Published On: Wed, Sep 20th, 2017

ടാറ്റ നെക്‌സണ്‍

 

Tata-Nexon-Geneva-Editionവാഹനനിര്‍മ്മാതാക്കളില്‍ ഗുണനിലവാരം വന്‍തോതില്‍ കൂട്ടിക്കൊണ്ടിരിക്കുന്ന കമ്പനിയാണ്‌ ടാറ്റ മോട്ടോഴ്‌സ്‌. രണ്ട്‌ ദശകം മുമ്പ്‌ കാര്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്ന കാലം മറക്കുക. ഇന്ന്‌ അവര്‍ക്ക്‌ വിവിധ മോഡലുകളുടെ തനതും വിപുലവുമായ ശ്രേണിയുണ്ട്‌. ലോകത്തെ ഏത്‌ വന്‍കിട ബ്രാന്റുകളോടും കിടപിടിക്കാന്‍ സാധിക്കുന്ന ഉല്‍പന്നങ്ങളാണ്‌ അവര്‍ നിര്‍മ്മിക്കുന്നത്‌. ഇനി ടാറ്റയുടെ കുടുംബത്തില്‍ നിന്നും വരുന്ന അടുത്ത ഏറ്റവും വലിയ മോഡലായ നെക്‌സണിലേക്ക്‌ പ്രവേശിക്കാം.

സ്റ്റൈലിംഗ്‌ പലതില്‍ നിന്നും പ്രചോദനം സ്വീകരിച്ചിട്ടുള്ള ഒന്നാണ്‌. പക്ഷെ മൊത്തത്തില്‍ നല്ല ആകര്‍ഷണീയത ഉണ്ടെന്ന്‌ നിസ്സംശയം പറയാം. ചിലര്‍ക്ക്‌ ഇത്‌ ഒരു കോണ്‍സെപ്‌റ്റ്‌ കാറാണെന്ന്‌ തോന്നിച്ചേക്കാം. 2014ലെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ മോഡലില്‍ നിന്നും വലിയ അന്തരമൊന്നുമില്ല. കാറിന്റെ മേല്‍ക്കൂര അല്‍പം അധികമായി വളഞ്ഞ ഒന്നാണ്‌. എ, സി എന്നീ പില്ലറുകളുടെ ചുറ്റും നോക്കിയാല്‍ ആധുനികമായ ഈ ശരീരവളവ്‌ കാണാം. കോണ്‍ട്രാസ്‌റ്റായി കാണുന്ന സില്‍വര്‍ മേല്‍ക്കൂര കാറിന്റെ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നു. മുന്‍ഭാഗത്തെ ഗ്രില്‍ കരുത്തുറ്റതാണ്‌. ഹെഡ്‌ലാമ്പ്‌ മറ്റ്‌ ടാറ്റാ കാറുകളെപ്പോലെ പുഞ്ചിരിക്കുന്നു. കാറിന്റെ മേല്‍ക്കൂര നോക്കിയാല്‍ അത്‌ എസ്‌ യുവി എന്നതിനേക്കാള്‍ ഹാച്ച്‌ബാക്കാണെന്നേ തോന്നൂ. പിന്‍ഭാഗമാകട്ടെ തികച്ചും അസാധാരണമാണ്‌. 16 ഇഞ്ച്‌ വീല്‍ എന്നത്‌ തീര്‍ച്ചയായും മികച്ച ഡിസൈന്‍ തന്നെ. വ്യത്യസ്‌ത നിറത്തിലുള്ള സെറാമിക്‌ ഫിനിഷോടുകൂടിയ കാറിന്റെ വെയ്‌സ്റ്റ്‌ ലൈനും അല്‍പം കരുത്തുറ്റതാണ്‌. പക്ഷെ അവിടെ പോറലുകള്‍ എളുപ്പം വീഴാന്‍ സാധ്യതയുണ്ടെന്ന ഒരു പോരായ്‌മയുണ്ട്‌.

