Published On: Tue, Nov 28th, 2017

പാലിയേറ്റീവ് കെയറിലെ കാരുണ്യം

paliative care

 

ഡോ. അരുണ്‍ ഉമ്മന്‍, ന്യൂറോ സര്‍ജന്‍, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍

 

അതീവഗുരുതരമായ നിലയില്‍ കഴിയുന്ന രോഗികള്‍ക്ക് അനുഗ്രഹമാണ് പാലിയേറ്റീവ് കെയര്‍. സമൂഹത്തില്‍ അതീവഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ആശുപത്രികള്‍ നല്‍കുന്ന പരിചരണം പരിമിതമായതിനാല്‍ പാലിയേറ്റീവ് കെയറിന് കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുന്നു. ഇത്തരം രോഗികള്‍ വീട്ടുകാരില്‍ മാത്രം ഒതുങ്ങുന്നതിനാല്‍, ഇവരെ പരിചരിക്കാന്‍ പല മേഖലയിലുള്ള വിദഗ്ധരുടെ സഹായം അത്യാവശ്യമാണ്. ഗുരുതരമായ നിലയില്‍ കഴിയുന്ന രോഗികള്‍ക്ക് വീട്ടുകാരുടെ പരിചരണം തന്നെയാണ് പ്രധാനമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. പലപ്പോഴും പ്രാദേശികപ്രവര്‍ത്തകര്‍ തന്നെയാണ് പാലിയേറ്റീവ് കെയറിനായി രംഗത്തെത്തുന്നത്. ഇവര്‍ക്ക് രോഗിയും സമൂഹവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ഒരു പരിധി വരെ സാധിക്കും.

സമ്പൂര്‍ണ്ണ മെഡിക്കല്‍ പരിചരണത്തിനുള്ള ആദ്യഉപാധിയാണ് പാലിയേറ്റീവ് കെയര്‍. ഇന്ത്യയില്‍ ഇന്നത്തെ മെഡിക്കല്‍ രംഗം പരിശോധിച്ചാല്‍ അതീവഗുരുതര രോഗികള്‍ക്ക് പരിമിതമായ സൗകര്യം മാത്രമേയുള്ളൂ. ചികിത്സയില്ലാത്ത സ്ഥിതിയിലെത്തിയ രോഗികള്‍ക്ക് പാലിയേറ്റീവ് കെയര്‍ മാത്രമാണ് ആശ്വാസം. കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ രംഗം വികസിച്ചത് ജീവിതത്തില്‍ അവസാനഘട്ടത്തെ അഭിമുഖീകരിക്കുന്ന രോഗികള്‍ക്ക് വളരെയധികം ആശ്വാസമാണ് പ്രദാനം ചെയ്യുന്നത്. ഇന്ത്യയില്‍ പാലിയേറ്റീവ് കെയര്‍ വെറും രണ്ട് ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 80 ശതമാനമാണ്. കേരളത്തില്‍ പരിചരണം ആവശ്യമായ 30 ശതമാനം രോഗികളിലെങ്കിലും ആശ്വാസം എത്തിക്കാന്‍ പാലിയേറ്റീവ് കെയറിന് കഴിയുന്നു. ഏഷ്യയില്‍ തന്നെ പാലിയേറ്റീവ് കെയര്‍ രംഗത്ത് നയപ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ എന്ന ബഹുമതി കേരളസര്‍ക്കാരിന് മാത്രം സ്വന്തമാണ്.

കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ ലഭിക്കുന്ന രോഗികളില്‍ 50 ശതമാനവും ക്യാന്‍സര്‍ രോഗികളാണ്. സ്‌ട്രോക്കിന് വിധേയരായവര്‍, അല്‍ഷിമേഴ്‌സ് ബാധിച്ചവര്‍, കരള്‍ രോഗബാധിതര്‍, വാതരോഗികള്‍, വൃദ്ധര്‍ എന്നിവരാണ് മറ്റ് പാലിയേറ്റീവ് കെയര്‍ ലഭിക്കുന്ന മറ്റുള്ളവര്‍. ഡോക്ടര്‍മാര്‍ക്ക് ഇവരുടെ കാര്യത്തില്‍ മരുന്നെഴുതുക എന്നല്ലാതെ ഒന്നും ചെയ്യാനില്ല. ഇവിടെ രോഗികള്‍ക്ക് വൈകാരികമായ അടുപ്പവും സുരക്ഷയും ഒരുക്കുന്നത് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ്. സ്‌നേഹവും ശുശ്രൂഷയും നല്‍കുന്നതിന് പുറമെ അടിസ്ഥാനകാര്യങ്ങള്‍ നിര്‍വ്വഹിക്കാനും രോഗികളെ സഹായിക്കാന്‍ പരിശീലനം ലഭിച്ച നഴ്‌സിനാകും.

ഒരു സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയറിന് വേണ്ട അനിവാര്യ ഘടകങ്ങള്‍
1.നിയന്ത്രിക്കാനാവാത്ത രോഗലക്ഷണങ്ങള്‍ മൂലം നിരവധി രോഗികള്‍ മരിക്കുന്ന അവസ്ഥ തടയല്‍
2.ആശ്വാസത്തോടെ മരിക്കാന്‍ രോഗികള്‍ക്ക് സാധ്യമാവുന്ന അന്തരീക്ഷം സൃഷ്ടിക്കല്‍.
3.മരണം തിരിച്ചറിയുക എന്നത് പ്രധാനപ്പെട്ട ക്ലിനിക്കല്‍ മിടുക്കാണ്.
4.മരണത്തിലേക്ക് പോകുന്ന രോഗികള്‍ക്ക് പൊതുവായ ആരോഗ്യസേവനം നല്‍കേണ്ടത് അത്യാവശ്യമാണ്.
5.മരണത്തിലേക്ക് പോകുന്ന രോഗികളെ പരിചരിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി നല്‍കണം.
6.മരണത്തിലേക്ക് പോകുന്ന രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിനുള്ള ദേശീയ സൂചനകള്‍ തിരിച്ചറിയണം.

