” ഞാൻ രഞ്ജിനി ഹരിദാസ് ” – രഞ്ജിനിയുടെ വെളിപ്പെടുത്തലുകൾ

”  ഞാൻ രഞ്ജിനി ഹരിദാസ് ”  – രഞ്ജിനിയുടെ വെളിപ്പെടുത്തലുകൾ

IMG_6454

പൊയ്മുഖമില്ലാത്ത വ്യക്തിത്വം . എല്ലാ വിഷയങ്ങളിലും സ്വന്തമായ നിലപാടുള്ള സ്ത്രീത്വം . കരുത്തുറ്റ ചിന്തകളും പ്രവർത്തികളും കൊണ്ട് വിവാദങ്ങളുടെ കളിത്തോഴി .വിശേഷണങ്ങളേറെയാണ് ഈ സ്ത്രീരത്നത്തിന് .  മികവുറ്റ വാക്ചാതുരി കൊണ്ടും വ്യത്യസ്തമായ  അവതരണശൈലികൊണ്ടും  ടെലിവിഷൻ രംഗത്തും സ്റ്റേജ് ഷോകളിലും മിന്നുംതാരമായ രഞ്ജിനി ഹരിദാസുമായി യുണീക്‌ ടൈംസ് സബ്എഡിറ്റർ ഷീജ നടത്തിയ അഭിമുഖം  .

1 .വിവാദങ്ങൾ സന്തതസഹചാരിയാണല്ലോ ? വിവാദങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?

വിവാദങ്ങൾ എന്നുപറയുമ്പോൾ അത് പൊതുജനങ്ങളുടെ അഭിപ്രായമാണല്ലോ .ഒരു വിഷയത്തെക്കുറിച്ച് വിവിധാഭിപ്രായങ്ങൾ പൊതുജനങ്ങൾക്കിടയിലുണ്ടാകുമ്പോഴാണല്ലോ വിവാദം ജനിക്കുന്നത് . അങ്ങനെ പൊതുജനങ്ങൾക്കിടയിൽ എന്നെക്കുറിച്ചു കുറേ വ്യത്യസ്‍ത  അഭിപ്രായങ്ങൾ ഉള്ള ഒരാളായി മാറി ഞാനും . അതെങ്ങനെയാണെന്നെനിക്കറിയില്ല . ഞാൻ ഇങ്ങനെയാണ് ! അതെ എനിക്ക് പറയാനുള്ളു . അന്നും ഇന്നും അതിനൊരു മാറ്റവും വന്നിട്ടില്ല . സത്യംപറഞ്ഞാൽ വിവാദങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട് . നല്ല അഭിപ്രായമാണെങ്കിലും  മോശം അഭിപ്രായമാണെങ്കിലും അത് പറയാനായി കുറച്ചു സമയം സമൂഹം  ചിലവഴിക്കുന്നുണ്ട് . അതിൽ എന്തങ്കിലുമൊക്കെ കാരണവുമുണ്ടാകുമല്ലോ . ഞാനായിട്ട് മനഃപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കാറില്ല . പല വിവാദങ്ങളും ഞാൻ  തമാശയായിട്ടേ എടുത്തിട്ടുമുള്ളു .ഒരു സമയത്ത് ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അതായത് , എൻറെ വേഷത്തെക്കുറിച്ചായാലും , എൻറെ ഭാഷയെക്കുറിച്ചായാലും  ചർച്ചചെയ്യപ്പെടുകയുണ്ടായിരുന്നു .ചില സമയങ്ങളിൽ ചില ആൾക്കാരെക്കുറിച്ച് ചർച്ച ചെയ്യാൻ ജനങ്ങൾക്കിഷ്ടമായിരിക്കും . അതൊക്കെ സാമൂഹികജീവിത്തിന്റെ ഭാഗമായിക്കാണാനാണ്   ഞാൻ ഇഷ്ടപ്പെടുന്നത് . ഇപ്പൊ വിവാദങ്ങളില്ലാതിരിക്കൽ എനിക്ക് ബുദ്ധിമുട്ടാണ് . ഇത് തമാശയായിട്ടാണ് പറയുന്നത് .

IMG_6452 (1)

  1. ഈയിടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു വിഷയമാണ് “സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സമത്വവും : ഈ വിഷയത്തെക്കുറിച്ച് രഞ്ജിനിയുടെ കാഴ്ച്ചപ്പാടെന്താണ് ?

