പ്രണയദ്വീപിലെ വിശേഷങ്ങൾ

പ്രണയദ്വീപിലെ വിശേഷങ്ങൾ

                  

ബാലിയിലെ പ്രകൃതിരമണീയതയെക്കുറിച്ചും അവിടത്തെ കമ്മ്യൂണിറ്റി ഫാമിംങ്ങ് കൃഷിരീതിയെക്കുറിച്ചുമാണല്ലോ കഴിഞ്ഞതവണ എഴുതി നിർത്തിയത്. പച്ചപട്ടണിഞ്ഞ മലകൾ കണ്ടതിന് ശേഷം, ഞങ്ങൾ  ലുവാക്ക് കാപ്പിക്കുരുഉൽപ്പാദിപ്പിക്കുകയും അവ ശേഖരിച്ച് കോഫി പൗഡർ ഉണ്ടാക്കുകയും ചെയ്യുന്ന ഫാമിലേക്കാണ് പോയത്.ഫാമിന്റെ കവാടത്തിന് മുന്പിൽ വലിയൊരു ഫ്ലക്സിൽ മരപ്പട്ടിയുടെ ചിത്രം വെച്ചിരിക്കുന്നു. അവിടെ പ്രവേശിക്കുന്നതിന് റ്റിക്കറ്റ് എടുത്ത് കഴിഞ്ഞപ്പോൾ  സുന്ദരിയായ ഒരു പെൺകുട്ടി വന്ന് ഞങ്ങളെ സ്വാഗതം ചെയ്ത് അകത്തേക്ക് കൂട്ടി കൊണ്ട് പോയി.ടൈലുകൾ  പാകിയ നടപ്പാതയിലൂടെ കുറച്ച് നടന്ന് വേണം അകത്തേക്ക് പ്രവേശിക്കുവാൻ . ഇടപ്പാതകളിൽ പന്തലുകളിൽ  പൂപന്തലുകൾ ഒരുക്കിയിരിക്കുന്നു. ഓരോ ചെടിച്ചട്ടികളിലും പുതുമ തോന്നുന്ന ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് മലയും മറുഭാഗത്ത് കുത്തനെയുള്ള താഴ്വാരങ്ങളും.  അതിലൊക്കെ നിറയെ കാപ്പിച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് .കുറച്ച് കൂടെ നടന്ന് ഫാമിലെത്തിയപ്പോൾ കണ്ട കാഴ്ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു . കുറെ ചെറിയ ചെറിയ കന്വിവേലികൊണ്ടുള്ള കൂടുകളിൽ  നിറയെ മരപ്പട്ടികൾ  ഓടി നടക്കുന്നു.  അല്പകഴിഞ്ഞപ്പോൾ  അകത്ത് നിന്ന് മറ്റൊരു പെൺകുട്ടി വന്നു. ഞങ്ങൾക്ക് മരപ്പട്ടികളെ  കാണിച്ച് തന്നിട്ട്  കാപ്പിപ്പൊടി ഉണ്ടാക്കുന്ന രീതി  വിശദീകരിച്ചു തന്നു . മരപ്പട്ടിയ്ക്ക് ഭക്ഷണമായി കാപ്പിക്കുരുവും പഴങ്ങളും നല്കും.കാപ്പിക്കുരുവിന്റെ തോടിന് പുറത്തുള്ള മാംസളഭാഗം മാത്രമേ അതിന്റെ ആമാശയത്തിലെത്തിയാൽ ദഹിക്കുകയുള്ളൂ. കുരു അതിന്റെ വിസർജ്യത്തോടൊപ്പം പുറത്തേക്ക് വരും.അത് ശേഖരിച്ച്,ഉണക്കി പൊടിച്ചെടുത്താണ് കാപ്പിപ്പൊടിയുണ്ടാക്കുന്നതെന്ന് ആ പെൺകുട്ടി പറഞ്ഞുതരികയുണ്ടായി. സന്ദർശകർക്ക് അവിടെ കാപ്പി ഒരുക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.എല്ലാവരും നന്ദിയോടെ കാപ്പി നിരസിച്ചു.

