Editorial
വിജയത്തിന് പുതുമ ആവശ്യമാണ്. ഒപ്പം വ്യത്യസ്തമായിരിക്കാനുള്ള ധൈര്യവും വേണം- റെബേക്ക മടാഗിന്റെ വാക്കുകളാണിത്.
നൂതന ആശയങ്ങളുടെ കരുത്തില് കേരളത്തിലെ റീറ്റെയ്ല് രംഗം കീഴടക്കി മുന്നേറുന്ന ബിസ്മി ഗ്രൂപ്പിന്റെ നായകന് വിഎ അജ്മലിന്റെ ജീവിതം ഈ വാക്യത്തിന്റെ പ്രതിഫലനമാണ്. പരമ്പരാഗത വ്യവസായ സംരംഭങ്ങളില് നിന്ന് വഴിമാറി സഞ്ചരിച്ച് സ്വന്തമായി രൂപീകരിച്ച ബിസിനസ് നയത്തിലൂടെ ഇലക്ട്രോണിക്സ്, ഹൈപ്പര്മാര്ക്കറ്റ് മേഖലയില് വിജയഗാഥ രചിക്കുന്ന അജ്മലിന്റെ അഭിമുഖം ഏവര്ക്കും പ്രചോദനമേകും.
മണപ്പുറം ഫിനാന്സ് എംഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാര് തന്റെ സ്ഥിരം കോളത്തില് പാസീവ് ഇന്വെസ്റ്റ്മെന്റ് അഥവാ പരോക്ഷ നിക്ഷേപത്തെക്കുറിച്ചാണ് വിശദമായി പ്രതിപാദിക്കുന്നത്. കടുത്ത വീഴ്ചകളില് നിന്നും ഓഹരിവിപണിയെയും മറ്റും രക്ഷിക്കാന് ശേഷിയുള്ള സംവിധാനങ്ങള് പാസീവ് ഇന്വെസ്റ്റ്മെന്റിലൂടെ ദുര്ബലപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ഓട്ടോയില് ഇക്കുറി ലെക്സസിന്റെ ഇടത്തരം ക്രോസോവറായ എന്എക്സ് 300എച്ചിനെയാണ് പരിചയപ്പെടുത്തുന്നത്. ഈ വിഭാഗത്തില്പ്പെട്ട മറ്റ് കാറുകളെ അപേക്ഷിച്ച് സ്പോര്ടിയാണെന്ന് മാത്രമല്ല ഒരേയൊരു ഹൈബ്രിഡ് കാറുമാണിത്. യൂറോപ്പിലെ ജിബ്രാള്ട്ടറാണ് ഇക്കുറി യാത്രയില് സ്ഥാനം പിടിക്കുന്നത്.
ഓഹരി വിപണി, ബ്യൂട്ടി, ബാങ്കിംഗ്, പാചകം, പുസ്തക നിരൂപണം തുടങ്ങിയ പതിവ് വിഭവങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്. മികച്ച വായനാനുഭവം നേരുന്നു.
എഡിറ്റര്
നന്ദി
അജിത് രവി