സത്യത്തിൽ വ്യക്തി സമത്വത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ . എല്ലാവരിലും സമത്വമുണ്ടാകണം .എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ഉണ്ടാകണം എന്ന്  വിശ്വസിക്കുന്നു. എന്നാൽ സ്ത്രീയ്ക്കാണ് ശക്തി കൂടുതലെന്നോ പുരുഷനാണ് ശക്തികൂടുതലെന്നോ വിധിക്കാൻ ഞാനാളല്ല . പുരുഷനേയും സ്ത്രീയെയും രണ്ട് വ്യത്യസ്തരീതിയിലാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് .തീർച്ചയായും അതിന്റെതായ വ്യത്യാസം ഉണ്ടാകാതെ തരമില്ല . പക്ഷെ അവസരങ്ങളുടെ കാര്യത്തിൽ പുരുഷനും സ്ത്രീയും സമന്മാരാണ് . അതുകൊണ്ടാണ് സ്ത്രീ  ശാക്തീകരണം ഫെമിനിസം എന്ന വിഷയങ്ങൾക്ക് കഴിഞ്ഞകുറച്ചു കാലങ്ങളായി കൂടുതൽ പ്രാധാന്യം കിട്ടുന്നത് .കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ തന്നെ ചർച്ചാവിഷയമായ ഒരു കാര്യമാണിത് . സ്ത്രീകൾക്ക് വോട്ടവകാശം , തുല്ല്യ വേതനം , ജോലി സമയത്തിലെ തുല്യത എന്നിവയ്ക്കായി തുടങ്ങിവച്ചതാണത് . നമുക്കറിയാം അന്നത്തെക്കാലത്ത് സ്ത്രീകൾക്ക് ഒന്നിനും സ്വാതന്ത്ര്യമോ പരിഗണനയോ ഉണ്ടായിരുന്നില്ല . അതിന് മാറ്റം വരുത്തുവാനായി സ്ത്രീകൾക്കൊപ്പം പുരുഷന്മാരും പ്രവർത്തിച്ചാണ് ഇന്നുണ്ടായിട്ടുള്ള നേട്ടങ്ങൾ നേടിയെടുത്തത് .ഇനിയും കുറെ കാര്യങ്ങൾ നേടിയെടുക്കാനുണ്ട് . അതിന്റെ ഒരു പോസിറ്റീവ് ഭാഗം എടുക്കുകയാണെങ്കിൽ തീർച്ചയായും  സ്ത്രീ പുരുഷ സമത്വം എന്നുള്ളത്  ആവശ്യമാണ് . എന്നാൽ സ്ത്രീ സമത്വവും  തെറ്റായി വ്യഖ്യാനിക്കുന്നതിൽ എനിക്ക് യോജിക്കാൻ കഴിയില്ല . കഴിഞ്ഞകുറച്ചു കാലമായി ഫെമിനിസം എന്ന വാക്കിന്റെ അർത്ഥം  തന്നെ മാറിയിരിക്കുന്നു . ഫെമിനിസം എന്നാൽ പുരുഷ മേധാവിത്വം എന്ന രീതിയിൽ മാറിയിരിക്കുന്നു . അതിനോട് ഞാൻ യോജിക്കുന്നില്ല . ഫെമിനിസം എന്ന് പറയാൻ എന്തിന് ഫെമിനിസ്റ്റ് എന്ന് പറയാൻ പോലും  ആളുകൾ ഇപ്പോൾ പേടിക്കുന്നരീതിയിട്ടുണ്ട് . ഫെമിനിസ്റ്റ് എന്നുപറഞ്ഞാൽ സമത്വം ആഗ്രഹിക്കുന്ന ആൾ എന്നുമാത്രമേ അർത്ഥം  ഉള്ളു . പുരുഷന്മാർക്കും ഫെമിനിസ്റ്റ് ആകാം . എല്ലാത്തിലും കുറ്റങ്ങൾ  കണ്ടുപിടിക്കുമ്പോൾ  ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതിലും ഉണ്ടാകുന്നു എന്നേയുള്ളു .  സ്ത്രീ പുരുഷ സമത്വം എന്നതിനെ അതിന്റെ നല്ല അർഥത്തിൽ ഞാൻ അംഗീകരിക്കുന്നു . സ്ത്രീ ശാക്തീകരണം വളരെ അത്യാവശ്യമുള്ള വിഷയമാണ് . വിദ്യാഭ്യാസത്തിലൂടെ തിരിച്ചറിവുകളിലൂടെ സ്ത്രീ ശക്തയാകേണ്ടതുണ്ട് . മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട് .

