പ്രണയദീപിലെ വിശേഷങ്ങൾ …

പ്രണയദീപിലെ വിശേഷങ്ങൾ …

പ്രാചീനകാലംമുതൽക്കേ നമ്മുടെ പൂർവ്വികർ ബാലി, ജാവ, സുമാത്ര, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക്  കച്ചവടത്തിനായി പായ്ക്കപ്പലിൽയാത്ര ചെയ്തിട്ടുണ്ടെന്നുള്ളത്  പ്രസിദ്ധമാണല്ലോ. അത്കൂടാതെ ബാലിയാത്രയെക്കുറിച്ചുള്ള എസ്.കെ.പൊറ്റക്കാട്ടിന്റെ യാത്രാവിവരണം കുട്ടിക്കാലത്ത്‌ വായിക്കാനിടയായതും ബാലിയാത്രയേക്കുറിച്ചുള്ള സ്പനങ്ങൾ നെയ്യുവാൻ കാരണമായി. ഇന്തോനേഷ്യയിലെ ചെറിയൊരു ദ്വീപാണ് ബാലി. മലേഷ്യയ്ക്കും ആസ്‌ത്രേലിയയ്ക്കും കിഴക്ക്‌ ലോംബോയ്ക്കുമിടയ്ക്ക്  ഏറ്റവും അധികം ദ്വീപുകളുള്ള രാജ്യമാണ്  ഇൻഡോനേഷ്യ.  ഇതൊരു മുസ്ലീം ഭൂരിഭാഗമുള്ള പ്രദേശമാണെങ്കിലും ഇന്തോനേഷ്യയുടെ മദ്ധ്യഭാഗത്തുള്ള ബാലി ഏക ഹൈന്ദവദ്വീപാണ്.ഡെൻപസാർ അതിന്റെ തലസ്ഥാനവുമാണ്.

                ഗ്രാമീണസൗന്ദര്യമുള്ള  ഈ രാജ്യത്ത് ആറ്ദിവസംചിലവഴിക്കാനും ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം ആസ്വദിക്കാനായതും വായനക്കാരുമായി പങ്ക് വെക്കുകയാണിവിടെ.  യാത്രാതീയതി നിശ്ചയിച്ചതിന് ശേഷം , തയ്യാറെടുപ്പിനായി  വളരെ ചുരുങ്ങിയ ദിവസങ്ങൾ  മാത്രമേ ലഭിച്ചുള്ളൂ.  ഉബുദ് എന്ന സ്ഥലത്താണ് ഞങ്ങൾക്ക് താമസിക്കാൻ   ഹോംസ്റ്റേ ബുക്ക്‌ചെയ്തത്. ആ സമയത്താണ്

 ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടി ലാവ ഒഴുകികൊണ്ടിരിക്കുന്നതായും വിമാനത്താവളങ്ങൾ അടച്ചിട്ടതായും പത്രവാർത്തകൾ വന്നത്. അതറിഞ്ഞ് ആദ്യമൊന്ന് ശങ്കിച്ചെങ്കിലും , നിരന്തരമായുണ്ടാവുന്ന  ദുരന്തങ്ങളിൽ  ദുരന്തനിവാരണത്തിന് സത്വരനടപടികൾ ഇന്തോനേഷ്യ സ്വീകരിച്ചതെന്നും വിമാനത്താവളങ്ങൾ തുറന്ന്  പ്രവർത്തിക്കുവാൻ തുടങ്ങിയെന്ന വാർത്തയുടനെ വന്നത്.

