പലിശ നിരക്ക് വീണ്ടും ഉയരുമോ?
പലിശനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന നേട്ടം. ജനുവരി 2014 മുതല്‍ പലിശ നിരക്ക് കുറച്ച റിസര്‍വ്വ് ബാങ്കിനോടാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്. അന്ന് റിപ്പോ നിരക്ക് ഏറ്റവും ഉയരത്തില്‍, എട്ട് ശതമാനത്തില്‍ നില്‍ക്കുകയായിരുന്നു. ഓഗസ്റ്റ് 2017 ആയപ്പോള്‍ ഈ നിരക്ക് ഏഴ് ശതമാനമായി കുറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് നാല് ശതമാനമാണ് കുറച്ചത്. ഇന്ത്യയിലെ പണപ്പെരുപ്പം കൂടിയതുകൊണ്ടാണ് റിസര്‍വ്വ് ബാങ്ക് ഇങ്ങനെയൊരു നീക്കം നടത്തിയത്. മാത്രമല്ല, ധനകമ്മി കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടതുചെയ്യുമെന്ന ഒരു ആത്മവിശ്വാസവും റിസര്‍വ്വ് ബാങ്കിന് ഉണ്ടായിരുന്നു. ഇത് വ്യവസായങ്ങള്‍ക്ക് നേട്ടമായി. കുറഞ്ഞ പലിശനിരക്കില്‍ പണം കടമെടുക്കാന്‍ സാധിച്ചു. ഇത് തന്നെയാണ് ഓഹരിവിപണിയുടെ കുതിച്ചുകയറ്റത്തിന് കാരണമായതും. ബാങ്കിലെ നിക്ഷേപ-വായ്പാ പലിശനിരക്ക് കുറഞ്ഞതോടെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്തു. പക്ഷെ ഇപ്പോള്‍ സ്വാഗതാര്‍ഹമല്ലാത്ത ഒരു കാര്യം നടക്കാന്‍ പോവുകയാണ്. ആര്‍ബിഐ പലിശ നിരക്ക് കുറച്ചുവന്നെങ്കിലും ഇപ്പോള്‍ ബോണ്ട് മാര്‍ക്കറ്റ് വിപരീത ദിശയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയാണ്.
ബോണ്ട് മാര്‍ക്കറ്റില്‍ നിന്നുള്ള സൂചനകള്‍
ആദ്യം ബോണ്ട് വിപണി എന്താണ് എന്ന് പരിശോധിക്കാം. ഓഹരി വിപണിയില്‍ ഓഹരി വില്‍ക്കുന്നതുപോലെയാണ് ബോണ്ട് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. ബോണ്ട് എന്നത് ഒരു നിശ്ചിത വരുമാനം ലഭിക്കുന്ന നിക്ഷേപമാണെന്ന് പറയാം. ഇതില്‍ പ്രത്യേക കാലത്തേക്ക് ഒരു നിശ്ചിത ശതമാനം പലിശയ്ക്ക് നിക്ഷേപകന് ബോണ്ട് വാങ്ങാം. ഓഹരി വിപണിയില്‍ ഓഹരി വാങ്ങുന്നതിലൂടെ നിങ്ങള്‍ കമ്പനികളുടെ ഓഹരിയുടമകളാണ് ആകുന്നതെങ്കില്‍, ബോണ്ട് വാങ്ങുന്നതിലൂടെ നിക്ഷേപകന് സര്‍ക്കാര്‍ കമ്പനികളുടെയോ സര്‍ക്കാരിന്റെ തന്നെയോ ഭാഗമാവുകയാണ്. ബോണ്ട് വില കൂടുന്തോറും ബോണ്ടുകളില്‍ നിക്ഷേപിച്ചവര്‍ സന്തോഷിക്കും. അപ്പോഴത്തെ പലിശ നിരക്കിനെ ആശ്രയിച്ചാണ് ബോണ്ടുകളുടെ വില കൂടുന്നത്. പലിശനിരക്ക് വീഴുമ്പോള്‍, ബോണ്ടുകളുടെ മൂല്യം ഉയരും.