  1. മനുഷ്യരേക്കാൾ സ്നേഹിക്കാൻ നല്ലത് മൃഗങ്ങൾ എന്നതുകൊണ്ടാണോ രഞ്ജിനി ഒരു മൃഗസ്നേഹിയായി മാറിയത് ?

ഞാൻ ഒരു മൃഗസ്നേഹിയാകാൻ കാരണം ഒരു പക്ഷെ ഞാൻ വളർന്ന സാഹചര്യം ആയിരിക്കാം . നമ്മളിലെ വ്യക്തിത്വം രൂപീകരിക്കപ്പെടുന്നത് വളരുന്ന സാഹചര്യത്തിൽ നിന്നുതന്നെയാണ് .   എൻറെ അച്ഛൻ മൃഗസ്നേഹിയായിരുന്നു . അമ്മയും അപ്പൂപ്പനും മൃഗസ്നേഹികളാണ് . വലുതായപ്പോൾ അനുഭവങ്ങളിൽ നിന്നും മനസിലായത് മൃഗങ്ങൾക്കുള്ള സ്നേഹം ഒരിക്കലും മാറില്ല എന്നത് . പ്രത്യേകിച്ച് നായകൾക്ക് . എന്തെന്നാൽ  വളർത്തുമൃഗങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ അടുത്തിടപഴകുന്നത് നായ്ക്കളോടാണ്. ചിലരെ ഞാൻ സഹായിക്കുമ്പോഴും എനിക്ക് തിരികെ പണി തരുന്ന അവസരങ്ങൾ  ഉണ്ടായിട്ടുണ്ട് . വളരെ നന്ദിയുള്ള മൃഗമാണ് നായ. നമ്മൾ അവരെ അടിച്ചാലും സ്നേഹത്തോടെ വീണ്ടും നമ്മുടടുത്ത് വരും . എന്നാൽ  മനുഷ്യരുടെ കാര്യം  അങ്ങനെയല്ല . ഈഗോയും , പകയും , പ്രതികാരവും എല്ലാം ചേർന്നതാണ് മനുഷ്യർ . അതുകൊണ്ട്  സ്നേഹിക്കാൻ ഇപ്പോഴും നല്ലത് മൃഗങ്ങൾ തന്നെയാണ് . എല്ലാ മനുഷ്യരേക്കാൾ എന്ന് ഞാൻ ഒരിക്കലും  പറഞ്ഞിട്ടില്ല . എന്നാലും ചില മനുഷ്യരെക്കാളും കൂടുതലിഷ്ടമാണ് . ഒരുപാടിഷ്ടമുള്ള ഒത്തിരി മനുഷ്യരും ഉണ്ട് . ഒരിക്കലും രണ്ട് വിഭാഗത്തിൽപ്പെട്ട ജീവികളെപ്പറ്റി താരതമ്യം ചെയ്യാൻ സാധിക്കില്ല .

 

IMG_6456

  1. അവതാരക എന്നുള്ള നിലയിൽ മറക്കാൻ പറ്റാത്ത അനുഭവം എന്താണ് ?

