വൃക്ഷമാതാവ് തിമ്മക്കയ്ക്ക് മണപ്പുറത്തിൻെറ ആദരം

വൃക്ഷമാതാവ് തിമ്മക്കയ്ക്ക് മണപ്പുറത്തിൻെറ ആദരം

തൃശ്ശൂർ – പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ മികവിനുള്ള വി.സി പത്മനാഭൻ പുരസ്ക്കാരം കർണാടകയിൽ നിന്നുള്ള പ്രമുഖ പരിസ്ഥിതി പ്രവർത്തക സാലമരാടു തിമ്മക്ക ഏറ്റുവാങ്ങി. കർണാ ടകയിലെ റാംനഗർ സ്വദേശിയായ തിമ്മക്ക 107-ാം വയസ്സിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും പരിസ്ഥതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമാണ്. ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചതിലൂടെ ആഗോള ശ്രദ്ധ നേടിയ തിമ്മക്കയ്ക്ക് കേരളത്തിൽ നിന്ന് ലഭിക്കുന്ന ആദ്യ വലിയ പുരസ്ക്കാരമാണ് വി.സി പത്മനാഭൻ അവാർഡ്. പരിസ്ഥിതി സംരക്ഷണത്തിനും വനവൽക്കരണത്തിനും നല്കിയ വലിയ സംഭാവനകളെ മാനിച്ച് ഈ വർഷം രാജ്യം പത്മശ്രീ നല്കി ആദരിച്ച തിമ്മക്കയെ ബിബിസി 2016ൽ ലോകത്തെ പ്രബലരും പ്രചോദിപ്പിക്കുന്നവരുമായ 100 വനിതകളുടെ പട്ടികയിൽ ഒരാളായി ഉൾപ്പെടുത്തിയിരുന്നു. വിവാഹിതയായി 25 വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ജനിക്കാത്തതിലുള്ള മനോവേദനയിൽ നിന്നാണ് പിന്നീട് മരങ്ങളെ മക്കളാക്കി മാറ്റിയ തിമ്മക്കയുടെ പച്ചപ്പണിഞ്ഞ ജീവിതത്തിന്റെതുടക്കം. ഗർഭം ധരിക്കില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഒരുവേള ആത്മഹത്യയെകുറിച്ചു പോലുംചിന്തിച്ച തിമ്മക്കയും ഭർത്താവ് ബിക്കാല ചിക്കയ്യയും ചേർന്ന് തങ്ങളുടെ ഗ്രാമത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് അവയെ മക്കളെ പോലെ പോറ്റിവളർത്താൻ തീരുമാനിക്കുകയായിരുന്നു.

തങ്ങളുടെ ഗ്രാമത്തിൽ നിന്നും തൊട്ടടുത്ത ഗ്രാമത്തിലേക്കുള്ള റോഡരികിൽ നാലു കിലോമീറ്റർ ദൂരത്തിൽ അരയാൽ മരങ്ങൾ നട്ടു പിടിപ്പിച്ചാണ്തുടക്കം. ആദ്യവർഷം 10 ആൽമരങ്ങൾ നട്ടാണ്തുടക്കം. രണ്ടാം വർഷം 15 തൈകളുംതൊട്ടടുത്ത വർഷം 20 തൈകളും നട്ടു. അങ്ങനെ നാലു കിലോമീറ്ററോളം ദൂരത്തിൽ 385 ആൽമരങ്ങളാണ് ഇവർ നട്ടത്. വെറുതെ നട്ടുപിടിപ്പിക്കുന്നതിനു പകരം ഓരോ മരത്തൈകളേയുംമുള്ളുവേലിക്കെട്ടി സംരക്ഷിച്ചും വെള്ളമൊഴിച്ചും ദിവസവും നിരീക്ഷിച്ചും സ്വന്തം മക്കളെ പോറ്റുന്നതുപോലെയാണ് തിക്കമ്മയും ഭർത്താവും ഈ മരങ്ങളെ വർഷങ്ങളോളം പോറ്റിവളർത്തിയത്. കൂലിത്തൊഴിലാളികളായിരുന്ന ഇരുവരും വീട്ടിൽ നിന്നും വെള്ളമെടുത്ത് ദിവസവും ഈ മരത്തൈകളെ നനച്ചു. വെള്ളമില്ലാത്ത സമയങ്ങളിൽ സമീപത്തെ കുളങ്ങളിൽ നിന്നും കിണറുകളിലും നിന്നും വെള്ളമെടുത്തും ഏറെ ബുദ്ധിമുട്ടിയാണ് ഇവയെ വളർത്തി വലുതാക്കിയത്.

