ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥിക്ക് പരിക്ക്: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിർത്തിവച്ചു.

ഹാമര്‍ തലയില്‍വീണ് വിദ്യാര്‍ഥിക്ക് പരിക്ക്: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിർത്തിവച്ചു.

പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നിർത്തിവച്ചു. മീറ്റിനിടെ  വൊളന്റിയറായ കുട്ടിയുടെ തലയില്‍ ഹാമര്‍ വീണ് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് മീറ്റ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമുണ്ടായത്. അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാര്‍ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

 

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അഫീല്‍ ജോണ്‍സൺ. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഫീല്‍ ജോൺസൺ. വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി മീറ്റ് കൈകാര്യം ചെയ്തതിനാണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസിൻെറ നടപടി. 

 

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻകരുതൽ സ്വീകരിക്കാതെയുമാണ് മീറ്റ് സംഘടിപ്പിച്ചതിനാണ് നടപടി. മീറ്റ് നിയന്ത്രിക്കാന്‍ ആവശ്യത്തിന് കായികാധ്യാപകരില്ലെന്നും, മീറ്റിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം സംഘടകർ നിഷേധിക്കുകയാണ് ചെയ്‌തത്‌.

 

 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വൊളന്റിയറായ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീൽ ജോൺസൺ. ജാവലിന്‍ കോര്‍ട്ടിന് സമാന്തരമായിത്തന്നെ ഈ സമയം ഹാമര്‍ത്രോ മത്സരവും നടക്കുന്നുണ്ടായിരുന്നു. വാളണ്ടിയർ ആയിരുന്ന അഫീൽ മത്സര ശേഷം ജാവലിനുകള്‍ നീക്കം ചെയ്‌തുകൊണ്ടിരുന്നപ്പോൾ, ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നിന്നെറിഞ്ഞ ഹാമർ തലയില്‍ വന്നു പതിക്കുകയായിരുന്നു. മൂന്നര കിലോ ഭാരമുണ്ടായിരുന്നു ഹാമറിന്.

 

ഹാമർ പതിച്ച്  വിദ്യാർഥിയുടെ തലയോട്ടിക്ക് സാരമായ ക്ഷേതമേറ്റു. ഉടന്‍ തന്നെ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൂജാ അവധി വരുന്നതിനാല്‍ പെട്ടെന്ന് ഇനങ്ങള്‍ തീര്‍ക്കാനാണ് ജാവലിന്‍, ഹാമര്‍ മത്സരങ്ങള്‍ സമാന്തരമായി നടത്തിയത് എന്നായിരുന്നു സംഘടകരുടെ മറുപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കായികമന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഫീലിന്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു. 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.