Published On: Tue, Jul 10th, 2018

ഫഹദിന്റെ വേദന കണ്ടില്ല: ഫിറോസ് മരണത്തിലേക്ക് മറഞ്ഞു

 

firosപുഴയില്‍ മുങ്ങിയ സുഹൃത്തുക്കളെയും സഹോദരനെയും രക്ഷിക്കുന്നതിനിടെ അപകടത്തില്‍പെട്ട് മരണമടഞ്ഞ ഫിറോസ് എന്ന ബാലന്റെ ഓര്‍മ്മയില്‍ വിതുമ്പുകയാണ് കണ്ണൂര്‍. ആദികടലായി അഴിമുഖത്ത് പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോയ അനിയനെയും കൂട്ടുകാരനെയും രക്ഷിച്ചെങ്കിലും ഫിറോസ് ചെളിയില്‍ പുതഞ്ഞുപോവുകയായിരുന്നു. ശ്വാസകോശത്തില്‍ ചെളി നിറഞ്ഞ് അഞ്ച് ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഫിറോസ് മരണത്തിന് കീഴടങ്ങിയത്. ഫിറോസിന്റെ ഉമ്മയെയും അനിയനെയും സന്ദര്‍ശിച്ച ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്റെ കുറിപ്പ് വായനക്കാരെയും ദു:ഖത്തിലാഴ്ത്തും. ‘ഇക്കാക്ക ഒന്ന് വീട്ടില് വന്നാമതിയായിരുന്നു ന്റെ അള്ളാ’ എന്ന അനുജന്‍ ഫഹദിന്റെ വേദന നമ്മളില്‍ നിറയും. കരളലിയിക്കുന്ന ആ കുറിപ്പ് വായിക്കാം..

 