നെക്‌സണിന്റെ ഇന്റീരിയര്‍ ഗംഭീരമാണ്‌. എല്ലാറ്റിനും ഗുണനിലവാരത്തിന്റേതായ ഒരു മികവ്‌ എങ്ങും കാണാം. ഡാഷ്‌ ബോര്‍ഡിലെ ടെക്‌സ്‌ചറും ക്വില്‍റ്റുള്ള മേല്‍ക്കൂരയും സീറ്റും, ഡാഷ്‌ബോര്‍ഡില്‍ ഒഴുകിപ്പോകുന്ന സില്‍വര്‍ ലൈനും, കണ്‍ട്രോളും എല്ലാം അപ്‌മാര്‍ക്കറ്റ്‌ തിളക്കം വിളിച്ചോതുന്നു. കീയില്ലാതെ അകത്തുപ്രവേശിക്കാം, ഓട്ടോമാറ്റിക്കായി കാറിനുള്ളിലെ ക്ലൈമറ്റ്‌ നിയന്ത്രിക്കാം….പക്ഷെ ടാറ്റ ഇതില്‍ കൂടുതല്‍ വാഗ്‌ദാനം ചെയ്യുന്നു. ജാഗ്വാര്‍ എഫ്‌-പേസിലേതുപോലെ നിങ്ങള്‍ക്കും ഒരു റിസ്റ്റ്‌ബാന്റ്‌ ലഭിക്കും. അത്‌ മുഖ്യവും ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ക്ക്‌ ഇണങ്ങുന്നതുമാണ്‌. മര്യാദവിലയിലുള്ള ഒരു കാറില്‍ കാണാവുന്ന ഏറ്റവും മികച്ച സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീനാണ്‌ ടാറ്റ നെക്‌സണിലുള്ളത്‌. ആന്‍ഡ്രോയ്‌ഡ്‌ ഓട്ടോയും ഇന്റര്‍ഫേസും മികച്ചതാണ്‌. സൂര്യപ്രകാശത്തിലും വായിക്കാനാകും. കാറിന്റെ പ്രകടനം മെച്ചപ്പെടുത്താവുന്ന ഒട്ടേറെ ആപുകളും ഉണ്ട്‌. റിയര്‍വ്യൂ ക്യാമറ അല്‍പം ഗുണനിലവാരം കുറഞ്ഞതാണ്‌. അതുപോലെ സിസ്റ്റത്തിന്റെ ടച്ച്‌ പ്രവര്‍ത്തനം അല്‍പം തണുപ്പന്‍മട്ടാണ്‌. പക്ഷെ എട്ട്‌ സ്‌പീക്കറോടുകൂടിയ ഹര്‍മാന്‍ കാര്‍ഡന്‍ സ്ഥാപിച്ചാല്‍ സൗണ്ട്‌ മികച്ചതാകും. ഉള്ളില്‍ അവിടെയും ഇവിടെയുമായി സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ചെറിയ ചെറിയ ഇടങ്ങളുണ്ട്‌. പക്ഷെ ഇത്തരം പല സ്‌പേസുകളും അത്രയ്‌ക്ക്‌ ചിന്തയോടെ സൃഷ്ടിച്ചിട്ടുള്ളതല്ലെന്ന പരാതിയുണ്ട്‌. കപ്പുകള്‍ വെക്കാവുന്ന കാറിന്റെ സെന്റര്‍ കണ്‍സോളിലെ ഭാഗം സുഗമമായി പ്രവര്‍ത്തിക്കില്ല. കുടവെക്കാനുള്ള ഡോറിനുള്ളിലെ സ്‌പേസും ശരിയായ ഇടത്തിലല്ല ഒരുക്കിയിരിക്കുന്നത്‌.

