലും കൃഷിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങളെല്ലാം നികുതി വിധേയമാണെന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്നു. ജിഎസ്ടി വ്യവസ്ഥ പ്രകാരം ഒരാള്‍ വ്യക്തിപരമായി സ്വന്തം ഭൂമിയില്‍ നടത്തുന്ന കാര്‍ഷികപ്രവര്‍ത്തനത്തെ മാത്രമാണ് കൃഷിയായി കണക്കാക്കുന്നത്. അവര്‍ ഇത്തരം ഇളവുകള്‍ക്ക് അര്‍ഹരാണ്. അതുകൊണ്ട് ചോദ്യം അവസാനിക്കുന്നില്ല- കൃഷിയുമായി ബന്ധപ്പെട്ട എന്തൊക്കെ പ്രവര്‍ത്തനങ്ങളെയാണ് ജിഎസ്ടി നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്?

ജിഎസ്ടി: നികുതി ചുമത്താവുന്ന കാര്‍ഷികപ്രവര്‍ത്തനങ്ങള്‍

പ്രമാണവാക്യമനുസരിച്ച്, 20ലക്ഷമെന്ന നികുതിയിളവ് പരിധിയ്ക്ക് മുകളില്‍ വിറ്റുവരവുള്ള ഒരു മലയാളിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നികുതി വിധേയമായിരിക്കും.
1.എക്‌സൈസ്, സ്റ്റേറ്റ് വാറ്റ് എന്നിവയില്‍ നിന്നും ഇപ്പോള്‍ കോഴി-താറാവ് തുടങ്ങിയ പക്ഷിവളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍ എന്നിവയ്ക്ക് നികുതിയിളവുണ്ട്. കൃഷിയുടെ നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കിയ മുട്ട, ഇറച്ചി, കടല്‍വിഭവങ്ങള്‍ എന്നിവയ്ക്ക് ജിഎസ്ടി ബാധകമായിരിക്കും. കോഴി-താറാവ് വളര്‍ത്തല്‍ ഇന്ത്യയില്‍ 15% വളര്‍ച്ചയുള്ള മേഖലയാണ്. കേരളത്തില്‍ ഇത് 15.4% വളര്‍ച്ചയിടിഞ്ഞ മേഖലയാണ്. 1970ല്‍ മുട്ട കയറ്റുമതി ചെയ്ത സംസ്ഥാനം ഇന്ന് മുട്ട ഇറക്കുമതി ചെയ്യുകയാണ്. ഇത്തരം നികുതികള്‍ വീണ്ടും മേഖലയെ തളര്‍ത്തും.
2.ക്ഷീരകൃഷി മേഖല ഇന്ത്യയിലെ കൃഷിക്കാര്‍ക്ക് വരുമാനമുണ്ടാക്കാവുന്ന ഇതരമേഖലയാണ്. കൃഷിക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ ഈ മേഖല തൊഴില്‍ നല്‍കുന്നു. ജിഎസ്ടി വ്യവസ്ഥയ്ക്ക് കീഴില്‍ ക്ഷീരോല്‍പാദനരംഗം ഇപ്പോള്‍ നികുതിയിളവില്ലാത്ത മേഖലയാണ്. അതായത്, പാല് ഉള്‍പ്പെടെയുള്ള ക്ഷീരോല്‍പന്നങ്ങള്‍ ജിഎസ്ടിയുടെ കീഴില്‍ വരുമെന്നര്‍ത്ഥം.

3.കേരളം വിവിധ രീതിയിലുള്ള ധാന്യകൃഷിയ്ക്ക് സാക്ഷ്യം വഹിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള ഫാമിംഗ്, വിള പങ്കുവെക്കുന്ന രീതിയിലുള്ള ഫാമിംഗ് എന്നിവ ഇതില്‍ ചിലതാണ്. ഇതിനെല്ലാം ജിഎസ്ടി വ്യവസ്ഥയ്ക്ക് കീഴില്‍ നികുതി ഈടാക്കും.

ഉപസംഹാരം

ജിഎസ്ടിയുടെ അധികാരപരിധിയില്‍ കൃഷി സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകള്‍ കേന്ദ്രം ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതായി തോന്നുന്നു. ഇത് ഉപഭോക്തൃ വിലസൂചികയുടെ (സിപിഐ) മൂല്യശോഷണം വര്‍ധിപ്പിക്കുമെന്നതിലേക്ക് നയിക്കും. മൂല്യശോഷണം തടയാന്‍ ഈ മേഖലയ്ക്ക് ആവശ്യമായ ഇളവുകള്‍ നല്‍കുന്നതോടൊപ്പം സര്‍ക്കാര്‍ സാവധാന സ്ലാബ് നിരക്കുകള്‍ അനുവദിക്കുകയും വേണം. ജിഎസ്ടി പരിചയപ്പെടുത്തുമ്പോള്‍ കൃഷിയുടെ പേരില്‍ മോശം അഭിപ്രായം രൂപപ്പെടുന്നത് നല്ലതല്ല. അതേ സമയം കര്‍ഷകര്‍ മാറേണ്ട കാലമായിരിക്കുന്നു. സമൂഹവുമായി ബന്ധമില്ലാത്ത ദന്തഗോപുരവാസികളാവാതെ, കര്‍ഷകര്‍ ഇപ്പോഴത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും വേണം.

 

ലേഖനം: അഡ്വ. ഷെറി സാമുവേല്‍ ഉമ്മന്‍
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം ടാക്‌സ്, കോര്‍പറേറ്റ് നിയമം എന്നിവയില്‍ വൈദഗ്ധ്യം നേടിയ ചാട്ടേര്‍ഡ് അക്കൗണ്ടന്റും കോസ്റ്റ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയും കൂടിയാണ്.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജിഎസ്ടി: കാര്‍ഷികമേഖലയെ മറന്നുവോ?