ഫാനി കൊടുംകാറ്റ് : കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത


ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. സമുദ്രത്തില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കടലില്‍ മീന്‍ പിടിക്കാൻ പോയവരോട് തിരികെവരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 26 ന് അതിരാവിലെ 12 മണിക്ക് മുൻപ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം.
Photo Courtesy : Google/ images are subject to copyright