ഈ ഫാമിനോടൊപ്പം സാഹസികടൂറിന് വരുന്നവർക്കായി മലയുടെ മുകളിൽ ഊഞ്ഞാൽ കെട്ടിയിട്ട് അതിലിരുന്ന് കുത്തനെയുള്ള ഗർത്തത്തിലേക്ക് ഊഞ്ഞാലാട്ടം നടത്തുവാൻ  പറ്റിയ വിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്. താഴെക്ക് വീണാൽ കഥ കഴിഞ്ഞത് തന്നെ.എന്നാൽ ആടുന്നവരുടെ മുഖഭാവം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇരിക്കുവാനുള്ള   പ്രത്യേക ഇരിപ്പിടം സ്റ്റേജ് പോലെ കെട്ടി സജ്ജമാക്കിയിട്ടുണ്ട്, അവിടെയ്ക്ക് പ്രവേശിക്കുവാനും ടിക്കറ്റ് എടുക്കണം. അവിടെനിന്നും ഞങ്ങളുടെ യാത്ര   ലാവയൊഴുകി കൊണ്ടിരിക്കുന്ന അഗ്നിപർവ്വതം കാണുവാൻ വേണ്ടിയായിരുന്നു. ദൂരെ മറ്റൊരു മലയിൽ നിന്നാൽ അഗ്നിപർവ്വതവും അതിന്റെ സമീപപ്രദേശങ്ങളും കാണാം.ബാട്ടൂർ മലയിലെ കിണ്ടാമണി അഗ്നിപർവ്വതം പൊട്ടിയതിന്റെ ഫലമായി രൂപപ്പെട്ടതാണ് ബാട്ടൂർ തടാകവും പട്ടണവും. അഗ്നിപർവ്വതം പൊട്ടിയപ്പോൾ വിമാനത്താവളം അടച്ചെങ്കിലും ഉടനെ തന്നെ മുൻ കരുതലെടുത്ത് പ്രശ്നം പരിഹരിച്ചു.ടൂറിസം അവരുടെ പ്രധാനവരുമാനമാർഗ്ഗമായതിനാൽ വിനോദസഞ്ചാരികൾക്ക്  അത് കൂടെ കാണുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് ബാലിയിൽ.

ബാലിക്കാരുടെ നാടൻ  കലാവതരണം ഏറെ ആകർഷണമാണ്. പുരാണകഥകളെ ആസ്പദമാക്കി, വാദ്യോപകരണങ്ങളോട് കൂടിയ സംഗീതവും സംഗീതത്തോടൊപ്പം താളാത്മകതയോടെ ചിട്ടപ്പെടുത്തിയനൃത്തവും അതിമനോഹരമായിരുന്നു.തിന്മയുടെ മേൽ നന്മ ജയിക്കുമെന്ന സന്ദേശം തരുന്ന ഹൈന്ദവകഥകളെ ആസ്പദമാക്കിയായിരുന്നു  നൃത്തസംഗീതവതരണം.കർമ്മഫലത്തിൽ വിശ്വസിക്കുന്ന അവർ  ജീവിതത്തിൽ സാത്വികചിന്തയോടെയും ഭക്തിയോടെയും ജീവിക്കുവാനാണ് താൽപര്യപ്പെടുന്നത്. വാദ്യോപകരണക്കാർക്കും നൃത്തം അവതരിപ്പിക്കുന്നവർക്കും  അവരുടെതായ പ്രത്യേക വേദികളും  ഉണ്ട്. നർത്തകരുടെയും സംഗീതജ്ഞരുടെയും  വസ്ത്രലങ്കാരവും വേഷഭൂഷാദികളും ഭംഗിയേറിയതും  ആസ്വാദ്യകരവുമാണ്.

