Published On: Wed, Nov 29th, 2017

ജീപ്പ് കോംപസ്

 

2017-Jeep-Compass-0-60-Wallpaperറെനോ ഡസ്റ്റര്‍ കാര്‍വിപണി കീഴടക്കി മുന്നേറിയ നാളുകള്‍ നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടോ? ആരെയും ആകര്‍ഷിക്കുന്ന രൂപഭാവവുമായി വിപണിയില്‍ സ്വന്തമായ ഇടം കണ്ടെത്താന്‍ ഡസ്റ്ററിന് കഴിഞ്ഞു. സേവനത്തിന്റെ ഗുണനിലവാരമോ, ദീര്‍ഘകാലത്തേക്ക് വിശ്വസിക്കാമോ എന്നൊന്നും നോക്കാതെ ആളുകള്‍ ആ വാഹനത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അങ്ങനെ ഡസ്റ്റര്‍ വിജയിച്ചുവെന്നു മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ പ്രിയങ്കരമായ വാഹനമായി മാറുകയും ചെയ്തു.

കോംപസ് എന്ന വാഹനത്തിലൂടെ ജീപ് എന്ന കമ്പനിയും ലക്ഷ്യമിടുന്നത് ഇതുപോലൊരു വിജയമാണ്. കാരണം ഇന്ത്യയുള്‍പ്പെട്ട ഏഷ്യന്‍ മേഖലയില്‍ തന്നെ അന്താരാഷ്ട്രനിലവാരത്തിലുള്ള കോംപാക്ട് റിക്രിയേഷണല്‍ വെഹിക്കിളും (സിആര്‍-വി), ബിആര്‍വി വാഹനങ്ങളും കുറവാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ഇല്ലെന്നര്‍ത്ഥം. ഇവിടെയാണ് പ്രശസ്ത അമേരിക്കന്‍ ബ്രാന്‍ഡായ ജീപ് പിടിമുറുക്കാനെത്തുന്നത്.

തറവാടിത്തമുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ രംഗത്തെ വിടവ് നികത്താനാണ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ രംഗത്തെ ആശാന്മാരായ ജീപ്പ് അവരുടെ കോംപസുമായി എത്തുന്നത്. ഏകദേശം 70 വര്‍ഷത്തെ പാരമ്പര്യമാണ് ഈ ബ്രാന്‍ഡിനുള്ളത്. പേരുകേട്ട ജര്‍മ്മന്‍ ബ്രാന്‍ഡുകളോട് മത്സരിക്കുന്ന ജീപ്പിന്റെ കോണ്‍ട്രാസ്റ്റ് റൂഫും സിനോന്‍ ഹെഡ്‌ലാമ്പും കണ്ടാല്‍ ഒറ്റയടിക്ക് ഒരു ലക്ഷ്വറി ജീപ്പാണെന്ന് തോന്നും. ലോഞ്ചിറ്റിയൂഡ് എന്ന മോഡലാണ് ഞങ്ങള്‍ ഫോട്ടോഷൂട്ടിന് വേണ്ടി ഉപയോഗിച്ചത്. അഞ്ച് സ്‌പോക്കുകളോട് കൂടിയ അലോയ് വീലോടെ കാണുന്ന ഈ മോഡല്‍ ചെറോക്കിയാണെന്ന് തോന്നും. പ്രശസ്തമായ ഏഴ് സ്ലോട്ടുകളുള്ള ഗ്രില്ലിനോട് ലയിച്ച് നില്‍ക്കുന്ന ഹെഡ്‌ലാമ്പാണ് ഉള്ളത്. പക്ഷെ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ ഇത് വെറും മുഖംമിനുക്കലാണെന്ന് കാണാനാവും. കാരണം ഇവിടെ വായു പുറത്തേക്ക് വിടാനുള്ള ഒരു മാര്‍ഗ്ഗവും ഇല്ല. വശങ്ങളിലായി, വണ്ടിയുടെ തോളില്‍ വ്യക്തമായ മസില്‍ കാണാം. വീലുകളുടെ ആര്‍ച്ചുകള്‍ ചതുരാകൃതിയിലാണ്. പിന്നിലെ വീലുകള്‍ ആര്‍ച്ചിന്റെ നടുവില്‍ പിടിപ്പിക്കാത്തതിനാല്‍ മൂന്ന് വശങ്ങളില്‍ നിന്ന് നോക്കിയാലും വാഹനത്തിന് വീതി കൂടുതല്‍ തോന്നിക്കില്ല എന്നത് ഒരു പോരായ്മയാണ്. ബ്രഷ് ചെയ്ത അലുമിനിയം ട്രിം വാഹനത്തിന്റെ എ പില്ലറിലും റൂഫിലും പിന്നിലെ വിന്‍ഡ് സ്‌ക്രീനിലും പോകുന്നുണ്ട്. ഇത് വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. ടെയ്ല്‍ ലാമ്പുകളും ബൂട്ട് ലിഡും ആകര്‍ഷകമാണ്. പാനല്‍ ഗ്യാപ് സ്ഥിരതയുള്ളതാണ്. ഇത് ഫിയറ്റിന്റെ രഞ്ജഗാവോന്‍ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുന്ന വാഹനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തവും ഒരു പടി മുകളിലുമാണ്.