ഇനി ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാന്‍ ശ്രമിക്കാം. ഇപ്പോഴത്തെ പലിശ നിരക്ക് 10 ശതമാനമാണെന്നിരിക്കട്ടെ. 100 രൂപ മുഖവിലയുള്ള ഒരു ബോണ്ട് വാങ്ങിയ വ്യക്തിക്ക് വര്‍ഷം തോറും 10 രൂപ പലിശയിനത്തില്‍ ലഭിക്കും. പലിശ നിരക്ക് ഒരേ നിലയില്‍ തുടരുകയാണെങ്കില്‍, ബോണ്ട് വിപണിയില്‍ 100 രൂപയ്ക്ക് ഒരു ബോണ്ട് വാങ്ങിയ ആളുടെ മൂല്യം അതേ നിലയില്‍ തുടരും. പക്ഷെ പലിശ നിരക്ക് 20 ശതമാനമായി ഉയരുമ്പോള്‍ ബോണ്ട് വിലയ്ക്ക് എന്ത് സംഭവിക്കും? പുതിയ ബോണ്ടിന് 20 രൂപ പലിശയായി ലഭിക്കുമ്പോള്‍ പഴയ പലിശ നിരക്കില്‍ ബോണ്ട് വാങ്ങിയ വ്യക്തിക്ക് 10 രൂപ മാത്രമാണ് അധികം ലഭിക്കുക. പഴയ ബോണ്ടുകള്‍ കൈവശമുള്ളയാള്‍ക്ക് അത് വില്ക്കണമെങ്കില് അതി•േലുള്ള ആദായം പുതിയ പലിശ നിരക്കിന് തുല്യമാകണം. ഒരു പഴയ ബോണ്ടിന്റെ വില 50 രൂപയായി താഴ്ന്നു എന്നിരിക്കട്ടെ. അദ്ദേഹത്തിന്റെ പലിശ നിരക്ക് 20 ശതമാനമാണെങ്കില്‍ ആദായമായി വര്‍ഷം തോറും 10 രൂപ വീതം ലഭിക്കും. ഈ വിലയില്‍, ഒരു നിക്ഷേപകന് ഒന്നുകില്‍ 100 രൂപയുടെ പുതിയ ബോണ്ടു വാങ്ങാം. അതല്ലെങ്കില്‍ 50 രൂപ വീതമുള്ള രണ്ട് ബോണ്ടുകള്‍ വാങ്ങാം. ഇനി പലിശ നിരക്ക് ഉയരുന്ന സാഹചര്യമുണ്ടായാല്‍ ബോണ്ട് വില ആദായം തുല്യമാകുന്നതുവരെ ഉയരും. അതായത് പലിശ നിരക്ക് കുറയുമ്പോള്‍ ബോണ്ടില്‍ നിന്നുള്ള ആദായം കുറയും.
ബോണ്ട് വിപണിയില്‍ വസന്തകാലം
2014 മുതല്‍ പലിശ നിരക്ക് കുറഞ്ഞുവരുന്തോറും ബോണ്ട് വിപണിയില്‍ വസന്തകാലമായിരുന്നു. ആദായം 2014 ഏപ്രിലിലെ 9.10 ശതമാനത്തില്‍ നിന്നും 2016 നവമ്പറില്‍ 6.19 ശതമാനമായി കുറഞ്ഞു. ബോണ്ട് ആദായത്തിലെ കുറവിന് പ്രധാന കാരണം റിസര്‍വ്വ് ബാങ്കിന്റെ പലിശ നിരക്ക് കുറച്ച നടപടിയായിരുന്നു. റിപ്പോ നിരക്ക് 2014ല്‍ എട്ട് ശതമാനമുണ്ടായിരുന്നത് 2018ല്‍ ആറ് ശതമാനമായി കുറഞ്ഞു.
