Published On: Fri, Mar 9th, 2018

2018ല്‍ സ്വര്‍ണ്ണവില എവിടേക്ക്?

Window display of jewelry shop

2018 എത്തിക്കഴിഞ്ഞു. സ്വര്‍ണ്ണവിലയെക്കുറിച്ച് വിലയിരുത്താന്‍ നേരമായിരിക്കുന്നു. 2017ല്‍ സ്വര്‍ണ്ണവില എങ്ങനെയെല്ലാം മാറിമറിഞ്ഞു, ഈ വര്‍ഷം എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്, ഇതെല്ലാമാണ് വിലയിരുത്തേണ്ടത്. മറ്റ് ചരക്കുകളുടെ കാര്യത്തില്‍ ഡിമാന്റും സപ്ലൈയുമാണ് വില നിയന്ത്രിക്കുന്നതെങ്കില്‍ സ്വര്‍ണ്ണത്തിന്റെ കാര്യം അങ്ങനെയല്ല. അന്താരാഷ്ട്ര സാമ്പത്തിക രാഷ്ട്രീയ പ്രവണതകള്‍ക്കനുസരിച്ച് കൂടി പ്രതികരിക്കുന്ന ഒന്നാണ് സ്വര്‍ണ്ണവില. അതുകൊണ്ടായിരിക്കാം ഇക്കാര്യത്തില്‍ വിദഗ്ധരും സ്വര്‍ണ്ണവിപണിയുടെ ഉള്ളുകള്ളികള്‍ അറിയുന്നവരും നടത്തുന്ന പ്രവചനങ്ങള്‍ സാധാരണക്കാരുടെ വിലയിരുത്തലുകളേക്കാള്‍ സത്യമാവുന്നത്.

സ്വര്‍ണ്ണവില സുസ്ഥിരമായിരിക്കുമെന്നും മുകളിലേക്ക് കയറാനാണ് കൂടുതല്‍ സാധ്യതയെന്നുമാണ് 2017ല്‍ ഞാന്‍ പ്രവചിച്ചത്. സ്വര്‍ണ്ണവില ഒട്ടും ശുഭകരമല്ലാതിരുന്ന കാലമായിരുന്നു അത്. ട്രംപിന്റെ വിജയവും ബ്രെക്‌സിറ്റും ചേര്‍ന്ന് 2016ലെ സ്വര്‍ണ്ണവിലയുടെ കുതിപ്പ് തകരുന്ന നാളുകളായിരുന്നു അത്. എന്തൊക്കെയായാലും അന്നത്തെ എന്റെ പ്രവചനം ശരിയായി. 2017ല്‍ സ്വര്‍ണ്ണവിലയില്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തി.

സമീപകാല വര്‍ഷങ്ങളില്‍ സ്വര്‍ണ്ണവിലയുടെ ഉയര്‍ച്ചതാഴ്ചകള്‍

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണ്ണവില ക്രമാനുഗതമായി കുതിച്ചുയരുകയായിരുന്നു. 2001 ട്രോയ് ഔണ്‍സിന് 271.04 ഡോളറായിരുന്നെങ്കില്‍ 2011ല്‍ ഇത് 1900 ഡോളറായി ഉയര്‍ന്നു. അതിന് ശേഷം സ്വര്‍ണ്ണവില കുറച്ചുനാള്‍ കൂടിയും കുറഞ്ഞും പോവുകയും 2013 മുതല്‍ അത് ക്രമാനുഗതമായി ക്ഷയിച്ച് 2015ല്‍ 1060 ഡോളര്‍ എന്ന നിലയിലേക്കെത്തി.
സ്വര്‍ണ്ണവിയിലെ മാറ്റങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പട്ടിക താഴെ:
2016ല്‍ ബ്രെക്‌സിറ്റും ട്രംപിന്റെ വിജയവും കാരണം ഒട്ടേറെ സ്വാധീനമുണ്ടായി. പക്ഷെ 2017ല്‍ 12.7 ശതമാനം മൊത്തം ഉയര്‍ച്ച രേഖപ്പെടുത്തി.

2017ല്‍ സ്വര്‍ണ്ണവിലയെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു- 2017ല്‍ സ്വര്‍ണ്ണവിലയെ ഉയര്‍ത്തിയ ഘടകങ്ങളും അതിനെ നെഗറ്റീവായി സ്വാധീനിച്ച ഘടകങ്ങളും താഴെ കൊടുത്തിരിക്കുന്നു.
സ്വര്‍ണ്ണവിലയ്ക്ക് താങ്ങായ ഘടകങ്ങള്‍ പരിശോധിക്കാം.
1.യുഎസ് ഫെഡ് റേറ്റിലെ ഉയര്‍ച്ച: 2017 മാര്‍ച്ച്, ജൂണ്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ യുഎസ് ഫെഡറല്‍ റിസര്‍വ്വ് അവരുടെ പോളിസി റേറ്റ് മൂന്ന് തവണ ഉയര്‍ത്തി. യുഎസ് പലിശ നിരക്ക് ഉയരുമ്പോള്‍ സാധാരണ മറ്റൊരു നിക്ഷേപമാര്‍ഗ്ഗമെന്ന നിലയില്‍ സ്വര്‍ണ്ണം കൂടുതല്‍ ആകര്‍ഷകമാകാറുണ്ട്. 2017 ഡിസംബറില്‍ റേറ്റ് ഉയര്‍ന്നപ്പോള്‍ സ്വര്‍ണ്ണവിലയിലും ഉയര്‍ച്ചയുണ്ടായി.