പുഴയിൽ മുങ്ങിയ സുഹൃത്തുക്കളെയും സഹോദരനെയും രക്ഷിക്കുന്നതിനിടെ അപകടത്തിൽപെട്ട ഫിറോസിന്റെ ഉമ്മയെ കാണാൻ സഹൽ .സി മുഹമ്മദിനൊപ്പം ഇന്നലെ ആദികടലായിലെ ആ പഴയ വീട്ടിൽ പോയിരുന്നു. ചികിത്സക്ക് പണമില്ലാതെ അത്രക്ക് വിഷമിക്കുന്നുണ്ടായിരുന്നു ആ കുടുംബം .ഇഷ്ട ടീമായ ഫ്രാൻസിന്റെ പതാക സ്കെച്ച് കൊണ്ട് വരച്ച് ഉമ്മറത്തൂണിൽ ഒട്ടിച്ചിരുന്നു. “ഫിറോസിന് ഫുട്ബോളെന്ന് പറഞ്ഞാ ജീവനാണ്. നല്ല മോനാ നല്ലോണം പഠിക്കും കളിക്കാൻ പോയതായിരുന്നു ന്റെ മോൻ …സഹായിക്കണം “ഉമ്മയുടെ ശബ്ദം ഇടറിയപ്പോളാണ്” കരയല്ലുമ്മാ “എന്നു പറഞ്ഞ് ഉമ്മയുടെ കണ്ണു തുടച്ചുകൊടുക്കുന്ന സഹോദരൻ ഫഹദിനെ ശ്രദ്ധിച്ചത്. കരഞ്ഞ് തളർന്ന മുഖമായിരുന്നു അവന്. “എന്നെ രക്ഷിക്കാനല്ലെ ഇക്ക ചാടിയത്. “കണ്ണു തുടച്ചുകൊണ്ട് മരുന്ന് വെച്ച്കെട്ടിയ കാൽ മുടന്തി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അപകടത്തിൽ പരുക്ക് പറ്റിയതാണ് കാലിന്.ആഴിയിൽ മുങ്ങിയവരെ രക്ഷിക്കുന്നതിനിടെ ഫിറോസ് ചെളിയിൽ പൂണ്ട് പോയി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആന്തരികാവയവങ്ങളിൽ ചെളി കയറിയിരുന്നു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവൻ.
“ഇക്കാക്ക ഒന്ന് വീട്ടില് വന്നാമതിയായിരുന്നു ന്റെ അള്ളാ” അനുജൻ ഫഹദ് ചങ്കിടറിക്കരഞ്ഞപ്പോഴേക്കും സഹൽ അവനെ ചേർത്തുപിടിച്ച് സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ചങ്കിൽ കൊള്ളിയാൻ പോയ വേദന. ഇരുട്ട് മൂടിയ അകത്തളത്തെ ഉയരം കുറഞ്ഞ കട്ടിലപ്പടിയിൽ ഫിറോസിന് കിട്ടിയ ക്ലാവ് പിടിച്ച മെഡലുകൾ തൂക്കിയിട്ടിരിക്കുന്നു. കടൽ കാറ്റടിച്ച് ഇടക്കിടെ കൂട്ടിയിടിച്ച് അവ തേങ്ങിക്കരയുന്നപോലെ തോന്നി. നോട്ടു പുസ്തകങ്ങളിലെ അവന്റെ കൂട്ടക്ഷരങ്ങളിലുടെ കണ്ണോടിക്കുമ്പോളാണ് ഫിഫ വേൾഡ്കപ്പ് റഷ്യ എന്ന് നീട്ടി എഴുതി ഓരോ മത്സരങ്ങളും ഗ്രൂപ്പും വിജയവും തരം തിരിച്ച പേജുകൾ കാണുന്നത്.ഇഷ്ട ടീമുകളുടെ പതാകകൾ വരച്ച് ഭംഗിയാക്കിയത് കണ്ടാലറിയാം ആ ഒൻപതാം ക്ലാസുകാരൻ ഫുഡ്ബോളിനേ എത്രമേൽ പ്രണയിച്ചിരുന്നെന്ന്. ആദികടലായിത്തീരത്തേ ചെളിക്കുണ്ടിനടുത്തുള്ള മണൽത്തീരത്ത് കൂട്ടുകാർ ഫുഡ്ബോൾ കളിച്ചിട്ട് ദിവസങ്ങളായി. ഫിറോസിനെയും കാത്ത് ഉണക്കക്കമ്പുകൾ ചേർത്ത് കെട്ടിയുണ്ടാക്കിയ ഗോൾ പോസ്റ്റുകൾ കാറ്റത്ത് വീഴാതേ കാത്തിരുപ്പുണ്ടായിരുന്നു. തിരമാലകളുടെ ദേഷ്യം നോക്കിനിന്ന് ഞങ്ങൾ മടങ്ങുമ്പോഴെക്കും ഫിറോസിന്റെ മരണവാർത്ത എത്തിയിരുന്നു. മൊബൈലിൽ ഫഹദ് അയച്ചു തന്ന അവന്റെ പടം നോക്കിയപ്പോളാണ് ശ്രദ്ധിച്ചത് കുപ്പായത്തിലും ഫുട്ബോൾ തുന്നിവച്ചിരിക്കുന്നു.ലോകം താംലുവാങ്ങ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിലേക്ക് ഉറ്റു നോക്കുമ്പോൾ നമുക്കും അഭിമാനിക്കാം.ഫിറോസും നിരവധി ജീവനുകൾ രക്ഷിച്ചാണ് മൈതാനത്തുനിന്ന് മടങ്ങുന്നത് അവനും അർഹിക്കുന്ന ബഹുമതി നമുക്ക് കൊടുക്കാനാകണം. ഇന്ന് അവന്റെ പ്രിയപ്പെട്ട ഫ്രാൻസിന്റെ സെമിയാണ്. പറുദീസയിലെ വലിയ ഗ്യാലറിയിൽ ഇരുന്ന് അവൻ കണ്ണിമചിമ്മാതെ കളികാണുമായിരിക്കും. ദൈവമേ ആ കുടുംബത്തിന്റെ വേദനയിൽ താങ്ങാവണേ. . .

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഫഹദിന്റെ വേദന കണ്ടില്ല: ഫിറോസ് മരണത്തിലേക്ക് മറഞ്ഞു