മുന്‍സീറ്റുകള്‍ ഉയര്‍ന്ന നിലയിലാണ്‌. അതിനാല്‍ സുഖകരമായ ഒരു ഡ്രൈവിംഗ്‌ സ്ഥാനം കണ്ടുപിടിക്കല്‍ ബുദ്ധിമുട്ടാകില്ല. പിന്‍ഭാഗത്ത്‌ രണ്ടുപേര്‍ക്ക്‌ സുഖകരമായി ഇരിക്കാം. വിസ്‌താരമുള്ള ഹെഡ്‌റൂം തലയുയര്‍ത്തി ഇരിക്കാന്‍ സഹായകരമാകും. സീറ്റുകള്‍ക്ക്‌ നല്ല കുഷ്യനിംഗ്‌ ഉണ്ട്‌. അത്‌ സുഖകരമായ ഇരുത്തം സുഗമമാക്കുന്നു. സീറ്റുകളുടെ ഉയരക്കൂടുതല്‍ ചിലപ്പോള്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക്‌ പുറം കാഴ്‌ചകള്‍ക്ക്‌ തടസ്സം ഉണ്ടാക്കിയേക്കാം. 350 ലിറ്ററിന്റെ ബൂട്ട്‌ സ്‌പേസ്‌ മതിയാവോളം ഉണ്ട്‌. കൂടുതല്‍ ബൂട്ട്‌സ്‌പേസ്‌ വേണമെങ്കില്‍ പിന്‍സീറ്റുകള്‍ 60:40 അനുപാതത്തില്‍ മടക്കിവെയ്‌ക്കാം.

നെക്‌സണ്‌ രണ്ട്‌ എഞ്ചിനുകള്‍ ഉണ്ട്‌- 1.2ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.5ലിറ്റര്‍ ഡീസല്‍ എഞ്ചിനും. രണ്ടിനും 110ബിഎച്ച്‌പി കരുത്തുണ്ട്‌. ടിയാഗോ, ടിഗോര്‍ എന്നിവയുടെ അതേ പെട്രോള്‍ എഞ്ചിനാണ്‌ ഉള്ളത്‌. പക്ഷെ ഒരു ടര്‍ബോ ചാര്‍ജറും വേരിയബിള്‍ വാള്‍വ്‌ ടൈംമിങും ചേര്‍ത്തിട്ടുണ്ട്‌. ഈ എഞ്ചിന്‌ 170 എന്‍എം ടോര്‍ക്കുണ്ടെങ്കിലും റോഡില്‍ അത്ര ആകര്‍ഷകമായ പ്രകടനത്തിന്‌ സാധിക്കില്ല. ടര്‍ബോ സ്‌പൂളിംഗിന്‌ അല്‍പം വേഗതയുണ്ടായാലേ നടക്കൂ. പക്ഷെ വേഗത്തില്‍ ചലിച്ചുതുടങ്ങിയാലും എഞ്ചിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക്‌ ഒന്നുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന്‌ തോന്നും. അമിതവേഗം അത്രയ്‌ക്ക്‌ ആഹ്ലാദാനുഭവമല്ല. ഏറ്റവും നല്ലത്‌ മിതവേഗമാണ്‌. ക്ലച്ച്‌ അനായാസകരമാണ്‌. ഗിയര്‍ബോക്‌സ്‌ സുഗമമാണ്‌.

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ടിയാഗോ, ടിഗോര്‍ കാറുകളുടെ എഞ്ചിനുകളില്‍ നിന്നും രൂപപ്പെടുത്തിയതാണ്‌. അധിക സിലിണ്ടറുകള്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ ആകെ നാല്‌ സിലിണ്ടറുകള്‍ കാണാം. ടൗണില്‍ അനായാസം ഓടിക്കാം. ടൗണില്‍ നേരമ്പോക്കിന്‌ ഓടിക്കുമ്പോള്‍ പോലും 260 എന്‍എം ടോര്‍ക്ക്‌ ലഭിക്കും. ഹൈവേയില്‍ ഓടിക്കുമ്പോള്‍ പോലും ആറാമത്തെ അധിക ഗിയര്‍ ഹൈസ്‌പീഡിലും നല്ല സുഖകരമായ അനുഭവം സമ്മാനിക്കുന്നു. പ്രവര്‍ത്തനക്ഷമെ അല്ലാതിരിക്കുമ്പോഴും ഡീസല്‍ എഞ്ചിന്‌ കലപില ശബ്ദമില്ല. പക്ഷെ അല്‍പം വിറയല്‍ അനുഭവപ്പെട്ടേക്കും. നെക്‌സണിന്റെ ആകെ ഭാരം 1305 കിലോഗ്രാമാണ്‌. ബ്രെസ്സയേക്കാള്‍ ഏകദേശം 110 കിലോ അധികഭാരം. എഞ്ചിന്‍ ഒരിക്കലും 4500 ആര്‍പിഎമ്മിനപ്പുറം കറങ്ങില്ല.