 ദൈവത്തിന്റെ ദ്വീപ് കാണേണ്ട കാഴ്ചയാണെന്ന,  ബാലി ഈയിടെ സന്ദർശിച്ച സഹോദരന്റെ പുകഴ്ത്തൽ കൂടെകേട്ടപ്പോൾ, ഏഴ് പേർ അടങ്ങുന്ന ഞങ്ങളുടെ സംഘം ശുഭാപ്തിവിശ്വാസത്തോടെ യാത്ര ആരംഭിച്ചു. ബോർഡിംങ്ങ്‌സമയം  രാത്രി പത്തരയ്ക്ക് ആയതിനാൽ എട്ട്  മണിയോടെ എയറോഡ്രോമിലെത്തി. എയർഏഷ്യയുടെ ബഡ്ജറ്റ് ഫ്‌ളയിറ്റിൽ നെടുമ്പാശ്ശേരിയിൽ  നിന്ന് യാത്ര തിരിച്ചിട്ട് , വെളുപ്പിന് ആറരയോടെ കോലാലമ്പൂരിൽ  എത്തി. കോലാലമ്പൂരിർ ട്രാൻസിറ്റ് ആയ വലിയഎയർപോർട്ടാണല്ലോ.ഏതാണ്ട് ഒരു മണിയോടെ ഫ്‌ളയിറ്റ്  ഇന്തോനേഷ്യയിൽ ലാൻഡ് ചെയ്തു. അവിടെ നിന്നും  ഒരു മണിക്കൂർ യാത്രയുണ്ട് ഞങ്ങൾ താമസിക്കുന്ന ഹോംസ്റ്റേയിലേക്ക്.

ഏഴ് പേർക്ക്‌യാത്ര ചെയ്യാവുന്ന  ഒരു വാനിൽ ഹോട്ടലിലേക്ക്‌യാത്ര ചെയ്യുവാൻ മൂന്ന് ലക്ഷം രുപ്പയാ.ഇത്‌ കേട്ട് പേടിക്കേണ്ട നമ്മുടെ 1500 രൂപയേ വരികയുള്ളൂ.നമ്മുടെ ഒരു രൂപ അവരുടെ 200 റുപ്പായക്ക് തുല്യമെന്ന് സാരം .ഇന്തോനേഷ്യയിൽ. എയർപോർട്ട് മുതൽ നമ്മേ ആകർഷിച്ചത് വഴിയിലെ ശില്പ്പങ്ങളും നല്ല വീതികൂടിയ ഭംഗിയുള്ള റോഡുകളുമാണ്. റോഡുകളുടെ മദ്ധ്യത്തിലായി അഞ്ച്കുതിരകളെപ്പൂട്ടിയ  തേർ തെളിക്കുന്ന  കൃഷ്ണന്റെയും  അമ്പും വില്ലുമായി നില്ക്കുന്ന  അർജ്ജനൻറെയും ശില്പം  കണ്ടു. നമ്മുടെ ദേവസങ്കൽപ്പത്തിൽ  നിന്ന്  വളരെ വ്യത്യസ്തമാണ് അവരുടെ ഹൈന്ദവ ദേവശില്പ്പങ്ങൾ എന്നത് ഒരു പുതുമ തോന്നി. റോഡുകളിൽ വലിയ നിശബ്ദത ഹോൺ  അടിക്കുന്ന  ശബ്ദമില്ല. വാഹനങ്ങൾ ഓവർടെയ്ക്ക്‌ചെയ്യാറില്ല. വൃത്തിയും വീതിയുമുള്ള റോഡുകൾ, മനോഹാരിതയ്ക്ക്  മാറ്റുകൂട്ടുന്ന  പൂന്തോട്ടങ്ങളും ബാലിയുടെ പ്രത്യേകതയാണ്. അര മണിക്കൂർ യാത്രയ്ക്ക്‌ശേഷം വാൻ ബാലിസ്ട്രീറ്റിൽ കയറി അത്ടൂറിസ്റ്റ്‌കേന്ദ്രമാണ് പോലും. വഴി നിറയെ വില്ക്കാനുള്ള വലിയവലിയ ശില്പ്പങ്ങൾ റോഡുരുകിൽ നിരത്തിവെച്ചിരിക്കുന്ന  കാഴ്ച്ച കാണേണ്ടത് തന്നെയാണ്. നിരനിരയായി നിൽക്കുന്ന ശില്പങ്ങൾ കണ്ടാൽ അവർ നമ്മേ സ്വാഗതം ചെയ്യുകയാണോയെന്ന് തോന്നും .

