Published On: Mon, Jan 8th, 2018

ജിഎസ്ടി – ചില കോടതിമുറി കാഴ്ചകള്‍

 

GSTജിഎസ്ടി നിലവില്‍ വന്നിട്ട് 100 ദിവസം കഴിഞ്ഞു. നികുതി കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ നാടകീയമായ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. ജിഎസ്ടി നടപ്പാക്കിയ രീതിയില്‍ ഒട്ടേറെ പോരായ്മകള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല നൂറുകണക്കിന് സാങ്കേതികനൂലാമാലകളാണ് ബിസിനസുകാര്‍ക്ക് നേരിടേണ്ടി വന്നത്.

പഴയ പരോക്ഷനികുതി സംവിധാനത്തിലെ ഒട്ടേറെ പോരായ്മകള്‍ ജിഎസ്ടി നികത്തുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. അത്തരം പ്രചാരണങ്ങള്‍ കൊഴുക്കുകയും ചെയ്തു. നികുതിയുടെ കുതിച്ചുചാട്ടം കുറയ്ക്കല്‍, അടച്ച നികുതി തിരിച്ചുകൊടുക്കാനുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സംവിധാനം എന്നിവ ഗുണം ചെയ്യുമെന്ന് എല്ലാവരും കരുതി. പുതിയ നികുതി സംവിധാനം ബിസിനസ് ഇടപാടുകള്‍ ഇന്ത്യയില്‍ സുഗമമാക്കുമെന്നും ധാരണയുണ്ടായി. അതും ജിഎസ്ടി സംബന്ധിച്ച വാദപ്രതിവാദങ്ങളില്‍ മുഴങ്ങിക്കേട്ടു. എന്നാല്‍ ജിഎസ്ടിയുടെ നിയമസാധുത തന്നെ ചോദ്യം ചെയ്തുകൊണ്ട് പലരും കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നു. ഇതിന്റെ പേരില്‍ ഹൈക്കോടതികള്‍ പലതും കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ചില ശ്രദ്ധാര്‍ഹമായ കേസുകള്‍ താഴെ ചര്‍ച്ച ചെയ്യുന്നു:

കോടതിയില്‍ കേട്ട ജിഎസ്ടി കേസുകളുടെ രത്‌നച്ചുരുക്കം

1.മെട്രോ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസും യുപി സര്‍ക്കാരും തമ്മിലുള്ള വാഗ്വാദം
അലഹബാദ് കോടതിയിലാണ് ഈ കേസ്. ജിഎസ്ടിയിലേക്ക് സുഗമമായി മാറാന്‍ ഫലപ്രദമായ സംവിധാനമില്ലാത്തതിനാല്‍ ജിഎസ്ടി നികുതി അടയ്ക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെട്രോ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 2017 മുതലുള്ള ജിഎസ്ടി ബാധ്യത നടപ്പാക്കാന്‍ കഴിയില്ലെന്നും മെട്രോ ഇന്‍സ്റ്റിറ്റ്യൂട്ട് കേസില്‍ വാദിക്കുന്നു. പുറത്തുനിന്നും സംസ്ഥാനത്തിനകത്തേക്ക് മരുന്നുകളും മറ്റ് സാമഗ്രികളും ഇറക്കുമതി ചെയ്യാന്‍ ഫലപ്രദമായ സംവിധാനം ജിഎസ്ടിയില്‍ ഇല്ലെന്നാണ് ആരോപണം. അതിനാല്‍ ഇ-വേ ബില്‍ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും മെട്രോ ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നു.

ഈ കേസില്‍ ഹൈക്കോടതി പരാതിക്കാരുടെ വാദം അംഗീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പരാതിക്കാരന് ഉടനെ പാസ്‌വേര്‍ഡ് അനുവദിക്കണമെന്ന് ജിഎസ്ടി പോര്‍ട്ടലിനോട് ആവശ്യപ്പെടുകയായിരുന്നു ഹൈക്കോടതി. അതുവഴി കമ്പനിയ്ക്ക് അവരുടെ റിട്ടേണുകള്‍ സമര്‍പ്പിക്കാനും ബാധ്യതയുള്ള നികുതി നിക്ഷേപിക്കാനും ജിഎസ്ടിയിലേക്ക് പൂര്‍ണ്ണമായി പരിവര്‍ത്തനം ചെയ്യാനും സാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2. കോയമ്പത്തൂര്‍ കോര്‍പറേഷന്‍ കരാറുകാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധം

മദ്രാസ് ഹൈക്കോടതിയിലായിരുന്നു ഈ കേസ്. വര്‍ക്ക് കോണ്‍ട്രാക്ടില്‍ 6 ശതമാനം നികുതി ജിഎസ്ടി മൂലം ഏര്‍പ്പെടുത്തിയത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായി കാണിച്ചാണ് കരാറുകാരുടെ സംഘടന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കാരണം പുതിയ 6 ശതമാനത്തോടൊപ്പം പഴയ സംസ്ഥാനത്തിന്റേതായ ആറ് ശതമാനം കൂടിയാകുമ്പോള്‍ 12 ശതമാനം നികുതി നല്‍കേണ്ടിവരുമെന്ന് പറയപ്പെടുന്നു. ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് ഉണ്ടാക്കിയ കരാറുകളെച്ചൊല്ലിയാണ് തര്‍ക്കം. അന്ന് കരാറുകളുടെ മേല്‍ രണ്ട് ശതമാനം വാറ്റ് നികുതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പരാതിക്കാര്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ ഹൈക്കോടതി പ്രദേശത്തെ വാണിജ്യനികുതി കമ്മീഷണറോട് ആവശ്യപ്പെടുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ നിയമമനുസരിച്ച് അര്‍ഹമായ വിധി പുറപ്പെടുവിക്കണമെന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്.

3.അസിക്‌സ് ട്രേഡിംഗ് കമ്പനിയും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസറും തമ്മില്‍
കേരളാ ഹൈക്കോടതിയിലായിരുന്നു ഇത് സംബന്ധിച്ച പരാതി. ഐജിഎസ്ടി നിയമമനുസരിച്ചുള്ള രേഖകള്‍ കയ്യിലില്ലാത്തതിന്റെ പേരില്‍ ചരക്ക് തടഞ്ഞുവെക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കാണിച്ചായിരുന്നു പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വ്യാപാരത്തിന്റെ ഗതിയില്‍ ചരക്കുകളുടെ അന്തര്‍സംസ്ഥാന നീക്കത്തില്‍ നിയമപരമായ അന്തിമാധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നും അതിനാല്‍ രേഖകള്‍ കയ്യിലില്ലെന്ന കാരണം പറഞ്ഞ് ഇത്തരം ചരക്ക് തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വിധിച്ചു.

4.ജിന്‍ഡാല്‍ ഡൈകെം ഇന്‍ഡസ്ട്രിയും കേന്ദ്രസര്‍ക്കാരും തമ്മില്‍
ദില്ലി ഹൈക്കോടതിയിലാണ് കേസ് നടന്നത്. ഐജിഎസ്ടി നല്‍കാത്തതിന്റെ പേരില്‍ ഇറക്കുമതി ചെയ്ത സ്വര്‍ണ്ണബാറുകള്‍ കൈവശം നല്‍കാതെ തടഞ്ഞുവെച്ചതിനെ ചോദ്യം ചെയ്തതാണ് ജിന്‍ഡാല്‍ ഡൈകെം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഐജിഎസ്ടി നല്‍കാതെ തന്നെ കമ്പനിയ്ക്ക് സ്വര്‍ണ്ണബാറുകള്‍ ഇറക്കുമതി ചെയ്യാമെന്നായിരുന്നു ദില്ലി ഹൈക്കോടതി വിധിച്ചത്. കാരണം ജിഎസ്ടിയ്ക്ക് മുമ്പേ ഇത് സംബന്ധിച്ച് പരാതിക്കാരന് മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു എന്നതായിരുന്നു കോടതിയുടെ ന്യായം. കെമിക്കോ സിന്തെറ്റിക്‌സ് എന്ന കമ്പനിയ്ക്കും നരേന്ദ്ര പ്ലാസ്റ്റിക്കിനും ദില്ലി ഹൈക്കോടതി ഇതേ ഇളവ് അനുവദിക്കുകയുണ്ടായി.

5. ഫില്‍കോ ട്രേഡ് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡും കേന്ദ്രസര്‍ക്കാരും തമ്മില്‍
ഇക്കുറി ഗുജറാത്ത് ഹൈക്കോടതിയിലായിരുന്നു ഏറ്റുമുട്ടല്‍. ജിഎസ്ടിയിലെ ഒരു വ്യവസ്ഥയോടായിരുന്നു ഈ കമ്പനിയ്ക്ക് എതിര്‍പ്പ്. ഒരു വര്‍ഷം മുമ്പ് വരെയുള്ള ചരക്കിന് മാത്രമേ സെന്‍വാറ്റ് ക്രെഡിറ്റ് അനുവദിക്കൂ എന്നതായിരുന്നു ഇവരുടെ വ്യവസ്ഥ. അതിന് മുമ്പ് സ്റ്റോക്ക് ചെയ്ത ചരക്കിന് സെന്‍വാറ്റ് ക്രെഡിറ്റ് നല്‍കില്ല എന്ന് ജിഎസ്ടി അനുശാസിക്കുന്നു. ഇതിനെതിരെയാണ് ഫില്‍കോ കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടു.

