കുമരകം കരിമീൻ പൊള്ളിച്ചത്

കുമരകം കരിമീൻ പൊള്ളിച്ചത്

 

ആവശ്യമുള്ള സാധനങ്ങൾ :

കരിമീൻ വൃത്തിയാക്കിയത് – 3 എണ്ണം
ചുവന്നുളളി നീളത്തിൽ അരിഞ്ഞത് – 3 കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത് – 2 എണ്ണം
ഇഞ്ചിയും വെളുത്തുളളിയും ചതച്ചത് – 3 1/2 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി – 3 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 4 ടീസ്പൂൺ
മുളകുപൊടി – 3 ടീസ്പൂൺ
മീറ്റ് മസാല – 2 1/2 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 3 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ
കട്ടിതേങ്ങാപ്പാൽ – ഒരു കപ്പ്
നാരങ്ങാനീര് – 4 ടേബിൾ സ്പൂൺ
കറിവേപ്പില – 4 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപ്പൊടി, ഉപ്പ്, കായപ്പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചതിൻ്റെ പകുതി, പകുതി കുരുമുളകുപ്പൊടി, നാരങ്ങാനീര് ഇവ ചേർത്തിളക്കി പേസ്റ്റുപോലെയാക്കുക. ഇനി വരഞ്ഞുവച്ചിരിക്കുന്ന കരിമീനിലേക്ക് തയാറാക്കിയ മസാല തേച്ചുപിടിപ്പിച്ച് അരമണിക്കൂർ മസാല പിടിക്കുന്നതിനായി ഫ്രിഡ്ജിൽ വയ്ക്കാം.
ഒരു പാനിൽ എണ്ണ ചൂടാക്കി മീന് അതിലേക്കിട്ട് തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കണം. നന്നായി ഫ്രൈ ആകേണ്ടതില്ല. മീൻ കോരിയെടുത്തശേഷം അതേ പാനിലേക്കുതന്നെ കറിവേപ്പില ചേർത്ത് ചുവന്നുളളി അരിഞ്ഞതും ബാക്കി വന്ന ഇഞ്ചിയും വെളുത്തുളളി ചതച്ചതും അൽപ്പം ഉപ്പും ചേർത്ത് വഴറ്റുക. അൽപ്പം വഴന്നശേഷം ബാക്കിവന്ന പെരുംജീരകം, കുരുമുളകുപൊടി, മുളകുപൊടി ഇവകൂടി ചേർത്ത് നന്നായി വഴറ്റി മീറ്റ് മസാലയും ചേർത്ത് ഇളക്കാം. ബ്രൗൺ നിറമായി തുടങ്ങുമ്പോൾ തക്കാളി ചേർത്ത് അടച്ചുവച്ച് വേവിക്കാം. തക്കാളി വെന്തശേഷം ഒരു തവികൊണ്ട് ഉടയ്ക്കുക. ഇതിലേക്ക് കട്ടി തേങ്ങാപാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് തിളയ്ക്കുന്നതിന് മുൻപ് അടുപ്പിൽ നിന്നും ഇറക്കിവയ്ക്കാം.
മൂന്ന് വലിയ കഷണം വാഴയില കഴുകി തുടച്ചെടുത്ത് വാട്ടിയെടുക്കുക. ഓരോ വാഴയില കഷണത്തിലും തയ്യാറാക്കിയ മസാല കുറച്ച് വീതം വച്ച് അതിനുമുകളിൽ മീൻ വയ്ക്കുക. വീണ്ടും മീനിനു മുകളിൽ മസാല വച്ച് വാഴയില പൊതിഞ്ഞെടുത്ത് വാഴനാരുകൊണ്ട് കെട്ടിവയ്ക്കാം. അതിനുശേഷം പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ചൂടാക്കി മീൻ പൊതിഞ്ഞുവച്ചത് തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. കുമരകം കരിമീൻ പൊള്ളിച്ചത് തയ്യാർ. ചൂടോടെത്തന്നെ വിളമ്പാം.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.