1991-ൽ ഭർത്താവ് മരിച്ചെങ്കിലും തിമ്മക്കയ്ക്ക് ഇന്നും കൂട്ടായി ‘മക്കളായ’ മരങ്ങളുണ്ട്. ഈ ആൽമരങ്ങൾക്ക് പുറമെ എണ്ണായിരത്തോളം മറ്റുവിവിധ മരങ്ങളും തിമ്മക്ക നട്ടുവളർത്തിയിട്ടുണ്ട്. ഭർത്താവിൻെറ കാലശേഷവും തൻെറ ജീവിത നിയോഗം പോലെ മരംനടൽ തിമ്മക്ക തുടർന്നു. ദരിദ്ര കുടുംബത്തിൽ ജനിച്ചു വളർന്ന ഔപചാരിക വിദ്യാഭ്യാസം പോലുമില്ലാത്ത തിമ്മക്കയ്ക്ക് കൈമുതലായുള്ളത് പരിസ്ഥിതിയോടും മാനവികതയോടുമുള്ള തികഞ്ഞ പ്രതിബദ്ധത മാത്രമാണ്. ഇതിനൊപ്പം നിശ്ചയദാർ കൂടിചേർന്നപ്പോൾ ആഗോള അംഗീകാരങ്ങൾ തന്നെ അവരെതേടിയെത്തി. യുഎസിലെ ഒരു പരിസ്ഥിതി സംഘടന അവരുടെ പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതിക്ക് തിമ്മക്കയുടെ പേര് നല്കിയിരുന്നു. ഇവർ നട്ടു വളർത്തിയ മരങ്ങൾക്ക് ഇപ്പോൾ കർണാടക സർക്കാരിൻെറ സംരക്ഷണവും ഉണ്ട്. തിമ്മക്കയുടെ സേവനത്തെ ബഹുമാനിച്ച് നാട്ടുകാരാണ് സാലുമരാട എന്ന വിളിപ്പേര് തിമ്മക്കയ്ക്ക് നല്കിയത്. കന്നഡ ഭാഷയിൽ നിരയായി നിൽക്കുന്ന മരങ്ങളെ വിശേഷിപ്പിക്കുന്നതാണ് ഈ പേര്.

കർണാടകക്കാരിയായ തിമ്മക്കയ്ക്ക് കേരളത്തിൽ നിന്ന് ലഭിക്കുന്ന ആദ്യത്തെ ഏറ്റവും വലിയ അംഗീകാരമാണ് മണപ്പുറം ഗ്രൂപ്പ് നല്കുന്ന വി.സി പത്മനാഭൻ സ്മാരക പുരസ്ക്കാരം. 2019-ൽ മാർച്ചിൽ പത്മശ്രീ പുരസ്ക്കാരം സ്വീകരിക്കുന്നതിനിടെ രാഷ്ട്രപതി റാംനാഥ്കോവിന്ദിനെ തലയിൽ കൈവെച്ച് തിമ്മക്ക അനുഗ്രഹിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പ്രോട്ടോകോൾ ലംഘിച്ചുള്ള ഈ അനുഗ്രഹം ഹൃദ്യമായിരുന്നു വെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തതോടെ വിവാദം തണുക്കുകയും ചെയ്തു.

മരം നടലിനും വനവൽക്കരണ, പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിനും പുറമെ മറ്റു സാമൂഹിക പ്രവർത്തന രംഗത്തും സജീവമാണ് തിമ്മക്ക. കൂടെ വളർത്തു മകൻ ഉമേഷും ഉണ്ട്. തൻെറ ഗ്രാമത്തിലെ ആദ്യ ആശുപത്രിക്കു വേണ്ടിയും ജലംസംഭരണി നിർമ്മാണത്തിനും തിമ്മക്ക സജീവമായിരംഗത്തുണ്ട്. തൻെറ 108-ാം ജന്മദിനം വലിയ പരിസ്ഥിതിബോധവൽക്കരണ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ തിമ്മക്ക. പരിസ്ഥിതി സംരക്ഷണ, ബോധവൽക്കരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാലമരാട തിമ്മക്ക ഗ്രീനറി അവാർഡ് നല്കാനും പദ്ധതിയുണ്ട്.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.