Published On: Wed, Jul 26th, 2017

ഡിസയര്‍

 

Swift-Dzire2017-Exterior-Looksനാല് മീറ്ററില്‍ താഴെയുള്ള സെഡാന്‍ വിഭാഗത്തില്‍പ്പെട്ട ഏറ്റവും പ്രധാന കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍. ഇന്ത്യയില്‍ ഏകദേശം 15 ലക്ഷം വീടുകളില്‍ ഈ സെഡാന്‍ ഇടംപിടിച്ചിട്ടുണ്ട്. സെഡാന് മുമ്പിറങ്ങിയ കാറുകളും വിജയമായിരുന്നു. ചില മാസങ്ങളില്‍ ഡിസയര്‍ ആള്‍ട്ടോയേക്കാള്‍ കൂടുതല്‍ വിറ്റുപോയി. എങ്കിലും ഡിസയറിന് ഒരു കുഴപ്പമുണ്ടായിരുന്നു. അതൊരിക്കലും കാഴ്ചയ്ക്ക് ആകര്‍ഷകമായിരുന്നില്ല. ആദ്യതലമുറയിലെ ഡിസയര്‍ കാറുകളുടെ ബൂട്ടിന് ഗോളാകൃതിയായിരുന്നു. ആ കുഴപ്പം പരിഹരിച്ചിറക്കിയ രണ്ടാം തലമുറയിലെ ഡിസയറിനും ആകര്‍ഷണീയത കുറവായിരുന്നു. ഓരോ തവണ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടും ഡിസൈനിലെ അപാകത മാറ്റമില്ലാതെ തുടര്‍ന്നു. സ്വിഫ്റ്റ് കാറിന് പിന്നില്‍ ഒരു ബൂട്ട് പിടിപ്പിച്ചതുപോലെയായിരുന്നു ഇതുവരെ ഡിസയറിന്റെ രൂപഘടന.

ഇനി പുതിയ ഡിസയറിനെ നോക്കൂ. ആദ്യമായി സ്വിഫ്റ്റില്‍ നിന്ന് ജനിച്ചതുപോലെയല്ലാത്ത ഒരു ഡിസയര്‍ നിങ്ങളെത്തേടി എത്തുന്നു. എ പില്ലര്‍ വരുന്നതോടെ ഉരുണ്ട രൂപമെന്ന അപാകത ഒഴിവായി. ഗ്ലാസിന്റെ ഏരിയയില്‍ നിന്ന് നോക്കിയാല്‍ ഒരു ഹാച്ച്ബാക്ക് പോലെയല്ല, സെഡാനായിത്തന്നെ തോന്നും. വിന്‍ഡ് സ്‌ക്രീന്‍ ബൂട്ടിന്റെ മൂടിയിലേക്ക് ഒഴുകിയിറങ്ങുന്നത് പോലെ തോന്നും. ടോപ് എഡ്ജുകള്‍ സി-പില്ലറിലേക്ക് നീണ്ടുവരുന്നു. എല്ലാ തരത്തിലും അനുപാതം കൃത്യമായ അളവില്‍ ലയിച്ചുചേരുന്നതാണ് പുതിയ സുസുക്കി ഡിസയര്‍. പുതിയ കാറിന് ഡിസയര്‍ എന്ന് മാത്രമാണ് പേര്‍. സ്വിഫ്റ്റ് ഇറങ്ങുന്നതിന് മുമ്പ് വിപണിയില്‍ എത്തിയ കാര്‍ ആയതിനാല്‍ ഈ രണ്ട് മോഡലുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.

്‌സ്റ്റൈലിങും നന്നായിട്ടുണ്ട്. എങ്കിലും മുന്‍ഭാഗത്തെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നേക്കാം. ഗ്രില്ല് നല്ലതുപോലെ വിടര്‍ന്നിട്ടാണ്. മികച്ച രൂപഭംഗിയുള്ള ഡിആര്‍എല്ലുകളോടു കൂടിയ ഹെഡ്‌ലാമ്പുകള്‍ ഗംഭീരമാണ്. വശത്തുനിന്നും നോക്കിയാല്‍ മികച്ച രൂപഭംഗിയുടെ വടിവുകള്‍ കാണാം. പക്ഷെ പിന്നില്‍ നിന്ന് നോക്കിയാല്‍ മാരുതി കാറിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട് താനും. അലോയ് വീലുകള്‍ കൂടുതല്‍ പേര്‍ക്കും ആകര്‍ഷകമായി തോന്നും.