6.എംജെഎസ് എന്റര്‍പ്രൈസസും കണ്‍ട്രോളര്‍ ഓഫ് സ്റ്റോര്‍സും പര്‍ച്ചേസും തമ്മില്‍

ഇറ്റെന്‍ ക്രാഫ്റ്റ് ഹോള്‍ഡിംഗും കേരളസര്‍ക്കാരും തമ്മില്‍

രണ്ട് കേസുകളായിരുന്നു കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും ഹൈക്കോടതികള്‍ ജിഎസ്ടി സംബന്ധിച്ച് വാദം കേട്ടത്. ജിഎസ്ടി തീരുമാനിക്കാന്‍ വേണ്ടി ഉല്‍പന്നങ്ങള്‍ വ്യത്യസ്ത ക്ലാസുകളാക്കി തിരിക്കുന്നതു സംബന്ധിച്ച ജിഎസ്ടി നിലപാടിനെ ഈ രണ്ട് ഹൈക്കോടതികളും ചോദ്യം ചെയ്തു. ഇക്കാര്യത്തില്‍ അഡ്വാന്‍സ് റൂളിംഗ് നല്‍കുന്നതിനുള്ള അതോറിറ്റിയെ നിയമിക്കണമെന്നതായിരുന്നു കോടതികളുടെ വാദം.

7.ജെകെ മിത്തല്‍ ആന്റ് കമ്പനിയും കേന്ദ്രസര്‍ക്കാരും തമ്മില്‍
ദില്ലി ഹൈക്കോടതിയിലായിരുന്നു വാദം. നിയമസേവനങ്ങളില്‍ ലെവി തീരുമാനിക്കുന്നത് സംബന്ധിച്ച ജിഎസ്ടി സ്റ്റാറ്റസ് തീരുമാനിക്കാനായിരുന്നു ദില്ലി ഹൈക്കോടതിയെ കമ്പനി സമീപിച്ചത്. ഇക്കാര്യത്തില്‍ എല്ലാ അഭിഭാഷകരും നിയമസ്ഥാപനങ്ങളും അഡ്വക്കേറ്റുമാരുടെ എല്‍എല്‍പികളും റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം വഴി ഭരിക്കപ്പെട്ടാല്‍ മതിയെന്നായിരുന്നു ഇത് സംബന്ധിച്ച ദില്ലി ഹൈക്കോടതി വിധി.

എന്തായാലും ജിഎസ്ടി സംബന്ധിച്ച ഇത്തരം കോടതി തര്‍ക്കങ്ങള്‍ സമയം കടന്നുപോകുന്നതോടെ ഇല്ലാതാകുമെന്ന് ആശിക്കുന്നു. വിവിധ വ്യാപാരമേഖലകള്‍ നേരിട്ട ആശങ്കകളെ സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ബില്‍ ഗേറ്റ്‌സ് ഒരിക്കല്‍ പറഞ്ഞതുപോലെ ‘നമുക്ക് പ്രതികരണം നല്‍കാന്‍ ജനങ്ങള്‍ ആവശ്യമാണ്. അങ്ങനെയാണ് നമ്മള്‍ മെച്ചപ്പെടുക.’

കൂടുതല്‍ മെച്ചപ്പെട്ട ഒരു ജിഎസ്ടി നിയമത്തിന്റെ പാതയിലാണ് നമ്മളെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

Photo Courtesy : Google/images may be subjected to copyright

 

 

ലേഖനം: അഡ്വ. ഷെറി സാമുവേല്‍ ഉമ്മന്‍
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം ടാക്‌സ്, കോര്‍പറേറ്റ് നിയമം എന്നിവയില്‍ വൈദഗ്ധ്യം നേടിയ ചാട്ടേര്‍ഡ് അക്കൗണ്ടന്റും കോസ്റ്റ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയും കൂടിയാണ്.
.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജിഎസ്ടി – ചില കോടതിമുറി കാഴ്ചകള്‍