കോംപസിന്റെ ഡാഷ് ബോര്‍ഡ് ചെറോക്കിയുടെ ശൈലിയിലുള്ളതാണ്. ക്യാബിനുള്ളില്‍ ഒരു ലക്ഷ്വറി കാറിന്റെ അന്തരീക്ഷമാണ്. ഉരുണ്ട ഗിയര്‍ നോബുകള്‍ ഈ വാഹനത്തിന്റെ മാത്രം പ്രത്യേകതയാണ്. ഉപയോഗിക്കുന്നവര്‍ക്ക് കണ്ടുപിടിക്കാന്‍ പാകത്തില്‍ ഐതിഹാസികമായ ജീപ് ലോഗോ പതിച്ച ഈസ്റ്റര്‍ എഗ്ഗുകള്‍ തന്ത്രപരമായി കാറിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ബൂട്ട് സ്‌പേസ് 438 ലിറ്ററോളം വരും. ഇരട്ട സോണോടുകൂടിയ കാലാവസ്ഥാനിയന്ത്രണം, റിവേഴ്‌സ് ക്യാമറ, ആന്‍ഡ്രോയിഡ് ഓട്ടോ , ആപ്പിള് കാര്‍ പ്ലേ എന്നിവയും കോംപസിന്റെ സവിശേഷതയാണ്.

ഡാഷ്‌ബോര്‍ഡിന്റെയും ഡോറിന്റെയും ഭാരം വളരെ കൂടുതലാണ് എന്നത് വാഹനത്തിന്റെ പോരായ്മയാണ്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ചെറിയ ലെഗ്‌സ്‌പേസ് മാത്രമാണ് ലഭ്യമാകുന്നത്. മുന്നിലെ ഹെഡ് റെസ്റ്റ് വളരെ വലുതായതിനാല്‍ ഇത് പലപ്പോഴും മുന്‍ഭാഗത്തെ കാഴ്ചകള്‍ മറയ്ക്കുന്നുവെന്ന പരാതി ഉയരാന്‍ സാധ്യതയുണ്ട്. കട്ടികൂടിയ എ പില്ലറും ഡ്രൈവറുടെ കാഴ്ചകള്‍ മറയ്ക്കുന്നുണ്ട്. സ്റ്റിയറിംഗിലാണ് പിന്നിലെ ഓഡിയോ ഘടിപ്പിച്ചിരിക്കുന്നത്. കണ്ട്രോള്‍ ബട്ടനുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന സ്‌പേസ് സ്റ്റിയറിംഗില്‍ ഒഴിച്ചിട്ടിരിക്കുന്നു. സണ്‍റൂഫ്, ഓട്ടോമാറ്റിക് ഡിമ്മിംഗ് മിറര്‍, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, ഓട്ടോമാറ്റിക് വൈപ്പര്‍ എന്നിവയുടെ അഭാവം കോംപസില്‍ പ്രകടമാണ്. ഡോറില്‍ ഘടിപ്പിച്ചിരിക്കുന്ന കുപ്പിവെക്കാനൊഴിച്ചിട്ട സ്‌പേസില്‍ ഒരു ലിറ്റര്‍ കുപ്പി പോലും വെക്കാനാകില്ല എന്നതും പോരായ്മയാണ്.
170 ബിച്ച്പിയും 350എന്‍എം ടോര്‍കും ഉള്ള രണ്ട് ലിറ്റര്‍ ഡീസല്‍ മാനുവല്‍ ആണ് ഞങ്ങള്‍ ഓടിച്ചത്. ഡീസല്‍ വണ്ടികളുടെ മള്‍ട്ടി ജെറ്റ് ഫാമിലിയില്‍ പെട്ട കോംപസ് 6 സ്പീഡ് മാനുവല്‍ ഉള്ള വാഹനമാണ്. 9 സ്പീഡ് ഓട്ടോമാറ്റിക് പിന്നീട് വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. വളരെ ലൈറ്റായ ക്ലച്ചും നന്നായി ഷിഫ്റ്റ് ആകുന്ന മാനുവല്‍ ഗിയര്‍ ബോക്‌സും കരുത്തേറിയ ഈ വാഹനത്തെ നഗരത്തിന് പ്രിയങ്കരമാക്കുന്നു. 10.8 സെക്കന്റില്‍ നൂറ് കിലോമീറ്ററിലേക്ക് അനായാസം കുതിക്കാന്‍ കോംപസിന് സാധിക്കും. ഫോര്‍ വീല്‍ ഡ്രൈവ് ആവശ്യമില്ലെങ്കില്‍ ടുവീല്‍ സ്പീഡ് മോഡല്‍ ഉപയോഗിക്കാം. കാരണം അതിന്റെ ഭാരം 100 കിലോഗ്രാമോളം കുറവാണ്. ക്രെറ്റയേക്കാള്‍ 200 കിലോഗ്രാം ഭാരക്കൂടുതലുള്ള വണ്ടിയാണ് കോംപസ്.