ആധുനിക രൂപഭാവങ്ങളോട് കൂടിയ ഡാഷ് ബോര്‍ഡുകള്‍ കാര്യങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. നല്ലതുപോലെ ഡിസൈന്‍ ചെയ്ത കണ്‍ട്രോളും മികച്ചതാണ്. ഇന്റീരിയറില്‍ കറുപ്പും ബീജും കളര്‍ നല്‍കി നടുവില്‍ ചെറുതായി വുഡ് ഫിനിഷും കൊണ്ടുവന്നിരിക്കുന്നു. സ്റ്റിയറിംഗ് ജാഗ്വര്‍ കാറിന്റേതുപോലെ തോന്നും. പിടിക്കാന്‍ നല്ല സുഖമാണ്. സ്റ്റിയറിംഗില്‍ കാണുന്ന വുഡ് ഫിനിഷും പലര്‍ക്കും ഇഷ്ടമാകും. പക്ഷെ ഡാഷ് ബോര്‍ഡിന്റെ ഗുണനിലവാമെടുത്തുനോക്കിയാല്‍ പഴയ ഡിസയറിന്റേതുപോലെ തന്നെയാണ്. സ്വിച്ചുകളും നോബുകളും അതിന്റെ ഭാരവും ക്രോം ഫിനിഷും നോക്കുമ്പോള്‍ പ്രീമിയം ലുക്കുണ്ട്. മാരുതിയുടെ പരിചിതമായ ഇന്‍ഫോടെയ്‌മെന്റ് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പമാണ്. കാബിനില്‍ നല്ല സ്‌പേയ്‌സ് ഉണ്ട്. മുന്‍സീറ്റ് മൃദുലവും വീതി കൂടിയതുമാണ്. വീല്‍ബേസ് 2450 എംഎം ആയത് പിന്നില്‍ നല്ല ലെഗ്‌സ്‌പേസ് സൃഷ്ടിക്കുന്നു. സീറ്റിംഗ് പൊസിഷനും 378 ലിറ്റര്‍ ബൂട്ട് സ്‌പേസിന്റെ രൂപകല്‍പനയും നല്ലതാണ്. പിന്നില്‍ ഹെഡ്‌റൂം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാന്‍ സാധ്യതയുണ്ട്.

സ്വിഫ്റ്റ്, ഇഗ്നിസ്, ബലേനോ എന്നീ മാരുതി കാറുകളില്‍ ഉപയോഗിച്ച 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചിനുകള്‍ ആണ് ഡിസയറിന്റേത്. 83ബിഎച്ച്പി കരുത്തും 113എന്‍എം ടോര്‍കുമുള്ള പെട്രോള്‍ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കും. 860 കിലോ ഭാരമുള്ള കാറുമായി ഈ എഞ്ചിന്‍ നന്നായി ഒത്തിണങ്ങി പ്രവര്‍ത്തിക്കും. ഈ എഞ്ചിന്‍ കാറിനെ കൂടുതല്‍ വീര്യത്തോടെ പ്രവര്‍ത്തിപ്പിക്കുന്നു. ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ബോക്‌സും ഈ പെട്രോള്‍ മോഡലിന്റെ പ്രത്യേകതയാണ്. 1.2 ലിറ്റര്‍ എഞ്ചിനില്‍ നാലാമത് ഒരു സിലിണ്ടര്‍ കൂടിയുള്ളതിനാല്‍ അത് സെലീറിയോയേക്കാള്‍ കാറിന് മികച്ച പവര്‍ ബാലന്‍സ് നല്‍കുന്നു. അതിനാല്‍ ഓട്ടോമാറ്റിക് ഗിയറിനെ അധികം തവണ മുകളിലേക്കും താഴേക്കും പ്രവര്‍ത്തിപ്പിക്കേണ്ടിവരില്ല. ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ബോക്‌സിനെ കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു മാരുതി എഞ്ചിനീയര്‍മാര്‍. ക്ലച്ച് പ്രവര്‍ത്തനത്തിലും ഗിയര്‍ മാറ്റുന്ന അവസരങ്ങളിലും ഇറക്കം ഇറങ്ങേണ്ടിവരുമ്പോഴുമെല്ലാം പുതിയ ഗിയര്‍ ബോക്‌സ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.
1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഫിയറ്റിന്റേതാണ്. 75ബിഎച്ച്പിയാണ് കുതിപ്പ് ശേഷി. ഡീസല്‍ എഞ്ചിനിലും ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ബോക്‌സാണ്. ചെലവ് കുറയ്ക്കുന്ന ഡീസല്‍ എഞ്ചിനുമായി ഈ ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ ബോക്‌സ് നന്നായി ഒത്തിണങ്ങിപ്പോകും. ഹൈവേകളിലും മറ്റും പോകുമ്പോള്‍ പരമാവധി 190എന്‍എം ടോര്‍ക് ഈ എഞ്ചിന്‍ നല്‍കും. ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ബോക്‌സ് സാവധാനത്തിലേ പ്രവര്‍ത്തിക്കൂ എന്നതിനാലും ഡീസല്‍ എഞ്ചിന് ടര്‍ബോ ലാഗ് ഉണ്ടെന്നതിനാലും മറ്റ് വാഹനങ്ങളെ പെട്ടെന്ന് വെട്ടിച്ച് കടക്കേണ്ടിവരുമ്പോള്‍ ഗിയറുകള്‍ മാനുവലായി തന്നെ മാറ്റേണ്ടിവരും. ഇത് മാത്രമാണ് ഈ ഡീസല്‍ പതിപ്പിന്റെ ഒരേയൊരു പോരായ്മ എന്ന് വേണമെങ്കില്‍ പറയാം. അതല്ലാതെ എല്ലാ അര്‍ത്ഥത്തിലും ഡീസല്‍ പതിപ്പ് പെര്‍ഫെക്ടാണ്.