2. രാഷ്ട്രീയ അസ്ഥിരത: 2017ല്‍ ജര്‍മ്മനിയിലെ തിരഞ്ഞെടുപ്പില്‍ ആഞ്ചല മെര്‍ക്കല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വോട്ട് ശതമാനം കുറവായത് സര്‍ക്കാര്‍ രൂപീകരണത്തില്‍ അസ്ഥിരതയുണ്ടാക്കി. കാറ്റലോണിയ വിട്ടുപോകുന്നത് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം സ്‌പെയിനില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കുന്നു. മിക്കവാറും അവിടെയും 2018ല്‍ തിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. യുഎസും വടക്കന്‍ കൊറിയയും തമ്മിലുള്ള തര്‍ക്കവും സൗദി അറേബ്യയിലെ അഴിമതിക്കെതിരായ നീക്കവും എല്ലാം സ്വര്‍ണ്ണവിലയെ സഹായിക്കും.

3.ഡോളര്‍ വിലത്താഴ്ച: 2017ല്‍ പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ വില താഴ്ന്നു. 2017ല്‍ യുഎസ് ഡോളര്‍ സൂചിക ഒമ്പത് ശതമാനം താഴ്ന്നു. ഡോളര്‍ വില സൂചികയും സ്വര്‍ണ്ണവിലയും തമ്മില്‍ വിപരീത ബന്ധമാണുള്ളത്. അതുകൊണ്ടാകണം ഡോളര്‍ സൂചിക താഴ്ന്നപ്പോള്‍ 2017ല്‍ സ്വര്‍ണ്ണവിലയില്‍ 12.7 ശതമാനം ഉയര്‍ച്ചയുണ്ടായത്.

സ്വര്‍ണ്ണവിലയെ താഴ്ത്തുന്ന ഘടകങ്ങള്‍

1.യെന്‍ വിലയുടെ താഴ്ച: 2017 ഒക്ടോബറില്‍ ഷിന്‍സോ ആബെ വീണ്ടും ജപ്പാന്‍ പ്രധാനമന്ത്രിയായി. വീണ്ടും അങ്ങേയറ്റം ദുര്‍ബലമായ സാമ്പത്തിക നയം തുടരുമെന്നും ഡോളര്‍ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ യെന്‍ വില വീണ്ടും താഴുമെന്നും ശ്രുതിയുണ്ടായി. ഇത് സ്വര്‍ണ്ണവിലയെ ബാധിക്കുമെന്ന് പരക്കെ ധാരയുണ്ടായി. ഡോളറുമായി വിപരീതാനുപാത ബന്ധമായതിനാല്‍ അത് സ്വര്‍ണ്ണത്തെ വിപരീതമായി ബാധിച്ചു.
2.യുഎസ് നികുതി പരിഷ്‌കാരം: യുഎസ് നികുതി പരിഷ്‌കാരം കോര്‍പറേറ്റ് വരുമാന നികുതി 35 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വെട്ടിക്കുറച്ചു. അത് യുഎസ് ഓഹരി വിപണിയിലുള്ള താല്‍പര്യം ശക്തമാക്കി. ഈ ബില്‍ പിന്നീട് യുഎസ് കോണ്‍ഗ്രസ് പാസാക്കി. ബദല്‍ നിക്ഷേപമാര്‍ഗ്ഗങ്ങള്‍ വികസിക്കുന്നത് സ്വര്‍ണ്ണത്തെ പ്രതികൂലമായി ബാധിക്കും.
3. ആഗോള സമ്പദ്ഘടനയുടെ ഉയര്‍ത്തെഴുന്നേല്‍പ്: ആഗോള സമ്പദ്ഘടനയുടെ ക്രമാനുഗതമായ ഉണര്‍വ്വ് വ്യാപാരവും മൂലധന ഒഴുക്കും വര്‍ധിപ്പിച്ചു. ഇത് സുരക്ഷിത സ്വത്ത് കേന്ദ്രങ്ങളായ സ്വര്‍ണ്ണത്തില്‍ നിന്നും പണം പുറത്തേക്കൊഴുകാന്‍ കാരണമായി. ക്രമേണ ഓഹരി, ബോണ്ട് വിപണയിലേക്കാണ് ഈ പണം കൂടുതലായി പോയത്.