വിപരീത പ്രവണത
ബോണ്ട് ആദായത്തിലെ ക്ഷയം നവംബര്‍ 2016 മുതല്‍ നിലച്ചു. കാരണം ആര്‍ബി ഐ പലിശ നിരക്ക് കുറച്ച് വിപണിയില്‍ പണലഭ്യത കൂട്ടുന്നതിന് കടിഞ്ഞാണ്‍ ഇട്ടിരിക്കുകയാണ്. ആഗസ്റ്റ്് 2017ല്‍ മാത്രമാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് കുറച്ചത്. ഇനിയൊരു പലിശ നിരക്ക് കുറയ്ക്കലിന് ആര്‍ബി ഐ മുതിരാന്‍ സാധ്യത കുറവാണ്. കാരണം പണപ്പെരുപ്പം അതിന്റെ ഉച്ചകോടിയില്‍ നില്‍ക്കുകയാണ്. സര്‍ക്കാര്‍ കൂടുതലായി കടം വാങ്ങിയതാണ് ഇതിന് കാരണം. സര്‍ക്കാരിന്റെ ധനക്കമ്മി കൂടിയെന്ന് സാങ്കേതിക ഭാഷയില്‍ പറയാം. സര്‍ക്കാര്‍ ധനകമ്മി കൂടിയതോടെ 10 വര്‍ഷത്തെ ഒരു ബോണ്ടി•േലുള്ള ആദായം 6.4 ശതമാനത്തില്‍ നിന്നും 7.8 ശതമാനമായി ജൂലായ് 2017 മുതല്‍ ഫെബ്രുവരി 2018 വരെയുള്ള കാലഘട്ടത്തില്‍ ഉയര്‍ന്നു.
സര്‍ക്കാര്‍ ബോണ്ടി•േലുള്ള ആദായം കൂടുകയാണ്. 364 ദിവസം കാലാവധിയുള്ള ട്രഷറി ബോണ്ടില്‍ പോലും ആദായം 6.27 ശതമാനത്തില്‍ നിന്നും 6.57 ശതമാനമായി ഉയര്‍ന്നു. 91 ദിവസത്തെ ടി ബില്‍ 6.05 ശതമാനത്തില്‍ നിന്നും 6.44 ശതമാനമായി ഉയര്‍ന്നു.
10 വര്‍ഷത്തെ ബെഞ്ച്മാര്‍ക്ക് ബോണ്ടി•േലുള്ള ആദായവും റിസര്‍വ്വ് ബാങ്കിന്റെ റിപ്പോ നിരക്കും തമ്മിലുള്ള അന്തരം കൂടി വരികയാണ്. പ്രത്യേകിച്ചും 2017 ആഗസ്റ്റിലെ റിപ്പോ നിരക്ക് കുറച്ചത് മുതല്‍. ഇതിനര്‍ത്ഥം സര്‍ക്കാര്‍ കൂടുതല്‍ കടം വാങ്ങാന്‍ സാധ്യതയുണ്ടെന്നാണ്. അത് കൂടുതല്‍ സര്‍ക്കാര്‍ ബോണ്ട് ഭാവിയില്‍ വിപണിയില്‍ ഇറങ്ങുന്നതിന് കാരണമാകും.
ആദായം ഉയരുന്നതിന്റെ തിരിച്ചടി
ധനകമ്മി 2017-18, 2018-19 എന്നീ വര്‍ഷങ്ങളില്‍ ക്രമാനുസൃതമായി ഉയരുമ്പോള്‍ ബോണ്ട് വരുമാനത്തില്‍ അത് വീണ്ടും സമ്മര്‍ദ്ദം സൃഷ്ടിക്കും. ആദായം ഉയരുന്നത് പണപ്പെരുപ്പം കൂട്ടുന്നതോടൊപ്പം ഉല്പാദകരുടെ ചെലവ് ഉയര്‍ത്താന്‍ ഇടയാക്കും. അനന്തരം അത് സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ നിക്ഷേപവും സാവധാനത്തിലാക്കും. സര്‍ക്കാര്‍ ബോണ്ടുകളുടെ വിതരണം ഉയരുന്നതോടെ, അത് സ്വകാര്യ വായ്പക്കാരെ കണ്ടെത്തുകയും പലിശനിരക്ക് അവര്‍ക്കായി കൂട്ടുകയും ചെയ്യും.