കരുത്ത്‌ പുറത്തെടുക്കുന്നത്‌ ഏതാണ്ട്‌ നേര്‍രേഖയിലാണ്‌. അതിനാല്‍ തന്നെ വളരെ ശാന്തമായിരുന്ന്‌ ഓടിക്കാന്‍ പറ്റിയ വണ്ടിയാണ്‌. യാത്രാസുഖത്തിന്റെ കാര്യത്തിലാണ്‌ നെക്‌സണ്‍ തിളങ്ങുന്നത്‌. അത്ര മൃദുലമായ ഒഴുക്കാണെന്ന്‌ പറയുന്നില്ലെങ്കിലും കുണ്ടും കുഴിയും റോഡ്‌ തകര്‍ച്ചയും കുലുക്കമില്ലാതെ താണ്ടിക്കൊള്ളും. കുറച്ച്‌ ബലക്കൂടുതല്‍ ഉണ്ടെങ്കിലും അത്‌ ശല്യമാകുന്ന നിലവാരത്തില്‍ ഇല്ല. ബോഡി റോള്‍ കുറവാണ്‌. സ്റ്റിയറിംഗ്‌ ഏറെക്കുറെ കൃത്യമാണ്‌. ടയറിന്റെ പിടിത്തം ഭേദപ്പെട്ട നിലയിലാണ്‌. ബ്രേക്കുകള്‍ നല്ല ഉറപ്പുനല്‍കുന്ന നിലവാരം പുലര്‍ത്തുന്നു. ഇകോസ്‌പോര്‍ടും ബ്രെസ്സയും ഓടിക്കുന്ന അതേ വേഗതയില്‍ ഒരു പക്ഷെ നെക്‌സണ്‍ ഓടിക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷെ അതില്‍ വിശ്വാസമര്‍പ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ വേണ്ടതെല്ലാം നെക്‌സണ്‍ നല്‍കും.

എല്ലാം തികഞ്ഞ ഒരു സമ്പൂര്‍ണ്ണകാര്‍ എന്ന്‌ പറയാന്‍ കഴിയില്ലെങ്കിലും കോംപാക്ട്‌ എസ്‌ യുവി എന്ന മേഖലയിലെ ഹരമായി നെക്‌സണ്‍ മാറും. സ്റ്റൈലിംഗ്‌, ഇന്റീരിയര്‍, ഉപകരണങ്ങളുടെ ലിസ്റ്റ്‌, മികച്ച യാത്രസുഖം തുടങ്ങിയ സ്‌ട്രോംഗ്‌ പോയിന്റുകള്‍ ഇന്ത്യക്കാര്‍ ശ്ലാഘിക്കുമെന്നുറപ്പ്‌. ഹെക്‌സ എന്ന ടാറ്റാ കാര്‍ പഴയ ആരിയയുടെ മുഖംമിനുക്കലായിരുന്നു. ടിയാഗോയും ടിഗോറും ചില പ്രത്യേക വിലനിലവാരങ്ങള്‍ക്കൊപ്പിച്ച്‌ നിര്‍മ്മിക്കപ്പെട്ടവയാണ്‌. പക്ഷെ ടാറ്റാശ്രേണിയില്‍ ഒരു പക്ഷെ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആയിരിക്കും നെക്‌സണ്‍. അതിന്‌ കാര്‍ ഉപഭോക്താക്കളുടെ ഇഷ്ടങ്ങളില്‍ സ്ഥാനം പിടിക്കാനും ടാറ്റയെ മുകളില്‍ എത്തിക്കാനും കഴിഞ്ഞേക്കും. പക്ഷെ ഇതെല്ലാം എന്തുവിലയാണ്‌ ടാറ്റാ പുതിയ കാറിന്‌ നല്‍കാന്‍ പോകുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും. പക്ഷെ അതിന്‌ ടാറ്റാ അവരുടെ ഇമേജിന്മേല്‍ അല്‍പം പ്രവര്‍ത്തിക്കേണ്ടിവരും. വിലനിലവാരം കൃത്യമായി അടയാളപ്പെടുത്തുക എന്നത്‌ അതില്‍ ഒരു പ്രധാനകാര്യമാണ്‌.

 

Photo Courtesy : Google/ Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ടാറ്റ നെക്‌സണ്‍