കുറെ വർഷങ്ങളായി ഈ മേഖലയിൽ നിൽക്കുന്നതുകൊണ്ട് ഒരനുഭവമായി  എടുത്തുപറയാൻ പ്രത്യേകിച്ച് ഒന്നുമില്ല  , എന്റെ ജീവിതത്തിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ കേൾക്കേണ്ടിവന്ന ഒരാവസ്ഥയായിരുന്നു .തീരെ പ്രശസ്‌തി  ആഗ്രഹിക്കാത്ത ഒരാളായിരുന്നു ഞാൻ..പക്ഷെ അങ്ങനെയൊരു മേഖലയിലാണ് ഞാൻ എത്തപ്പെട്ടത് . എങ്ങനെയോ ഒരു വിവാദനായികയായി . ആ സമയത്ത് എന്നെകുറിച്ച് ഒത്തിരി വിവാദങ്ങൾ വന്നിട്ടുണ്ടായിരുന്നു . അതൊക്കെ കേട്ടുകേട്ട് ഞാൻ എന്ന വ്യക്തി സ്‌ട്രോങും ബോൾഡുമായി മാറി എന്നുള്ളത് വസ്തുതയാണ് . വിവാദങ്ങൾ ഇപ്പോഴും സ്വയം വിലയിരുത്തലിന് കാരണമാകാറുണ്ട് .ഞാൻ എന്താണെന്നത് എനിക്കും എന്നെ അറിയുന്നവർക്കും   മാത്രമേ മനസിലാകുള്ളൂ . എന്നെ തീരെ അറിയാത്ത വ്യക്തികൾ എന്നെ കുറിച്ച്  അഭിപ്രായങ്ങൾ പറയുമ്പോൾ അതിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട് . സ്വയം പഠിക്കാനും  വിലയിരുത്താനും അത് സഹായിക്കും . പിന്നെ സമൂഹത്തിലെ വിവിധമേഖലകളിലെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തികളെ പരിചയപ്പെടാനും അവരുമായി വേദി പങ്കിടാനും സാധിച്ചിട്ടുണ്ട് . അതിൽ കുറച്ചുപേർ നല്ല സുഹൃത്തുക്കളായും  കുടുംബാംഗങ്ങളായും  മാറിയിട്ടുണ്ട് , ഇന്ന് ഏതൊരു സ്റ്റേജിലും സംസാരിക്കാനുള്ള ആത്മവിശ്വാസം എനിക്ക് ലഭിച്ചതും ഈ മേഖലയിൽ നിന്ന് കിട്ടിയിട്ടുള്ള അറിവ് തന്നെയാണ് . ഇതൊരു നേട്ടം തന്നെയാണ് .

IMG_0712

  1. മീ ടൂ വിവാദം കത്തിനിൽക്കുന്ന കാലമാണല്ലോ ഇത് . രഞ്ജിനിക്ക് അത്തരം അനുഭവങ്ങൾ എന്തെകിലും പങ്കുവയ്ക്കുവാനുണ്ടോ ?

മീ ടൂ വിവാദം ഉണ്ടാകാൻ തന്നെ കാരണം പ്രതികരിക്കരിക്കേണ്ട സമയത്ത് പ്രതികരിക്കാൻ പറ്റാതിരിക്കുകയും പിന്നെ   അതിനെകുറിച്ചോർത്ത് മാനസികസംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുകയും പിന്നീട് അത് വെളിപ്പെടുത്തേണ്ടിവരികയും ചെയ്യുന്നത് കൊണ്ടാണ് . എനിക്ക് അങ്ങനെ ഒരു വിഷയം വരാൻ ഒരു സാധ്യതയും ഇല്ല. പ്രതികരിക്കേണ്ടിടത്ത് മുഖം നോക്കാതെ പ്രതികരിക്കുകയും ചെയ്യും ഞാൻ . രണ്ടുമൂന്ന് സഹചര്യങ്ങൾ ഉണ്ടായപ്പോഴൊക്കെ ഞാൻ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട് . പ്രശ്നങ്ങൾ മീ ടു വരെ എത്താതിരിക്കാൻ കാരണം പ്രതികരിക്കേണ്ട സമയത്ത് ഞാൻ പ്രതികരിച്ചിട്ടുണ്ട് ആ വിഷയം അവിടെ അവസാനിച്ചിട്ടുമുണ്ട്  എന്നുള്ളതാണ് . പിന്നെ ചിലത് പ്രായത്തിന്റെ പ്രശ്നമാണ് . ചിലർക്ക് സാഹചര്യം കാരണം ,അറിവില്ലായ്‌മ കാരണം, തെറ്റായ ഉപദേശങ്ങൾ കാരണം, ഉല്‍ക്കര്‍ഷേച്ഛ കാരണം ചൂഷണത്തിന് വിധേയപ്പെടാനുള്ള സാഹചര്യം ഉണ്ടാകുകയും .കുറെ നാൾ കഴിയുമ്പോൾ അതേക്കുറിച്ചോർത്ത് മറ്റു കുട്ടികൾക്ക് ഈ അനുഭവം ഉണ്ടാകരുത് എന്ന ചിന്തയുണ്ടാകുമ്പോഴായിരിക്കാം മീ ടൂ വിവാദമാകുന്നത് .മീ ടൂ നല്ലതുതന്നെയാണ് .പക്ഷെ സത്യസന്ധമായി അത് പുറത്തുവരുമ്പോൾ തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുമ്പോഴാണ് മീ ടൂ വിന് അർത്ഥമുണ്ടാകുന്നത് . പക്ഷെ കുറെ ആൾക്കാർ ഇപ്പൊ മീ ടൂ ദുരുപയോഗം ചെയ്യുന്നുണ്ട് . എനിക്ക് മീ ടൂ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല . കാരണം ഞാൻ പ്രതികരിക്കുന്നയാളാണ്.ചെറിയ പ്രായത്തിൽ പ്രതികരിക്കാൻ പേടിയായിരിക്കും . കുട്ടികളെ തെറ്റും ശരിയും മനസിലാക്കി വളർത്തേണ്ടതുണ്ട്.