അങ്ങിനെ ഞങ്ങൾ കാബുപട്ടെൻ ഗിയാൻയർ ജില്ലയിലെ ഉബുദ് എന്ന   പട്ടണത്തിലെ ബിസ്മ  നമ്പർ 45 ബാലി സിലാ ബിസ്മയെ ഹോംസ്റ്റേയിൽ എത്തിച്ചേർന്നു . പുറമേ നിന്നുള്ള കാഴ്ചയിൽ ബാലിസിലായ്ക്ക്ആഢംബരഹോട്ടലിന്റെ പ്രൗഡിയൊന്നും  ഇല്ല.  ഹോംസ്റ്റെയെന്നാൽ സാധാരണ ഒരു കുടുംബപാശ്ചാത്തലമാണല്ലോ നാം ഉദേശിക്കുന്നതും. ഹോംസ്റ്റേയെക്കുറിച്ചും അതിന്റെ ഉടമസ്ഥയുടെ ആദിത്യമര്യാദയെക്കുറിച്ചുമൊക്കെ നല്ല റിവ്യൂ കൊടുത്തിരുന്നതിനാലാണ് ഇവിടെ താമസിക്കുവാനായി   റൂം ബുക്ക്‌ചെയ്തത്.

 അകത്തേക്ക് പ്രവേശിച്ചപ്പോൾ ചതുരാകൃതിയിലുള്ള സ്ഥലത്തിന്റെ ഒരരിക്‌ ചേർന്ന്  ഒരു സ്റ്റേജ് പോലെ ദീർഘ ചതുരാകൃതിയിൽ  വിരുന്നുകാരെ സ്വാഗതം ചെയ്യുന്നതിനുള്ള തുറന്ന  വരാന്തയും അതിൽ കുറെ ഇരിപ്പിടങ്ങളും  ഒരുക്കിയിട്ടുണ്ട്. അതിന്റെ ഉടമസ്ഥ ഒരു സ്ത്രീയാണ്, അവർ ഞങ്ങൾക്ക്താമസിക്കാനുള്ള മുറികൾ കാണിച്ചു തന്നു. ചെറിയ വീടുകൾ പോലെ അവിടവിടെയായി പണിതിരിക്കുന്നത് എല്ലാവർക്കും അത്യവശ്യം വിശ്രമിക്കുവാനും സ്വകാര്യതയും സമാധാനവും തരുന്ന  സൗകര്യങ്ങൾ ഉണ്ട്. ചുറ്റിനും പുൽത്തകിടിയും  അതിൽ ചെടികൾ നട്ട് , ചെറിയ പ്രതിമകൾ ,ആനകുടകൾ , തോരണങ്ങൾ എന്നിവകൊണ്ട്  അലങ്കരിച്ച് മനോഹരമാക്കിയിരിക്കുന്നു, ചെറിയകുളങ്ങളും, നീന്തൽകുളവും ഒക്കെയായി അതിഥികളെ വരവേൽക്കാൻ കാത്തിരിക്കുന്ന  സുന്ദരമായസ്ഥലം.അന്നത്തെ ദിവസം യാത്രാക്ഷീണത്താൽ വിശ്രമത്തിനായി നീക്കിവെച്ചു.

അടുത്തദിവസം രാവിലെ ഞങ്ങൾ  സിൽവർ മ്യൂസിയവും  ആർട്ട്  വില്ലേജും ടെറസ് ഫാമിംങ്ങും കാണുവാൻ പോയി. മ്യൂസിയത്തിൽ പോവുന്നതിന് മുൻപായി ആഭരണനിർമ്മാണശാലയിലേക്കാണ് പോയത്. അവിടെ സ്ത്രീപുരുഷഭേദമെന്യേ ധാരാളം തൊഴിലാളികൾ നിർമ്മാണപ്രവർത്തികളിൽ ഏർപ്പെട്ടിരിക്കയാണ്. വള,മാല, അവയുടെ കൊളുത്തുകൾ,ഡിസൈൻ ചെയ്യുന്ന  സെക്ഷൻ, ആകൃതികൊടുക്കുന്നത്, വിവരിച്ചാൽ തീരാത്ത പണികളിലൂടെയാണ് ആഭരണങ്ങൾ നിർമ്മിതി നടക്കുന്നത് .  അതിന് പിന്നിലെ വിദഗ്ദസംഘത്തിന്റെ അദ്ധ്വാനവും സമർപ്പണവും   മനസ്സിലായത് ഫാക്ടറിയുടെ പ്രവർത്തനം കണ്ടപ്പോഴാണ്.