 

ക്ഷേത്രങ്ങളുടെ നാടെന്നാണ് ബാലിയെ  വിശേഷിപ്പിക്കുന്നത് . ഞങ്ങൾ  അവിടത്തെ വിശേഷപ്പെട്ട ബാറ്റ്സ് കേവ് കാണുവാനായി പോയി. വലിയ മരത്തിനടിയിൽ  ആൽത്തറ പോലെ കെട്ടി അവിടെയാണ് പൂജ നടത്തുന്നത്. നമ്മുടെ പഴയ കാവുകളെ അനുസ്മരിപ്പിക്കും വിധമാണത്. മരത്തിലും ആൽത്തറ പോലെ കെട്ടിയതിന്റെ മേൽകൂരയിലും നിറയെ വവ്വാലുകൾ  തൂങ്ങികിടക്കുന്നു. അവിടെ പ്രവേശിക്കുന്നതിന് പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കണം. അതവിടെ നിന്നും  വാടകയ്ക്ക് ലഭിക്കും. സ്ത്രീ പുരുഷഭേദമെന്യേ പൂജാരികളേയും അവിടെ കാണുവാനായി.

ജാതിവ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട് ബാലിയിൽ.പക്ഷെ ജാതിയിൽ വലിപ്പചെറുപ്പമില്ല.  ബ്രാഹ്മണർ,ക്ഷത്രീയർ,വൈശ്യർ,ക്ഷൂദ്രർ എന്നീ ജാതികളും  അവർക്കൊക്കെ പ്രത്യേക കുലതൊഴിലും പാലിച്ചുപോരുന്നു.  അന്യോന്യം ബഹുമാനിക്കുകയും ഓരോ തൊഴിലിനും അതിന്റേതായ മാന്യതയും കൽപ്പിക്കുന്നുണ്ട്. എല്ലാവരും അവരവരുടെ  ജോലിയിൽ സംതൃപ്തരാണ്.കർഷകർക്ക്  നല്ല ലാഭം കൊയ്യുവാൻ  സാധിക്കുന്നതിനാൽ  കൃഷി ചെയ്യുവാൻ  എല്ലാവർക്കും താല്പര്യമാണ്. അവിടെ കളവോ ചതിയോ ഇല്ല. തൊഴിൽരഹിതരുടെ എണ്ണം വളരെ കുറവാണ് . ജോലിയില്ലാത്തവർക്ക് ഭരണകൂടം ഉടനെ ജോലി നൽകും.

പിന്നീട് ഞങ്ങൾ  തീർത്ഥകുളം സന്ദർശിക്കുവാനാണ് പോയത് .തീർത്ഥക്കുളത്തിൽ നിറയെ ദൈവങ്ങളുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. കുളത്തിൽ നിറയെ മത്സ്യങ്ങൾ  നീന്തുന്നു. തീർത്ഥക്കുളം സന്ദർശിക്കുന്നതും മത്സ്യത്തിന് ഭക്ഷണം നല്കുന്നതും പുണ്യപ്രവർത്തിയായി  കരുതിപ്പോരുന്നു. നിരനിരയായി തീർത്ഥക്കുളത്തിൽ സ്ഥാപിച്ചിരിക്കുന്ന ദേവിമാരുടെ പ്രതിമകൾ  അതിമനോഹരമാണ്. ഈ കുളത്തിനകത്തുകൂടി  സന്ദർശകർക്ക്  നടന്ന് പോകുവാൻ  ചെറിയ കൽതൂണുകൾ  നാട്ടിയിട്ട് അതിൽ കരിങ്കല്ല് പതിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ  കൽതൂണുകളിൽ കൂടെ വളരെ ശ്രദ്ധയോടെ നടന്ന് കുളത്തിന്  മദ്ധ്യത്തിലെത്തിയപ്പോൾ  മത്സ്യത്തിന് ഭക്ഷണം കൊടുത്തു. അതൊനുഭവം തന്നെയായിരുന്നു. എൻറെ  ദൈവത്തിന്റെ സ്വന്തം ദ്വീപ് എന്ന പുസ്തകത്തിൽ നിന്നെടുത്തിട്ടുള്ളതാണ് ഈ ഭാഗം.  ഏത് പ്രായത്തിലുള്ളവർക്കും അവിടത്തെ ശാന്തമായ അന്തരീക്ഷവും അന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന പിച്ചകപൂവിന്റെ സുഗന്ധവും ആസ്വദിക്കാനാവും, ശേഷം അടുത്തലക്കത്തിൽ തുടരാം…..

ഡോ .പി .കെ .ജയകുമാരി

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.