വളവ് തിരിവുകളില്‍ വേഗതയോടെ തന്നെ ഡിസയര്‍ അനായാസം ഡ്രൈവ് ചെയ്യാം. കംഫര്‍ട്ടിന് വേണ്ടി ഒരുക്കിയിട്ടുള്ള സസ്‌പെന്‍ഷന്‍ ഗ്രിപ്പും ബാലന്‍സും പകര്‍ന്ന് നല്‍കും. സ്റ്റിയറിംഗിന് അല്‍പം കൂടി ഭാരമുണ്ടായിരുന്നെങ്കില്‍ എന്ന് ചിലര്‍ ചിന്തിക്കുന്നു. പക്ഷെ മൊത്തില്‍ ഡിസയര്‍ ഹാന്‍ഡില്‍ ചെയ്യാന്‍ വളരെ എളുപ്പമുള്ള കാറാണ്. വളവ് തിരിയുമ്പോള്‍ താഴ്ന്ന കെര്‍ബ് ഭാരവും ബാലന്‍സ് എളുപ്പമാക്കുന്നു. ഡിസയര്‍ ഇത്രയും മികച്ചതാണെങ്കില്‍ പുതുതായി വരാന്‍ പോകുന്ന സ്വിഫ്റ്റ് എന്തായാരിക്കുമെന്ന് അതിശയിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കൂ. പഴയ ഡിസയറിനേക്കാള്‍ യാത്രാ സുഖം എത്രയോ മികച്ചതാണ്. തകര്‍ന്ന റോഡുകളില്‍ ബമ്പുകള്‍ കയറുമ്പോള്‍ മാത്രം അല്‍പം അസ്വസ്ഥത അനുഭവപ്പെട്ടേക്കും. 185/65 ടയറുകളും ബ്രേക്കും മികച്ചതാണ്.

ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറിന് പുതിയ രൂപഭാവങ്ങള്‍ നല്‍കുക എന്നത് വെല്ലുവിളിയാണ്. പക്ഷെ മാരുതി ആ വെല്ലുവിളിയെ അതിജീവിച്ചു. ഈ വിഭാഗത്തില്‍പ്പെട്ട മറ്റുകാറുകളെ ഇത് വില്‍പനയില്‍ മറികടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പഴയ മോഡലിനേക്കാള്‍ വലുതും വേഗതയുള്ളതും ഭാരക്കുറവുള്ളതും എല്ലാ രീതിയിലും മികച്ചതുമാണ് പുതിയ ഡിസയര്‍. കൂടുതല്‍ ഇടം, മികച്ച ബൂട്ട്, കാര്യക്ഷമതയുള്ള ഒരു ജോഡി എഞ്ചിനുകള്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ മേന്‍മ. ഒപ്പം ഒരു പിടി പുതിയ ഫീച്ചറുകളും ഉണ്ട്. പൊട്ടിയ റോഡുകളില്‍ മികച്ച രീതിയില്‍ യാത്ര ചെയ്യാനാകും. എബിഎസും എയര്‍ബാഗും വിപണിയിലെ നിലവാരം പാലിക്കുന്നു. അത് ഏറ്റവും വില കൂടിയ മോഡലിന് മാത്രം എന്ന രീതിയില്‍ ഒതുക്കിയിട്ടില്ല. 5.45 ലക്ഷം മുതല്‍ 9.41 ലക്ഷം വരെയാണ് വില. എന്തായാലും കൊടുക്കാന്‍ പറ്റാത്തത്രയും ഓര്‍ഡറുകള്‍ ഡിസയറിനെത്തേടിയെത്തുമെന്ന് തീര്‍ച്ച.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഡിസയര്‍