മ്യൂസിയത്തിലെത്തിയപ്പോൾ കവാടത്തിനരികെ ശ്രീകൃഷ്ണന്റെ വലിയൊരുശില്പ്പം പിന്നെ മ്യൂസിയത്തിന്റെ പുറം ഭിത്തിയിൽ ധാരാളം തുമ്പികളുടെ വലിയവലിയ ശില്പ്പങ്ങൾ അതൊക്കെ വലിയകോക്രീറ്റ് ഭിത്തിയിൽ നിന്ന് കുറച്ച്  പ്രൊജക്റ്റ്‌ചെയ്ത് പിടിപ്പിച്ചിരിക്കുന്നതിനാൽ കാഴ്ചയ്ക്ക്‌വളരെ കൗതുകം ജനിപ്പിക്കും. ചുറ്റിനുമുള്ള തൂണുകൾ നിറയെ ദേവതമാരുടെ സുന്ദരശില്പ്പങ്ങളും. അവിടെ നിന്നും മ്യൂസിയത്തിന്റെ തൊട്ടടുത്തുള്ള പണിശാലയിലേക്ക് താഴോട്ട്  ഇറങ്ങണം.  ചവിട്ട്  പടികളുടെ ഇരുഭാഗത്തും നിറയെ പച്ചയും മഞ്ഞയും കലർന്ന  ഇല്ലിച്ചെടികൾ അത്കൂടാതെ പടികളിൽ നിറയെ തവളകളുടെ പല പോസിലിരിക്കുന്ന   പ്രതിമകൾ. മതിലിനരികിൽ ഒരു മനുഷ്യന്റെയത്ര വലിപ്പമുള്ള തവള സൈക്കിൾചവിട്ടി പോവുന്ന  ദൃശ്യം, ആരേയുംആകർഷിക്കുന്നതായിരുന്നു.

ആർട്ട് ഗാലറിയിൽ പോവുന്നതിന് മുൻപായി ബാത്തിക്ക് പെയിന്റിംങ്ങ്‌യൂണിറ്റും അതോടൊപ്പമുള്ള പ്രദർശനവും വില്പനയും നടത്തുന്ന  ബാത്തിക്ക്ആന്റ് പെയിന്റിംങ്ങ്എക്‌സിബിഷനും കണ്ടു. കുറച്ച് സാധനങ്ങൾ വാങ്ങുകയും ചെയ്തു. ബാത്തിക്ക് പെയിന്റിംങ്ങിനും കലാവൈഭവം  അനിവാര്യമെന്ന് അവരുടെ പണിശാല സന്ദർശിച്ചാലേ ബോധ്യമാവൂ. ഒരു ബാത്തിക്ക് പെയിന്റ്നായി ചെയ്‌തെടുക്കുന്നതിന്

 മുൻപായി തുണികളിലെ പശ കളയുന്നതും ഡിസൈൻ കൊടുക്കുന്നതുംഓരോ നിറത്തിലും പല പ്രാവശ്യം അതനുസരിച്ച്‌ മെഴുക് പുരട്ടുന്നതും പിന്നെ ചായങ്ങൾ കൊടുത്ത്  ഉണക്കിസൂക്ഷിക്കുന്നതും അങ്ങനെ അനവധി പ്രക്രിയകളിലൂടെയാണ്.  ധാരാളം സന്ദർശകർ  വരുന്നുണ്ടെങ്കിലും തൊഴിലാളികൾ അവരുടെ  തൊഴിലുകളിൽ വ്യാപൃതരാണ്.