മരണത്തിലേക്ക് പോകുന്ന രോഗികള്‍ക്ക് മാനസിക-സാമൂഹ്യ പിന്‍ബലം നല്‍കാനോ അവരുടെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനോ ആരും തയ്യാറല്ല. ഇവര്‍ നിരാശരായി മരണത്തിലേക്ക് കൂപ്പുകുത്തുകയാണ്.
മരണത്തിലേക്ക് അടുക്കുന്നവരെ കൃത്യമായി തിരിച്ചറിയുക എന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ആശുപത്രിയില്‍ രോഗം ഭേദമാക്കാനും അതിനാവശ്യമായ ചികിത്സ നല്‍കാനും രോഗികളുടെ ശാരീരികാവസ്ഥകള്‍ പരിശോധിച്ചറിയാനും സംവിധാനമുണ്ട്. രോഗികള്‍ക്ക് ചികിത്സ സാധ്യമല്ലെങ്കില്‍ വ്യാജപ്രതീക്ഷ നല്‍കാതെ അക്കാര്യം വീട്ടുകാരോട് തുറന്നുപറയുകയാണ് വേണ്ടത്. ഡോക്ടറിന്റെയും രോഗിയുടെയും ബന്ധത്തില്‍ വിശ്വാസ്യത വളര്‍ത്താന്‍ ഇത് അത്യാവശ്യമാണ്.
1. രോഗികള്‍ ബെഡില്‍ തന്നെ കിടക്കുക.
2. രോഗി ഭാഗികമായ ബോധത്തില്‍ കഴിയുക.
3.രോഗിക്ക് വെള്ളം മാത്രമേ കഴിക്കാനാകൂ എന്ന സ്ഥിതി വരിക.
4. രോഗിക്ക് വായിലൂടെ മരുന്ന് കഴിക്കാന്‍ പറ്റാതിരിക്കുക.

എന്നീ സ്ഥിതിവിശേഷങ്ങള്‍ രോഗി മരണത്തിലേക്ക് പോകുന്നു എന്ന സൂചനയാണ് നല്‍കുന്നത്.
രോഗിയുടെ ആരോഗ്യസ്ഥിതി ക്രമേണ ശോചനീയമാകുന്നത് തിരിച്ചറിയുന്നതില്‍ പലപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ പരാജയപ്പെടുന്നു. മരിക്കാറായ രോഗികളെ പ്രത്യേകം മുറിയിലേക്ക് മാറ്റുന്ന രീതി ആശുപത്രികളിലുണ്ട്. ഇങ്ങനെയുള്ള അവസ്ഥയില്‍ രോഗിക്ക് എല്ലാവിധത്തിലുള്ള പരിചരണവും നല്‍കുകയാണ് വേണ്ടത്.

പാലിയേറ്റീവ് കെയറിലേക്കുള്ള മാറ്റം
രോഗി ക്ഷീണിക്കുമ്പോള്‍ വായിലൂടെ മരുന്ന് കഴിക്കുന്നതിന് പ്രയാസം അനുഭവപ്പെടുന്നു. അത്യാവശ്യമല്ലാത്ത മരുന്നുകള്‍ ഇതോടെ നിര്‍ത്തേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ഈ അവസ്ഥയില്‍ മരുന്നുകള്‍ സിറിഞ്ചിലൂടെ ശരീരത്തിലെത്തിക്കണം. ഈ സ്ഥിതിയില്‍ രക്തപരിശോധന, മറ്റ് പരിശോധനകള്‍ എന്നിവ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. രോഗിക്ക് ഒരു രീതിയിലുമുള്ള വേദന അനുഭവപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ ശോചനീയാവസ്ഥയില്‍ കൃത്രിമമായി ഫ്‌ളൂയിഡുകള്‍ നല്‍കുന്നതില്‍ പ്രയോജനമില്ല.

രോഗിയുടെ ശാരീരിക മാനസികാവസ്ഥകള്‍ ഈ അവസരത്തില്‍ തുടര്‍ച്ചയായി പരിശോധിക്കണം. രോഗി മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഏതു സമയത്തും മരിക്കാമെന്നും കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തണം. ഇനി രോഗം ഭേദമാകണമെന്നില്ല തുടങ്ങിയ വാചകങ്ങള്‍ രോഗി കേള്‍ക്കാവുന്ന രീതിയില്‍ ഉച്ചരിക്കരുത്. രോഗിക്ക് കൂട്ടിരിക്കുന്നവര്‍ നിരാശയോ ദേഷ്യമോ പ്രകടിപ്പിച്ചുകൂടാ. രോഗി മരണത്തിലേക്ക് പോകുന്നതായി അറിഞ്ഞാല്‍ കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ സ്‌നേഹത്തോടെ പെരുമാറാനും മറ്റുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. അതുവഴി രോഗിയെ സ്വസ്ഥമായി മരിക്കാന്‍ അനുവദിക്കാനാകും. മരിക്കാറായ രോഗിയുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ലഭ്യമാക്കിയാല്‍ 24 മണിക്കൂര്‍ നേരത്തേക്കും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് സഹായമെത്തിക്കാന്‍ സാധിക്കും.

 

 

 

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പാലിയേറ്റീവ് കെയറിലെ കാരുണ്യം