പട്ടിക

2018ല്‍ പ്രതീക്ഷിക്കുന്നതെന്ത്
ഏത് തരം അരക്ഷിതാവസ്ഥയും സ്വര്‍ണ്ണത്തിന് നേട്ടമാകും. സ്വര്‍ണ്ണത്തിന്റെ ഭാവിവില തിട്ടപ്പെടുത്താനിരിക്കുമ്പോള്‍ വിദ്ഗ്ധര്‍ രണ്ട് തട്ടിലാണ്. ഒരു കൂട്ടര്‍ സ്വര്‍ണ്ണവില താഴുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ സ്വര്‍ണ്ണവില കാര്യമായി ഉയരുമെന്ന് പ്രവചിക്കുന്നു. ഇനിയും ഒരു കൂട്ടര്‍ പറയുന്നത് സ്വര്‍ണ്ണവില 1200 ഡോളറിനും 1350 ഡോളറിനും ഇടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുമെന്നാണ്. 2018ലെ ചില പ്രധാന പ്രവചനങ്ങളെക്കുറിച്ച് പറയട്ടെ.

ആറ് ശതമാനം വില കുറയുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍. 2018 പാതിയെത്തുമ്പോള്‍ സ്വര്‍ണ്ണവില 1200 ഡോളറില്‍ എത്തുമെന്ന് അവര്‍ പറയുന്നു. വെല്ലുവിളികള്‍ നിറഞ്ഞ സാമ്പത്തിക കാലാവസ്ഥയില്‍ സ്വര്‍ണ്ണവിലയില്‍ കാര്യമായ വളര്‍ച്ചയുണ്ടാകില്ലെന്നും 2018ല്‍ 1326 ഡോളറായിരിക്കും വിലയെന്നും ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പ്രവചിക്കുന്നു. സ്വര്‍ണ്ണവിലയുടെ ശരാശരി വില 1295 ഡോളര്‍ ആകുമെന്നാണ് ജെപി മോര്‍ഗന്‍ പറയുന്നത്. സ്വര്‍ണ്ണവില 2018ല്‍ 1350 ഡോളറാകും എന്നാണ് സിറ്റി ഗ്രൂപ്പ് സൂചിപ്പിക്കുന്നത്. റോയല്‍ ബാങ്ക് ഓഫ് കാനഡ പറയുന്നത് സ്വര്‍ണവിലയില്‍ ചില പരിമിതമായ ഉയര്‍ച്ച മാത്രം ഉണ്ടാകും എന്നാണ്.

ഇതെല്ലാം പറയുന്ന ഈ വേളയില്‍ സ്വര്‍ണ്ണവില ഇപ്പോഴെ 1340 ഡോളറില്‍ എത്തിനില്‍ക്കുകയാണ്.

എന്റെ കാഴ്ചപ്പാട്- സ്വര്‍ണ്ണവില പോസിറ്റീവാകും, പക്ഷെ യുഎസ് സമ്പദ് വ്യവസ്ഥ പോസിറ്റീവായിരിക്കില്ല
2010 കഴിഞ്ഞാല്‍ സ്വര്‍ണ്ണത്തെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2017. 13 ശതമാനമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഓഹരി വിപണി വില ക്രമാതീതമായി ഉയര്‍ന്നപ്പോഴും യുഎസ് ഫെഡ് നിരക്ക് മൂന്ന് തവണ ഉയര്‍ത്തിയപ്പോഴും ആണ് ഇത് സംഭവിച്ചത്. ഫിയര്‍ ട്രേഡ് എന്നാണ് കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ്ണവിലയുടെ നല്ല പ്രകടനത്തിന് ഇട്ട ഓമനപ്പേര്. യഥാര്‍ത്ഥ പലിശനിരക്ക് നെഗറ്റീവായതും കമ്മിച്ചെലവ് ഉയര്‍ന്നതോതിലായതും ഡോളര്‍ ദുര്‍ബലമായതും ഭൗമരാഷ്ടീയ അസ്ഥിരതയും ചേര്‍ന്നാണ് 2017ല്‍ സ്വര്‍ണ്ണവില ഉയര്‍ത്തിയതെന്ന് പറയുന്നു. അതായത് സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ നടന്നത് ഫിയര്‍ ട്രേഡ് ആയിരുന്നുവെന്ന് അര്‍ത്ഥം.

(മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ബോര്‍ഡ് അപ്പോയിന്റി കൂടിയാണ്. ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്.)

Nandakumar-Photoവി.പി നന്ദകുമാര്‍,
എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

 

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

2018ല്‍ സ്വര്‍ണ്ണവില എവിടേക്ക്?