തകര്‍ന്ന ഇന്ത്യന്‍ റോഡുകളില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെയ്ക്കാന്‍ കോംപസിന് സാധിക്കും. മുന്നില്‍ മക്‌ഫേഴ്‌സണും പിന്നില്‍ മള്‍ട്ടിലിങ്കുമുള്ള കോംപസില്‍ റോഡ് സാഹചര്യങ്ങള്‍ക്കൊത്ത് മാറാന്‍ കഴിയുന്ന കോനി എഫ്എസ്ഡിയുടെ ഡാമ്പറുകളുമുണ്ട്. ബോഡി റോള്‍ മിനിമമായതിനാല്‍ ഡ്രൈവിംഗ് സുഗമമാണ്. സ്റ്റിയറിംഗ് വീലും ബ്രേക്കും മികച്ചതാണ്. നേര്‍രേഖയില്‍ ഓടാനുള്ള സുസ്ഥിരതയുള്ള കോംപസ് ഏതുതരം റോഡിലും കരുത്തോടെ നിലനില്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഫയര്‍ സ്റ്റോണ്‍ ടയറുകള്‍ ലഭിക്കുന്ന ആദ്യ വണ്ടിയെന്ന പ്രത്യേകതയും കോംപസിന് സ്വന്തമാണ്.

വില പ്രഖ്യാപിച്ചതിന് ശേഷവും ആളുകളുടെ താല്പര്യം ഇത്രയധികം നേടിക്കൊണ്ടിരിക്കുന്ന മറ്റൊരു വാഹനമില്ല. ചെറോക്കി, റാംഗ്ലര്‍ എന്നീ കാറുകള്‍ അമിതവിലയാണെന്ന പരാതി നേടിയപ്പോള്‍, ഇക്കുറി എഫ്‌സിഎ കരുതലോടെയാണ് നീങ്ങുന്നത്. കാരണം അവര്‍ കോംപസിന് ഇന്ത്യയില്‍ ചേരുന്ന വിലയാണ് നല്‍കിയിരിക്കുന്നത്. കാര്‍ സേവനത്തിന്റെ ഗുണനിലവാരവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതയും അറിയേണ്ടതുണ്ടെങ്കിലും സ്മൂത്ത് ഡ്രൈവിംഗ്, കരുത്ത്, റോഡ് പ്രസന്‍സ് എന്നിവ കോംപസിനെ അങ്ങേയറ്റം ആകര്‍ഷകമാക്കുന്നു. കാര്‍ പ്രേമികള്‍ അങ്ങേയറ്റം മോഹിക്കുന്ന ഈ അമേരിക്കന്‍ ബ്രാന്റ്് ഇന്ത്യയില്‍ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

 

Photo Courtesy : Google/ images are subject to copyright  

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജീപ്പ് കോംപസ്