.IMG_0690

  1. വിവാഹം എന്ന ആചാരത്തിൽ വിശ്വാസമില്ലാഞ്ഞിട്ടാണോ രഞ്ജിനി ഇപ്പോഴും അവിവാഹിതയായി തുടരുന്നത് ?

എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടയാണ് .അതിൽ ഒരു മാറ്റം വേണമെന്ന് തോന്നിയിട്ടില്ല . ജീവിതത്തിൽ സന്തോഷവതിയാണെങ്കിൽ മാറ്റം അനിവാര്യമല്ലല്ലോ. മാറണംഎന്ന തോന്നലുണ്ടാകുമ്പോൾ അത് വിവാഹത്തിലൂടെയാണ്  വേണ്ടതെങ്കിൽ ഞാൻ തീർച്ചയായും വിവാഹിതയാകും. ഇപ്പൊ തല്ക്കാലം അങ്ങനൊരു ചിന്ത ഉണ്ടായിട്ടില്ല . ഈ ജീവിതത്തിൽ ഞാൻ  സന്തോഷവതിയാണ് .

  1. അടുത്തിടെ ബിഗ്‌ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നല്ലോ ? ആ അനുഭവം വായനക്കാരുമായി പങ്കുവയ്ക്കാമോ ?

ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തോരു അനുഭവം പറയാൻ ഒരു മിനിറ്റോ രണ്ടു മിനിറ്റോ കൊണ്ട് സാധ്യമല്ല .  ജീവിതത്തിൽ ഒരു പരിവർത്തനമുണ്ടാക്കാനുള്ള സോഷ്യൽ എക്സ്പിരിമെന്റായിരുന്നു ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോ  . ഞാൻ എന്ന വ്യക്തിയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പഠിക്കാൻ വേണ്ടിയാണ് ആ  ഷോയിൽ പങ്കെടുക്കാൻ പോയത്  . പ്രത്യേകിച്ച് ഞാൻ അവിടെനിന്നും  ഒന്നും പഠിച്ചില്ല എന്നുള്ളതാണ് വാസ്തവം . ഞാൻ എന്നുള്ള വ്യക്തിത്വത്തിൽ  എനിക്ക് ആത്മവിശ്വാസം ഉണ്ട് . അവിടെ  മറ്റൊരാളായി നില്ക്കാൻ ഞാൻ തീരെ ശ്രമിച്ചിട്ടില്ലായിരുന്നു . അടച്ചിട്ട ഒരു വീട്ടിനുള്ളിൽ അറുപത് ദിവസത്തോളം  മുപ്പത്തഞ്ചിൽപരം ക്യാമറയ്ക്ക് മുന്നിൽ നമുക്ക് പൊരുത്തപ്പെടാനാകാത്ത, യോജിക്കാനാകാത്ത  വ്യക്തിത്വങ്ങളുമായി  താമസിക്കേണ്ടി വരുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന വൈകാരികമായ, മാനസികമായ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് . അതുപോലെതന്നെ നല്ല കാര്യങ്ങളും അവിടെനിന്നും കിട്ടിയിട്ടുണ്ട് . തീർച്ചയായും ഞാൻ എന്ന വ്യക്തിയിൽ യാതൊരുവിധ കോംപ്രമൈസും ഞാൻ ചെയ്തിട്ടില്ല . വളരെ നല്ലൊരു അനുഭവമായിരുന്നു അത്.

IMG_0705

8.പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണോ അതോ പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നതാണോ ?.