ബോണ്ടുകളില്‍ നിന്നുള്ള ആദായം ഉയരുന്നത് ബാങ്കുകളെയും പ്രതികൂലമായി ബാധിക്കും. അത് അവരുടെ ബോണ്ട് വിലയെയും നിലവിലുള്ള ബോണ്ട് പോര്ട്ട്ഫോളിയോയെയും പ്രതികൂലമായി ബാധിക്കും. ബാങ്കുകള്‍ അവരുടെ ബോണ്ടുകള്‍ വില്ക്കാന് തയ്യാറാകുന്നത് സ്വതവേ കിട്ടാക്കടത്താല്‍ വലയുന്ന ബാങ്കുകളുടെ ലാഭത്തെ വീണ്ടും ബാധിക്കും. നിക്ഷേപം സമാഹരിക്കുന്നതിനുള്ള ചെലവ് ഈയിടെ കൂടിയിരിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് റിപ്പോനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നതോടെ ബാങ്കുകള്‍ക്ക് വലിയ നിക്ഷേപങ്ങള്‍ കിട്ടുക എന്നത് വിഷമകരമായിരിക്കുന്നു. കമ്പനികള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനുള്ള ഡിമാന്റ് കൂടിയിരിക്കുന്നതിനാലും വിവിധ മേഖലകളിലെ ബോണ്ട് ആദായം കൂടിയതിനാലും വന്നിക്ഷേപത്തുക ലഭിക്കുന്നതില്‍ ബാങ്കുകള്‍ക്ക് വിഷമം നേരിടേണ്ടി വരുന്നുണ്ട്.
മാര്‍ച്ച് 2019 ഓടെ ബേസല്‍ മൂന്ന് വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നടപ്പാക്കണമെന്നുണ്ട്. അതിനാല്‍ ബാങ്കുകള്‍ ഇപ്പോഴെ ഉയര്‍ന്ന എല്‍സിആര്‍ (ലിക്വിഡിറ്റി കവറേജ് റേഷ്യോ) നിലനിര്‍ത്തുകയാണ്. എല്‍സിആര്‍ കൂടുന്നതോടൊപ്പം ലിക്വിഡിറ്റി കുറയുകയും എംസിഎല്‍ആര്‍ കൂടുകയും ചെയ്താല്‍ അത് നിക്ഷേപനിരക്ക് കൂട്ടും. അധികം ബാങ്കുകളും അവരുടെ എംസിഎല്‍ആര്‍ ജനുവരി 2018 മുതല്‍ അഞ്ചില്‍ നിന്നും 10 ബേസിസ് പോയിന്റാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്കുകളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വായ്പ സംഘടിപ്പിക്കുക കോര്‍പറേറ്റുകള്‍ക്ക് വിഷമകരമായിട്ടുണ്ട്. പണ്ട് കോര്‍പറേറ്റുകള്‍ക്ക് കോര്‍പറേറ്റ് ബോണ്ടുകള്‍വഴി ബാങ്ക് വായ്പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പണം സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ ബോണ്ടുകള്‍ക്ക് നിരക്ക് കൂടിയതോടെ ഈ വഴിയും അടഞ്ഞിരിക്കുകയാണ്.
അവലോകനം
വികസിത രാജ്യങ്ങളിലും ബോണ്ട് നിരക്ക് വര്‍ധിക്കുകയാണ്. ഈയിടെ യുഎസ് ട്രഷറിയിലെ ബോണ്ട് നിരക്ക് കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുകയാണ്. ജര്‍മ്മനി, യുകെ എന്നിവിടങ്ങളിലെ ബോണ്ട് നിരക്ക് 2016ന് ശേഷമുള്ള കൂടിയ നിരക്കിലാണ് ഇപ്പോള്‍. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ ഉത്തേജക പദ്ധതികള്‍ നിര്‍ത്തലാക്കിയതോടെ പണലഭ്യത കുറഞ്ഞു. എമര്‍ജിംഗ് വിപണികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പുറത്തേക്ക് ഒഴുകാനുള്ള സാധ്യതകള്‍ കൂടി തള്ളിക്കളയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ സാമ്പത്തിക കാര്യപ്രാപ്തിയില്‍ നിന്നും വ്യതിചലിച്ചാല്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും കാര്യമായ സഹായം ലഭിക്കാനിടയില്ല. അതോടെ ഇപ്പോഴേ മുണ്ടു മുറുക്കിയുടുക്കാന്‍ നോക്കുന്ന വായ്പാ ആവശ്യക്കാരായ കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ ഞെരുക്കം അനുഭവിക്കേണ്ടതായി വരും.
വി.പി നന്ദകുമാര്‍,
എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്
Photo Courtesy : Google/ images are subject to copyright