                അവിടെ നിന്നും ആർട്ട് വില്ലേജ്‌ സന്ദർശിക്കാനാണ് ഞങ്ങൾ പോയത്. ഒരു പ്രദേശം മുഴുവൻ ബാലി സംസ്‌ക്കാരം നിലനിർത്തുന്ന വിധത്തിൽ ക്ഷേത്രങ്ങളും ആചാരങ്ങളും സംരക്ഷിച്ച്‌കൊണ്ട് എത്ര മനോഹരമായി സ്ഥലത്തെ സൂക്ഷിച്ചിരിക്കുന്നു.ഓരോവീടിന് മുന്നിലും ദൈവത്തെ സ്മരിച്ച്ദിവസവും കുരുത്തോലകുമ്പിളിൽ പൂക്കളും ചന്ദനത്തിരിയും കത്തിച്ച് പ്രാർത്ഥനയോടെ പ്രഭാതത്തെഎതിരേൽക്കുന്ന  ബാലിജനതയുടെ മനസ്സിലും ചിന്തകളിലും ഉണ്ടാവുന്ന  നന്മകൾ അന്തരീക്ഷത്തിലുടനീളം നമുക്ക് ആസ്വദിക്കാൻ കഴിയും.

ആർട്ട് വില്ലജിൽ   ഒരു കൂട്ടുകുടുംബം ദർശിക്കുവാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. അവിടെയെത്തിയപ്പോൾ അന്നത്തെ പൂജകൾ കഴിഞ്ഞു പോയെങ്കിലും പുറമേ നിന്ന്  ക്ഷേത്രം ദർശിക്കുവാൻ അവർ അനുവദിച്ചു. ഈ കൂട്ടുകുടുംബത്തിന്റെ മൂന്ന് തലമുറഅവിടെ  താമസിച്ചിരുന്നെന്നും ഇപ്പോൾ ആ തറവാട് ആർട്ട് ഗ്യാലറി  നടത്തുകയാണെന്നും  പറഞ്ഞു. അവിടവിടെയായി ഓടിട്ട  ചെറിയവീടുകൾ, എല്ലാത്തിനുംവരാന്തകൾ അതിലൊക്കെ നിറയെ വിവിധതരത്തിലുള്ള  പെയിന്റിംങ്ങുകൾ . വാങ്ങാതെ പോരുവാൻ തോന്നില്ല. അത്രയ്ക്ക് മനോഹരമായവ . അതിലൊരണ്ണം  വാങ്ങിച്ചു.ക്ഷേത്രത്തിനും പ്രത്യേകതയുണ്ട്. ആദിവാസികളുടെ ഏറുമാടങ്ങൾ പോലെയുള്ളവ , അതിനുള്ളിൽ കുറെ പ്രതിമകൾ  പ്രതിഷ്ഠിച്ചിട്ടുണ്ട്. അതൊക്കെ കടുംചുവപ്പ് നിറത്തിലെ തുണികൾ കൊണ്ട് മൂടിയിരിക്കുന്നു . അതിമനോഹരമായ കാഴ്ച.

പിന്നീട്  ഞങ്ങൾ പോയത്‌ ടെറസ് ഫാമിംങ്ങ്കാണുവാനാണ്.അതും ബാലിക്കാരുടെ മാത്രം സവിശേഷതയാണ്. ഒരു വലിയ മലയുടെ മുകൾഭാഗം മുതൽ താഴെ വരെ, പല തട്ടുകളായി കൃഷിചെയ്യുന്ന  രീതിയാണിത്. ശരിക്കും പറഞ്ഞാൽ നല്ല കൂട്ടായ്മയുള്ള കർഷകർക്ക്  പ്രാബല്യത്തിൽകൊണ്ട്‌വരാവുന്നരീതി. മുകളിൽ നിന്ന് ആവശ്യത്തിൽ കൂടുതലുള്ള ജലം പല തട്ടുകളിലൂടെ കടന്ന്, എല്ലാ കൃഷിസ്ഥലത്തേക്കും നിഷ്പ്രയാസം എത്തിക്കുവാൻ സാധിക്കുന്നു. ഈ മലകൾ ദൂരെ നിന്ന് വീക്ഷിച്ചാൽ പച്ചപട്ടണിഞ്ഞ സുന്ദരികളായി തോന്നും  അത്രയ്ക്ക് ഭംഗിയുണ്ട്  കാണുവാൻ. ഇനിയും ധാരാളംകാഴ്ചകൾ വിവരിക്കാനുണ്ട്.

ഡോ .പി .കെ .ജയകുമാരി

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.