പ്രശ്നങ്ങൾ എന്നുദ്ദേശിച്ചത് എന്താണെന്ന്  മനസിലായില്ല . എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല . അതുകൊണ്ട് മറ്റുള്ളവരുടെ കണ്ണിൽ എന്താണ് പ്രശ്‍നം എന്നുള്ളത് എന്നെ ബാധിക്കുന്ന വിഷയവുമല്ല .

  1. ഈ മേഖലയിലേക്ക് വന്നില്ലായിരുന്നെങ്കിൽ രഞ്ജിനി ഹരിദാസ് എന്ന വ്യക്തി എന്തായിതീരുമായിരുന്നു ?

ഈ  മേഖലയിലേക്ക് വന്നില്ലായിരുന്നെങ്കിൽ രഞ്ജിനി ഹരിദാസ് എന്ന വ്യക്തി എന്തായിതീരുമായിരുന്നു എന്ന് പ്രവചിക്കാൻ നമ്മൾ ജ്യോതിഷിയൊന്നുമല്ലല്ലോ . ജീവിതം എല്ലാ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ് . നാളെ എന്താകുമെന്നുപോലും  ചിന്തിക്കാതിരുന്ന ഒരാളാണ് ഞാൻ . ഇരുപത് വർഷങ്ങൾക്ക് മുൻപ് ഞാൻ എന്തായിരുന്നേനെ എന്ന് ചോദിച്ചാൽ ആ സമയത്ത് എല്ലാ കുട്ടികൾക്കുമുണ്ടാകുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളുമേ എനിക്കുമുണ്ടായിരുന്നുള്ളു .. നമ്മുടെ ആഗ്രഹംപോലെയല്ലല്ലോ കാര്യങ്ങൾ സംഭവിക്കുന്നത് . ഇതേ സ്വഭാവമുള്ള  മറ്റൊരു ജോലി നോക്കുന്ന ഒരു വ്യക്തി. എന്നിരുന്നാലും ഞാൻ ഈ രഞ്ജിനി ഹരിദാസ് തന്നെയായിരിക്കും .

  1. “രഞ്ജിനി ഹരിദാസും ഫെമിനിസവും ” ഈ വാചകം എങ്ങനെ വിശദീകരിക്കും ?

 

“രഞ്ജിനി ഹരിദാസും ഫെമിനിസവും”… .. ..അതെ ഞാൻ ഒരു ഫെമിനിസ്റ്റാണ് . അതിൽ യാതൊരു സംശയവും വേണ്ട . ഫെമിനിസത്തിന്റെ അർത്ഥം വിശദീകരിക്കേണ്ടിവരും എന്ന് മാത്രം . ഫെമിനിസ്റ്റ് എന്നാൽ സമത്വം ആഗ്രഹിക്കുന്നയാൾ എന്നതാണ് . അത് പുരുഷനോ സ്ത്രീയോ ആകാം .  ഫെമിനിസ്റ്റ് എന്നത് വളരെ പോസിറ്റിവ് ആയ വാക്കാണ് . ഇപ്പോൾ ആ വാക്ക് വളരെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് . അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട ഫെമിനിസത്തിന്റെ വക്താവല്ല ഞാൻ . എനിക്ക് മനസിലാകാത്ത , യോജിച്ചുപോകാൻ കഴിയാത്ത ഒരു കാര്യമാണത് .അനാവശ്യകാര്യങ്ങൾക്കും  ഫെമിനിസം എന്ന പദം വലിച്ചിഴയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.  നമ്മുടെ ജീവിതത്തിൽ  നാം ഫെമിനിസ്റ്റായിരിക്കണം . നമുക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള  അവകാശങ്ങൾക്ക് വേണ്ടി പൊരുത്തണം .എഴുത്തിലോ മാധ്യമങ്ങൾക്കു മുന്നിലോ വരാനുള്ള ഫെമിനിസമാകരുത് സ്വീകരിക്കേണ്ടത് . ഉണരുന്നതുമുതൽ ഉറങ്ങുന്നവരെ ഞാൻ ഒരു ഫെമിനിസ്റ്റാണ് . അതെ എൻറെ തൊഴിൽ സമത്വത്തിന് വേണ്ടി ,വേതന സമത്വത്തിന് വേണ്ടി ,അവകാശസമത്വത്തിനു വേണ്ടി ഞാൻ പൊരുതികൊണ്ടേയിരിക്കും.

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.